പ്രവീണ കെ.

അ ക്രമം

ഞാൻ കണ്ടിരിക്കെയാണ്
തവളക്കുഞ്ഞന്മാർ
ചൂണ്ട കൊക്കിൽ കയറി
പിടഞ്ഞു പോയത്

ഞാൻ നോക്കി നിൽക്കെ
തന്നെയാണ്
ആ പരലുകളൊക്കെയും
തവള കുഞ്ഞിനെ കൊത്തി
ചൂണ്ടക്കെണിയിൽ
പാളയിലായത്

ഞാൻ നോക്കി
ഇരിക്കെയാണ്
കണ്ടൻ പൂച്ചകൾ
അതേ പാള തട്ടിയെടുത്ത്
മീനകത്താക്കിയത്.

ബാക്കിയായവയെ
ചൂണ്ടക്കാരന്റെ കയ്യിൽ,
വെണ്ണീറിൽ
പൊതിഞ്ഞ്
തൊലി ഉരിയുമ്പോഴും
ഞാൻ കണ്ടിരുന്നു.

ചെറുത്
വലുതിന്
ജീവനമാകുന്നതിന്റെ
ശ്രേണീബന്ധമായിരുന്നു അന്നേരം
എന്റെ ഗവേഷണം.

വലുത്
ചെറുതിന്
ജീവനാകുമ്പോൾ
ശ്രേണീബന്ധം
എങ്ങനെയായിരിയ്ക്കും
ബയോളജി ടീച്ചർ
പഠിപ്പിക്കുക?

ടീച്ചറെ വിഴുങ്ങാൻ
എത്ര ഇരകളാണ്
തക്കം കൂട്ടുക?

കുട്ടികളെ
ഓരോരുത്തരെയും
ഏതേതെല്ലാം
ശ്രേണികളിലാണ്
ചിട്ടപ്പെടുത്തുക?

SC, ST, OBC,
ഈഴവ, മുസ്‌ലിം
ക്രിസ്റ്റ്യൻ
മുന്നോക്ക പിന്നോക്കം
നായർ
കൂലിവേലക്കാർ
സർക്കാർ ജീവനക്കാർ
ദുബായിക്കാർ
ബിസിനസ്സുകാർ
വ്യാപാരികൾ
മന്ത്രിമാർ
രാഷ്ട്രീയ പാർട്ടിക്കാർ
പച്ച, ചുവപ്പ്, ഓറഞ്ച്
നീല
പെണ്ണ്, ആണ്
ഗേ, ലെസ്ബിയൻ,
ബൈസെക്ഷ്വൽ,
ട്രാൻസ്ജെന്റർ
അങ്ങനെയങ്ങനെ
എന്തെന്തെല്ലാം
ശ്രേണികളുണ്ടാകും?

ആ ശ്രേണിയിൽ
ഞാൻ ഏറെ
വേണ്ടുന്നോരുള്ള
ഒരിനമാണ്.
പെണ്ണാണ്
കറുത്തതാണ്,
കാണാനുണ്ട്.
ദാസൻ മാഷ്‌ക്ക്
വെളുത്ത മീനാരായരേക്കാൾ
പ്രിയം
കറുത്ത എന്റെ കക്ഷത്തോടാണ്,

വീട്ടിൽ
ചെറിയച്ഛന്
ചെറിയമ്മയേക്കാൾ പ്രിയം,
അമ്മയുടെ മൊതലാളി
വർഗീസ് മാപ്പളക്ക്
അമ്മ തളത്തിൽ ചെല്ലാത്തതിനേക്കാൾ
മുഷിച്ചിൽ
ആഴ്ച്ചയിൽ രണ്ടൂസം
എന്നെ കാണാഞ്ഞാലാണ്,
വഴീലെ പീടികയിൽ
ആൻഡ്രൂസിന്റെ
കണ്ണിലെ തിളക്കം
എന്റെ നെഞ്ചിലെ
മുഴപ്പിന്റെ വലുപ്പത്തിലാണ്.

അവരൊക്കെ
എന്നെയെടുത്തത്
ചെക്കൻ
ചൂണ്ട കൊക്കയിൽ
തവളക്കുഞ്ഞിനെ
കോർത്ത പോലാണ്
പരലുടക്കിയത് പോലെ
ഞാനെത്ര തവണയാണ്
പാളയിലായത്

പക്ഷേ ഒറ്റ ദിവസം
കൊണ്ട്
ഒന്നിച്ച് തീർന്നില്ല.
ചൂണ്ടക്കാർക്ക്
കൊക്ക കോർക്കാൻ
എത്രയേറെയൊ
ഞാൻ ഇനിയുമുണ്ട്.

ബയോളജി ക്ലാസ്സിൽ
ശ്രേണീഘടന
മനുഷ്യനെ
ഉദാഹരിച്ച്
അവരോഹണമായും
പഠിപ്പിക്കണം.
പാഠം എളുപ്പം
ഉൾക്കൊള്ളാൻ
ഇത്ര
മികച്ച
ഉദാഹരണം
മറ്റൊന്നാവില്ല.

പഠിപ്പിക്കണം
ക്രമം
അവരോഹണം കൂടി.▮


പ്രവീണ കെ.

കവി, കാലടി സംസ്കൃത സർവ്വകലാശാലയിൽ ഗവേഷക.

Comments