സുനീഷ് കൃഷ്ണൻ

തുടങ്ങിയേടത്ത്
തിരിച്ചെത്തിയ
ശേഷം
കിണറുവെള്ളത്തിൽ
കുളിച്ച്
മഗല്ലൻ
ഊണിനിരുന്നു.
കിടക്കയിൽ
പരസ്പരം
കഴിയ്ക്കാനൊരുങ്ങുന്നതിന്
മുമ്പ്.

കടൽമണമുള്ള
തീൻമേശയിൽ
മരിയ
പായക്കപ്പലോളം പോന്ന
ഏതോ
മത്സ്യത്തെ
വേവിച്ചുവച്ചിരുന്നു.

കോപ്പയിലെ
വീഞ്ഞിന്
അവളുടെ
കാത്തിരിപ്പിനേക്കാൾ
പഴക്കം.

നാരങ്ങാനീരു പുരണ്ട
എരിവിന്
അയാൾ
രുചിച്ച
ഏതു 
ദ്വീപിലും
എരിവ്.

ഗ്ലോബിലെ
ദേശങ്ങൾ
പോലെ
അസംഖ്യം
വിഭവങ്ങൾ
പാത്രങ്ങളിൽ
നിരന്നു.

അടുത്തും
അകന്നും
അകന്നും
അടുത്തും.

ഉപ്പു മാത്രം
കൂട്ടിക്കുഴച്ച
ഒരു പിടി വറ്റ്
പ്രിയതമയുടെ
ചുണ്ടിൽ ചേർക്കാൻ
ഭൂമിയെ
ഭൂഗോളമാക്കിയതിനേക്കാൾ
നാവികൻ 
സാഹസപ്പെട്ടു.

മരിച്ചവർക്ക്
ജീവിച്ചിരിക്കുന്നവരെ
എങ്ങനെ
ഊട്ടാൻ കഴിയും?
മറിച്ചല്ലാതെ

മരിയായുടെ
കണ്ണുകൾ വിതുമ്പിയത് 
മരിയ
കണ്ടില്ലെങ്കിലും
മഗല്ലൻ കണ്ടു.
ദൂരദർശിനിയോ
ആഴമാപിനിയോ
വേണ്ടാതെ.
വെള്ളെഴുത്തു കണ്ണട
പോലും വയ്ക്കാതെ.

ആരു കരഞ്ഞുണ്ടായതാണ്
ഇക്കാലമത്രയും
അയാൾ താണ്ടിയ സമുദ്രങ്ങൾ?

Comments