ജിഷ്ണു കെ.എസ്.

സൈക്കഡെലിക്ക്

സ്വപ്ന നേരങ്ങളുടെ ഇരുണ്ട കയത്തിൽ
മനസ്സ് വട്ടംചുറ്റിക്കളിക്കാൻ തുടങ്ങുന്നു.

മരണക്കിണറിന്റെ ആഴങ്ങളിൽ നിന്നും
ഭ്രമങ്ങളാൽ വരഞ്ഞ ആമയിലേറി
ട്രു ട്രു ട്രു ട്രു ട്രൂ ട്രൂ ട്രൂ ട്രൂ ട്രൂ ട്രൂ ട്രൂ
കറങ്ങിക്കറങ്ങി
മേലോട്ട് മേലോട്ട്
മെല്ലെ മെല്ലേ
പൊന്തിവരുന്നു.
വായുവിൽ തത്തി
പൊടുന്നനെ
ട്രൂട്രൂട്രൂട്രൂട്രൂ ട്രു ട്രു ട്രു ട്രു
കീഴോട്ട്
കുതിക്കുന്നു.
വീണ്ടും മേലോട്ട്.
വീണ്ടും കീഴോട്ട്.
മേലോട്ട്.
കീഴോട്ട്.

മേലേ
പുഞ്ചിരിക്കുന്ന മുഖങ്ങളുടെ കൂട്ടം
അവർക്കു നേരെ കൈകൾ വീശി
കടന്നുപോകുമ്പോൾ;
സൂര്യൻ
നീലിച്ചും, പച്ചിച്ചും, ചുവന്നും
ആർത്തുചിരിക്കുന്നു
ഒരു നെടുവീർപ്പിന്റെ നിമിഷങ്ങളിൽ
താഴെ
യക്ഷികൾ മാന്ത്രിക പൊടി വിതറി
തുടയകത്തി
മുലകളുലച്ച്
ചൂണ്ട് കൂർപ്പിച്ച്
കൈകൾ വിടർത്തി
ഇമ്പത്തിൽ മൂളി
വിളിക്കുന്നു
ഒഴുകി നടക്കുന്ന
അവരുടെ ഗ്രാമങ്ങളിലേക്ക്.

പുള്ളോർക്കുടവും
നാഗവീണയും മീട്ടി
പാടുന്നു അപ്‌സരസുകൾ.
മണിപ്പന്തലിനു നടുവിലെ
പഞ്ചവർണ്ണക്കളത്തിനുള്ളിൽ
എന്റെ മടിയിൽ ഇരിക്കുന്നു
നാഗയക്ഷി. അവളുടെ
കണ്ണുകളിൽ ചന്ദ്രക്കലകൾ
ഉടലാകെ മുല്ലമൊട്ടുകൾ
അരയിൽ ആകാശഗംഗ
തുടയിടുക്കിൽ നരകവാടം.
അവൾക്കാകെ
വാട്ടുകപ്പയുടെ മാദക ഗന്ധം.

മെരുക്കുന്നു
തലോടലിനാൽ
ഞങ്ങൾ പരസ്പരം.
തുടിക്കുന്നു ഉടലുകൾ
ഒന്നായി പിണഞ്ഞഴിഞ്ഞ്
വീണ്ടും ചുറ്റിവരിഞ്ഞ്
ആടുന്നു ഉറഞ്ഞാടുന്നു.
നിറങ്ങളായ നിറങ്ങൾ
അഴിഞ്ഞഴിഞ്ഞു വീഴുന്നു
ചുറ്റിനും തെറിക്കുന്നു
ശീൽക്കാരങ്ങൾ
അതിൽ
കേട്ടതും
കേൾക്കാതെ പോയതും
നിറയുന്നു.

മയക്കത്തിൽ
കാലദീർഘങ്ങളുടെ
വിരസ ഭാവങ്ങൾ
കടപുഴകി വീഴുന്നു.
ആരുമില്ലാത്തവന്
ഉന്മാദം
ആനന്ദമേകുന്നു.

Comments