വി. അബ്ദുൾ ലത്തീഫ്

മുഹമ്മദ് ഷെഫീഖ് ആരായിരുന്നു​അയാൾക്ക് എന്തു സംഭവിച്ചു?

റാനിലെ
സീസ്താൻ കോൺസുലേറ്റിൽ
കീഴടങ്ങിയ ഒരു മനുഷ്യനെ
ചങ്ങലക്കിട്ട്
പെഷവാറിലേക്കു കൊണ്ടുവന്ന്
വിചാരണ ചെയ്യുന്നുണ്ട്, 1924-ൽ.
ബ്രിട്ടീഷുകാർ മൂന്നുവർഷം
കഠിനതടവിനു ശിക്ഷിച്ച
അയാളുടെ പേര്
മുഹമ്മദ് ഷെഫീഖ് എന്നായിരുന്നു.
24 വയസ്സ്.
രാജ്യദ്രോഹമായിരുന്നു കുറ്റം.

1947-ൽ ചെങ്കോട്ടയിൽ പാറിയ
മൂവർണ്ണപ്പതാക
ആകാശത്തേക്ക് ചുഴറ്റിവിട്ട
ആസാദീഗസലിന്റെ ആയിരമിതളുകളിൽ
ഈ പേര് നിങ്ങൾ കേട്ടിരുന്നോ?
19ാം വയസ്സിൽ
ബാബ്-ഇ-ഖൈബർ വഴി
കാബൂളിലേക്കു കടന്ന
ആ പത്താൻ ചെറുപ്പക്കാരന്റെ
(അതോ അഫ്രീദിയോ)കൂടെ
ഞാനേതായാലും
നടന്നുനോക്കുകയാണ്.

ഒറ്റയ്ക്കായിരുന്നില്ല അവൻ
അര ലക്ഷത്തിൽ പരം
മുഹാജിറുകളിൽ ഒരുവനായിരുന്നു.
എന്തിനായിരിക്കും
അവർ
കാബൂളിലേക്കും
അവിടെനിന്ന് മധ്യേഷ്യയിലേക്കും ഇയാംപാറ്റകളെപ്പോലെ
സഞ്ചരിച്ചത്?

എന്തുമാത്രം ദൂരങ്ങൾ
ഏതെല്ലാം വഴികൾ

കാബൂളിൽനിന്ന്
ജബൽ അൽ സിറാജിലെ
പട്ടാളക്യാമ്പിലേക്ക്.
അവിടെനിന്ന്
വലിയൊരു കൂട്ടം
മസാർ ഇ ഷെരീഫിലേക്കു പോയി.

പഞ്ച്ഷീർ പാസ്,
ബസാർഗി,
നരെയ്ൻ,
ബാഘ്‌ലാൻ,
ഘുർ,
അയ്‌ബെക്ക്,
തഷ്‌ക്കർഖാൻ.
ജബൽ അൽ സിറാജിനും മസാരെ ഷെരീഫിനുമിടയിലെ അപരിചിതമായ പട്ടണങ്ങൾ.
സിന്ധിയും പഞ്ചാബിയും
പഷ്ത്തുവും വിട്ട് ദാരിഭാഷകളിലൂടെയുള്ള സഞ്ചാരം

പച്ചപ്പിൽനിന്ന്
പൊടിനിറഞ്ഞ നഗരങ്ങളിലേക്കും
അവിടെനിന്ന്
മലഞ്ചെരിവുകൾ കടന്ന്
താഴ്വരകളിലേക്കും
കടക്കുന്നതിനിടയിൽ
അപ്രത്യക്ഷരായവർ,
മരിച്ചു വീണവർ.

താജിക്ക് സംഗീതം കേട്ട്
അമുദാരിയ നദിക്കരയിലൂടെ
മാസാരി ഷെരീഫിലേക്ക് നീങ്ങുമ്പോൾ അവരുടെ മനസ്സു നിറഞ്ഞിരിക്കണം
ദാരിയ ദേശം
ദാരിയ ഭാഷ
ദാരിയ മനുഷ്യർ
ദാരിയ നദി.

ഇപ്പോൾ തുർക്‌മെനിസ്താനിലാണ്.
പക്ഷേ
അവർക്ക് ഹിന്ദുക്കുഷ് കടന്ന്
തെർമിസിലെത്തേണ്ടതുണ്ട്.
കീറിപ്പറിയുന്ന കൊടുംമഞ്ഞിലൂടെ ദിവസങ്ങൾ ചുറ്റി
വരണ്ട മണൽപ്പരപ്പിന്റെ തല്ലു വാങ്ങേണ്ടതുണ്ട്.
ഹിമക്കാറ്റ് തച്ചുകീറിയ
ഷെർവാണി-കൂർത്തകളും
പൊട്ടിപ്പൊളിഞ്ഞ പാദരക്ഷകളും
മണലിൽ വറുത്ത
ചപ്രക്കോലവുമായി
തെർമിസിലെത്തുന്നതിനിടയിൽ
കുറേ പേരെ മഞ്ഞെടുത്തു.
കുറച്ചു പേർ മണലിൽ പൊടിഞ്ഞുചേർന്നു.

ബോൾഷെവിക്കുകൾ
അവരെ അന്നവും വെള്ളവും കൊടുത്ത് സ്വീകരിക്കും.
പക്ഷേ,
അവിടെ നിൽക്കാതെ
അവർ
ഓട്ടോമൻ തുർക്കിയിലേക്കുള്ള ഭാഗ്യാന്വേഷണം തുടരുകയാണ്.
ഉസ്‌ബെക്കിലെ ബൊക്കാറ നഗരത്തിൽനിന്ന്
ഒരു ജലയാനത്തിൽ
അവർ കെർക്കി
ലക്ഷ്യമാക്കി നീങ്ങി.
സെറായി സിംസാംബേശിൽ
തുർക്കി വംശജരായ ഗോത്രയോദ്ധാക്കളാൽ കൊള്ളയടിക്കപ്പെട്ടു
വസ്ത്രം വരെ ഉരിഞ്ഞെടുത്തു
അസംഖ്യം പേർ കൊല്ലപ്പെട്ടു
മുസ്‌ലിംനാമങ്ങളോ
റഷ്യൻ അധികാരപത്രങ്ങളോ
അവരെ രക്ഷിച്ചില്ല.

ചെമ്പട മുന്നേറിയെത്തിയപ്പോൾ
കൊള്ളക്കാർ ചിതറിയെങ്കിലും
തുടർച്ചയായി
പലരാലും അവർ പിടിച്ചു പറിക്കപ്പെട്ടു.

പ്രകൃതിയും മനുഷ്യരുമുണ്ടാക്കിയ മുറിവുകളിൽ ആശയറ്റു നിൽക്കേ അവർക്കൊരു കത്തു കിട്ടി,
താഷ്‌ക്കന്റിലേക്കു വരൂ
എന്ന്
എം.എൻ. റോയ്.

തുർക്കിയിലെ സുൽത്താനെ സഹായിച്ച്
ദാറുൽ ഹർബ്
ദാറുൽ ഇസ്‌ലാമാക്കാൻ പുറപ്പെട്ടവർ
മുസ്‌ലിംകളാൽ പലവട്ടം കൊള്ളയടിക്കപ്പെട്ടപ്പോൾ
റായ്
അവർക്കൊരു ചുവന്ന
വഴികാണിച്ചു കൊടുത്തു.
കുറേ പേർ അതു സ്വീകരിച്ചു.
ബാക്കിയുള്ളവർ
ഇറാനിലേക്കും
തുർക്കിയിലേക്കും സഞ്ചരിച്ച് മറഞ്ഞുപോയി.

ഒബൈദുള്ള സിന്ധിയിൽനിന്ന്
അബ്ദു റബ്ബിലേക്കും
അവിടെനിന്ന്
മഹേന്ദ്രനാഥ് റായിയിലേക്കും
മുഹമ്മദ് ഷെഫീഖിന്റെ
തിളക്കമുള്ള പത്താൻ കണ്ണുകൾ
നേതാവിനെ അന്വേഷിച്ചു നടന്നു.
റായ് കാത്തിരുന്നതും അയാളെയായിരുന്നു.

ചൈന - മെക്‌സിക്കോ വഴി താഷ്‌ക്കെന്റിലെത്തിയ റായിയും
പല വഴികൾ താണ്ടിയെത്തിയ
മുഹമ്മദ് ഷെഫീഖും
മറ്റു സഖാക്കളോടൊപ്പം
താഷ്‌ക്കെന്റിൽ
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കി.
മുഹമ്മദ് ഷെഫീഖ് അതിന്റെ സെക്രട്ടറിയായി.

ഇന്ത്യയിൽ നിന്നെത്തിയവർക്ക്
സൈനിക പരിശീലനത്തിന്
ഏർപ്പാടാക്കിയ
ഇന്ദുസ്‌കീ കുർസ്,
മാർക്‌സിസം പഠിപ്പിച്ച
ലെനിൻ അക്കാദമി,
മോസ്‌കോയിലെ കുത്‌വ യൂണിവേഴ്‌സിറ്റി
എന്നിവിടങ്ങളിൽ ഷെഫീഖ് പഠിച്ചിട്ടുണ്ടാകുമോ?

പല രാജ്യങ്ങളിൽനിന്നായി
അവിടെയെത്തിയ
വിദ്യാർത്ഥികളിൽ
നസീം ഹിക്മത്ത്,
ലിയു ഷാ ഓഷി,
ഡെങ് സിയാവോ പിങ്,
ഹോ ചി മിൻ,
താൻ മലാക്ക,
സെൻ കത യാമ,
ആവുനോർ റെനർ,
ഹാരി ഹായ് വൂഡ്
തുടങ്ങി
ജപ്പാൻ മുതൽ അമേരിക്കവരെയുള്ള സഖാക്കളുണ്ടായിരുന്നു
ഷെഫീഖ് ഇവരെയൊക്കെ കണ്ടിട്ടുണ്ടാകുമോ?
റായ് എവെലെയ്‌നേയും
എ.എൻ.മുഖർജി ഫിറ്റിഗോവിനെയും
വിവാഹം ചെയ്തതുപോലെ
ഷെഫീഖിനും
ഒരു സഖാവ് കൂട്ടുണ്ടായിരുന്നുവോ?
റായിയോടൊപ്പം
അയാൾ കോമിന്റേണിൽ
പങ്കെടുത്തിട്ടുണ്ടാകുമോ?
അവരുടെ പാർട്ടിക്ക്
കോമിന്റേണിൽ
അംഗത്വം കിട്ടിക്കാണുമോ?
ഷെഫീഖിന്റെ മതം കൊഴിഞ്ഞുവീണിട്ടുണ്ടാകുമോ?

അവരുടെ പാർട്ടിക്ക്
എന്തുസംഭവിച്ചെന്നറിയില്ല.
രാഷ്ട്രീയവും യുദ്ധതന്ത്രങ്ങളും പഠിച്ചവർ
പല വഴിക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്.
ബ്രിട്ടീഷ് രഹസ്യപ്പോലീസ് പിന്തുടർന്ന്
ദുരിതം നിറഞ്ഞ
ഗൂഢാലോചനാക്കേസുകളിൽ
പെടുത്തിയിട്ടുണ്ട്.

റായ് ചൈനയിലേക്കു പോയപ്പോൾ
മുഹമ്മദ് ഷെഫീഖ്
അലഞ്ഞു തിരിഞ്ഞ് ഇറാനിലെത്തി.
1923-ൽ
സീസ്താൻ കോൺസുലേറ്റിൽ കീഴsങ്ങി.
ബ്രിട്ടൻ അയാളെ ചങ്ങലക്കിട്ട്
പെഷവാറിലേക്കു കൊണ്ടുവന്നു,
വിചാരണ ചെയ്ത്
ജയിലിലടച്ചു.

1928 ൽ അയാൾ 26ാം കോമിന്റേണിൽ പങ്കെടുക്കാൻ പിന്നെയും സോവിയറ്റ് യൂണിയനിലേക്കു പോവുകയും
1932ൽ തിരിച്ചു വരികയും ചെയ്യുന്നുണ്ട്.

ജയിലിൽനിന്ന്
റഷ്യയിലേക്കു തിരിച്ചുപോയത് ബ്രിട്ടീഷ് ചാരനായിട്ടായിരിക്കുമോ?
തിരിച്ച് ഇന്ത്യയിലേക്കു മടങ്ങിയത് സോവിയറ്റ് ചാരനായിട്ടായിരിക്കുമോ?
എന്തായാലും
1932നു ശേഷം അയാളെക്കുറിച്ച് ഒരു വിവരവുമില്ല.

ശരിക്കും
മുഹമ്മദ് ഷെഫീഖ് ആരായിരുന്നു?
അയാൾക്കെന്താവും സംഭവിച്ചത്?


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments