1 നമുക്കറിയാത്ത കാര്യങ്ങൾ
രാത്രിയിൽ ഉണരുമ്പോൾ, യാതൊരു കാരണവുമില്ലാതെയാണ് ഉണർന്നതെന്ന് ഞാൻ എന്നോടുതന്നെ പറയാറുണ്ട്. അസാധ്യമായത് ചെയ്ത് വീണ്ടും ഉറങ്ങാൻ ശ്രമിക്കണം. എന്റെ പുതപ്പിനുള്ളിൽ സുരക്ഷിതത്വമുണ്ട്. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്ഥിതി അതല്ല. അവിടെ ഇപ്പോൾ മിസൈലുകൾ എണ്ണശുദ്ധീകരണശാലകളെ അഗ്നിക്കിരയാക്കുകയാണ്. ഇവിടെയാകട്ടെ, ചതുപ്പുനിലങ്ങളിലെ മഞ്ഞ് ഉരുകുന്നത് തിരിച്ചറിഞ്ഞ്, ‘ വി‘ ആകൃതിയിൽ ശബ്ദമുണ്ടാക്കി പറക്കുന്ന താറാവുകൾ വസന്തകാല ദേശാടനപാതയിലുണ്ട്. മരങ്ങളിൽ ഇലമുകുളങ്ങളുടെ മഞ്ഞനിറത്തിലുള്ള നേരിയ ആവരണം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. വസന്തം വരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നു. ഉപ്പ്, ചെളിമണ്ണ്, കളിമണ്ണ്, അഗ്നിപർവ്വത ശിലകൾ എന്നിവയുടെ ചുഴലിവീശുന്ന നിറങ്ങളും ഓക്കർ, നീല, ഓറഞ്ച് തുടങ്ങിയ എഴുപതോളം ധാതുനിറഭേദങ്ങളും കാരണം ‘മഴവില്ല് ദ്വീപ്’ എന്ന് വിളിക്കപ്പെടുന്ന, ഉപ്പുനിറഞ്ഞ കുംഭഗോപുരങ്ങൾ പോലെയുള്ള ശിലാരൂപങ്ങളുള്ള ഒരു വിജനമായ ദ്വീപിന്റെ പേരാണ് ഹോർമുസ്. ഒരു തരം ചുവന്നമണ്ണും ഇവിടെയുണ്ട്; കറികളിലും ‘ടോംഷി’ അപ്പത്തിലും സോസിലും ഇത് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. ഈ മണ്ണ് ഒരു സുഗന്ധവ്യഞ്ജനം കൂടിയായതിനാൽ, ഹോർമുസ് ‘ഭക്ഷ്യയോഗ്യമായ ദ്വീപ്’ ആണെന്ന് പറയപ്പെടുന്നു. അവിടുത്തെ ഗുഹകളിലെ ഉപ്പ് ദുരിതങ്ങളെ ആഗിരണം ചെയ്യുമെന്നും, നഗ്നപാദരായി അതിൽ നിൽക്കുന്നവർക്ക് ഉന്മേഷം പകരുമെന്നും വിശ്വസിക്കപ്പെടുന്നു. കാറ്റ് കൊത്തിയുണ്ടാക്കിയ ശിൽപങ്ങളുടെ താഴ് വരിയും മറ്റു ഗ്രഹങ്ങളുടെ ചിത്രങ്ങളിലെന്നപോലെ ഊർജ്ജസ്വലമായ നിറങ്ങളുള്ള, മണ്ണുള്ള ‘മഴവിൽ താഴ് വര’യും കടലിടുക്കിനെ സംരക്ഷിക്കാനായി പോർച്ചുഗീസുകാർ പണിത കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. അതോടൊപ്പം ആകാശപാതയിൽ ദേശാടനപക്ഷികളായ രാജഹംസങ്ങളും താറാവുകളും നീർകാക്കകളും കൊക്കുകളും കാറ്റിനെ തുഴഞ്ഞ് പറക്കുന്നുമുണ്ട്. ഈ മുറിയുടെ ഇരുട്ടിലും രാത്രിയുടെ പശ്ചാത്തലത്തിൽ മജന്ത നിറത്തിൽ രാജഹംസങ്ങൾ പറക്കുന്നു. ഞാനും നിങ്ങളും ഉണർന്നിരിക്കുകയാണോ ഉറങ്ങുകയാണോ എന്നത് പ്രസകതമല്ല. ഹോർമുസ് കടലിടുക്കിൽ ലോകത്തിന്റെ കപ്പലുകൾ കാത്തിരിക്കുകയാണ്.
▮
2. സാങ്കൽപ്പിക മ്യൂസിയം
നമ്മൾ ശേഖരിച്ചതെല്ലാം ഇത്രമാത്രം.
നടപ്പാതക്കല്ലുകൾ, ജർമൻ കീർത്തന പുസ്തകം.
‘പുല്ലാങ്കുഴലിലെ കാറ്റ്’ എന്ന ലേബൽ ഒട്ടിച്ച
പുല്ലാങ്കുഴൽ വാദകെൻ്റ ശ്വാസം നിറഞ്ഞ കുപ്പി.
മേശപ്പുറത്തെ അപ്പക്കഷണങ്ങൾ
നീക്കം ചെയ്യാനുള്ള ചെറിയൊരു യന്ത്രം.
പൂട്ടിക്കിടന്ന പള്ളിയിൽനിന്ന് ശേഖരിച്ച
മിനുക്കിയെടുത്ത നിശ്ശബ്ദതയുടെ ഒരു സഞ്ചിയും
വെർഡൻ യുദ്ധക്കളത്തിൽനിന്നുള്ള മൺവെട്ടിയും
സഹാറ മരുഭൂമിയിലെ മണലും
ഒരു അന്തഃപുര മതിലിലെ ഇഷ്ടികകളും.
ലൂവ്ര് മ്യൂസിയ നവീകരണ
വേളയിൽ ഉപയോഗിച്ച കൈയുറകൾ,
ആപ്പിൾ ഇലയിട്ട മഴവെള്ളം നിറച്ച കുപ്പി.
ഇംഗ്ലണ്ടിലെ ഒരു പൂന്തോട്ടത്തിൽനിന്ന്
കുഴിച്ചെടുത്ത റോമൻ ചുമർ.
അമ്പത് വർഷം പഴക്കമുള്ള
സോവിയറ്റ് സിഗരറ്റ് പാക്കറ്റ്.
ബട്ടണുകൾ നിറഞ്ഞ ഒരു ഭരണി.
ഉപയോഗശൂന്യമായ നാണയങ്ങൾ.
ഒട്ടിച്ചെടുക്കാൻ പാകത്തിൽ
പൊട്ടിയ ചൈനീസ് പാത്രക്കഷണങ്ങൾ.
പാഴ്സലുകൾ കെട്ടാൻ ഉപയോഗിച്ചിരുന്ന നൂൽ.
അസ്തിത്വമില്ലാതായ ഒരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പ്
ആഷ്ട്രേകളും ഐസ് കോരികളും.
കൊഴിഞ്ഞുപോയ പല്ലുകൾ സൂക്ഷിച്ച പെട്ടി
ബെർലിൻ മതിലിന്റെ അവശിഷ്ടങ്ങൾ.
പാവകളുടെ കണ്ണുകൾ നിറഞ്ഞ ഒരു കപ്പ്.
വിരിപ്പിൽ നിരത്തി വിൽക്കാൻ
വെച്ചിരിക്കുന്ന യുദ്ധമെഡലുകൾ.
ഒരാളുടെ അവശിഷ്ടഅടയാളങ്ങളായി
ഒരു പിടി മുടിയും,
നഖം വെട്ടിയ കഷ്ണങ്ങളും,
മൂത്രവും ഉമിനീരും മാത്രം.
ഇതാണ് ദൈവത്തിെൻ്റ പാവയും
ഗലീലിയോയുടെ ഉറച്ച ബോധ്യവും.
മുറികളും അവയ്ക്കുള്ളിൽ നടന്ന കാര്യങ്ങളും
പ്രകാശം നിറഞ്ഞ കുപ്പിക്കുള്ളിലൂടെ
സഞ്ചരിക്കുന്ന ഒരു പായ് വഞ്ചിയും.
ലോക്കറ്റിനുള്ളിൽ മുഖാമുഖം നിൽക്കുന്ന
വേർപിരിഞ്ഞ കാമുകീകാമുകന്മാർ.
ഫോറൻസിക് ഡോക്ടറെ കാത്ത് ഇരുട്ടിലിരിക്കുന്ന
നവജാതശിശുക്കളുടെ അസ്ഥികൾ
നിറഞ്ഞ ഷൂ പെട്ടികൾ.
ചിലപ്പോൾ നോട്ടം ഉയർത്താൻ പോലും കഴിയാറില്ല:
കഴുകന്റെ കൊക്ക് പതിഞ്ഞ അടയാളമുള്ള അസ്ഥിയും
വാളേറ്റ ആഴമേറിയ മുറിപ്പാടും
ഈ മ്യൂസിയത്തിന്റെ മുദ്ര.
▮
3. കാണാതായവൾ
രാവിലെ മൃതദേഹങ്ങൾക്കായി
തിരച്ചിൽ നടത്തിയവരിൽ ഒരാൾ
എന്നോട് പറഞ്ഞത് ഇങ്ങനെയാണ്:
അവർ ആ പെൺകുട്ടിയെ കണ്ടെത്തിയത്
മറ്റ് മൃതദേഹങ്ങൾക്കിടയിൽ കിടക്കുന്ന
നിലയിലായിരുന്നു:
ആകാശത്ത് ഇരുണ്ട പക്ഷികൾ
ചിറകടിച്ച് ഉയരുകയും താഴുകയും
ചെയ്യുന്ന ശബ്ദം അവരെ അവിടേക്ക് നയിച്ചു.
സ്കൂൾ ബസ് കയറാൻ പോവുന്ന
കുട്ടിക്കൂട്ടങ്ങൾ എപ്പോഴും ഒരു സൂചനയായിരുന്നു.
ആ പെൺകുട്ടി ഗർഭിണിയായിരുന്നു.
മറ്റ് മൃതദേഹങ്ങൾക്കിടയിൽ കിടക്കുമ്പോൾ
അവൾ പ്രസവിക്കാനൊരുങ്ങുകയായിരുന്നു.
തന്റെ വസ്ത്രത്തിനുള്ളിലൂടെയും
ശൂന്യമായ കൈകളിലൂടെയും
എലികൾ ഓടിനടന്നിട്ടും
അവൾ അസ്വസ്ഥതയായില്ല.
അവളുടെ കൈ ശരീരത്തിൽനിന്ന്
അൽപം അകലെയായിരുന്നു.
ചാരനിറമുള്ള അവളുടെ ചെറിയ കൈപ്പത്തി
അതിനും അൽപം കൂടി അകലെയും.
അവളെ കണ്ടെത്തിയ ആ സ്ഥലം
തിരച്ചിൽ നടത്തിയവരുടെ കാതുകളിൽ
ഒരു മുഴക്കമായി നിറഞ്ഞുനിന്നു.
അതേസമയം, മരിച്ചവരുടെ കണ്ണുകൾ
അപ്പോഴേക്കും പക്ഷികളുടെ വയറ്റിലായി.
ആ പറവകൾ മേഘങ്ങൾക്കിടയിലൂടെ
പറന്നുകൊണ്ടിരുന്നു.
