ഉച്ചിയിൽ ഒരു കടൽ

കോഴിക്കോട് കടപ്പുറത്തുനിന്ന്
ആറര മൈൽ കാണും
കുട്ടിക്കാലം കഴിച്ചു കൂട്ടിയ
കുന്നിൻ മുകളിലെ ഞങ്ങളുടെ വീട്ടിലേക്ക്

രാത്രി
ലോകത്തിന്റെ ഒച്ചയടങ്ങിയാൽ
കടലിന്റെ
ഒരമാനം കേൾക്കാം

ഞങ്ങളുടെ പറമ്പിലെ
കൌമാരം വിട്ട
പറങ്കിമാവിന്റെ ഉച്ചിയിൽ കേറിയാൽ
കടലു കാണാം
കടലു കാണുമ്പോൾ നാവു പുറത്തേക്കിട്ട്
കാറ്റിന് ഉപ്പുണ്ടോ എന്ന് നോക്കാം.
കൂക്കിവിളിച്ച് തിരിച്ച് കൂക്കു കേൾക്കുന്നുണ്ടോ എന്ന് കാതോർക്കാം

തെങ്ങിൻ തോപ്പുകളുണ്ടാക്കിയ
പച്ചപ്പിനു മുകളിലൂടെ നോക്കിയാൽ
ദൂരെ
കെട്ടിടങ്ങളുടെ പെരുക്കം കാണാം.
അതാണ് കോഴിക്കോട്.
അതിനപ്പുറം കടൽ.
തീരവും കടലും ചക്രവാളവും
കാറ്റിലാടുന്ന മരത്തിനൊപ്പിച്ച്
വിശദാംശങ്ങൾ മാറ്റി വരച്ചുകൊണ്ടേയിരിക്കും

ആറരമൈലപ്പുറത്തുള്ള
കടപ്പുറത്ത് മനുഷ്യരോ വള്ളങ്ങളോ ഇല്ല
മാനം കറുത്താൽ കടൽക്കാഴ്ചയേ ഇല്ല
എന്നാലും
കപ്പലുകളെയും ചെറുവള്ളങ്ങളെയും
മനുഷ്യരെയും പലജാതി ജീവികളെയും
വെറുതെ സങ്കല്പിക്കാം.

മലമുകളിലെ പറങ്കിമാവിന്റെ ഉച്ചിയേക്കാൾ
ഉയരത്തിലാണ് കടലെന്ന്
ഞാൻ കണ്ടുപിടിച്ചു.
കടലിനുവേണമെങ്കിൽ
കൈനീട്ടി
മരത്തിനു മേൽ അള്ളിപ്പിടിച്ചാടുന്ന
എന്നെത്തൊടാം
അതു പക്ഷേ വന്നതേയില്ല
കടലുമായുള്ള താരതമ്യത്തിൽ മാത്രം
ഞങ്ങളുടെ കുന്നിന് ഉയരം കുറഞ്ഞു.

ചുറ്റും
മരങ്ങൾ വളർന്നപ്പോൾ
പറങ്കിമാവും ഗൌരവത്തിലായി
കടലു കാണാതായി
എന്നാലും പറങ്കിമാവിന്റെ ഉച്ചിക്കും
ആകാശത്തിനും ഇടയിലായി
കടൽ അലയടിക്കുന്നുണ്ടാവുമെന്ന്
ആവഴി നടന്നപ്പോഴൊക്കെ കാതോർത്തു.

മുതിർന്ന്
കടപ്പുറത്തു പോയപ്പോൾ
കിഴക്കോട്ട് തിരിഞ്ഞുനോക്കി.
എവിടെ ആ പറങ്കിമാവിന്റെ ഉച്ചി?
അതിൽ അള്ളിപ്പിടിച്ച് കൂക്കിവിളിക്കുന്ന കുട്ടി?
അതു കാണാൻ
എന്തുമാതിരി സങ്കല്പങ്ങളെയാണ്
ഇനി അഴിച്ചുവെക്കേണ്ടത്?


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments