തകരച്ചെണ്ട

ദാവീദ്
എന്റെയടുത്ത് വന്നിരുന്നു
ബാത് ഷേബ
അതാ മതിലിനപ്പുറത്ത് നിന്ന് അങ്ങയെ വിളിക്കുന്നു,
പോയിട്ട് പിന്നെ വരൂ
ദാവീദ് പോയില്ല.
വിളിച്ച് വിളിച്ച് തൊണ്ട പാെട്ടട്ടെ
അന്വേഷിച്ചന്വേഷിച്ച്
അന്വേഷണങ്ങൾ ഉണങ്ങിപ്പോകട്ടെ
അയാൾ തന്നെ എന്നിലേക്ക്
ചേർത്തു കൊണ്ടിരുന്നു.

അലക്‌സാണ്ടർ
എന്റെയടുത്തു വരാൻ
സമയം കണ്ടിരുന്നു.
വെറും മുപ്പത്തേഴ് കൊല്ലത്തെ
തിരക്കേറിയ ജീവിതം
ഓരോ നിമിഷത്തിന്റേയും ദൈർഘ്യം
ദിവസത്തോളമാക്കി.
നിനക്കൊപ്പം കഴിയുമ്പോൾ
യുഗങ്ങൾക്കൊപ്പം കഴിയുമ്പോലെ .
എന്നെ മോചിപ്പിക്കൂ,
സമയം എന്നോടിരന്നുകൊണ്ടിരുന്നു.

സിദ്ധാർത്ഥനെ
പിന്തിരിപ്പിക്കാൻ
എന്നെയാണയച്ചത്.
അതുവരെയാരും
പാേകാത്ത വഴിയിലൂടെ
തനിച്ച് പോകുകയായിരുന്നു അയാൾ.
എനിക്കയാളോട് അനുകമ്പ താേന്നി
ഒച്ചയുയർത്തി വിളിക്കാതെ
ശരീരം കൊണ്ട് വിളിക്കാതെ
ഞാൻ മടങ്ങി.
അന്ന് ഞാൻ തനിച്ച് കിടന്നു.
പുറത്ത് നിലാവുണ്ടെന്ന്
അന്നാണ് ഞാൻ കണ്ടത്.

അവസാനത്തെ രാജാവും
എന്റെയടുത്ത് വന്നിരുന്നു.
അയാൾ തിരിച്ചു പോകും വരെ
രാജ്യം അക്ഷമമായി.
ഒച്ചയും ബഹളവും.
കിടക്കയിൽ നിന്ന് തലയുയർത്തി
ഞാൻ ചോദിച്ചു; എന്താണ്‌കോലാഹലം
എന്റെ രതിയുടെ ചിട്ടവട്ടങ്ങളാണ്
അയാൾ എന്നിലേക്ക് താണു.

നിറ കൈകളുമായി
ഇന്നു വന്നയാൾ
എന്റെ മുഖം കയ്യിലെടുത്ത്
എന്നോട് പറഞ്ഞു.
മുമ്പ് വന്നവരാരും നിനക്കായി
എന്നോളം ത്യജിച്ചില്ല.
കേൾക്കുന്നില്ലേ
കർണ്ണശൂലങ്ങളായ നിലവിളികൾ
വാവിട്ട് കരയുകയാണ്
തെരുവുകൾ, നഗരങ്ങൾ, ഗ്രാമങ്ങൾ
കിടന്നിടത്തു നിന്ന്
ജാലകം ഞാൻ ചേർത്തടച്ചു.
എനിക്ക് ത്രാണിയില്ല
ഇത്രയും സുഖം താങ്ങുവാൻ.

ഒരിക്കൽ
നിന്റെ പിതാവ്
എന്റെയടുത്ത് വന്നിരുന്നു.
കൂടെയുണ്ടായിരുന്ന
നിനക്കൊന്നും മനസ്സിലാവില്ലെന്ന്
ഞങ്ങൾ ധരിച്ചു.
അന്നാണ്
മൂന്നു വയസ്സിന്റെമാത്രം വലുപ്പമുള്ള നീ
ചീറിക്കരഞ്ഞ്
രാജ്യത്തെ ചില്ലുവാതിലുകളാെക്കെ
പൊട്ടിച്ചത്.
എനിക്ക് നിന്നോട്
മാപ്പു പറയണമെന്നുണ്ടായിരുന്നു.
എല്ലാറ്റിനും.


Summary: Thakarachenda malayalam kavitha by Kalpetta Narayanan


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments