ഒന്ന്
ആകാശത്തിലെ
രാജ്യമായിരുന്നു ഖസാക്ക്.
ഭൂമിയൊരു നരകം
ഖസാക്ക് പുറത്താക്കിയവർക്ക്,
ആകാശമില്ലാത്തവർക്ക് പാർക്കാൻ
മേഘമലകളും കിളി മരങ്ങളും
ഖസാക്കിൽ
ഖസാക്കിനതിരെഴുതുന്ന
ചെതലി മലയുടെ ചെരിവുകൾ,
ചെരുവുകളിൽ
കരിമേഘക്കാടുകൾ
നിറയെ കൊള്ളിമീനുകൾ
വാൽനക്ഷത്രങ്ങൾ.
വാൽ നക്ഷത്രങ്ങളിൽ ആകാശ സഞ്ചാരം
നടത്തി ഖസാക്കിലെ
ആണുങ്ങൾ.
മേഘമലകളിൽ
വെള്ളം തേവിത്തേവി പെണ്ണുങ്ങൾ
ആലിപ്പഴങ്ങളുരുട്ടി താഴേക്കിട്ട്
കൊച്ചുകുഞ്ഞുങ്ങൾ
ആകാശം നിനയ്ക്കുമ്പോൾ
ഭൂമിയിൽ പ്രളയം,തീ മഴ.
രണ്ട്
വാൽനക്ഷത്രത്തിൽ
മൊല്ലാക്ക ആകാശസഞ്ചാരം
നടത്തുമ്പോൾ
മിന്നിയ ഒരു കൊള്ളിമീനായിരുന്നു
നൈസാമലി.
അവന്റെ ചുണ്ടുകൾ
കിഴക്ക് പൂത്ത്,
അവന്റെ മൂക്കിൽ
വിയർപ്പുരുണ്ട്.
“നീ എങ്കെ പോരേ?’’
മൊല്ലാക്ക ചോദിച്ചു.
‘‘കൊള്ളിയാൻ പിടിയ്ക്ക പോരേൻ,’’
അവൻ പറഞ്ഞു.
‘‘എത്ക്ക്?’’
അവൻ മറുപടി പറഞ്ഞില്ല.
‘‘ഉൻ പേരെന്നാ, കൂശിമകനേ?’’
‘‘നൈജാമലി.’’
‘‘ഉനക്ക് അത്താ ഉമ്മാ ഇര്ക്കാ?’’
‘‘കെടയാത്.’’
‘‘കുടിയിര്ക്കാ?’’
‘‘കെടയാത്.’’
അവന്റെ കവിളുകളിൽ
നുണക്കുഴികൾ,
അവന്‍റെ വെളുത്ത തുടകളിൽ
ചെമ്പൻരോമങ്ങൾ.
മൊല്ലാക്കയ്ക്ക്
പെട്ടന്ന്
പ്രേമം തോന്നി.
ആകാശം മുഴുവനുമുള്ള
സകലതിനോടും
ആകാശത്തിന് മോളിലുള്ള പടച്ചവനോടും
കീഴെയുള്ള അനന്ത ഗോളങ്ങളോടും
മൊല്ലാക്കയ്ക്ക്
പൊടുന്നനെ പ്രേമം തോന്നി
‘‘നീ എങ്കൂടെ വാ’
മൂന്ന്
എല്ലാ പെണ്ണുങ്ങളെയും പോലെ
ഒരു പെണ്ണായിരുന്നു
മൊല്ലാക്കയുടെ ഭാര്യ,
തിത്തിബിയുമ്മ.
മൊല്ലാക്കയുടെ പിന്നാലെ
വീടെത്തിയ നൈസാമലിയ്ക്ക്
തിത്തിബിയുമ്മ
ആലിപ്പഴവും മേഘത്തുണ്ടും
നൽകി
തേയ്ക്കാൻ കുഴമ്പ് കാച്ചി
വെള്ളം വെയില് വെച്ച്
ചൂടുപിടിപ്പിച്ചു.
കുഴമ്പു തേയ്ക്കുമ്പോൾ
അവന്റെ ഉടല് ഒരു കൊള്ളിമീനായി
അവനാകെ മിന്നി
അടുത്ത ആകാശ സഞ്ചാരം
കഴിഞ്ഞ് മൊല്ലാക്ക
ഖസാക്കിലെത്തുമ്പോഴേക്ക്
നൈസാമലിയുടെ മുടി വളർന്നു
മൂടും മുലയും വളർന്നു.
മേഘമലകളിൽ
വെള്ളം തേവുന്ന
നൈസാമലിയ്ക്ക്
തിത്തിബിയുമ്മയുടെ ഛായ,
നൈസാമലിയ്ക്ക് ഖസാക്കിലെ
പെണ്ണുങ്ങളുടെ
ഛായ.
“ഇവിലീസേ”ന്ന് അലറി
മൊല്ലാക്ക
അവനെ മുടി പിടിച്ച്
ഭൂമിയിലേക്കെറിയും
ആകാശത്തിലെ രാജ്യം
നൈസാമലിയെ
ഭൂമിയിൽ ഉപേക്ഷിക്കും
ആകാശങ്ങൾ ഉരുൾപൊട്ടി
ഭൂമിയിൽ
പ്രളയം വരും
ആകാശം പുറന്തള്ളിയവരുടെ
കണ്ണീര് വീണ് ഭൂമിയിലെ
നരകക്കടലിന്റെ ഉപ്പിലേക്കടക്കം
ചെയ്യപ്പെടും.
(*ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ വ്യത്യസ്തമായ രീതിയിൽ സമീപിക്കാനുള്ള ശ്രമമാണ് ഈ കവിത.)