വി. വിനയകുമാർ

അഞ്ചിന്റെ കണക്ക്ലോക്ക്ഡൗൺ കാലത്ത്

അക്കരെയിക്കരെ

ന്ന് അഞ്ചാനകളിറങ്ങിയത്രെ
അഞ്ചും കൊലയാനകളത്രെ!
അക്കരെയിറങ്ങിയെന്ന്
ഇക്കരെക്കാരും
ഇക്കരെയിറങ്ങിയെന്ന്
അക്കരെക്കാരും.
എല്ലാം
നമുക്കങ്ങനെ
സംഭവിക്കുന്നതുവരെ.

നീറ്റൽ

ചുമ്മാതിരുന്നൊരു കരിവാനത്തിൽ
ചെമ്മേയലയുന്നു വെൺമേഘങ്ങൾ
എവിടെയോ ചുണ്ണാമ്പുതേച്ചപോലെ
പരക്കുന്നൂ ചുവന്നൊരസ്തമയം.
മരം മുറിക്കുന്നൊരൊച്ചയെൻ
കണ്ണിലും കാതിലും
കിർക്കിറെന്നാടിയുലയും
പൊടിയായ് പാറിപ്പറക്കുന്നൂ.
കൊല്ലാനാഗ്രഹമില്ലല്ലോ നീറിന്
കൊല്ലാതിരുന്നാൽ മതിയല്ലോ നമ്മൾ.

ലാവ

മോളീന്നു നോക്കൂ,
നനഞ്ഞൊലിച്ചയീ
വാഴയിലയ്ക്കു-
മെന്തു മിനുസ്സം!
ഒലിച്ചിറങ്ങും
നിലാവിൻ ലാവയിൽ
മുങ്ങിപ്പോയ
ജന്മം.

നാവേറ്റം

നാവെനിക്കൊതുക്കി-
വയ്ക്കാനൊരവയവം.
ചിലപ്പോളതു പാടു-
മൊരു തോറ്റം;
കൊടുങ്ങല്ലൂരമ്മയേയു-
മതോർക്കും.

അങ്ങേരുടെ അഞ്ച്

""അങ്ങേർക്ക് കണക്കിനോട്
"ഔത്സുക്യം' എത്രയോ കുറവായിരുന്നു!''
എന്നൊരു ശാസ്ത്രജ്ഞൻ.
ലക്ഷങ്ങളും "കുമുദ'ങ്ങളുമല്ലത്
മീൻപിടുത്തക്കാരുടേതും
മനുഷ്യരെപ്പിടിക്കുന്നതിന്റേതും
അപ്പം പങ്കുവയ്ക്കുന്നതിന്റേതുമാണത്.
ഇക്കാലത്ത്
​അഞ്ചിന്റെ കണക്കല്ലേ കണക്ക്.


വി. വിനയകുമാർ

കവി, കഥാകൃത്ത്. പുത്തരിക്കണ്ടം (കഥാസമാഹാരം), ഒറ്റയ്ക്ക്, ഹിമാലയം: ചില മഞ്ഞുവഴികൾ, തെങ്ങുകളുടെ ഭാഷ എന്നിവ പ്രധാന കൃതികൾ

Comments