സന്ധ്യ എൻ.പി.

അപരാഹ്നം

ച്ച കഴിഞ്ഞ നേരത്തെപ്പെണ്ണ്
തൂക്കുപാത്രം കൈയ്യിലേന്തി
പാടത്തേക്ക് നടന്നു പോകുന്നു.
അവളുടെ ചെറുകൈയ്യിൽ
കൈക്കോട്ട്.

വരണ്ട
പാടത്തവൾ
വിണ്ടുകീറിയ മണ്ണിൽ
ആഞ്ഞാഞ്ഞു വെട്ടി
കുഴികളുണ്ടാക്കി
ഞണ്ടിനെപ്പിടിക്കുന്നു.
കുഴികളിൽ കലക്കുവെള്ളം
കിനിയുന്നു.
ഓരോ ഞണ്ടിനെയും
മണ്ണിൽ നിന്നു വലിച്ചെടുത്ത്
നെറ്റിയിലെ വിയർപ്പു തുടയ്ക്കുന്നു.
ഞണ്ടിൻ കൈകളപ്പോൾ
മണ്ണിലള്ളിപ്പിടിച്ച
വേരിൻപടലം തന്നെ!

ഞണ്ടിനെ പാത്രത്തിലേക്കിടുമ്പോൾ
മരം കടപുഴകി വീഴുന്ന ശബ്ദം .

ഞണ്ട് നിറഞ്ഞ പാത്രവുമേറ്റി
വൈകുന്നേരപ്പെണ്ണായ്
ആളില്ലാപ്പാടത്തൂടവൾ
തിരിച്ചു പോകുന്നു.
അവൾക്ക്
പുല്ല് തിന്നു മടുത്ത കുതിരയുടെ നടപ്പ് ! കുതിരവാലായ് അവളുടെ മുടി
കാറ്റിനെ തഴുകുന്നു
കാറ്റ് കിതച്ചു കൊണ്ടവൾക്കൊപ്പമോടുന്നു!

വാതുവെപ്പ്

കിളി കൂടു വെക്കാൻ തുടങ്ങിയപ്പോൾ
മനസ്സ് വാതു വെക്കാൻ തുടങ്ങി.

അലക്കിത്തോരയിടുന്നിടത്ത്
പലവർണ്ണത്തുണികൾ
നിവർന്നു കിടക്കുന്നതിനിടയിലൂടെ
ദേഹം മിന്നുന്ന
നീണ്ടു വളഞ്ഞെ
സൂചിക്കൊക്കുള്ള കിളി
ഓരോ വട്ടം ഓരോ കുഞ്ഞു തുണ്ടുകളുമായി
പറന്നും പോയുമിരുന്നു.
ഗ്രില്ലുകടന്നു കാറ്റു വരുമ്പോൾ
അയയിലെ തുണികൾ ഇളകി.
മരത്തിലെ ഇലകളിളകുന്നെന്ന് തോന്നിയിരിക്കണം കിളിക്ക് !

ഇടയ്ക്ക് തുണി വിരിക്കാനെത്തുന്ന എന്നെക്കണ്ട്
കൂടിൻ പണി നിർത്തി അത് പോയ്ക്കളയുമോയെന്ന് ഭയപ്പെട്ടു.
ഉണങ്ങിയ തുണികൾ വലിച്ചെടുക്കുമ്പോൾ കൊമ്പു കുലുക്കി ഞാൻ ഇലകൾ വീഴ്ത്തുകയാണെന്നോർത്തിരിക്കണം കിളി.
അതിനു പേടിയാവുമോ?
പണി പാതിയിൽ നിർത്തി അതു പോയ്ക്കളയുമോ?

പണി പാതിയിൽ നിർത്തി
കിളി
പറന്നെങ്കിൽ
തീർച്ച
എന്റെ ദേഹം
പണി പാതിയിൽ നിർത്തിയ കൂടാവും.

എനിക്കു പേടിയാവുന്നു!


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments