പ്രമുഖ അറബ് കവി നജ്‍വാൻ ദാർവിഷിന്റെ മൂന്നു കവിതകളുടെ വിവർത്തനം. കരിം ജെയിംസ് അബു സെയിദ് എന്ന ഈജിപ്ഷ്യൻ അമേരിക്കൻ വിവർത്തകന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഷീല ടോമിയുടെ മലയാള തർജ്ജമക്കാധാരം. (കടപ്പാട്: actionbooks.org, Poetry in Action)
ഒരു കാവ്യോൽസവത്തിൽ
ഓരോ കവിക്കും മുമ്പാകെ
അവരവരുടെ രാജ്യത്തിന്റെ പേരായിരുന്നു.
എന്റെ മുമ്പിലോ ‘ജെറുസലേം’, എന്നുമാത്രം.
എത്രമേൽ ദാരുണം നിന്റെ കീർത്തി
എന്റെ ഇത്തിരി ദേശമേ!
നിന്റെ നാമം, അതൊന്നുമാത്രം എന്നിലെ ശേഷിപ്പ്.
നിദ്രപൂകുന്നു ഞാനതിൽ,
ഉണർന്നെഴുന്നേൽക്കുന്നു ഞാനതിൽ.
ലക്ഷ്യമണയുമെന്ന് ഒരു തരി പ്രതീക്ഷയില്ലാത്ത,
തിരികെയെത്തുമെന്ന് നുറുങ്ങു പ്രത്യാശയില്ലാത്ത,
ഒരു മഹാനൗകയല്ലോ നിന്റെ പേര്.
ഒരിക്കലുമത് ചെന്നെത്തുന്നില്ല,
ഒരുനാളും തിരികെ വരുന്നുമില്ല.
വന്നെത്തുകില്ല ആ കപ്പൽ, ഒരിക്കലും,
ഒരു കാലവും അത് തകർക്കപ്പെടുകയുമില്ല.
കാറ്റിൽ ഒരു കല്ല്
ഞാൻ പറഞ്ഞു,
എന്റെ ജനത്തെ അറിയുന്നില്ല അവർ,
അവർ അറിയുന്നേയില്ല ഉമറിനെ, സലാദിനെ.
അറിയില്ല അവർ,
ജെറുസലേമിനെ ചൂഴും നാട്ടിൻപുറങ്ങളിൽനിന്ന്
നിർഗമിച്ചെത്തും
മുന്തിരി വിൽക്കും പെണ്ണുങ്ങളെ.
സ്നേഹിതർക്കൊപ്പം സായന്തനം പങ്കിടുംമട്ടിൽ,
സ്വച്ഛന്ദമായി,
രക്തസാക്ഷിത്വം വരിക്കും ചുറ്റുവട്ടത്തെ
ആൺകുട്ടികളെ
അവർ അറിയുകയേയില്ല,
കെഫിയക്കുപിന്നിലെ പെൺമിഴികളുടെ ശാലീനത,
അറിയുകില്ലവർ, സുഗന്ധപൂരിതമാ
കൈകളിലെ കവണയും.
സ്നേഹത്തിന്റെ കല്ലുകൾ
എങ്ങനെ ഞങ്ങൾ പൊടിപൊടിയാക്കിയെന്നോ
അതിൻ ശകലങ്ങൾ എവ്വിധം കാറ്റിൽ പറത്തിയെന്നോ
അവർ അറിയുകയില്ല.
അവർ അറിയുന്നേയില്ല.
പേരില്ലാക്കവിത
അവൻ എന്നോട് പറഞ്ഞു,
അധിനിവേശപ്രദേശത്ത്
എനിക്കെന്റെ ജീവൻ വെടിയേണ്ട.
അധിനിവേശ പത്രക്കടലാസിൽ
എന്റെ പേര് പ്രത്യക്ഷപ്പെടുകയേ വേണ്ട.
അധിനിവേശ ദേവാലയത്തിലെ മണികൾ
എനിക്കായ് മുഴങ്ങുകയേ അരുത്.
അധിനിവേശകർ എന്റെ ശരീരം
കവർന്നെടുത്തില്ലെങ്കിൽ,
ഞാൻ അത്രമേൽ ഭാഗ്യവാനെങ്കിൽ,
അധിനിവേശപ്പള്ളിയിൽ എന്നെയോർത്ത്
ആരും വിയോഗപ്രാർത്ഥന അർപ്പിക്കുകയും അരുത്.