തിരുമ്മിത്തിരുമ്മിക്കണ്ണു
ചുമന്ന് വേനലാവുന്നു

1

കലിൽ ഒറ്റയ്ക്കു കണ്ട
അണ്ണാൻ കുഞ്ഞ്
സന്ധ്യയിലും ഒറ്റയ്ക്ക്
മുറ്റത്തു പതറുന്നു.

2​

പുക താഴ്ന്നു പറക്കുന്ന കിളി
അതിനെ പിൻതുടരുന്നു
ഒരു കിളിക്കൂട്

3​

മാന്ത്രികൻ തന്നെ
എന്നെ എത്ര പെട്ടെന്നു
നീ മൂന്നാക്കി.

4​

ജനലിലൂടെ എത്തി നോക്കുന്ന പെൺകുട്ടിയുടെ
പേടിച്ച കണ്ണുകൾ
പൊന്തപ്പടർപ്പിലെ
പൂമൊട്ടുകൾ

5​

കൊന്ന
നീളൻ പട്ടുപാവാടയിൽ
മുറ്റത്തേക്കിറങ്ങാൻ
കാൽ നീട്ടിയ
പെൺകൊടി
അവൾ ചിരിക്കുമ്പോൾ
പൂക്കൾ കൊഴിയുന്നു.

6

തിരുമ്മിത്തിരുമ്മിക്കണ്ണുചുമന്ന്
വേനലാവുന്നു.

7

എഴുന്നേറ്റു
അടുപ്പിലെ
ചാരം വാരി
കരിക്കട്ടക്കഷ്ണങ്ങൾ
തൊടിയിലേക്കു വിതറി
സൂര്യൻ ചുണ്ടു കൂർപ്പിച്ച്
ഒരൊറ്റ ഊത്ത്!
പെട്ടെന്നു
കരിക്കഷണങ്ങളിൽ തീപ്പിടിച്ചു.

8

അടുപ്പിൽ നിന്നും
കരിക്കട്ടയെടുത്ത്
ചുമരിൽ ഒരു
സൂര്യനെ വരച്ചു.
കാറ്റടിച്ചതും
സൂര്യനെന്നു
എടുത്തു പിടിച്ച വരകൾ
നിലത്തേക്കു കൊഴിഞ്ഞു.
ചുമരിൽ ഒരൊറ്റ മുട്ട
പാഞ്ഞു വന്ന പരുന്ത്
ഒരൊറ്റ റാഞ്ചൽ!

9​

വേനൽ
ഇലകളിൽ
എന്റെ പേരെഴുതിയിട്ടിട്ടുപോയി ...
അവയോടാരാണു പറയുക
ഈ വേനലിനുത്തരവാദി
ഞാനല്ലാ എന്ന്!

10

ചത്ത മനുഷ്യന്റെ കണ്ണ്
കിണറിനടിത്തട്ട്.
ചെളിയും പായലും
പീളകെട്ടിക്കിടക്കുന്നു.

Comments