സന്ധ്യ എൻ.പി.

പാറ്റമുത്തം

ലേന്നാൾക്കച്ചറകൾ
തൊടിയിലേക്ക് കളയാനിറങ്ങി
തിരിച്ച് വീട്ടിനുള്ളിലേക്ക് കയറുമ്പോൾ
ഒരു പൂമ്പാറ്റയും
കൂടെക്കയറി .

""എന്തിനാ ?
വേഗം
പുറത്തേക്കിറങ്ങിക്കോ''

പറഞ്ഞിട്ടും
അവൾ
പുറത്തേക്ക് പറന്നില്ല.
അടുക്കള ജനൽക്കമ്പിയിൽ
ഇമയിളകും മട്ടിൽ
ചിറകിളക്കിക്കൊണ്ടിരുന്നു.

പച്ചക്കറിയരിയുമ്പോൾ
""കണ്ടോ ഇതെന്തു മാത്രം വളഞ്ഞു പോയി''
എന്ന്

ഞാനെന്റെ തള്ളവിരൽ
അവൾക്ക് കാട്ടിക്കൊടുത്തു
അനവധി വർഷം
കുനിഞ്ഞും നിവർന്നും അടുക്കളപ്പണി ചെയ്ത്
നടുഞെളിഞ്ഞു പോയ അച്ഛമ്മയെ ഓർത്തു.

എന്റെ
നടു ഞെളിഞ്ഞ
തള്ളവിരൽ വളവിലേക്ക് പറന്നിരുന്ന്
നീലച്ചിറകുകൾ കൊണ്ടതിനെയവൾ പൊത്തിപ്പിടിക്കുമ്പോൾ

വിരലിതാ മെല്ലെ
നിവർന്നു വരുന്നു.

ആത്മവിശ്വാസം​സൈക്കിളോട്ടുമൊരു പെണ്ണ്!

ത്മവിശ്വാസം
ചോർന്ന മനസ്സ്
കുതിർന്ന് നനഞ്ഞ്
അയയിൽ നിന്നൂർന്ന്
കനപ്പെട്ട്
നിലത്തേക്കുവീഴുന്ന
തുണി.

കസേരയിലിരുന്ന്
ടെറസ്സിലേക്ക് നോക്കുമ്പോൾ
അപ്പോ വിരിച്ചിട്ട
വിരിയിൽ
സൈക്കിളോട്ടും പെണ്ണ്
തലകുത്തനെ !!!

അവൾക്കു മുന്നിലൊരു
ചുവന്ന മല !
അതും കീഴ്മേൽ
മറിഞ്ഞ് !!
ഈശ്വരാ
പാഞ്ഞുചെന്ന്
വിരി തലതിരിച്ച്
നിവർത്തിയിട്ടു.

ഇപ്പോ കസേരയിലിരുന്ന്
ടെറസ്സിലേക്കു നോക്കുമ്പോൾ

മിടുക്കിപ്പെണ്ണ്
തലയിൽ പൂചൂടി
സൈക്കിളോടിച്ചു
പോകുന്നു!
അയ മുഴുവൻ
അവളുടെ ചിരി!!!​▮


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments