അഞ്ചാം പീടിക എന്ന്
പറഞ്ഞപ്പോൾ
അഞ്ചഞ്ചാംപീടിക എന്നായി
കണ്ടക്ടർ അഞ്ച് ടിക്കറ്റും മുറിച്ചു.
തർക്കിച്ചാലുള്ള
ഭവിഷ്യത്തോർത്തും
ദിവസവും നാലാൾക്ക് കൂടി ടിക്കറ്റെടുക്കാനുള്ള
സ്ഥിതിയില്ലാത്തതിനാലും
അടുത്ത ദിവസം മുതൽ
ഒന്നര മൈലിപ്പുറമുള്ള
മേപ്പയ്യൂരിലിറങ്ങി
അഞ്ചാംപീടികയിലേക്ക് നടന്നു.
വിക്കോഫ്‌റൻലിയായ
പദങ്ങൾ കൊണ്ടു മാത്രം
ജീവിക്കാനുള്ള
തീവ്രയത്‌നത്തിലായി പിന്നീട് ഞാൻ
എത്തേണ്ടതിന്റെ തൊട്ടടുത്തെത്താനേ
മിക്കവാറുമെനിക്ക് കഴിഞ്ഞുള്ളു.
കൂടുതൽ നടക്കേണ്ടി വന്നു
കൂടുതൽ കാത്തു നിൽക്കേണ്ടിവന്നു
എന്താണിവിടെയെന്ന്
പലർക്കുമാശങ്ക, കൗതുകം.
വാക്ക് മെരുക്കാനുള്ള കഠിനയത്‌നത്തിനിടയിൽ
ഒരിയ്ക്കൽ
അതിഖരത്തിന്റെ പെരുങ്കയത്തിൽ
വീണ് കയറാനാവാതെ പിടയുമ്പോൾ
വിക്കിന്റെ ദൈവം വന്ന് കൈ തന്നു.
എന്തിനാണ് മഹാസാധുവായ എന്നെ -
യിങ്ങനെശിക്ഷിക്കുന്നത്;
ഞാനാരാഞ്ഞു.
ഞങ്ങളിൽ വെച്ചേറ്റവും
മനസ്സുറപ്പില്ലാത്ത ദൈവമായതിനാൽ
മറ്റ് ദൈവങ്ങൾക്കെന്നെ പരിഹാസമാണ്;
കൂർമ്പൻ തൊപ്പിവെച്ച
കോമാളി ദൈവം പറഞ്ഞു.
ഉന്തിയിടുമെങ്കിലും
അടുത്ത നിമിഷം ഞാൻ
കര കയറ്റാറില്ലേ?
പക്ഷെ അടുത്തനിമിഷം ഉണ്ടാവുമെന്ന
ഒരുറപ്പുമില്ല ആ നിമിഷത്തിൽ.