ഷീബ ദിൽഷാദ്

മൂന്ന് രാഷ്ട്രീയ കവിതകൾ

ഒന്ന്:
ചരിത്രം അലങ്കാരങ്ങളില്ലാത്ത കവിതയാണ്

വരെന്റെ ചരിത്രപുസ്തകത്തെ
വായിക്കുന്നു.
നിങ്ങൾ കേൾക്കുന്നത്
അവരുടെ ചരിത്രമായിട്ട്

ഞാൻ ഏതോ നാട്ടിൽ
നിന്ന് വന്ന്
അവരെ കൊള്ളയടിച്ചുപോലും

നിർബന്ധിച്ച് അവരെ
മതം മാറ്റിയെന്ന്
അവരുടെ
നഗരങ്ങളുടേയും
തെരുവുകളുടേയും
പേരുകൾ മാറ്റിയെന്ന്
അവരുടെ മണ്ണിൽ
പടയോട്ടങ്ങൾ
നടത്തുവാൻ
വന്നു കയറിയ
വിദേശികളാണെന്ന്

ഇന്ത്യാ
ഇന്ത്യാ
എന്ന് വിലപിച്ചു കൊണ്ട്

ഞാൻ

മത്സ്യദേവതകളും
നൃത്തം ചെയ്യുന്ന
പെൺകുട്ടികളും
അധിവസിക്കുന്ന ഭിർദാന*യിലെത്തി

കളിമൺഗ്രാഫിറ്റികളും
ഇഷ്ടിക നഗരങ്ങളുമായി
ചരിത്രം
അടയാളപ്പെട്ടത്
ഇന്ത്യ*യിൽ മാത്രമല്ലെന്ന്
പറഞ്ഞെന്നെ മോഹൻ ജോ ദാരോയും
സിന്ധുനദിയും
ആശ്വസിപ്പിച്ചു.

അങ്ങ് ദൂരെ ബലൂചിസ്ഥാനിൽ
ഒരമ്മദൈവം*
തകർന്ന വീടുകളിൽ
എന്നെ കാത്തിരുന്നു.

മൺകുടങ്ങളിൽ
അടക്കം ചെയ്തിരിക്കുന്ന
അസ്ഥികൂടങ്ങളെ
കാണിച്ചുതന്നു.

ചരിത്രമായി മാറിയ
അസ്ഥികൂടങ്ങൾ.

ബലൂചിസ്ഥാനിലെ
വിളറിയ മലനിരകളിൽ
വേനൽ.
പീഢനങ്ങളേറ്റ മഞ്ഞ്
നദിയായലറിക്കുതിച്ച് പായുന്നു

എക്കലുകളുടെ
പുരാതനമായ
കാറ്റ് സിന്ധുവിന്റെ
തീരത്തണയുന്നു.

കാറ്റേ നീയെനിക്ക്
ഈ മണ്ണിന്റെ
പൂർവ്വികരെ കാട്ടിത്തരൂ.

നദിയുടെ
കണ്ണുകൾ വെയിലേറ്റ്
തിളങ്ങുന്നു.

അവിടെനിന്ന് ഒരു
തേക്കുപാട്ടുയരുന്നു
ചുട്ടെടുത്ത മണ്ണിൽ പടുത്ത
നഗരചത്വരങ്ങൾ

കാളയും കലപ്പയും
മനുഷ്യനും
ചേർന്ന്
ആ മണ്ണിൽ വെങ്കലം
ഉരുക്കിയെടുക്കുന്നു.

കളപ്പുരകളുടെ ചരിത്രം
ഞങ്ങൾ
പഠിക്കുന്നു.

ഇന്ത്യയുടെ
യഥാർത്ഥ ഉടമകൾ
ഈ സൈന്ധവരാണെന്ന്
നഗരങ്ങളുടെ
അവശേഷിപ്പുകൾ
എന്നോട് മന്ത്രിക്കുന്നു.

നാടോടികളായലഞ്ഞ്
കന്നുകളോടൊപ്പം
കുടിയേറ്റം നടത്തിയവർ.

വേദങ്ങളുടെ ഉപജാപത്തിൽ
ജനത്തെ വിഭജിച്ചതെങ്ങനെയെന്ന്
തൊഴിലുകൾ കല്പിച്ചതെങ്ങനെയെന്ന്
തീണ്ടലുമയിത്തവുമായി
കാതങ്ങൾക്കകലെ
ഞങ്ങളെ
ആട്ടിയിറക്കിയതെങ്ങനെയെന്ന്
ഭരിക്കേണ്ടവരാരെന്നും
ഭരിക്കപ്പെടേണ്ടവരാരെന്നും
ശാസനങ്ങളിറക്കിയതിനെക്കുറിച്ച്
ഖനനം ചെയ്തെടുത്ത
നഗരാവശിഷ്ടങ്ങളും
ഭാഷകളുടെ പുരാവൃത്തവും
എനിക്ക് പറഞ്ഞു തന്നു.

മഴയായി പെയ്യാൻ
തുടങ്ങുന്നു ഞാൻ..
ഒരു നിലവിളി
എന്റെ നെഞ്ചിൽ തിക്കു മുട്ടുന്നു.

സിന്ധുവിന്റെ തീരത്ത്
വീണ്ടും കാറ്റു വീശാൻ
തുടങ്ങുന്നു.

ചരിത്രത്തിനുമീതേ
മണ്ണുകൾക്ക്
മീതേ
മണ്ണ് മൂടുന്നു.

ആർക്കറിയാൻ പറ്റും
അതിങ്ങനെ
എത്രകാലം മൂടിക്കിടക്കുമെന്ന്
സ്വയം വെളിപ്പെടുത്തിക്കൊണ്ട്
എന്നാണത് പൊങ്ങിവരുന്നതെന്ന്.

(*ഭിർദാന: ഇന്ത്യ ചരിത്രത്തിന്റ ഏറ്റവും പുരാതനമായ അവശിഷ്ടങ്ങൾ ലഭിക്കുന്നത് ഹരിയാനയിലെ ഫത്തേഹാബാദിലുള്ള ഭിരാന/ ഭിർദാനയിലാണ്. ഹാരപ്പൻ നാഗരികതയുടേയും സിന്ധുനദീതട സംസ്കാരത്തിന്റേയും തെളിവുകൾ ലഭിക്കുന്നത് ഭിർദാനയിലേയും ഹാരപ്പയിലേയും ലോത്തലിലേയും ഉത്ഖനനത്തിലൂടെയാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഈ കണ്ടെത്തലുകൾക്ക് നേതൃത്വം നല്കിയത്.

*സിന്ധുവിന്റെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും മോഹൻ ജോ ദാരോവിലും നടത്തിയ ഉത്ഖനനങ്ങളും ഈജിപ്തിലെ നൈൽ നദീതടത്തിൽ നടത്തിയ ഉത്ഖനനങ്ങളും മനുഷ്യസംസ്കാരത്തിന്റെ അന്നുവരെ അറിയപ്പെടാതെ കിടന്ന ചരിത്രം വെളിച്ചത്ത് കൊണ്ടു വന്നു).

രണ്ട്:
ആ നടപ്പാതയിൽ ഒരു കടന്നൽക്കൂട്ടമുണ്ട്

ന്റെ കാറിന്റെ മുന്നിൽ
എടുത്തു ചാടി
ഒരു തെരുവ് പൂച്ച

നടപ്പാതയിൽ
ഒരോറഞ്ചു മരം*
തീപിടിച്ച് നിൽക്കുന്നു

അവിടെനിന്ന്
തീപിടിച്ച വാലുമായി
പുറത്തുചാടുന്നു
ഭീമാകാരനായ
ഒരു കുരങ്ങ്*

അവൻ
തെരുവാകെ തീ വയ്ക്കുന്നു
എരിഞ്ഞ് തീരുന്നു നഗരങ്ങൾ
അവൻ പോകുന്ന
തെരുവുകൾ

ഭയന്ന്
മുമ്പോട്ട് പോകാനാകാതെ
ട്രാഫിക്

ഒരു സാധാരണയാത്രയിൽ
പോലും
അസാധാരണമായി
പിന്തുടരുന്ന പേടികൾ

തെരുവിന്റെ ഹൃദയമായ
ഗാന്ധി സ്തൂപത്തിലേക്ക്
ഞാൻ നോക്കി

പല തരം
കട്ടൗട്ടുകൾ കൊണ്ട്
മറച്ചതുകാരണം
എനിക്കത് കാണാൻ
കഴിഞ്ഞില്ല

ഇനിയെന്തെന്ന്
നിങ്ങൾ തന്നെ പറയൂ.

(*ഇതിലെ സൂചനകൾ ഹനുമാനെ ആലേഖനം ചെയ്തിരിക്കുന്ന, ആർ.എസ്.എസ് പ്രചരിപ്പിക്കുന്ന കൊടിയാണ്).

മൂന്ന്
ധ്രുവനക്ഷത്രം

ഓറഞ്ച് മേഘം
ഇന്ത്യയുടെ ആകാശത്തെ
മൂടിയിരിക്കുന്നു

ജനങ്ങളിൽ ഒരു വാർത്തയും,
കാഴ്ചകളും
എത്താതെ തീ മഴ പെയ്യുന്നു.
വടക്കൻ കാറ്റ്
ഇങ്ങ് ഈ നാട്ടിലുമെത്തി
പ്രചണ്ഡവാതമായി
അത് മാറുന്നു.
ഞങ്ങൾ
പേമാരിയിൽ മുങ്ങുന്നു.

എന്തിത്? അവസാനത്തെ
പ്രളയമോ?
ഞാനാകാശത്തേക്ക്
നോക്കി.

അതാ ആകാശത്ത്
ഒരു നക്ഷത്രം
ധ്രുവനക്ഷത്രം*
നിങ്ങൾ അവനെ പിന്തുടരുക
പ്രചണ്ഡമേഘങ്ങളിൽ നിന്ന്
ദൂരെയുള്ള മലനിരകളിലേക്ക്…

(*ധ്രുവ് റാഠി)

Comments