സന്ധ്യ എൻ.പി.

യാത്രികൻ

തു തന്നെയോ
തന്റെ പേര്
എന്നുറപ്പില്ലാത്തതു കൊണ്ട്
ആളുകൾ
ആ പേരു വിളിക്കുമ്പോഴെല്ലാം
ഒട്ടൊരു ശങ്കയോടെ
എന്തേ
എന്ന് അയാൾ
വിളി കേട്ടു.
ഒപ്പം
മറ്റനേകം പേർ
വിളികേൾക്കുന്നുണ്ടോ എന്ന്
ചെവിയോർത്തു.

അത്തറു മണമണിഞ്ഞൊരു പെട്ടി
എന്നും
കൂടെക്കൊണ്ടു നടന്നു അയാൾ.
ചായക്കടയിലിരുന്ന്
ചായ കുടിക്കുമ്പോൾ
അയാൾക്കരികിൽ വെച്ച
കൈപ്പെട്ടിയിൽ നിന്ന്
ചില്ലറകൾ
കിലുങ്ങും പോലൊരു
ശബ്ദം കേട്ട്
കടയിലുള്ളവർ
ബേജാറായി.
(ഇബിലീസുകളുടെ പാട്ടെന്ന്
അവർ
അടക്കം പറഞ്ഞു )
ഒരു സംഘം ആളുകൾ
മുറിയിലടച്ചിരുന്ന്
സ്വകാര്യം
പറയുമ്പോലെയായിരുന്നു അത്.

ചായ കുടി കഴിഞ്ഞ്
ഒന്നും സംഭവിക്കാത്തതു പോലെ
പെട്ടി കൈയ്യിലെടുത്ത്
അയാൾ
മണൽ നിറഞ്ഞ പുഴയോരം
ലക്ഷ്യം വെച്ച് നടക്കും.
ആളുകൾ അയാളെ
പിൻതുടരും.

വിജനമായ പുഴയോരത്തെത്തി
മണലിലിരുന്ന്
പെട്ടി നിലത്തു വെച്ച്
കൊച്ചു താക്കോലുകൊണ്ട്
അയാൾ പെട്ടി തുറക്കും.
പെട്ടിയിൽ നിന്നപ്പോൾ
ചെറുവിരലോളം പോന്ന
മനുഷ്യർ
തണുത്ത മണലിലേക്ക്
കുറിയ കാലുകൾ ഊന്നി
ഇറങ്ങിയിരിക്കും.

അറേബ്യൻ മരുഭൂമിയിലെ കാറ്റ്
മെല്ലെ അവിടെ
വീശുന്നതായി തോന്നും.

പുഴക്കരയിൽ നിന്നും
ഒട്ടകലെയല്ലെങ്കിലും
ഈ നിലത്ത്
ചെവിവെച്ചു കിടന്നാൽ കേൾക്കാം

യാത്രികൻ

എന്നു പേരുള്ള
അയാൾക്കു ചുറ്റും
വിത്തുപൊട്ടി
പുറത്തുവന്ന
ഇരട്ടത്തലയൻ നാക്ക്
ഉറവപൊങ്ങും ശബ്ദത്തിൽ
നനവൂറും കഥകൾ
മുറിയാതെ പറയുന്നത്!▮


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments