കാഞ്ഞിരക്കുരു വിളഞ്ഞുതൂങ്ങിയില -
കൾക്കിടയ്ക്കു കടുമഞ്ഞയും
ചെമ്പുവർണ്ണവുമിരുണ്ടതാം ഹരിത -
വും കലർന്നധികവശ്യമായ്
തിന്നുവാനരുതതിന്റെ വശ്യത വി -
ഷം ഫലിച്ചു മൃതമായിടാം
എങ്കിലെന്തുകടവാവൽ കൂട്ടമതു-
തിന്നുവാൻ വരിക യാണിതാ
തിക്തമായ രസമീമരത്തിനുടെ
വേരിനുൾപ്പെടെ ,യപൂർവ്വമായ്
ദൃശ്യമാണിതപരിഷ്ക്കൃതിക്കുതുണ
യുള്ളവിസ്മൃതവിദിക്കിലായ്
ഉഷ്ണവീര്യമിതരോഗഗാത്രസുധ
യായൊരൗഷധസഹായകം
പക്ഷെയീമരമതിന്റെ കയ്പുമറ -
യാക്കിവച്ചുഗുണമൊക്കെയും
തന്റെരൂപമതു വക്രരേഖയതി -
നാൽ വരച്ചതിവിരൂപമായ്
ധൂളിവർണ്ണമതുതേച്ചുവച്ചു നിജ
കാണ്ഡമാകെയുമഭംഗിയായ്
രണ്ടുകൊണ്ടുമതിനായതില്ല മറ-
തീർക്കുവാനതിനുമുള്ളിലായ്
തന്നെ നില്ക്കുമപരം മരം മുകളിൽ
ചന്ദ്രനും വലയദീപ്തിയും
ആ മരം ചെരിവിൽ മൂങ്ങ കീരി കിളി -
നാദമില്ലിപുളിയെന്നിവ -
യ്‌ക്കൊപ്പമാണവിടെ മഞ്ഞുമൂടി ധനു
മാസമെത്തിയതു കാണുവാൻ
മുൾപ്പടർപ്പിൽ മൃദുവായ കാലടികൾ
വച്ചു കൊണ്ടൊരു നിശ്ശബ്ദത
പൂർണ്ണമായ കരിവർണ്ണമുണ്ട് മിഴി -
തന്നിലോ ഹരിതവിസ്മയം
ആ മരത്തിലതുകേറി മഞ്ഞിൽ പട -
രും കറുത്ത മഷിപോ , ലതാ
കൊമ്പിലൊക്കെയലയുന്നു പിന്നെ വിഷ-
മിച്ചിടുന്നടിയിലെത്തുവാൻ
പിന്തിരിഞ്ഞുതുനിയുന്നു താഴെ നഖ -
ബന്ധനങ്ങളിലിറങ്ങുവാൻ
തന്നിൽ മാഞ്ഞ നിറമെങ്ങു കാണുമിനി
യെന്നുകാത്തുഹിമരാശിയും
പുല്ലു, പോത, ശിലയുള്ള ഭാഗമതി -
ലാനിറം തെളികയാണതാ
പിന്നെ മാഞ്ഞു, പകരം പറന്നു പല
വർണ്ണഭംഗികളുമങ്ങതാ
മഞ്ഞുകാലമിതു കുട്രു കുട്രു വിളി
പൊങ്ങിടുന്നു പലപാടുമായ്
ധന്യമാണു വനഭംഗിയുള്ള വിജ-
നത്തിലെന്റെ ചെറുജീവിതം. ▮