സുധീഷ് കോട്ടേമ്പ്രം

പുലരി ടീസ്റ്റാൾ

വെളിച്ചംവന്നെന്ന് ഒച്ചയെടുക്കുന്ന
കിളികൾക്ക് പകരം
ഇരുട്ടിവെളുപ്പിക്കുന്ന പണി
ഈ കവലയിലെ ചായക്കാരനുണ്ട്.
ചില്ലുഗ്ലാസിനും കോരുപാത്രത്തിനുമിടയിലെ
വായു അകലത്തിൽ
അയാൾക്ക്
ലോകത്തിന്റെ രഹസ്യമറിയാം.
ചായ പകരുമ്പോൾ
അയാൾ
ചായ മാത്രമല്ല പകരുന്നത്.

നോക്കൂ,
വരണമാല്യവും റീത്തും
ഒരേ വികാരത്തോടെ വില്ക്കുന്ന
ഈ പൂക്കാരനോളം ദാർശനികനാരുണ്ട്?
മാലിന്യവണ്ടിയോടിക്കും ഡ്രൈവർ
വണ്ടിയിൽ തൂക്കാൻ മുല്ലമാല വാങ്ങുന്നു.
മണത്തെക്കുറിച്ച് അയാൾക്കുള്ള തിട്ടം
മറ്റാർക്കുണ്ട്?
നോട്ടമെത്തുമിടംവരെ
ഉടമാവകാശമുള്ള
നായ്ക്കൾക്കറിയാം നഗരഭൂപടം.
ഉറങ്ങുന്ന നേരങ്ങളും
തൊഴിൽദിനങ്ങളായെണ്ണുന്നു
അവരുടെ ആജീവനാന്ത കാവൽപണി.
ബാങ്കിനുമുന്നിൽ കൺമിഴിച്ചുനിൽക്കും
ക്യാമറകൾ കള്ളനെക്കാത്ത് മുഷിയുന്നു.
ആൾപ്പെരുമാറ്റം കുറഞ്ഞ
എ.ടി.എം ബൂത്തുകളിൽനിന്ന്
ഈയ്യാംപാറ്റകൾ പാസ്വേഡുകൾ
കടത്തിക്കൊണ്ടുപോകുന്നു.

ഒരു മുഴുക്കനിരുട്ടിന്റെ
തുണ്ടംമാത്രം ബാക്കിവെച്ച്
പണിമതിയാക്കിപ്പോകുന്ന
കുഞ്ഞനെലിയോട് ചോദിക്കൂ
നഗരത്തിന്റെ സത്യകഥ.
വസ്തുതർക്കം നിലനിൽക്കുന്ന
കെട്ടിടത്തിലെ
വവ്വാലുകളോട് ചോദിക്കൂ
മനുഷ്യകഥ.

വാർത്തകളിൽ കൗതുകം നഷ്ടപ്പെട്ട
ഒരാളായിരിക്കണം
കവലയിൽ പത്രം വില്ക്കാനിരിക്കുന്നത്.
ഈ ഇരുട്ട് വെളുക്കാതിരുന്നെങ്കിലെന്ന്
നിരാശാഭരിതമാക്കുന്നുണ്ട്
അയാളുടെ നിർവ്വികാരത.

നിലാവിന്റെ അവസാനനിഴലിനെയും
തൂത്തുവാരി നടുനിവർത്തുന്നു
നഗരസഭാജീവനക്കാരി.
അവരുടെ നീലയുടുപ്പിൽ
വെളിച്ചം വിരലമർത്തി ഹാജർവെക്കുന്നതോടെ
പകൽ അതിന്റെ പണി തുടങ്ങുന്നു.

അതികാലത്തെ ചായക്കട
വെളുക്കുമ്പോൾ പൂട്ടുന്നു.
തീരാൻ പോകുന്ന പാലിൽ
അനുവദിക്കപ്പെട്ട വെള്ളം
അയാൾ ചേർത്തിരിക്കണം
എങ്കിലും,
അവസാനത്തെ ചായ
ആദ്യത്തെ ചായപോലെ തന്നെ
ജീവിതത്തെ മോഹിപ്പിച്ചിരിക്കാം ▮


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി. കലാവിമർശകൻ. ന്യൂഡൽഹി ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിൽ കലാചരിത്ര ഗവേഷകൻ. ​​​​​​​ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments