യഹൂദ അമിക്​ഹായ് / Photo: Hana Amichai ​

​യുദ്ധത്തെയും സമാധാനത്തെയും കുറിച്ച്
​നാല് കവിതകൾ

ഒന്ന്​

വീട്ടിൽ നിന്ന് അധികമകലെയല്ലാത്ത
ചെറിയ പാർക്കിൽ
കൊല്ലപ്പെട്ട സൈനികരുടെ പേരെഴുതിവെച്ച
ഒരു മാർബിൾ ഫലകമുണ്ട്.
വ്യക്തതയുള്ള അക്ഷരങ്ങളിൽ
വെടിപ്പുള്ള ക്രമത്തിൽ
ഒന്നിന് കീഴെ മറ്റൊന്നായി പേരുകൾ,
ആൾത്താമസമൊഴിഞ്ഞൊരു
കൂറ്റൻ കെട്ടിടത്തിന്റെ പുറം ചുമരിൽ
താമസക്കാരുടെ പേരുകളെന്ന പോലെ.

രണ്ട്​

ചെമ്പൻ മുടിയുണ്ടായിരുന്ന,
മരിച്ചുപോയ അയാളെ ഞാനോർക്കുന്നു,
അയാളുടെ ബഹളക്കാരിയായ ഭാര്യയെ ഓർക്കുന്നു.

കൊല്ലങ്ങൾക്ക് മുൻപ് മരിച്ചയാളിന്റെ
ബഹളക്കാരിയായിരുന്ന
ഭാര്യയെ ഞാനോർക്കുന്നു

ബഹളക്കാരി ഭാര്യ ഇപ്പോൾ
നിശബ്ദയായ ഒരു സ്ത്രീയായി എന്നോർക്കുന്നു

ശരിക്കുള്ള ഗർഭഛിദ്രം
യുദ്ധത്തിൽ മരിക്കുന്നവരുടേതാണ് :
അതിനോടാവട്ടെ,
ആർക്കുമൊരു പ്രതിഷേധവുമില്ല.

മൂന്ന്​

രിക്കൽ,
ഇറച്ചിക്കടയ്ക്ക് തൊട്ടടുത്ത് ബോംബ് പൊട്ടി.
മുറിച്ചുവെച്ച ഇറച്ചിക്കഷണങ്ങൾ
കൂടുതൽ ചെറിയ കഷണങ്ങളായി ചിതറിത്തെറിച്ചു.
ഒട്ടും വേദനയില്ലാതെ,
പറയത്തക്ക രക്തമൊന്നുമൊഴുകാതെ.

നാല്​

ഞാനൊരു വംശീയവാദിയാണ് :
സമാധാനത്തിന്റെ വംശീയവാദി.
നീലക്കണ്ണുള്ളവന്മാർ കൊലയാളികളാണ്,
കറുത്ത കണ്ണുള്ളവർ ഘാതകർ,
ചുരുണ്ടമുടിയുള്ളവർ നാശകാരികൾ,
കോലൻ മുടിയുള്ളവർ ബോംബിടുന്നവർ,
തവിട്ടുനിറക്കാർ എന്നെ അറുത്തെടുക്കുന്നവർ
പിങ്ക് നിറക്കാർ ചോരചീന്തിക്കുന്നവർ.

നിറമില്ലാത്തവർ മാത്രം,
മറുപുറം കാണാവുന്ന
സുതാര്യതയുള്ളവർ മാത്രം, നല്ലവർ.
അവരെന്നെ രാത്രിയിൽ
പേടിയില്ലാതെ ഉറങ്ങാനനുവദിക്കുന്നു,
അവരിലൂടെ ആകാശത്തെ കാണാനനുവദിക്കുന്നു.

(ഹീബ്രുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം: റോബെർട് ആൾട്ടർ)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


യഹൂദ അമിക്​ഹായ്​

ഇസ്രായേൽ കവി, എഴുത്തുകാരൻ. 1936ൽ ജർമനിയിൽ നിന്ന് പലസ്‍തീനിലേക്ക് കുടിയേറിയതാണ് അമിഖായുടെ കുടുംബം. പിന്നീട്​ ജെറുസലേമിൽ സ്ഥിരതാമസം തുടങ്ങി. സൈനികനും അധ്യാപകനുമായും ക​ഴിഞ്ഞു. വംശീയത, യുദ്ധം, ഹിംസ എന്നിവക്കെതിരായ ചിന്തകളാണ്​ പ്രധാന പ്രമേയം. ഹീബ്രു കവിതയുടെ ആധുനികീകരണത്തിൽ നിർണായക പങ്കുവഹിച്ചു. നിരവധി ലോക ഭാഷകളിലേക്ക്​ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്​.

ടി.പി. വിനോദ്

കവി. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ, അല്ലാതെന്ത് എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കവിതകൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments