ചങ്ങമ്പുഴയുടെ ‘വാഴക്കുല’യിൽ
തകർത്തഭിനയിച്ച വാഴയുടെ
വംശാവലിയിൽപ്പെട്ടൊരാൾ
വടക്കൻ മലബാറിലുള്ള
ഞങ്ങളുടെ പറമ്പിലേക്ക് കുടിയേറിയിട്ട്
ഒരു പതിറ്റാണ്ട് തികച്ചിരുന്നു.
സാഹിത്യകുതുകികളായ ഞങ്ങളും
തൊട്ടുത്തുള്ള വായനശാലക്കാരും
രണ്ടുമൂന്നു റിട്ടയേഡ് മലയാളം മാഷമ്മാരും
ചങ്ങമ്പുഴയുടെ ജന്മദിനത്തിലും
ചരമദിനത്തിലും തിരികത്തിക്കാറുണ്ടായിരുന്നു.
ഈ വംശം നശിക്കാതെ നോക്കണമെന്നും
ഇതിനുചുറ്റും കമ്പിവേലി കെട്ടണമെന്നും
പഞ്ചായത്ത് ഏറ്റെടുക്കണമെന്നും
മാസത്തിലൊരിക്കൽ ഒപ്പിടാൻ വേണ്ടിനടത്തുന്ന
പുസ്തകചർച്ചകളിലും കുടുംബശ്രീയോഗങ്ങളിലും
അഭിപ്രായങ്ങൾ അലയടിച്ചിരുന്നു.
ഗ്രാമത്തിലേക്ക് കടന്നുവരുന്ന
ഏതു കവിയേയും
വഴി തെറ്റിക്കാതെ
വാഴയ്ക്കരികിലെത്തിക്കാനും
തലകുനിപ്പിച്ച് ഗദ്‌ഗദം പുറപ്പെടുവിക്കാനും
പ്രത്യേകം ശ്രദ്ധിക്കുന്ന ഓട്ടോക്കാരും
ഊഹം പറഞ്ഞാൽ ഇറക്കിക്കൊടുക്കുന്ന
കിളികളുമുണ്ടായിരുന്നു ബസ്സിൽ.
അങ്ങനെയിരിക്കെ വാഴയൊന്നിൽ
ചങ്ങമ്പുഴയുടെ അതേ നക്ഷത്രത്തിൽ
പുതിയകുല തലയിട്ടു.
കാക്കകളും അണ്ണാൻമാരും
നിരീക്ഷണം ഏറ്റെടുത്ത് ചിയർഗേൾസായി
തിരക്ക് കൂടി ഗാലറികൾ പ്രസവിച്ചു.
കമിഴ്ന്നും പിച്ചവെച്ചും നടന്നും
മുതിർന്ന് മുതിർന്ന് ഒരോ കായക്കും
പ്രായപൂർത്തി വോട്ടവകാശമായി
കെട്ടിച്ചുവിടാൻ തീരുമാനമായ്.
സാഹിത്യഗുണമുള്ളതല്ലേ
ചരിത്രത്തിൻ്റെ പേരക്കുട്ടിയല്ലേ, എന്നിട്ടും
വന്ന് നിന്ന് തൊഴുതതല്ലാതെ
ഒരുത്തനും വില പറഞ്ഞില്ല,
ഞങ്ങളും കാലുപിടിക്കാൻ പോയില്ല.
തിന്നാനില്ലാത്ത കഴപ്പ്
ഇവിടാർക്കുമില്ല തന്നെ
ഒടുക്കം മൂക്കിൽ പല്ല് വന്ന്
കുല ചരിഞ്ഞു.
ചാവ് മൂന്ന് ദിവസം കൂടിയുണ്ട്
നാളെ സഞ്ചയനമാണ്
ഒരു തെണ്ടിയും വരണ്ട.