പ്രവീൺ പ്രസാദ്​

​ഉയന്നുനിൽക്കുന്ന കരകൾക്കിടയിൽ കരയുന്ന​ഒരു ലോകമുണ്ട്

ണ്ണുകളെ മുക്കിക്കളയുന്നത്ര ദൂരം വരെ
ഉപ്പുവെള്ളവും,
പവിഴപ്പുറ്റുകളും,
മീനുകളും,
നീലനിറവും മാത്രമല്ല കടൽ.

കടലിനടിയിൽ കല്ലിൽ കെട്ടിതാഴ്ത്തിയവരുടെ ലോകമുണ്ട്.
നമ്മൾ വലിച്ചെറിഞ്ഞ ലോകം.

മരിച്ച് കടലോട് കടലായി
കല്ലിൻമേലുള്ള കെട്ട് വിടുവിച്ച്
അവരെല്ലാം ജലജീവികളെപോലെ
നീന്തിത്തുടിക്കുന്നുണ്ടാകും.

വിശന്ന് നിലവിളിക്കുന്ന
മീൻകുഞ്ഞുങ്ങൾക്ക്
മരിച്ചുപോയവർ അവരുടെ
വിരലറ്റങ്ങൾ തിന്നാൻ കൊടുക്കും.

അറബിക്കടലിന്റെ തീരത്തുനിന്നും
വെളിച്ചം നഷ്ടപ്പെട്ട കണ്ണുകളുള്ള
ഒരു പെൺകുട്ടി
മൈലുകൾ നീന്തിവന്ന്
ബംഗാൾ കടലിടുക്കിലുള്ള
രാജ്യം നഷ്ടപ്പെട്ട ഒരുത്തനുമായി പ്രണയത്തിലാവും.

എഴുനിറങ്ങളിലുള്ള പവിഴപ്പുറ്റുകൾ
തമ്മിൽ കൈമാറി
അവർ വിവാഹം കഴിക്കും.

കടലിലന്ന് ഉത്സവമായിരിക്കും
കരയിലേക്ക് ഒരു തിര വീശിയടിക്കും.

ആഫ്രിക്കൻ തീരത്തുനിന്ന്
ഒരമ്മ വെള്ളംകേറി
ചീഞ്ഞുവീർത്ത ഗർഭപാത്രം ചുമന്നുകൊണ്ട്
ആഴങ്ങളിലേക്ക് ഇറങ്ങിപ്പോവും,

തിരകൾക്ക് ശക്തികുറഞ്ഞ
ഏതെങ്കിലും ഒരു കരീബിയൻ തീരത്തേക്ക്
ഒരു കൊച്ചു കുഞ്ഞുമായി ഉയർന്ന് വരും.

അവർ അമ്മയും മകനുമാവും.
ഉപ്പുകലരാത്ത മുലപ്പാൽ
അവർ മകന് കൊടുക്കും.

കല്ലിൽകെട്ടി കടലിലെറിഞ്ഞവരെല്ലാം
വലിയൊരു വീടുവച്ച് കുടുംബമാകും.

മരിച്ചതോർത്ത് ഇടയ്ക്ക്
അവരൊരുമിച്ച് കരയും
തമ്മിൽ ആശ്വസിപ്പിക്കും.

അവരുടെ കണ്ണീര് കലർന്നാണ്
കടലിന് ലവണത്വം കൂടുന്നത്.

കരയിലെ ജീവികളെക്കാൾ
എത്രയോ വലുതാണ്
കടലിന്റെ ജനസംഖ്യ.

ഭൂമിയിലെ ഏറ്റവും വലിയ
ഭൂഖണ്ഡം കടലാണ്.

Comments