വിജിഷ വിജയൻ

കൽക്കരി വണ്ടി

മുപ്പതിനുമുമ്പേ നരവന്ന്
മുടി മൂത്തുപോയ ഒരുവളിലേക്ക്
യാത്ര പോയിക്കൊണ്ടിരിക്കയായിരുന്നു.
ചുരുളടർത്താഞ്ഞിട്ടും
ജട പിടിക്കാതവയെങ്ങനെ
നിലനിൽക്കുന്നു എന്നത്ഭുതപ്പെട്ടു!

സ്വാദ് മൂക്കുന്ന ചില
പുലർവേളകളിലാണ്
അവളവയെ വാരിക്കെട്ടി
വെളിച്ചപ്പാടാകാറുള്ളത്.
കലിതുള്ളി, കഥയോളംപോന്ന-
അവളിടങ്ങൾ ആനന്ദിക്കാറുള്ളത്.

ഉച്ചനേരങ്ങളിൽ നര-
കാറ്റിൽ പറത്തിയും കാണാതെ-
ഒളിപ്പിക്കാൻ പാടുപെട്ടും
അവളൊരു കൽക്കരി വണ്ടിയാകും.
പഴഞ്ചാമൻ തീയിൽ പുകഞ്ഞ്
വേണ്ടുവോളം വച്ചൊരുക്കും.

വിളമ്പി തീരുന്നതിന്റെ
ബാക്കിപത്രമായ് മുൾക്കൂനകൾ
സമ്മാനമായ് ചേർത്തുവാരി
എച്ചിലായ മീൻകഷ്ണങ്ങളിൽ
കാമ്പുണ്ടോയെന്നവൾ
വീണ്ടും ചികഞ്ഞു നോക്കും.

രാത്രിയിലാണ് വെള്ളമുടികളെ
അവൾ എണ്ണാറുള്ളത്.
ഓരോ ദിവസവും കൂട്ടിച്ചേർക്കപ്പെടുന്ന
കണക്കുകൾ സൂക്ഷിക്കാറേയില്ല.
എന്തേ വിളറിപ്പോയതെന്ന്
ആശ്വാസത്തോടെ ചോദിക്കും.

പാതിരാവസന്തങ്ങളിൽ
പുഷ്പിച്ചൊരു രാജ്ഞികണക്കെ
അവളാർത്തിരമ്പും
മക്കളോരങ്ങളിലാണ്
നേർത്തൊരു നിലാവായ്
അവളൊഴുകിപ്പരക്കുക..

മണ്മറഞ്ഞുപോയ
ശിലാലിഖിതങ്ങളിലെവിടെയും
അവളെ പരാമർശിച്ചതേയില്ല.
എന്നിട്ടും അടുത്തപുലരിയ്ക്ക്
ചുക്കാൻ പിടിച്ചവൾ
പഴയജീവിതം വാർത്തെടുക്കുന്നു..

യാത്രയിലുടനീളം അവളെ
പകർത്താനാവില്ലെന്ന്
ഞാൻ തീർപ്പ് കൽപ്പിച്ചു..

അവൾ വരുമ്പോൾ മാത്രമാണല്ലോ
യൗവനത്തിലെനക്ഷത്രശോഭയുള്ള
കുറേ സ്വപ്നങ്ങൾ പറന്നു വരുന്നത്


വിജിഷ വിജയൻ

കവി, പരപ്പനങ്ങാടി ശിഹാബുദ്ദീൻ മെമ്മോറിയൽ കോളേജിൽ ഇംഗ്ലീഷ്​ അധ്യാപിക. നിറങ്ങളെ സ്നേഹിച്ചവർ ആദ്യ കവിതാസമാഹാരം.

Comments