പുറത്തെ കക്കൂസ്

കത്ത് കക്കൂസ് വന്നപ്പോൾ
പുറത്തെ കക്കൂസ് പുറത്തായി.

പുറത്തെ കക്കൂസ്
വാതിൽ തുറന്ൻ
ഏന്തി വലിഞ്ഞ്
അകത്തേക്ക് നോക്കി
അകത്തെ കക്കൂസിന്റെ
പൊടിപോലും കാണുന്നില്ല.

അകത്തെ കക്കൂസാവുമ്പം
അങ്ങനെയൊക്കെയായിരിക്കുമെന്ൻ
പുറത്തെ കക്കൂസ് കരുതി.

എന്നാലും
മുമ്പ്
തന്നിലേക്ക് ഓടിക്കേറിയ
മനുഷ്യരു തന്നയല്ലേ
ഇങ്ങനെയൊരു
പണിയൊപ്പിച്ചതെന്നോർത്തപ്പോൾ
പുറത്തെ കക്കൂസിന്
ഒരിത് തോന്നി.

അകത്തേക്കാൾ മനുഷ്യർ പുറത്തല്ലേ എന്നും
അവരെയൊക്കെ
അങ്ങോട്ട്‌ ചെന്ൻ
തൂറാൻ ക്ഷണിക്കണമെന്നും
അങ്ങനെ
പുറത്തായ ആളുകളൊക്കെ
വന്നിരുന്ൻ തൂറി
തന്റെ ഗ്രാമത്തെ
തിരക്കുള്ള ഒരു നഗരമാക്കണമെന്നും
തൂറാൻ വേണ്ടി
വരുന്നവർക്ക് മാത്രമായി
ഒരു മെട്രോ സ്ഥാപിക്കണമെന്നും
തൂറാനുള്ള കക്കൂസുകൾ
മാത്രം കാണിച്ചു കൊടുക്കുന്ന
ഒരു മൊബൈൽ ആപ്പ് നിർമ്മിക്കണമെന്നും
അതിൽ നിന്ൻ കിട്ടുന്ന
വരുമാനത്തിൽ നിന്ൻ
കുറെയധികം പൊതുകക്കൂസുകൾ
സ്ഥാപിക്കണമെന്നും
അതിന്റെയെല്ലാം ചുമരുകളിൽ
സമാധാനത്തോടെ തൂറിക്കൊണ്ടിരിക്കുന്ന
ഒരു വൃദ്ധന്റെ ചിത്രം
വരച്ചു വെക്കണമെന്നും
പുറത്തെ കക്കൂസ് തീരുമാനിച്ചതും
എതോ ഒരാൾ
വാതിൽ തുറന്ൻ
‘ഹോ എന്തൊരു നാറ്റം' എന്ൻ ചൊറിഞ്ഞ്
പുറത്തെ കക്കൂസിന്റെ
ചെകിട്ടത്തടിച്ചു.


Summary: Purathe kakkoos malayalam poem by Vimeesh maniyur


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments