പുതിയ സുഹൃത്ത്

കരപ്പാടിയിലെ കറുത്ത കാട്ടിലെ
കറുത്ത പുഴയില്‍ കുളിച്ചിട്ടൊരു വരവുണ്ടവന്‍.

ഞാനൊരു പുതിയ ടോര്‍ച്ച് വാങ്ങിട്ടുണ്ട്.
ഇനി അതിന്റെ മുന്നിലായിരിക്കും
അവന്‍ മുഖം കാണിക്കുക
നടക്കുക, ഓടുക, ഒളിക്കുക.

പത്തു ദിവത്തിലൊരിക്കല്‍
ബാറ്ററി ചാവുമ്പോള്‍
ചില്ലറത്തുട്ടുകള്‍ പറുക്കി അറുപതടുക്കി
വീണ്ടും വീണ്ടും വാങ്ങിച്ചു.

അങ്ങനെ ബാറ്ററിയുടെ ശവങ്ങളെ
കൂട്ടിക്കൂട്ടി വെച്ചതെല്ലാം
ഭാര്യ നിലംമെഴുകാനുള്ള
ചാണകത്തില്‍ ചേര്‍ത്തരച്ചു.

പിന്നെയും പുതിയ ബാറ്ററി വാങ്ങി.

അന്നുരാത്രി ടോര്‍ച്ചുണര്‍ന്നു.
ആദ്യമായി അവന്റെ മുന്നില്‍
മുഖം കാണിച്ചത് കാട്ടുകൊമ്പന്‍.
നടന്നത് മാന്‍, ഓടിയത് കാട്ടുപന്നി
ഒളിച്ചത് കാട്ടാട് കണ്ടത് ഞാന്‍.

സുഹൃത്തായ ടോര്‍ച്ച്
മിന്നി മിന്നി മിന്നി മിന്നി
കുറച്ചുനേരം ആനയെ
മുഴുവനായി
മുഴുവനായങ്ങെടുത്തു.


സുകുമാരൻ ചാലിഗദ്ദ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments