സിബ റൂസി

രണ്ട് ഖബറുകൾ

വെളിച്ചപ്പാടത്തി-
നിപ്പുറത്തെ
നെല്ലിമരച്ചോട്ടിൽ
രണ്ട് ഖബർ കുഴിക്കാനുള്ള
സ്ഥലമുണ്ട്.

കുഴിയെടുക്കുമ്പോൾ സ്ഥാനം മാറിയാൽ
പാറയിലാകും ചെന്നിടിക്കുക.
നെല്ലിമരച്ചോട്ടിലെ
പകുതിമണ്ണിലും
പാറകളാണ്.

നെല്ലിമരച്ചോട്ടിലെ
അധിക സന്ദർശകരും
പാമ്പുകളും മയിലുകളുമാണ്.
കുഴിയെടുക്കാൻ ആളില്ലാതെ
ചിലപാമ്പുകൾ
ചത്തുജീർണിച്ച്
അവിടെക്കിടപ്പാക്കും.

പാമ്പിൻതോടുകളെ
ചവിട്ടിയല്ലാതെ
നെല്ലിമരം കടക്കാനാകില്ല.

നെല്ലിമരച്ചോട്ടിനിപ്പുറം
മനുഷ്യരുണ്ട്.
അപ്പുറം
ഇടിഞ്ഞുവീഴാറായ
ഗർത്തങ്ങളും
അവയ്ക്കുള്ളിലേക്ക്
കുഴിവെട്ടിയ
കുറുക്കൻമടകളുമാണ്.

അവയ്ക്കപ്പുറമാണ്
മയിലുകളുടെ കരച്ചിൽ.
നെല്ലിമരച്ചോട്ടിനിപ്പുറവുമപ്പുറവും പാമ്പുകൾകയറും.

നെല്ലിമരത്തിന്റെ
ഏറ്റവും മുകളിലെ
കൊമ്പുകൾക്ക്
നേരെയാണ്
വെളിച്ചപ്പാടം.
മഴപെയ്താൽ
വെളിച്ചപ്പാടം
കോടയാകും
മഴനിന്നില്ലെങ്കിൽ
മൂടിപ്പോകും.
ഇരുട്ടാകും.

വെളിച്ചങ്ങൾ
ഓടിനടക്കുന്ന
ഉടുപ്പുകൾ
കാണാതെയാകും
മയിലുകൾ
ഒച്ചവെച്ച്
പേടിപ്പിക്കും
പാമ്പുകൾ
വരാതെയാകും
നദി ഇരച്ചുവരും
വെള്ളമ്മൂടും.
നെല്ലിമരച്ചോട്
ഒലിച്ചുപോകും.

നെല്ലിമരച്ചോട്ടിലെ
രണ്ട്ഖബറുകൾ
വെള്ളം കൊണ്ടുപോകും.

മഴ കഴിഞ്ഞാൽ
പുതിയരണ്ട്ഖബറുകൾ
വേണമെന്ന് തോന്നും
കുഴിവെട്ടിക്കാത്തിരിക്കും.
കായിടാത്ത
നെല്ലിമരത്തിൽനിന്നും
തുറന്നിട്ട
കുഴിയിലേക്ക്
നെല്ലിക്കകൾ
തുള്ളിച്ചാടിവീഴും
ഖബറാകുന്നതിനു മുൻപേ
നദി കയറിതുടങ്ങും.​▮


സിബ റൂസി

കവി. പൂക്കോട്​ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ ഡയറി സയൻസ് വിദ്യാർഥി.

Comments