മഅ്ദനിയുടെ കേരള പര്യടനം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചു; പി.ജയരാജൻ്റെ മഅ്ദനി പരാമർശം പൂർണരൂപം

ഒക്ടോബര്‍ 26ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത പി. ജയരാജന്റെ 'കേരളം, മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകം സജീവമായ രാഷ്ട്രീയ സംവാദമായി മാറിയിരിക്കുകയാണ്. കേരളത്തിലെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ ഇസ്‌ലാമിനെക്കുറിച്ചും സി.പി.എം സ്വീകരിക്കുന്ന ന്യൂനപക്ഷ സമീപനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പുസ്തകത്തിലെ വിവാദമായ മഅദനിയെക്കുറിച്ചുള്ള ജയരാജന്റെ പരാമര്‍ശത്തിന്റെ പൂര്‍ണ ഭാഗം.

News Desk

ഐ.എസ്.എസ്സും
മഅ്ദനിയും

'ബാബറി മസ്‌ജിദ് തകർച്ചയ്ക്കുശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്ദുൾ നാസർ മദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപര്യടനം തീവ്രവാദചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ മഅ്ദനി ശ്രമിച്ചു. സ്വകാര്യ സായുധ സുരക്ഷാഭടന്മാർക്കൊപ്പം നടത്തിയ പര്യടനം മുസ്‌ലിം യുവാക്കൾക്കിട യിൽ ആർ.എസ്.എസ്സിനെ പ്രതിരോധിക്കാനുള്ള വഴികൾ ആരായുന്ന തിലേക്ക് നയിച്ചു. 1990-ൽ മഅ്ദനിയുടെ നേതൃത്വത്തിൽ ആർ.എസ്. എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐ.എസ്.എസ്.) രൂപീകരിച്ചു. ഐ.എസ്.എസ്. നേതൃത്വത്തിൽ മുസ്‌ലിം യുവാക്കൾക്ക് ആയുധശേഖരവും ആയുധപരിശീലനവും നൽകി. തിരുവനന്തപുരം ജില്ലയിലെ പൂന്തുറകലാപത്തിൽ ഐ.എസ്.എസ്സിന്റെയും ആർ.എസ്. എസ്സിന്റെയും പങ്കു വ്യക്തമാണ്.

ഈ ഘട്ടത്തിൽ തിരുവനന്തപുരം എയർ പോർട്ടിലേക്ക് ഐ.എസ്.എസ്. നടത്തിയ മാർച്ചിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും അങ്ങേയറ്റം പ്രകോപനപരമായിരുന്നു. പൂന്തുറ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരവിന്ദാക്ഷമേനോൻ കമ്മീഷൻ പ്രദേശത്ത് വൻതോതിലുള്ള ആയുധശേഖരം ഉണ്ടായിരുന്നതായും അത് പോലീസിന് കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കൾ അധിവസിക്കുന്ന ജോനക പൂന്തുറയിൽ ഐ.എസ്.എസ്സും മുസ്‌ലിങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ആർ.എസ്.എസ്സും അക്രമപദ്ധതികൾ കാലേക്കൂട്ടി ആവിഷ്കരിച്ചിരുന്നു. മഅ്ദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം തീവ്രവാദത്തിൻ്റെ അംബാസിഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചു. ഇതിനെതിരേ മുസ്‌ലിം സമുദായത്തിനകത്തുനിന്നുതന്നെ വിമർശനങ്ങൾ ഉയർന്നുവന്നപ്പോൾ അദ്ദേഹം ആ സംഘടന പിരിച്ചുവിട്ടു. തുടർന്ന് കൂടുതൽ വിപുലമായ പ്രവർത്ത നസാദ്ധ്യതകളുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) രൂപീകരിച്ചു. മുസ്ലിം ദളിത് ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടി എന്നാണ് അദ്ദേഹം ഇതുസംബന്ധിച്ച് അവകാശപ്പെട്ടത്.

അബ്ദുന്നാസർ മഅദനി
അബ്ദുന്നാസർ മഅദനി

കോയമ്പത്തൂർ സ്ഫോടനക്കേസിൻ്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട മഅ്ദനിയെ പത്തു വർഷത്തോളം വിചാരണകൂടാതെ തമിഴ്നാട്ടിൽ തടവിൽ പാർപ്പിച്ചു. അദ്ദേഹത്തിൻ്റെ തീവ്രനിലപാടുകൾക്കെതിരെ ഉയർന്നുവന്നിരുന്ന പൊതുവികാരംപോലും ഇതിനെത്തുടർന്ന് സഹതാപതരംഗമായി മാറി. അദ്ദേഹത്തെ വിചാരണ ചെയ്ത് കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നു. 2005-ൽ മഅ്ദനിയെ വിചാരണകൂടാതെ തടങ്കലിൽ വെക്കുന്ന തമിഴ്നാട് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എറണാകുളം കളമശ്ശേരിയിൽവെച്ച് തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷന്റെ ഒരു ബസ് കത്തിക്കുകയുണ്ടായി. കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യ സൂഫിയാ മഅ്‌ദനി ഉൾപ്പടെയുള്ളവർ പ്രതികളായി. 2007-ൽ വിചാരണയെത്തുടർന്ന് കുറ്റക്കാരനല്ലെന്നു കണ്ട പ്രത്യേക കോടതി മഅ്ദനിയെ വെറുതേ വിട്ടു.

കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതിനുശേഷം മഅ്ദനിയുടെ നിലപാടിൽ ചില മാറ്റങ്ങൾ വരികയുണ്ടായി. മഅ്ദനിയുടെ അതിവൈകാരികമായ പ്രഭാഷണങ്ങളിൽ ആകൃഷ്ടനാവുകയും പിന്നീടു നടന്ന ഒട്ടേറെ അക്രമ സംഭവങ്ങളിൽ പ്രതിചേർക്കപ്പെടുകയും ചെയ്‌ത കണ്ണൂർ സ്വദേശിയായ തടിയൻ്റവിട നസീറിൻ്റെ മൊഴികളെ സംബന്ധിച്ച പോലീസ് റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. അതേക്കുറിച്ച് പിന്നീടുള്ള അദ്ധ്യായത്തിൽ രേഖപ്പെടുത്തുന്നുണ്ട്.

2008 ജൂലായ് 25നു നടന്ന ബാംഗ്ലൂർ സ്ഫോടനപരമ്പരയിൽ പങ്കുണ്ടെന്നാരോപിച്ച് മഅദനിയെ വീണ്ടും വിചാരണത്തടവുകാരനായി തുറുങ്കിലടച്ചു. പിന്നീട് ആ കേസിൽ കോടതിയിൽനിന്ന് ജാമ്യം ലഭിച്ചെങ്കിലും കേരളത്തിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി അനുഗമിക്കുന്ന പോലീസുകാരുടെ ചെലവിലേക്കായി 60 ലക്ഷം രൂപ അടയ്ക്കണമെന്ന കർണാടക സർക്കാരിന്റെ നിലപാടാണ് അദ്ദേഹത്തിന്റെ കേരളയാത്ര അസാദ്ധ്യമാക്കിയത്. തുടർന്ന് ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവനുവദിച്ചതോടെയാണ് അദ്ദേഹത്തിന് കേരളത്തിൽ പ്രവേശിക്കാൻ സാധിച്ചത്.

വായിക്കാം : ജമാഅത്തെ ഇസ്‍ലാമിയും ഇസ്‍ലാമിക തീവ്രവാദവും സി.പി.എമ്മിന്റെ മുഖ്യ അജണ്ടയി​ലേക്ക്

Comments