ഏഴു കവിതകൾ
മാനിയാക് ഡിപ്രഷന്റെ മാറ്റിയെഴുതിയ ഗുളികയിൽ
താളം തെറ്റിയ പാതിര
ആർത്തു പെയ്യുന്ന മഴയിലേക്ക്
കാൽനീട്ടിയുള്ള ചവിട്ടുപടിക്കിടത്തം
ചവിട്ടിയിൽ ഉച്ചക്കുതെറിച്ച കട്ടിക്കഫത്തിന്റെയോർമ
പതിനെട്ടിനും മുൻപത്തെ ചന്ദനം
പോലെയത് നെറ്റിയിലൊട്ടുന്നു
അറയ്ക്കുകയാണെനിക്ക്
എന്നെപ്പോലെ നിന്നെയും.
രണ്ട്
വിസ്പർ പാഡിന്റെ പുത്തൻ മണം ആദ്യമായി കേൾപിച്ചവളെ
സിഗരിറ്റനാൽ പൊള്ളിച്ച കാലം എന്ന് ഞാനതിനെയടയാളപ്പെടുത്തുന്നു.
ഒപ്പം, കാലിൽ മുറിവിട്ട് നിന്നെ കയ്യിൽ കോരിനടത്തിച്ച കാലമെന്നും
പിന്നെ, ഇരുവർഷത്തിലൊരിക്കലും നിന്നിൽ കേറാതെപോയ കാലമെന്നും
മൂന്ന്
അച്ഛന്റെ രണ്ടാനമ്മക്ക് ഭ്രാന്തായി
പതിവുകളെല്ലാം തെറ്റിച്ച് അടക്ക ചോദിച്ച് അവർ വീടകം കേറിയിറങ്ങി
ഒടുക്കമവർ കിടന്നു
കണ്ണുകളുടെ ചലനം പോലും അപതാളം തേടി
ഞാനവിടെ പണ്ടേ പോവാത്തതാണ്
ഒരുകുറി കയറി
തട്ടടിക്കാൻ പോയി വരുന്ന വഴിക്കായിരുന്നു
അവരുടെ എണ്ണിയെടുക്കാവുന്ന എല്ലുകളിൽ ഞാൻ തൊട്ടുനോക്കി
അച്ഛന്റെ അമ്മയുടെ പേരെന്താണ്?
വീട്ടിലെത്തിയപാടേ അച്ഛനോട് ചോദിച്ചു
അച്ഛനെന്തോ പേരു പറഞ്ഞു.
നാല്
പ്രാന്താശുപത്രിയിൽ പോയതിന്റെയന്ന് വൈകീട്ട് ചത്താമതിയെന്നു തോന്നി
ഒരു ബക്കാർഡി ബ്ലാക്കിന്റെ പിൻതുണയോടെ
പഴയ മെമ്പറെ തെറി പറഞ്ഞാൽ ഭ്രാന്തനാവുകയോ?
മഞ്ഞ നിറമുള്ള സെല്ലിൽ മൂവന്തിയോളം പൂട്ടിയിടുകയോ?
എനിക്ക് ചത്താമതിയെന്നു തോന്നി
ഞാൻ മേലുടുപ്പില്ലാതെ റോഡിലിറങ്ങി നടന്നു
സഞ്ജു കടയിൽ പോണത് കണ്ടപ്പൊ ഇരുവതിന്റെ ഒരു സ്‌പ്രൈറ്റ് വാങ്ങാൻ പറഞ്ഞു
ഗേറ്റിന്റെ ഓരത്തിരുന്നത് കുടിക്കേ പിതാശ്രീ എഴുന്നള്ളി, ഒപ്പം തള്ളയും
"അയ്യ്യേ.. എന്തായീ കാണിക്കണേ.. ഈശ്വരാ..'
അവരുടെ അപകർഷത നിന്നു കത്തി
"മോസ്‌കോ കോളനീലെ പിള്ളേര് റോഡിലിരിക്കൂലോ, പിന്നെന്താ ഇനിക്ക്'
ഉന്മാദകാലങ്ങൾ പതിവായി തികട്ടിത്തള്ളാറുള്ള
എന്റെ സ്വത്വനഷ്ടത്തിന് ശൈത്യമേറി
അഞ്ച്
തട്ടിയെടുത്ത കാറിൽ യാത്ര ചെയ്യുന്ന നാലു പേർ
മദ്യവും മരുന്നും സമാസമം
എതോ അതിർത്തിപ്പാതയുടെ ഓരത്ത് വണ്ടി നിർത്തുന്നു
മറ്റൊരു സംസ്ഥാനം
കയറാൻ പോകുന്ന ചായക്കട ഒരു ബ്രോത്തലിനെ
ഉള്ളടക്കം ചെയ്തിരിക്കുന്നു എന്ന് തോന്നുമാറത്ര ഓഫാണ് ഞാൻ
ആ ഒബ്‌സഷനിൽ ഏറെക്കുറെ ഞാൻ വീണുപോയെന്നു തന്നെ
തക്കാളിവണ്ടിക്കാരനെ കടക്കാരി "കുട്ടാ' വിളിക്കുന്നിടത്ത് ഞങ്ങളിറങ്ങുകയായി.
ആറ്
പേൻ ഈരിയെടുത്ത് പൊട്ടിക്കും പോലെ
ചോണനുറുമ്പുകളെ മുട്ടുന്ന സ്വപ്നത്തിൽ നീയുമുണ്ടായിരുന്നു
ഉപമയോട് പുറംതിരിഞ്ഞ, എന്നാൽ സമാനമായ മറ്റെന്തോ പോലെ
പ്രിയേ, ഇന്നലത്തെ വായനയിൽ നീത്‌ഷേ ഇങ്ങനെ പറയുന്നു,
ആത്മനിന്ദ എന്ന പുരുഷരോഗത്തിനുള്ള ഒറ്റമൂലിയാണ്
തന്റേടിയായവളുടെ പ്രണയം
നീത്‌ഷേക്ക് തെറ്റുപറ്റിയതാണെന്നാണ് എന്റെ വാദം
തന്റേടിത്തമൊരു തുപ്പൽ കുമിളയാണ്
മീനുള്ള കുളത്തിൽ തുപ്പണം അതിന്റെ രുചിയറിയാൻ
നമ്മുടെ ദസ്തയേവ്‌സ്‌കിയൻ മീനുകൾ നേർവിപരീതമാണെടോ
വിധേയതയിലേ അത് പുളയൂ
ഒപ്പമതിന്റെ കിഴക്കാംതൂക്കിലും
ഏഴ്
അപ്പൻ കൊണ്ടുവരുന്ന കാർഡ്‌ബോഡുകളിൽ തിരഞ്ഞെടുത്ത
ബ്രാ പരസ്യങ്ങളെ നോക്കിയിരുന്നാണ് നാം വളർന്നത്
ചക്കക്കുരു ചുട്ടുതിന്നാണ് ബാക്കി നേരങ്ങളെ നമ്മൾ പോറ്റിയത്
നീ അപ്പന്റെ മോനായി
ഇരുപതിലോ ഇരുപത്തൊന്നിലോ പണിക്കാരനായി
ഞാൻ അതായില്ല
ഞാനിട്ട ബൂട്ട്‌സിന്റെ ബ്രാന്റും പറഞ്ഞാണ് നമ്മൾ തെറ്റിയത്
കാരണമതല്ലെന്ന് എനിക്കറിയാം
ഞാനതൊട്ട് പറയുകയുമില്ല
▮
*തട്ടടിക്കുക - വഴിയോരക്കടയിൽ നിന്നും ഭക്ഷണം കഴിക്കുക