തേങ്ങയാ

രിച്ചു കിടക്കുന്ന ചെറിയമ്മായിയുടെ
തലമണ്ടക്ക് അപ്പുറത്തും ഇപ്പുറത്തും
കത്തിച്ചു വെച്ച തേങ്ങപ്പൊളികൾ
പിറ്റേന്ന് തന്നെ കറി വെച്ചും
ഇച്ചിരി ചമ്മന്തി പൊടിച്ചും
ഞങ്ങള് കൂട്ടി.
വേറെ തേങ്ങയുണ്ടായിരുന്നില്ല
തേങ്ങാക്കറി കൂട്ടാൻ വേണ്ടി
കുഞ്ചിപൊളിച്ചെടുത്ത്
വാങ്ങിയതായിരുന്നു
വീട്ടിലെ ആകെയുള്ള തെങ്ങ്
ഇടിമിന്നലേറ്റ് നിന്നു പോയതാണ്
അല്ലായിരുന്നെങ്കിൽ വല്ലപ്പോഴുമൊക്കെ
തേങ്ങാക്കറിയോ തേങ്ങ ചിരകിയിട്ട പുഴുക്കോ
അടുപ്പത്ത് നിന്ന് ഇറങ്ങി വരുമായിരുന്നു
ചെറിയമ്മായി മരിച്ചതുകൊണ്ട്
മരണത്തിന് മാത്രം കയറി വരുന്ന
കുടുംബക്കാര് കാണാതെ
കറിവെക്കുക എടങ്ങേറായിരുന്നു
എന്നിട്ടും ഞങ്ങളുവെച്ചു
ടിപ്പിം പാത്രത്തിലാക്കി
കക്കൂസിൽ കൊണ്ടുപോയി തിന്നു
ഇറങ്ങി വരുമ്പം ചില കുടുംബക്കാര് കണ്ടു
ചെറിയമ്മായീന്ന് കരഞ്ഞ്
തിന്ന കൈ കാണിക്കാതെ
അകത്തേക്കോടിപ്പോയി.
പറഞ്ഞു വന്നതിതാണ്
ചെറിയമ്മായി ഞങ്ങടെ ആരുമല്ല
മരിച്ചപ്പം കുഴിച്ചിടാൻ കോളനിക്കാരു കൂടി
ഞങ്ങളെ പൊര
തെരെഞ്ഞെടുത്തതാണ്
ശവം കൊണ്ടു വന്നപ്പോൾ
തേങ്ങ ഒളിപ്പിക്കാൻ പറ്റിയില്ല.

Comments