ഒന്ന്: മുടിച്ചുഴി
മെടഞ്ഞിട്ട മുടിയിഴകൾ
എത്ര യോനിച്ചുഴികളെയും കൊണ്ടാണ്
ഒന്നിച്ചൊഴുകുന്നത്
ഒരുവൾ ഒറ്റക്കല്ല
എന്ന് ഇങ്ങനെയല്ലാതെ
എങ്ങനെ സൂചിതമാക്കും
രണ്ട്: ഊയ്യാരം
ദേവി
ഊയ്യാരം പാറ്റാനെന്തേനു?
"ദേവീനെ പൊറത്താക്കി
തീണ്ടാരി തീരാണ്ട്
കുരിപ്പ്
അമ്പലത്ത് പോയതാ പോലും"
"അതെങ്ങനെ അറിയാനാ
ഓള് പറയാണ്ട് "
"ഓള് പണ്ടേ ആകാശവാണിയല്ലേ
ആരോടേമ്പറഞ്ഞാ പോരേ"
'ഏയ് അതൊന്നുംല്ല"
"പിന്നെ... "
"ദേവീന്റെ മുടി കണ്ടൊരുത്തൻ
പ്രേമിക്കാൻ പോയി
ഓളെ മേല് കണ്ട്
ചെറിയോന്
പ്രാന്തായതാ
അതാ ഊയ്യാരം"
"ഓന്റെ പേരെന്താ
കുലുമാല് പിടിച്ച പേരാന്നല്ലോ'
"ഓന്റെ പേർ കിട്ടായ്റ്റ്
നാട്ട്കാര് പേരിട്ടു
ചൊറാന്ന്.
ദേവി ആ ചൊറ പോയേന്റെ വയ്യത്തന്നെ
ഊയ്യാരം പാറ്റലായി"
മേപ്പൊള്ള്യോരാരും
വേണ്ടാത്ത പണിക്ക് പോകര്ത്
പാവം ദേവി
ഓളേടേം ഇല്ല
ഭക്തരും ഇല്ല
ലോഗ്യക്കാരും ഇല്ല
കുന്നിൻ മോളിൽ
മാനം നോക്കി
മുടി അഴിച്ചിട്ട്
മേലാകെ മറച്ചിരിക്കുന്നു ദേവി
മറ്റൊരു രാത്താരകം
കാർമുകിലന്മാരവളുടെ സ്വന്തം.
(*ഊയ്യാരം - ബഹളം.
*ദേവി - ഒരു സാങ്കൽപിക കഥാപാത്രം.)