എല്ലുന്തിയ
കാർന്നോരുടെ
പുകയിലക്കറ
ചുകപ്പിച്ച
കിറിവായിലൂടൊഴുകുന്ന
തുപ്പലിലോവ്ചാലായ
വീട്
കല്ല് പോലത്തെ
നെഞ്ചുഴിഞ്ഞ്
മുലയിടുക്കുകളിലെ
കുറുങ്ങലുകളിലേക്ക്
എരുക്കിൻകിഴിച്ചൂട്
പകർത്തി
കിതപ്പാറ്റുന്ന
മുത്തി
മാനം കറുത്ത്
മിന്നൽ ചിരിച്ച്
വെള്ളിടിക്കതിന
പൊട്ടുമ്പോൾ
മഴ കരയുമ്പോൾ
ചുവന്നു കുറുകുന്ന
ചെളി പുരണ്ട
കിടാത്തികൾ
ചോപ്പം മണ്ണ്
മെഴുകിയ
പടിഞ്ഞാറെ
കോലായിൽ
വേത് വെള്ളത്തിനു
കാൽ നീട്ടിയിരിക്കുന്ന
നാത്തൂൻ
കഴുക്കോലൊടിഞ്ഞ
വീടിന്റെ
ചിതലരിച്ച
വേലിചുവട്ടിൽ
ഒറ്റക്കാലിൽ
തൊങ്കി തൊങ്കി
തള്ളക്കോഴിയുടെ
ചിക്കിപ്പെറുക്കൽ
ചെമ്പരത്തി
പൂവിട്ട
ചരലുറച്ച
മുറ്റത്ത്
കാലിലൊട്ടുന്ന
മണിയൻ പൂച്ചയെ
കൺപാർത്ത്
കുറ്റിലിച്ച തെങ്ങിന്റെ
മണ്ട മേലൊരു കാക്ക
അമറുന്ന
കപ്പിയോടൊപ്പം
ആൾ മറയില്ലാത്ത
കിണറിലേക്ക്
തല തല്ലുന്ന
ചളുങ്ങിയ തൊട്ടി
ഹാ പ്രഭാതം
നീണ്ട വഴി
ഒതുക്കു മിഷ്യനെ പോലെ
അവൾ അങ്ങോളമിങ്ങോളം
നടക്കാൻ തുടങ്ങി. ▮