വി.ടി. ജയദേവൻ / ഫോട്ടോ : ഹക്സർ ആർ.കെ.

വൈദ്യരുമാവിന്റെ ചോട്ടിൽ, പാതിരാവത്ത്

രണത്തിന്റെ ലോകത്ത്
അങ്ങനെ നടക്കണം,
ഇങ്ങനെ നടക്കണം,
അങ്ങോട്ടു പോകരുത്,
ഇങ്ങോട്ടു പോകരുത്​,
അതിർത്തിയിലാധാർക്കാർഡുവേണം,
രാജ്യസ്നേഹംവേണം,
പാസ്​പോർട്ടുവേണം,
പൗരത്വകാർഡുവേണം
എന്നിങ്ങനെയുള്ള
കർശന നിയമങ്ങളൊന്നുമില്ല.
പാതിരാവായിക്കഴിഞ്ഞാൽ
മൃതന്മാർക്ക് വേണമെങ്കിൽ
ഇഹലോകത്തേയ്ക്കു
ചുറ്റിക്കറങ്ങാനൊക്കെ പോകാം.
മക്കളുടെയോ കെട്ടിയോളുടെയോ
കെട്ടിയോന്റെയോ ഉറക്കം നോക്കി
ജാലകത്തിന്റെ അപ്പുറത്തു
ജയിലിലുള്ളവരെ നോക്കി
സന്ദർശകബന്ധുക്കൾ നിൽക്കുന്ന മാതിരി
ഒരേ സങ്കടനിൽപു നിൽക്കാം.
രാവുണ്ണിയേട്ടനും
മരണത്തിന്റെ പരിക്ഷീണതകളൊക്കെ മാറിയ
നാൽപത്തൊന്നാം പക്കം
വനജേച്ചിയുടെ
ഉറക്കറ ജാലകത്തിനു തൊട്ടപ്പുറത്തെത്തി.
രാമുണ്ണ്യേട്ടൻ പോയതിൽ പിന്നെ വനജേച്ചിക്ക്
ഉറക്കമുണ്ടായിരുന്നില്ല,
ഉണർവ്വും ഉണ്ടായിരുന്നില്ല.
തീനുംകുടിയും കഷ്ടി.
‘വനജേ',
ഉയരാത്ത ഒച്ചയിൽ
ഇല്ലാത്ത നാവുകൊണ്ട്
രാവുണ്ണ്യേട്ടൻ വിളിച്ചു.
വനജേച്ചി പക്ഷെയത് അസ്സലായി കേട്ടു.
കിടക്കപ്പായിൽ എണീറ്റിരുന്നു.
‘വാ..'
രാവുണ്യേട്ടൻ പറഞ്ഞു.
‘വാതിലുതൊറന്ന്
വൈദ്യരുമാവിന്റെ ചോട്ടിലേയ്ക്കു വാ.
നമുക്കു കൊറേ നേരം
തൊട്ടുതൊട്ടിരിക്കാം.'
വനജേച്ചി എണീറ്റു,
വാതിലുതുറന്നു.
അക്കൊല്ലം കയനെകായ്ച
വൈദ്യരു മാവിന്റെ
ചുവട്ടിലേയ്ക്കു നടന്നു.​▮


വി.ടി. ജയദേവൻ

കവി, നോവലിസ്​റ്റ്​, വിവർത്തകൻ. പഴക്കം, വനാന്തരം, ഹരിത രാമായണം, അവളുടെ ആൾ, എറേച്ചി (നോവൽ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments