സ്ത്രീ ലോകം

ചെറുപ്പത്തിൽ
കസിന്റെ വീട്ടിൽ പോയപ്പോൾ
ചെമ്പിച്ച മുടിയുള്ള
ഒരു കൊച്ചുപെൺകുട്ടിയെ
കണ്ടു
മെലിഞ്ഞ ശരീരം
കീഴ് ചുണ്ട് മനോഹരമായി മുന്നോട്ട് നീണ്ടിരുന്നു
കുറേനേരം കഴിഞ്ഞ്
അവളെ തേടി
കണ്ടില്ല
ഇടക്കിടയ്ക്ക് ആ വീട്ടിൽ
പോകുമ്പോളൊക്കെ
കണ്ണുകൾ അവളെ തിരഞ്ഞു
ആ വീട്ടിൽ ധാരാളം
പുസ്തകങ്ങൾ ഉണ്ടായിരുന്നു
തോമസ് മന്നിന്റെ ബുഡൻ ബ്രൂക്സ് :
അതിലുണ്ടായിരുന്നു നീലക്കണ്ണുകളുള്ള
ഒരു പെൺകുട്ടി
മറ്റൊരു പുസ്തകം

ടർജനീവിന്റെ ആസ്യ
ലോകത്തിലെ ഏറ്റവും നല്ല പ്രേമകഥ
ഒരു ദിവസം ചേച്ചിയോട്
ആ പെൺകുട്ടിയെപ്പറ്റിച്ചോദിച്ചു

അങ്ങനെയൊരാളേ

വീട്ടിൽ വന്നില്ലല്ലോ ; തോന്നിയതാവും

ചേച്ചി പറഞ്ഞു.

സാഹിത്യം പഠിക്കാൻ
ഞാൻ കോളേജിൽ ചേർന്നു.
അവിടെ വച്ച് മാൻകണ്ണിയായ
ഒരു പെൺകുട്ടിയെ കണ്ടു
അക്കാലത്ത് വായിച്ച ഒരു കഥയാണ്
കിഷൻ ചന്ദിന്റെ പൂഞ്ചിലെ ക്ലിയോപാട്ര
പിന്നെയും എത്രയെത്ര കഥകൾ
നോവലുകൾ , കവിതകൾ
പ്രത്യേകതയുള്ള എത്രയെത്ര പെൺകുട്ടികൾ,
സ്ത്രീകൾ
ജീവിതത്തിൽ സൗന്ദര്യം കോരിയൊഴിച്ച്
കടന്നു പോയി
ആർക്കും ഞാൻ പിടി കൊടുത്തില്ല
അവരും പിടി തന്നില്ല
കാക്കക്കറുമ്പി , ചെമ്പിച്ച നിറമുള്ളവൾ
ധാരാളം മുടിയുള്ളവൾ
മുടമ്പല്ലുള്ളവൾ
സ്വപ്നാടക , വിഷാദമുള്ളവൾ
ഉന്മാദിനി
എന്നാൽ ഇവരൊക്കെ എന്റെ ജീവിതത്തിലും
കവിതകളിലും
ഉണ്ട്.
സ്ത്രീകൾ കവിതയ്ക്ക് ഒരു പ്രേരണയാണ്
അതിൽ എന്നെ
സ്ത്രീ ലോകത്തിലേക്ക് ക്ഷണിച്ച
ആദ്യത്തെ പെൺകുട്ടിയാണ്
ചെമ്പിച്ച മുടിയുള്ള
മെലിഞ്ഞ
കീഴ്ചുണ്ട് മുന്നോട്ട് നീണ്ട
എനിക്ക് തോന്നിയതാവും
എന്ന് ചേച്ചി പറഞ്ഞ
ഒരു നിമിഷം മാത്രം
ഞാൻ കണ്ട പെൺകുട്ടി


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments