ഷൗക്കത്തലീഖാൻ

പെറ്റമ്മ

ണ്ട്
പെരേലിരുന്ന്
ഉമ്മയോട്
മേക്കട്ട് കയറി
മുഷിഞ്ഞാൽ
പെറ്റമ്മാക്ക്
ഒരു വിരുന്ന് പോക്കുണ്ട്

മക്കളുടെ
വീട്ടിലൊക്കെ
നിന്ന് മടുത്താൽ
മരുമകളും
പേരക്കുട്ടികളും
മുറുമുറുപ്പ്
തുടങ്ങിയാൽ
ഓത്തുപള്ളിയിലേക്കോ
എൽ പി സ്‌കൂളിലേക്കോ
പെറ്റമ്മയുടെ
സങ്കടക്കാറ്റെത്തും.

"പെറ്റമ്മയെ
വിളിക്കാൻ ചെല്ലണമെന്ന് '

ഉച്ച തിരിഞ്ഞ്
ആച്ചുവും
താത്തയും
ഞാനും കൂടി
തൊഴുവാനൂരെ
പറമ്പിറങ്ങും.

"പെറമ്മാണിച്ചികള്
വന്നാ '
എന്ന് പറഞ്ഞ്
പെറ്റമ്മ
മുറുക്കാൻ തുപ്പലം നീട്ടിത്തുപ്പും'

കാച്ചി ത്തുണിയും
പെങ്കുപ്പായവും
താത്ത
പൊതിഞ്ഞ് കൈയ്യീപ്പിടിക്കും

മുറുക്കാൻ പൊതി
ആച്ചു എടുക്കും.
നിസ്‌ക്കാരക്കുപ്പായം
പെറ്റമ്മ ആർക്കും
തൊടാൻ തരില്ല.

മുതുക് വളഞ്ഞ്
കാര വടി കുത്തി
ആ പതുക്കെപ്പതുക്കെയെ
ഞങ്ങളും പിന്തുടരും

പതുക്കെ പ്പതുക്കെ
പറമ്പിറങ്ങിപ്പറമ്പിറങ്ങി
പോക്ക്വാക്കയുടെ
എടയി "ഇറങ്ങി'
എളാപ്പമാരുടെ
ഓലക്കെട്ടിൽ ചാടിക്കളിച്ച്
തൊഴുവാനൂരെ എതക്കലെത്തും'

പരീദ് ഔലിയയുടെ
നേർച്ചക്കൊടിമരം
തൊട്ടുതലേൽ വെച്ച്
തായം കളിക്കാരുടെ
ആർപ്പുവിളി കേട്ട്
പെറ്റമ്മാടെ
കൈ പിടിച്ച്
തൊഴുവാനൂരെ പ്പറമ്പിലെ
പെരുന്തോടിറങ്ങും.

ഹാവൂ
പെര എത്തി

പെറ്റമ്മ നെടുവീർപ്പിടും
ദസ് ബി മാല
ഏറ്റുവാങ്ങും.

പൈക്കുട്ടികൾ
പെറ്റമ്മയെ ക്കണ്ട്
കരയും

ആട്ടിൻകുട്ടിയും തള്ളയാടും
ചെവി കൂർപ്പിച്ച്
തുറിച്ച് നോക്കും.
അപ്പുട്ടിയേട്ടന്റെ
ചേക്കോഴി
മണ്ടിപ്പാഞ്ഞ് വന്ന്
കൊക്കര കോ
മുഴക്കും

പൊരിഞ്ഞ കോഴികൾ
എഴുന്നേറ്റ് നില്ക്കും

വന്നപാടെ
പെറ്റമ്മ എന്റെ കുപ്പായം
പൊന്തിച്ച്
എല്ലുമ്മെ തലോടും.

"ഈ ചെക്കൻ ക്ക് പൈക്ക് ണേന്
ഒന്നും കൊടുക്കലില്ല്യ'
എന്ന് ഉമ്മയെ ചീത്ത പറയും.

അന്ന് ഉമ്മയും പെങ്ങന്മാരും
പെറ്റമ്മയെ കുളിപ്പിച്ച്
തിരുമ്പി വെളുപ്പിച്ച
കുപ്പായവും സൂരിത്തുണിയുമുടുപ്പിച്ച്
മുമ്പാരത്ത് വന്നിരുത്തും

പെറ്റമ്മ
പറമ്പിലും തൊടിയിലും
അകത്തും പുറത്തും
ഭരണം തുടരും.

ബീവൂ ബീവൂ
എന്ന് ഇമ്മയെ
നീട്ടി നീട്ടി വിളിക്കും


ഷൗക്കത്തലീഖാൻ

കവി. മലപ്പുറം തിരൂരിലെ സീതി സാഹിബ് പോളിടെക്നിക്കിൽ ലൈബ്രേറിയൻ. ആസുര നക്രങ്ങൾ, പൊത്ത് എന്നീ കവിതാ സമാഹരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments