ഒന്ന്
എന്റെ മുടി വളരില്ല
മരിച്ചതിന്റെ ഒരു സങ്കടവും
പക്ഷേ അതിന്റെ മുഖത്തില്ല
ജീവിച്ചിരിക്കുന്നവരേക്കാൾ
കൂടുതൽ സന്തോഷത്തിൽ
അത് പണിയെടുക്കുന്നു
കൂടെയുള്ള കുടുംബം നോക്കുന്നു.
തലയിൽ മാത്രമല്ല
അലമാരയിലും മേശയിലും കട്ടിലിലും
മാറി മാറി അത് മുറിയെടുക്കുന്നു
തലയിൽ വേരുകളുള്ള മറ്റവൻമാരെ നോക്കി
വെള്ളമിറക്കുന്നതോ
കരഞ്ഞ് ആളെപ്പറയിപ്പിക്കുന്നതോ
കിടന്ന് സ്വയംഭോഗം ചെയ്യുന്നതോ
അതിന്റെ പ്രവർത്തനമേഖലയല്ല
സ്വന്തമായി ഒരു തലയില്ലെന്ന തോന്നലോ,
പണ്ടുണ്ടായിരുന്ന തല
തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയോ,
പോറ്റിവളർത്തുന്നില്ല.
തലയിൽ ആയിരിക്കുമ്പോഴുള്ള അഭിമാനം
ഒന്നുവേറെ എന്നതറിയുന്നു
അതിനു പകരംവെക്കാൻ
കക്ഷമോ മുഖമോ ലിംഗമോ തികയില്ല എന്നും.
രണ്ട്
പൊത്തിപ്പിടിക്കാൻ ഒരാളുണ്ടാവുന്നത്
ഏത് കാലത്തും നല്ലതൊക്കെ തന്നെ.
എത്രകാലമാണ് ഒറ്റയ്ക്കോടിക്കുക?
തലയിലല്ലാതിരിക്കുമ്പോഴുള്ള ആളൽ
ഒരാധാർകാർഡിനും തിരിയില്ല.
മൊട്ടത്തലയൻമാർ പലരും തൊലിവാദികൾ
മുടിയെ അൽപം മനുഷ്യനായി
പരിഗണിക്കാൻ അവർക്കാകുന്നില്ല.
മൂന്ന്
പേനുകളെയും ഈരുകളെയും
ദത്തെടുക്കാൻ ആഗ്രഹമുണ്ട്
ആർക്കും ശല്യമാവാതെ
വളർത്തിയാൽ പോരേ?
റേഷനോ, കരന്റോ, വെള്ളമോ
ഒന്നും കൂടുതലായി തരണ്ട
ഉറപ്പ്, ആർക്കുവേണ്ടിയും
കള്ളവോട്ടു ചെയ്യാൻ വരില്ല
ജീവനുള്ള ആരെങ്കിലും എപ്പോഴും
കൂടെക്കിടന്നുറങ്ങുന്നത്
ഒരാശ്വാസമല്ലേ?