യു. ജയചന്ദ്രൻ

നടന്നു പോയവർ

ടന്നു വന്നവർ നടന്നു പോയ്, മഹാ
നഗരവാരിധിക്കടിയിൽ നിന്നതാ
പഴയ ജീവിതകഥകളാകിയ
തുണികൾ,പണ്ടങ്ങൾ, പഴയ പാത്രങ്ങൾ,
നിറങ്ങൾ വാർന്നൊരാപ്പഴയ ചിത്രങ്ങൾ,
കഴിഞ്ഞു പോയൊരു വസന്തകാലത്തിൻ സ്മരണകൾ,
എല്ലാം പെറുക്കി നെഞ്ചോടങ്ങടുക്കിവച്ചും
കൊ,ണ്ടവർ നടന്നു പോയ്, നടന്നു വന്നവർ!
നടന്നു പോകവേയവർ ചൊല്ലീ, "ഞങ്ങൾ-
ക്കനുതാപം വേണ്ട, മുഖം കോട്ടിക്കൊണ്ടി
ങ്ങെറിഞ്ഞു തന്നിടും പുതിയ നോട്ടിന്റെ
മുഖത്തെഴുതിയ കരുതലിൻ കള്ള-
ക്കരുണയും വേണ്ട!

പണി ചെയ്യാൻ പോലും കഴിവില്ലാതെയീ
നഗരചത്വരസ്ഥലികളിൽ ഞങ്ങൾ
ചുരുണ്ടു കൂടുമ്പോൾ, കിളുന്നു കൗമാരം
കഴിയാപ്പെൺകുഞ്ഞിന്നുടലിൽ നിന്ദ്യമായ്
നിയമപാലകക്കഴുകുകൾ പറ-
ന്നടുത്തിടുന്നേരംഉറങ്ങും മക്കൾക്കാ-
യുറങ്ങി വീഴാതെ, മിഴികൾ പൂട്ടാതെ-
യിരുന്നിതമ്മമാർ! നടന്നു പോകയാ-
ണിവർ, തിളയ്ക്കുന്ന വെയിലിൻ മഞ്ഞപ്പിൽ, നിരനിരയായി!'

ഒളിക്കയില്ലവർ, ഭയക്കയില്ലവർ,
പുതിയ ഫാറവോത്തിരുവടികൾ1 തൻ
നഗരമദ്ധ്യങ്ങ,ളലങ്കരിക്കുവാൻ
സ്മരണയിൽപ്പോലും മരിച്ചു പോയൊരു
മരിച്ച നേതാവിൻ പടുകൂറ്റൻ ശില്പം
പണിതുയർത്തിടാനിനി വരില്ലവർ,
കണക്കിലില്ലാത്ത കറുത്തവർ
പണ്ടേ ചിതറിപ്പോയവർ!
അവര,വർ കേൾക്കാൻ, അതിന്നു മാത്രമായ്
പറയുന്നു, പാദം വെടിച്ചു വിണ്ടതും
വഴിയിൽ കുഞ്ഞുങ്ങൾ തളർന്നു വീഴ്വതും
അവരുടെ കൺക,ളൊടുവിൽ മൃത്യുവിൻ
മൃദുലപിംഗളകരാംഗുലീസ്പർശ-
മതിൽ തപിച്ചതും ജ്വലിച്ചതും പിന്നെ-
പ്പൊടുന്നനെ,യണഞ്ഞിരുൾ പരന്നതും
മറക്കുകില്ലൊന്നും മരിക്കുവോളവും!

ഇളം പൈതലൊന്നിനവസാനനിദ്ര-
യൊരുക്കിയമ്മയൊട്ടിരിക്കുവാനിടം-
തിരഞ്ഞൊടുക്കമൊരിടത്തു ചായുമ്പോൾ
അവർക്കു മുന്നിലായ്ത്തകർന്നു വീണൊരു
മഹാശില്പത്തിന്റെ,യുരുവം കാൺകയായ്!
ഇരുകൈകളില്ല, ചമയങ്ങളില്ല,
മുഖത്തു ക്രൗര്യവും അഹന്തയും മാത്രം!
ഒടിഞ്ഞതെങ്കിലുമൊരു സിംഹാസനം
ഇരിക്കുവാനുണ്ട്, അതിന്റെ ചോട്ടിലായ്
എഴുതി വച്ചൊരു വചനം കാണുക:
""ഇത് രാജരാജനാ 2മോസിമാൻഡീയാസ്;
അതിപ്രബലരാ,മരചന്മാർ പോലും
ഇവന്റെ പേർ കേൾക്കെ വിറ കൊണ്ടീടുന്നു!
അതോർക്കണം നിങ്ങൾ, മനുഷ്യകീടങ്ങൾ!''

അതിനടുത്തെങ്ങും മനുഷ്യവാസമി-
ല്ലൊരു പുൽനാമ്പിന്റെ തലപ്പു പോലുമി-
ല്ലനന്തമാം മണൽപ്പരപ്പു മാത്രമ-
ങ്ങതിവിദൂരത്തിൽ വിലയം കൊള്ളുന്നു!

നടന്നു പോകുവോർ നടക്കുന്നൂ വീണ്ടും
തളർന്നു വീഴുവോർക്കൊടുവിൽ വിശ്രമം-
പകർന്നു രാത്രിയിൽ മണൽപ്പരപ്പുകൾ
കടന്നെത്തും കാറ്റിൽപ്പരക്കും ധൂളികൾ!
ഇവർ നടന്നവർ, ഇവർ തകർന്നവർ,
ഇവർ സർവ്വംസഹയ്ക്കരുമയായവർ
ഇവർക്കു നൽകുവാൻ സ്വതന്ത്രഭാരത-
പ്പെരുമയ്ക്കുള്ളതോ? മറവി തൻ മൗനം!

▮ ​

കുറിപ്പുകൾ: 1.ഫാറവോ: ഈജിപ്തിലെ ""ഫറവോ'' 2. ഓസിമൻഡിയാസ്: ഷെല്ലിയുടെ പ്രശസ്ത ഗീതകമായ Ozymandias ഓർമ്മിക്കുക. ഇതുകഴിഞ്ഞ് 56 വരെയുള്ള വരികൾക്കും കടപ്പാട് ഷെല്ലിയുടെ ആ കവിതയോടു തന്നെയാണ്.


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments