നിങ്ങളെന്നെ തുറുങ്കിലിട്ടിരുന്നുവെങ്കിൽ
നാലടി നടക്കുകയെങ്കിലും ചെയ്യാമായിരുന്നു.
ചങ്ങലയ്ക്കിടാനായിരുന്നു വിധിയെങ്കിൽ
ഒന്നിളകാനും
കണ്ണുകൾ വിദൂരതയിൽ ഊന്നാനും
നെടുവീർപ്പിടാനും
പ്രയാസം വരില്ലായിരുന്നു.
പകരം കല്ലിന്റെ കാഠിന്യം മുഴുവനുപയോഗിച്ച്
എന്നെ പ്രതിമയാക്കിയ നിങ്ങൾ
അന്തമറ്റ നില്പിനെ
എന്നെന്നേക്കുമായി ഉറപ്പിച്ചു.
മുഖത്തെ നിസംഗതയെ സ്ഥിരപ്പെടുത്തി
കണ്ണുകളിൽ ഇനി തെളിയുകയില്ല കരുണ,
നെഞ്ചിലുദിക്കില്ല സ്‌നേഹം.
ഇനിയില്ല വീണ്ടുവിചാരങ്ങൾ,
ഏറ്റു പറച്ചിലുകൾ.
ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരാളുടെ ദൈന്യം മാത്രം അതിലുള്ളത്
ആരും തിരിച്ചറിയുകയുമില്ല.
പൂവിനുനേരെ ഒന്നു മൂക്കുയർത്താൻ
കുഞ്ഞിനെ കാണുമ്പോൾ കണ്ണ് വിടർത്താൻ
കൈ നീട്ടാനോ
ചിരിക്കാനോ
വൃദ്ധനെ
രോഗിയെ
ശവത്തെ കാണുമ്പോൾ
പുറപ്പെട്ടുപോവാനോ ആവാത്ത
ഈ ശിക്ഷ എന്തിനായിരുന്നു?
പ്രതിമയാക്കപ്പെട്ട ദൈവങ്ങളെ ഓർത്ത് കരയാൻ തോന്നന്നു.
എന്താവും
ലോകാവസാനംവരെ
അങ്ങിനെ കഴിയാൻമാത്രം
അവർ ചെയ്ത
വലിയ പിഴ?
▮