രേഷ്മ സി.

​ചെമ്മരത്തി മൂത്തമ്മ

മുതിർന്നപ്പോൾ ഞാൻ മരിച്ചുപോയ ചെമ്മരത്തി മൂത്തമ്മയെ പോലെയായി.
വളരുമ്പോൾ അച്ഛനെ പോലെയാകണോ അതോ അമ്മയെ പോലെയോ എന്ന മണ്ടൻ ചോദ്യമൊന്നും ഞങ്ങളോട് ആരും ചോദിച്ചിരുന്നില്ല.
അവർ തരം പോലെ തീയും വെള്ളവും എന്ന കളി കളിച്ചു.
അക്കാലത്ത് ദാഹിക്കുമ്പോൾ എനിക്ക് തീ വിഴുങ്ങാനാണ് തോന്നിയിരുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമെന്ന വിചാരമൊന്നും എനിക്കില്ല.
അത് പോട്ടെ.
അപ്പോൾ, ചെമ്മരത്തി മൂത്തമ്മ.
മരിച്ച വകയിൽ ഒരു സ്മാരകം തരപ്പെടുത്താൻ മാത്രം മിടുക്കുള്ള മറ്റൊരു സ്ത്രീ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് അവരെ പറ്റി എനിക്കറിയാവുന്ന ഏറ്റവും വലിയ കാര്യം.
അവരെ വെച്ച ഇടത്ത് കഥകളിൽ പറയാറുള്ള പോലെ മുല്ലവള്ളി പടർന്നിരുന്നു.
പൂക്കൾ ചൂടാനുള്ള പകിട്ടില്ലാത്ത കുട്ടികളാണ് ഞങ്ങളെന്ന് അറിയുന്നതിനും വളരെ മുൻപ് ഞങ്ങൾ മുല്ലമാലകൾ കോർത്തിരുന്നു.
അന്നൊന്നും അവരെ പറ്റി ഞാൻ കവിതയെഴുതിയിട്ടില്ല.
എന്റെ അമ്മ ജനിക്കുന്നതിനും എത്രയോ മുൻപ് തന്നെ അവർ മരിച്ചിരുന്നു.
അവർ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നോ എങ്ങനെ മരിച്ചു എന്നോ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആർക്കും അറിയില്ല.
പിന്നീട് ഞാൻ അവരെ രഹസ്യമായി ആരാധിച്ചുത്തുടങ്ങി.
വെച്ചാരാധിക്കാൻ പറ്റിയ ഒരാൾ കുടുംബത്തിൽ തന്നെയുള്ളത് എന്ത് കൊണ്ടും വളരെ നല്ലതാണ്.
ഓലച്ചൂട്ട് കയ്യിൽ പിടിച്ച് അവർ തെയ്യം കാണാൻ പോയിരുന്നതായി എന്നോട് ആരും പറഞ്ഞിട്ടൊന്നുമില്ല.
അരിവാൾ കയ്യിലെടുത്ത് അവർ ഉറഞ്ഞുതുള്ളിയതായി ഒരു കഥകളും കേട്ടിട്ടില്ല.
തലയ്ക്ക് തീ പിടിക്കുമ്പോൾ അവർ മിണ്ടാതിരുന്നുവോ അതോ പുരയ്ക്ക് തീ പകർന്നുവോ എന്നൊന്നും ഞാൻ ഒരാളോടും ചോദിച്ചിട്ടുമില്ല.
അവരെ പറ്റി ആരുമൊന്നും പറഞ്ഞിരുന്നില്ല.
ഞാനല്ലാതെ മറ്റാരും അവരെ ഓർക്കുന്നുമുണ്ടാവില്ല.
ചെമ്മരത്തി മൂത്തമ്മയ്ക്ക് ഒരു സ്മാരകമില്ലായിരുന്നെങ്കിൽ ആ പേര് പോലും ഞാൻ അറിയുകയുമില്ല.
പക്ഷേ അത്ഭുതമെന്ന് പറയട്ടെ,
മുതിർന്നപ്പോൾ ഞാൻ മരിച്ചുപോയ ചെമ്മരത്തി മൂത്തമ്മയെ പോലെയായി.

പുഴമീൻ

പുഴമീൻ എനിക്കിഷ്ടമാണ്
പക്ഷേ ഞാനതിനെ തിന്നാറില്ല.
ഞാൻ മനുഷ്യനെയും മറ്റ് പലജീവികളെയും
തിന്നാറില്ല.
ഇതത് പോലെയല്ലയെന്നല്ല.
ഞാൻ ഇടയ്ക്ക് പിടയുന്നു
ഇടയ്ക്ക് വഴുക്കുന്നു
ഒരു ജലജീവിയാണെന്ന്
സ്വയമാശ്ചര്യപ്പെടുന്നു.
എന്റെ കണ്ണീരിൽ പോലുമുപ്പില്ല
എന്റെ ശ്വാസത്തിന് പകിട്ടില്ല.
പകൽ ഞാനിരുണ്ട
എവിടെയോ ഒളിക്കുന്നു
രാത്രി ഞാനെവിടെയുണ്ടെന്ന്
ആൾക്കാരൂഹിക്കാറുണ്ടോ എന്നറിയില്ല.
ഈ നിമിഷം വരെ
ചൂണ്ട കണ്ടിട്ടില്ല
കാണാത്തത് ഇല്ല എന്നേയല്ല.
ചൂണ്ടയിൽ കുടുങ്ങുമ്പോൾ മാത്രമാണ്
മീനെന്ന നിലയിൽ വെളിപ്പെടുന്നത്
എന്നറിയാഞ്ഞിട്ടല്ല.
ജീവനിൽ കൊതിയുണ്ടായിട്ടാണ്
കൊതിയെന്ന് കേൾക്കുമ്പോൾ
മുറിഞ്ഞ് എരിവ് പുതഞ്ഞ ഒരുടൽ
ഓർമവരുമെന്ന് അറിയാഞ്ഞിട്ടല്ല.
ശരിക്കും
ജീവനിൽ
കൊതിയുണ്ടായിട്ടാണ്

തീരുന്നില്ല

മുരിക്കുണ്ട്
മുൾക്കാടുണ്ട്
ഉടക്കിവലിച്ചിട്ടുണ്ടോ?
ഉയിരിൽ കോർത്തിട്ടുണ്ടോ?
കാടിളക്കി
കടപുഴക്കി
കുതിച്ചുവന്നതാണ്
പിടച്ചുവീണിട്ടുണ്ട്
ഒലിച്ചുപോയിട്ടുണ്ട്
മലമുതൽ കടൽവരെയില്ല
ശ്വാസം
ചെമ്പകം കണ്ടിട്ടുണ്ടോ?
ഇലഞ്ഞി മണത്തിട്ടുണ്ടോ?
കാട്ടുമുല്ല, പാരിജാതം
പാതിരാവറിഞ്ഞിട്ടുണ്ടോ?
ചെമ്പരത്തി കണ്ടിട്ടുണ്ട്
പടപ്പുകളൊക്കെയും ചോത്തിട്ടുണ്ട്
മുറ്റം നിറച്ചും മുറി നിറച്ചും
ശവംനാറി പൂത്തിട്ടുണ്ട്
വേലിക്കലും വെളിമ്പറമ്പിലും
പൂച്ചക്കുഞ്ഞുങ്ങൾ
ചത്തുനാറിയിട്ടുണ്ട്
അന്നുതൊട്ടിന്നുവരെയില്ല
ഗന്ധം

പാടിയില്ല, പൂത്തുലഞ്ഞില്ല?
ഉറഞ്ഞാടിയില്ല, ഉളി രാകിയില്ല?
കരിങ്കല്ലിൽ
കടങ്കഥയിൽ
തലതല്ലിച്ചത്തില്ല?
മണമങ്ങനെയും?
മുറിവിങ്ങനെയും?
ഒറ്റത്തല
ഒരൊറ്റയുടൽ
തലയില്ലാതെയാവില്ല ഉടലാട്ടം
ഉടലില്ലാതെ തുടങ്ങില്ല വായ്പ്പാട്ട്


രേഷ്മ സി.

കവി, കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷണ വിദ്യാർഥിനി

Comments