ദേശീയ ജനതയാകാൻ ഇന്ത്യക്കാർ
ഇനിയും സഞ്ചരിക്കേണ്ട ദൂരങ്ങൾ

ഹിന്ദുത്വരും ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രവും സാമൂഹിക ജനാധിപത്യവും സാമൂഹിക നീതിയും ഇല്ലായ്മ ചെയ്താണ് സമഗ്രാധിപത്യ ഭൂരിപക്ഷ ഏകമത രാഷ്ട്രത്തെ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതിയെ ആഭ്യന്തരമായി പുതുക്കിപ്പണിയാതെ ഇന്ത്യക്കാർക്ക് ഒരു ദേശീയ ജനതയാകാൻ കഴിയില്ല എന്ന, അംബേദ്കർ ഉന്നയിച്ച പ്രധാന രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നിനെ മുൻനിർത്തി ഡോ. കെ.എസ്. മാധവൻ എഴുതുന്നു.

ജാതിവിരുദ്ധ ജനാധിപത്വവും
കൊളോണിയൽ സിവിൽസമൂഹവും

രു ജനാധിപത്യ നീതിക്രമം പുലരുന്നതിന് മുന്നോടിയായി രൂപപ്പെടേണ്ട ഒന്നാണ് സിവിൽ സമൂഹ രൂപികരണം. ഇന്ത്യയിൽ ഒരു ജനാധിപത്യ സിവിൽ സമൂഹത്തെ സൃഷ്ടിക്കാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് കാര്യമായ ശ്രമങ്ങൾ ഉണ്ടായിവന്നില്ല. ഉണ്ടായി വന്നതാകട്ടെ സങ്കീർണ്ണമായ ഒരു കൊളോണിയൽ പൊതു മണ്ഡലമായിരുന്നു. കൊളോണിയൽ ഭരണക്രമത്തിന്റെ ഭാഗമായി ഉണ്ടായിവന്ന മാറ്റത്തിന്റെയും രാഷ്ട്രീയ പരിവർത്തനത്തിന്റെയും ഭാഗമായി വരേണ്യ ജാതിഹിന്ദുക്കൾക്ക് കുത്തക നിലനിർത്തുന്ന തരത്തിൽ സാമ്പത്തികക്രമവും സാമൂഹിക ബന്ധങ്ങളും ക്രമപ്പെടുത്തുകയാണ് ബ്രിട്ടീഷ് ഭരണത്തിൽ സംഭവിച്ചത്.

ജാതിവരേണ്യർക്ക് സാമൂഹിക രാഷ്ട്രീയാധികാരങ്ങൾ കുത്തകയായി നിലനിർത്തുന്ന സിവിൽ സാമൂഹിക ബന്ധങ്ങളാണ് കൊളോണിയൽ ആധുനികതയുടെ പശ്ചാത്തലത്തിൽ ഉണ്ടായിവന്നത്. ഇതുകൊണ്ടു തന്നെ നീതിയിലും പൗരാവകാശങ്ങളിലും അടിസ്ഥാനമാക്കുന്ന ഒരു കൊളോണിയൽ പൊതുമണ്ഡലവും സിവിൽ അവകാശങ്ങളും കീഴാളരും അയിത്തക്കാരുമായ സമൂഹങ്ങൾക്ക് ലഭ്യമാകണമെങ്കിൽ കീഴോർ സമൂഹങ്ങൾക്ക് ജാതി വിരുദ്ധ സിവിൽ സമൂഹത്തിനായുള്ള പൗരാവകാശ പ്രക്ഷോഭങ്ങൾ ഉയർത്തി കൊണ്ടുവരണമായിരുന്നു. ജാതിഹിന്ദുക്കളുടെ വിവിധ തരത്തിലുള്ള അധികാര കുത്തകക്കെതിരായി സാമൂഹിക നീതിക്കായും അവസര സമത്വത്തിനുമായുള്ള സമരങ്ങൾ ജാതി വിരുദ്ധ സാമൂഹിക നീതിപ്രസ്ഥാനങ്ങളായിട്ടാണ് കീഴാള സമൂഹങ്ങൾ വളർത്തിക്കൊണ്ടുവന്നത്. ജാതിഹിന്ദുക്കളുടെ ത്രൈവർണ്ണിക ആധിപത്യത്തെയും ബ്രാഹ്മണ്യ-ഹിന്ദുവ്യവസ്ഥയെയും ജ്ഞാനപരമായും സാംസ്കാരികവുമായും വെല്ലുവിളിക്കുന്ന ജനാധിപത്യ രാഷ്ട്രീയം ഉയർത്തി കൊണ്ടാണ് അഹിന്ദു ചരിത്ര കർതൃത്വങ്ങളുള്ള കീഴോർ സമൂഹങ്ങൾ കൊളോണിയൽ പൊതുമണ്ഡലത്തിൽ രാഷ്ട്രീയമായി ഇടപെടുന്നത്.

പരിഷ്ക്കരണവും
ദേശീയതയും

പാശ്ചാത്യ ആധുനികതയുടെ സ്വതന്ത്രചിന്തയും യുറോപ്യൻ നവോത്ഥാനത്തിന്റെ യുക്തിബോധവും അന്വേഷണത്വരയും കൊളോണിയൽ ആധുനികതയിലൂടെ ലഭ്യമായ ശാസ്ത്രാഭിമുഖ്യവും സ്വീകരിച്ചു കൊണ്ടായിരുന്നില്ല ത്രൈവർണ്ണിക ഹിന്ദുക്കളിലെ പരിഷ്‌കരണ വാദികൾ തങ്ങളുടെ സാമൂഹിക ബന്ധങ്ങളെയും ആത്മീയ ജീവിതത്തെയും ഭൗതിക ജീവിത പ്രക്രിയകളെയും സമീപിച്ചത്. കൊളോണിയലിസത്തിന്റെ ഭാഗമായി ഉണ്ടായിവന്ന വ്യക്തിവാദത്തിൽ ഊന്നുന്ന ഉപയുക്തതായുക്തിയും ശാസ്ത്രത്തിന്റെ പേരിലുള്ള സാങ്കേതികവാദവും അതിന്റെ സൗകര്യങ്ങളെയും സാമുദായികമായി കുത്തകയാക്കുന്ന രീതിയിലായിരുന്നു വരേണ്യജാതി ഹിന്ദുക്കളിലെ ആധുനികവൽക്കരണ പ്രക്രിയയുടെ സ്വഭാവം. ജനാധിപത്യത്തിന്റെയും തുല്യനീതിയുടെയും പൗരത്വ വിചാരത്തിന്റെയും സമത്വഭാവനയുടെയും ആധുനിക ആശയങ്ങൾക്കുപകരം തങ്ങളുടെ വർണ്ണ- ജാതിപാരമ്പര്യത്തെ ആധുനികവൽകരിക്കുകയും പാശ്ചാത്യ ശാസ്ത്രചിന്തയ്ക്ക് പകരമായി സാങ്കേതികവിദ്യയെ മാത്രം സ്വീകരിക്കുന്ന ഉപകരണ യുക്തിയുമായിരുന്നു അവർ ഉൾകൊണ്ടത്. ഇതുമൂലം ബ്രാഹ്മണ്യ ജാതി ഹിന്ദുപാരമ്പര്യങ്ങളെ അതിലംഘിച്ച് ജനാധിപത്യ പൗരസമൂഹമായി മാറാനും സമത്വനീതി വിചാരത്തെ പൊതുബോധമാക്കാനും ജാതിഹിന്ദുക്കളുടെ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. ഇതു കൊണ്ടു തന്നെ പാരമ്പര്യങ്ങളിലേക്ക് തിരിച്ചുപോകാനും പാരമ്പര്യങ്ങളെ ആധുനികവൽകരിക്കാനുമുള്ള സംരംഭങ്ങളായി പല വരേണ്യജാതി മുന്നേറ്റങ്ങളും മാറുകയാണുണ്ടായത്.

ഇന്ത്യയെ ഭരിക്കുന്നതിന് തദ്ദേശീയരായ ത്രൈവർണ്ണികരായ ജാതി ഹിന്ദുക്കളെ അനുസരണയുള്ള കൊളോണിയൽ ദാസന്മാരായി മാറ്റിത്തീർത്തുകൊണ്ട് പാരമ്പര്യ സംസ്കൃത വിജ്ഞാനത്തെ യുറോപ്യൻ ജ്ഞാനവ്യവസ്ഥയ്ക്ക് കീഴിലാക്കുന്ന രീതിയാണ് ബ്രിട്ടീഷുകാർ സ്വീകരിച്ചിരുന്നത്.

ഇന്ത്യൻ സംസ്ക്കാരത്തിന്റെ ആദർശവൽക്കരണം ഓറിയന്റൽ കൊളോണിയൽ പണ്ഡിതരും ത്രൈവർണ്ണിക ജാതി ഹിന്ദുക്കളും നടത്തിയത് ബ്രാഹ്മണിക സാമൂഹികവ്യവസ്ഥയുടെ ചൂഷണക്രമത്തെയും പുറന്തള്ളൽ രൂപങ്ങളെയും അസമത്ത രീതികളെയും പ്രശ്നവൽക്കരിച്ചു കൊണ്ടായിരുന്നില്ല. യുറോപ്യൻ കാല്പനികവാദവും ഇന്ത്യൻ വരേണ്യരുടെ ജാതി- വംശീയബോധ്യങ്ങളും ത്രൈവർണ്ണിക സാംസ്ക്കാരികാഭിനിവേശവും കൂടിച്ചേർന്ന സാംസ്ക്കാരിക അവബോധമായിരുന്നു വരേണ്യ നവോത്ഥാനങ്ങളുടെ സ്വഭാവം. ഇന്ത്യൻ വരേണ്യരുടെ പാരമ്പര്യമായ വൈജ്ഞാനിക കോയ്മ ആധുനിക യൂറോപ്യൻ വിജ്ഞാനത്തിന്റെ മുന്നിൽ സ്വയം കീഴ്പെട്ടുനിൽക്കേണ്ട അവസ്ഥ കൊളോണിയൽ ഭരണത്തിൽ സംഭവിച്ചു. പാരമ്പര്യമായ സംസ്കൃത വിജ്ഞാനം കൊണ്ട് പാശ്ചാത്യ വിജ്ഞാനത്തെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭരണകൂടാധികാരത്തെയും പ്രതിരോധിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ത്രൈവർണ്ണിക സാംസ്ക്കാരിക മൂല്യങ്ങളെ അടിസ്ഥാനമാക്കുന്ന സാംസ്കാരിക ദേശീയത വാദങ്ങൾ പാശ്ചാത്യ വിരുദ്ധ ആശയങ്ങളായി വരേണ്യ ദേശീയവാദികൾ മുന്നോട്ടുവച്ചത്. ഇതോടൊപ്പം ഇന്ത്യയെ ഭരിക്കുന്നതിന് തദ്ദേശീയരായ ത്രൈവർണ്ണികരായ ജാതി ഹിന്ദുക്കളെ അനുസരണയുള്ള കൊളോണിയൽ ദാസന്മാരായി മാറ്റിത്തീർത്തുകൊണ്ട് പാരമ്പര്യ സംസ്കൃത വിജ്ഞാനത്തെ യുറോപ്യൻ ജ്ഞാനവ്യവസ്ഥയ്ക്ക് കീഴിലാക്കുന്ന രീതിയാണ് ബ്രിട്ടീഷുകാർ സ്വീകരിച്ചിരുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ആധിപത്യത്തിന്റെ തുടർച്ചയ്ക്കും കൊളോണിയൽ ഭരണം കാര്യക്ഷമമായി തുടരുന്നതിനും ത്രൈവർണ്ണിക ജാതിഹിന്ദുക്കളെ ബ്രീട്ടീഷ് ഭരണവ്യവസ്ഥയിലേക്ക് ഉദ്യോഗസ്ഥ വൃന്ദമായി ഉൽഗ്രഥിക്കുകയും പരമ്പരരാഗത ഭൂവുടമകളെയും ഭൂസ്വാമിമാരെയും കൊളോണിയൽ ചൂഷണത്തിന്റെ ഇടനിലക്കാരും പങ്കുകാരുമാക്കുന്ന രീതിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ അനുവർത്തിച്ചത്. തന്മൂലം ത്രൈവർണ്ണിക ജ്ഞാനവ്യവസ്ഥയെയും വർണ്ണവരേണ്യ മൂല്യങ്ങളെയും ജാതി വ്യവസ്ഥയുടെ പാരമ്പര്യ ബന്ധങ്ങളെയും ജീവിതക്രമങ്ങളെയും തകർക്കുന്ന ഒരു ഭരണവ്യവസ്ഥയെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ സൃഷ്ടിച്ചില്ല.

ത്രൈവർണ്ണിക ജാതിഹിന്ദുക്കൾ ഉയർത്തിക്കൊണ്ടുവരുന്ന പരിഷ്കരണ ആവശ്യങ്ങളെ മാത്രം അംഗീകരിക്കുകയും, പൊതുവെ ജാതി വർണ്ണ മൂല്യങ്ങളിലും ആചാര മര്യാദകളിലും ഇടപെടാത്ത നയമാണ് ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ അനുവർത്തിച്ചത്.
ഇതുമൂലം, സാമൂഹിക പരിഷ്കരണത്തെയോ പരിവർത്തനത്തെയോ മുൻനിർത്തിയുള്ള സിവിൽ സമൂഹനിർമ്മിതിയും സാമൂഹിക ജനാധിപത്യം പുലരുന്ന സാമൂഹിക ബന്ധങ്ങളെയും സൃഷ്ടിക്കാൻബ്രീട്ടിഷുകാർ ഭരണപ്രക്രിയകളിൽ കാര്യമായ ഒരു നയവും പിന്തുടർന്നില്ല. കൊളോണിയൽ ചൂഷണം ഉറപ്പിക്കുന്നതിനും തുടരുന്നതിനും അടിത്തട്ടു സമൂഹങ്ങൾ ഉൽപാദിപ്പിക്കുന്ന വിഭവങ്ങളെ കൊള്ള ചെയ്യാനും എളുപ്പമാർഗ്ഗം പാരമ്പര്യമായി ഇന്ത്യൻ വരേണ്യർ നിലനിർത്തുന്ന സാമൂഹിക സാംസ്ക്കാരിക അടിച്ചമർത്തൽ രൂപങ്ങൾക്ക് നിയമ പിന്തുണ നൽകുന്ന ഭൂവുടമാവ്യവസ്ഥിതിയും സാമൂഹിക നിയമങ്ങളും ബ്രീട്ടിഷ് നിയമ വ്യവസ്ഥയുടെ സംരക്ഷണത്തിൽ പരിഷ്കരിച്ചു പുനഃസംഘടിപ്പിച്ചു നിലനിർത്താനാണ് ബ്രിട്ടീഷ് ഭരണം ശ്രമിച്ചത്. തന്മൂലം ജാതിഹിന്ദുക്കളുടെ ആശയവ്യവസ്ഥയും സാമൂഹിക അധികാരവും സാംസ്ക്കാരിക അധീശത്വവും ബ്രിട്ടീഷ് നിയമ സംവിധാനങ്ങളിലൂടെയും ഭരണവ്യവസ്ഥയിലൂടെയും നിലനിർത്തുകയും, അവ പരിഷ്ക്കരിക്കപ്പെട്ട് കൊളോണിയൽ ഭരണത്തിന്റെ തുടർച്ചക്കാവശ്യമായ സാധൂകരണ ഉപാധികളായി തീരുകയുമാണുണ്ടായത്. ഇങ്ങനെ കൊളോണിയൽ ഭരണം ത്രൈവർണ്ണിക ജാതിഹിന്ദുക്കളിലൂടെ നടപ്പാക്കപ്പെട്ട അടിച്ചമർത്തൽ വ്യവസ്ഥയും ജാതി ഹിന്ദുവ്യവസ്ഥയുടെ സാംസ്ക്കാരിക കോയ്മയ ഭരണകൂടാധികാരമായി നിലനിർത്തുന്ന രീതിയായിട്ടാണ് വളർന്നു വന്നത്.

ഗാന്ധിയുടെ നേതൃത്വം കോൺഗ്രസിൽ ഉണ്ടാകുന്നതുവരെ സാമൂഹിക പ്രശ്നങ്ങൾ കോൺഗ്രസിൽ ചർച്ചയായിരുന്നില്ല. നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന വർണ്ണ- ജാതി വ്യവസ്ഥയും സാമൂഹിക അസമത്വവും ഒരു രാഷ്ട്രീയപ്രശ്നമായി കാണുവാൻ ആദ്യകാല ദേശീയ വാദികളിൽ ആരും തന്നെ തയ്യാറായിരുന്നില്ല.

ജാതിബ്രാഹ്മണ്യവും
സാമൂഹിക ജനാധിപത്യവും

ഇന്ത്യയിൽ ബ്രീട്ടീഷ് ഭരണകാലത്ത് കൊളോണിയൽ ആധിപത്യത്തിനെതിരെ ഉണ്ടായിവന്ന എതിർപ്പുകളുടെ പാശ്ചാത്തലത്തിലാണ് ഇന്ത്യൻ ദേശീയതയുടെ ആദ്യകാല ആവിഷ്കാരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സാംസ്ക്കാരിക പലമകളും മതജാതി സ്വത്വങ്ങളും നിലനിന്നിരുന്ന ഇന്ത്യയിൽ കൊളോണിയൽവിരുദ്ധ സമരങ്ങളുടെ സ്വഭാവത്തെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായിവന്ന ദേശീയതയും കൊളോണിയൽ വിരുദ്ധ മനോഭാവവും സാമൂഹികം രാഷ്ട്രീയം എന്നിവയിലൂന്നി ബ്രിട്ടീഷ് കൊളോണിയലിസത്തെ അഭിമുഖീകരിക്കാൻ ശ്രമിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ തദ്ദേശീയരായ വരേണ്യരുടെ പങ്കാളിത്തത്തെപ്പറ്റി ആകുലപ്പെടുന്ന പ്രസ്ഥാനമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടായിവന്നത്. എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയ പരിഷ്കരണത്തിനായുള്ള ശ്രമങ്ങൾ ഗുണപരമായ സാമൂഹിക പരിഷ്ക്കരണത്തിൽ ഊന്നുന്നതാവണമെന്ന് വാദിച്ച വ്യക്തികളും ആശയങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയിൽ നടന്ന സാമൂഹിക നവോത്ഥാനത്തെ അടിസ്ഥാനപ്പെടുത്തുന്ന രാഷ്ട്രീയ പരിവർത്തനമാണ് നടക്കേണ്ടതെന്ന വാദക്കാരായിരുന്നു നാഷണൽ കോൺഫറൻസ് എന്ന പ്രസ്ഥാനത്തിൽ പങ്കാളികളായവർ. എന്നാൽ, സാമൂഹിക പരിഷ്കരണത്തേക്കാൾ രാഷ്ട്രീയ പരിഷ്കരണത്തിന് വേണ്ടി വാദിച്ചവരായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നേതൃത്വം കൊടുത്തിരുന്നത്. ഗാന്ധിയുടെ നേതൃത്വം കോൺഗ്രസിൽ ഉണ്ടാകുന്നതുവരെ സാമൂഹിക പ്രശ്നങ്ങൾ കോൺഗ്രസിൽ ചർച്ചയായിരുന്നില്ല. നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന വർണ്ണ- ജാതി വ്യവസ്ഥയും സാമൂഹിക അസമത്വവും ഒരു രാഷ്ട്രീയപ്രശ്നമായി കാണുവാൻ ആദ്യകാല ദേശീയ വാദികളിൽ ആരും തന്നെ തയ്യാറായിരുന്നില്ല.

ജ്യോതിറാവു ഫുലെ, സഹോദരൻ അയ്യപ്പൻ
ജ്യോതിറാവു ഫുലെ, സഹോദരൻ അയ്യപ്പൻ

സാമൂഹിക മാറ്റങ്ങളെ തുടർന്ന് ഉണ്ടായിവരേണ്ടതാണ് രാഷ്ട്രീയ പരിവർത്തനം എന്നതായിരുന്നു സാമൂഹിക പരിഷ്കരണത്തിനായി വാദിച്ചവരുടെ നിലപാട്. ജ്യോതിറാവു ഫുലെ മുതൽ സഹോദരൻ അയ്യപ്പൻ വരെയുള്ളവർ ഈ ആശയക്കാരായിരുന്നു. ഇവരുടെ ആശയങ്ങളും ഇവർ നേതൃത്വം കൊടുത്ത പ്രസ്ഥാനങ്ങളും ജനാധിപത്യ സാഹോദര്യ മുന്നേറ്റങ്ങളായിരുന്നു. സാമൂഹിക സമത്വവും തുല്യതയിൽ നിലനിൽക്കുന്ന ജനായത്തവും അധികാര പങ്കാളിത്തവും ഇവരുടെ ആശയങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. ഈ ആശയങ്ങളെ ഒരു രാഷ്ട്രീയ ചിന്താപദ്ധതിയായി രൂപപ്പെടുത്താനും അത് ദേശീയ പ്രസ്ഥാനത്തിന്റെയുള്ളിൽ രാഷ്ട്രീയമായി വികസിപ്പിക്കാനുമാണ് അംബേദ്കർ ശ്രമിച്ചത്.

വിദേശീയ കൊളോണിയൽ ആധിപത്യത്തിനെതിരായ സമരവും, സ്വരാജ് എന്ന ആശയവും സാമൂഹിക അസമത്വവും സാമൂഹിക വിവേചനവും നിലനിൽക്കുന്ന ഇന്ത്യയിൽ അസമത്വ വ്യവസ്ഥിതിയെ മുൻനിർത്തി വിശകലനം ചെയ്യാനാണ് അംബേദ്കർ ശ്രമിച്ചത്. ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതിയെ ചരിത്രത്തുടർച്ചയുള്ള ഒരു സാമൂഹിക വ്യവസ്ഥയും സമ്പദ്ക്രമവും അധികാര വ്യവസ്ഥയുമായി സ്ഥാനപ്പെടുത്തുന്ന ഒരു വിശകലന രീതി അംബേദ്കർ വികസിപ്പിച്ചു. ശ്രേണീകൃത അസമത്വ വ്യവസ്ഥയായി (graded inequality) മാറിയ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതി മതപരമായും തത്വാചിന്തപരവുമായ സാധൂകരണമുള്ളതും അധികാരമായി പ്രവർത്തിക്കുന്ന ജ്ഞാനവ്യവസ്ഥയുമായി അംബേദ്കർ സ്ഥാനപ്പെടുത്തി. പുരോഹിത ബ്രാഹ്മണർ തങ്ങളുടെ വംശത്തിന്റെയും കുലത്തിന്റെയും ശുദ്ധി സ്ഥാപിച്ചുറപ്പിക്കാൻ മെനഞ്ഞെടുത്ത ജ്ഞാനപരവും മതപരവുമായ ആദ്ധ്യാത്മികവും സനാതനവും ചിരപുരാതനവുമായി സാധൂകരിക്കുന്ന ഒരു ഭേദവ്യവസ്ഥിതിയായി ഇത് നിലനിൽക്കുന്നു. ധർമ്മശാസ്ത്രങ്ങൾ എന്നറിയപ്പെടുന്ന നിയമചിട്ടകളും ചട്ടങ്ങളും ഈ ഭേദവ്യവസ്ഥിതിയെ സ്ഥാപിച്ചുറപ്പിക്കാൻ ചിട്ടപ്പെടുത്തിയതാണ്. സാമൂഹികവും സ്ഥലപരമായും വർണ്ണ- ജാതി സമൂഹങ്ങളെ മേൽകീഴായി സ്ഥാനപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്യുന്ന സ്ഥാന-മാനങ്ങളുടെയും, ആഢ്യത്വവും ഹീനതയും അത്യാരോപിക്കുന്നതുമായ വേർതിരിവുകളുടെ സാമൂഹിക വിന്യാസങ്ങളും തരംതിരിച്ച അസമത്വവുമാണ് ഈ വ്യവസ്ഥിതിയുടെ സ്വഭാവം. സാമൂഹിക രാഷ്ട്രീയ സമ്പദ് ക്രമത്തെ സാംസ്കാരികവും പ്രതീകാത്മകവുമായ തലങ്ങളിൽസ്ഥാനപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്ന ചിന്താപാരമ്പര്യവും അനുഷ്ഠാനവ്യവസ്ഥയും ധർമ്മശാസ്ത്ര നിയമസംവിധാനങ്ങളും നിലനിർത്തികൊണ്ടാണ് ഇന്ത്യയിലെ അസമത്വം അതിന്റെ സുദീർഘമായ ചരിത്രത്തുടർച്ച നിലനിർത്തിയത്.

മതവ്യവസ്ഥയും ധാർമ്മികക്രമവും ജ്ഞാനപാരമ്പര്യവും അറിവധികാരബന്ധങ്ങളും അനുഷ്ഠാനരൂപങ്ങളും പരസ്പരം കൂടിനിൽക്കുന്ന ഈ വ്യവസ്ഥിതിയിൽ മനുഷ്യരും സാമൂഹിക വിഭാഗങ്ങളും പാലിക്കേണ്ട മുറകളും മര്യാദകളും കടമകളും ബാധ്യതകളുമായി ധർമ്മവ്യവസ്ഥയായി ഭേദരൂപങ്ങളും അടിച്ചമർത്തൽരൂപങ്ങളും പ്രവർത്തിക്കുന്നു. ഈ വ്യവസ്ഥിതിയെയും അതിന്റെ പ്രവർത്തന സ്വഭാവത്തെയും ജാതി വർണ്ണ പുരുഷാധിപത്യക്രമത്തിന്റെ തരം തിരിവ് അസമത്വ വ്യവസ്ഥയായി അംബേദ്കർ സ്ഥാനപ്പെടുത്തി. ഈ വ്യവസ്ഥിതിയുടെ പ്രത്യയബോധവും ദാർശനിക പാരമ്പര്യവും ചിന്താ പദ്ധതിയും (ideology) ബ്രാഹ്മണപൗരോഹിത്യം ആദർശവൽക്കരിക്കുന്ന ത്രൈവർണ്ണികരായ സാമൂഹിക വിഭാഗങ്ങളുടെ ആധിപത്യം പാരമ്പര്യമായി നിലനിർത്തുന്നതാണ്. ഈ അധികാര ഘടന കോയ്മാവ്യവസ്ഥയായി ജ്ഞാനപാരമ്പര്യവും ദർശന പദ്ധതിയും രാഷ്ട്രീയ അധികാരഘടനയും സമ്പദ് വ്യവസ്ഥയുമായി നിലനിൽക്കുന്നതിനാൽ അതിനെ ബ്രാഹ്മണ്യ വ്യവസ്ഥ (brahmanical social order) എന്ന് അംബേദ്കർ വിലയിരുത്തി.

അംബേദ്കർ
അംബേദ്കർ

ജാതിവ്യവസ്ഥയും
തരംതിരിച്ച അസമത്വവും

ജാതിബ്രാഹ്മണ്യം അപരജനതകളെ അഴുക്കു ശരീരമായി മാറ്റിത്തീർക്കുകയും വർണ്ണ ബാഹ്യരായി സ്ഥാനപ്പെടുത്തുകയും ചെയ്തു. അയിത്തക്കാരായി മാറിയ അസ്പൃശ്യ സമുദായങ്ങളെ ജാതി ബ്രാഹ്മണ്യത്തിന് സാമൂഹികവും സാംസ്കാരികമായി പുറന്തള്ളിയും കൂട്ടിനിർത്തിയും മാത്രമേ നിലനിൽക്കാൻ കഴിയുമായിരുന്നുള്ളൂ. ഒന്നാമതായി, വിവിധ ബ്രാഹ്മണഗോത്രങ്ങളിലെ സ്ത്രീകളെ ബ്രാഹ്മണ്യം ആചാരശരീരവും ശുദ്ധിഹിംസയിൽ തളച്ചിടേണ്ടവരുമായി സ്ഥാനപ്പെടുത്തി. ബ്രാഹ്മണ ആണധികാരത്തിന്റെ രതിഹിംസയ്ക്കും ശുദ്ധിവരേണ്യതയ്ക്കും വിവിധ ബ്രാഹ്മണ ഗോത്രങ്ങൾക്കുള്ളിൽ തങ്ങളുടെ സ്ത്രീകളുടെ ലൈംഗികതയും കാമനയും പ്രജനനവും നിയന്ത്രിക്കേണ്ടത് ആവശ്യമായി വന്നു. ബ്രാഹ്മണസ്ത്രീകൾ ബ്രാഹ്മണ പുരുഷന്മാരുടെ ശുദ്ധിവരേണ്യത നിലനിർത്താൻ അടിമപ്പെട്ട ലൈംഗിക ശരീരങ്ങളായി മാറി. വിവിധ ബ്രാഹ്മണ ഗോത്രങ്ങളിലെ സ്ത്രീകളെ ബ്രാഹ്മണ കുലങ്ങളുടെ ശുദ്ധി പരിപാലിക്കേണ്ട ശരീരങ്ങളായി മാറ്റിക്കൊണ്ടാണ് ബ്രാഹ്മണ ആണധികാര പൗരോഹിത്യം ശുദ്ധിവരേണ്യതയിൽ അടിസ്ഥാനപ്പെടുത്തുന്ന സാംസ്ക്കാരികാധിനിവേശം സാധ്യമാക്കിയത്. ബ്രാഹ്മണ സ്ത്രീകളുടെ ലൈംഗീകതയും കാമനയും പ്രജനനശേഷിയും മറ്റു ഗോത്രങ്ങളുമായും ബ്രാഹ്മണ ഇതര വർണ്ണങ്ങളുമായും തദ്ദേശീയ ഗോത്രങ്ങളുമായും പങ്കുവെക്കാതിരിക്കാൻ ബ്രാഹ്മണ സ്ത്രീകളുടെ ലൈംഗികതയെ വിവിധ ബ്രാഹ്മണ ഗോത്രത്തിനുള്ളിൽ തളച്ചിടുന്നതിനായി കുലസ്ത്രീ സങ്കല്പവും പതിവ്രതാസങ്കല്പവും ബ്രാഹ്മണ്യ സംസ്കാരം രൂപപ്പെടുത്തി. വിവിധ ബ്രാഹ്മണ ഗോത്രങ്ങളിലുള്ള സ്ത്രീകളുടെ ലൈംഗീകതയെ സ്ഫോടനശേഷിയുള്ള ലൈംഗിക ശരീരമായിട്ടാണ് ബ്രാഹ്മണ പുരുഷാധിപത്യ പേടിബോധം പരിഗണിച്ചിരുന്നത്. സ്ത്രീകൾ വിവിധ ബ്രാഹ്മണ ഗോത്രങ്ങളിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ കൂടുതൽ ആകാതിരിക്കാൻ ചില സാംസ്‌കാരിക ക്രമങ്ങൾ ആവിഷ്കരിക്കപ്പെട്ടു. പെൺകുട്ടികളെ ബാല്യവിവാഹം നടത്തിയും അന്തർകുലവിവാഹം ഒരു സമ്പ്രദായമായി മാറ്റിത്തീർത്തുമാണ് സ്ത്രീകളുടെ ശരീരത്തെ നിയന്ത്രിച്ചുകൊണ്ട് ബ്രാഹ്മണ്യം ഒരു ആണധികാര ക്രമമായി വിവിധ ബ്രാഹ്മണ ഗോത്രങ്ങൾക്കുള്ളിൽ വളർന്നുവന്നത്.

ബ്രാഹ്മണ പുരുഷാധിപത്യം എന്ന സങ്കല്പത്തെ അംബേദ്കർ അന്തർവിവാഹക്രമവും ജാതിയുമായി ബന്ധിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇതുകൊണ്ടാണ് അംബേദ്കർ ജാതി ഒരു അടഞ്ഞ വർഗ്ഗമായി നിർവ്വചിച്ചത്.

ശുദ്ധിവരേണ്യതയും ഗോത്രശുദ്ധിവാദവും ബ്രാഹ്മണ ആണധികാരത്തിന്റെ സ്ത്രീവിരുദ്ധതയും സ്ത്രീലൈംഗികതയെ അടിച്ചൊതുക്കുന്ന പുരുഷകോയ്മയുടെ അടിസ്ഥാനസ്വഭാവമാണ്. ബ്രാഹ്മണ്യ- പുരുഷാധിപത്യത്തിന്റെ നിലനിൽപ്പിന് അന്തർകുല വിവാഹവും (Endogamy) സ്ത്രീലൈംഗികതയുടെ നിയന്ത്രണവും ആവശ്യമായി തീർന്നു. ബ്രാഹ്മണ ഗോത്രങ്ങൾ അവരിലെ സ്ത്രീകളെ ലൈംഗികമായി നിയന്ത്രിക്കുന്ന അന്തർകുലവിവാഹത്തിൽ നിന്നും ബ്രാഹ്മണ ജാതിവിവാഹ സമ്പ്രദായമായി പരിവർത്തിക്കപ്പെട്ടപ്പോൾ ബ്രാഹ്മണ്യം ജാതി പുരുഷാധിപത്യവും ജാതിശുദ്ധിവാദവുമായി മാറി. ശുദ്ധിവരേണ്യതയിൽ നിലനിൽക്കുന്ന ഈ ആണധികാരക്രമത്തിന് ശൂദ്രരെയും തദ്ദേശീയ ഗോത്രങ്ങളെയും വിവിധ പ്രാദേശിക കുലങ്ങളെയും ഹീനരും അസ്പൃശ്യരുമായി മാറ്റിത്തീർത്തുമാത്രമേ ശുദ്ധിവരേണ്യതയിൽ നിലനിൽക്കാൻ കഴിയുമായിരുന്നുള്ളൂ. വിവിധ സാമൂഹിക വിഭാഗങ്ങളെ കർമ്മകാരന്മാരും ദാസരുമായി മാറ്റിത്തീർത്ത് ശൂദ്രപദവി ചാർത്തിക്കൊടുക്കുകയും ഹീനത അത്യാരോപിക്കുകയും ചെയ്തു. അസ്പൃശ്യതയും അഴുക്കുശരീരവും അത്യാരോപിക്കുന്ന സാംസ്കാരിക ഉപായങ്ങൾ ആചാരങ്ങളിലൂടെയും സ്ഥാനമാന പദവിരൂപങ്ങളിലൂടെയും കർമ്മ സിദ്ധാന്തത്തിന്റെയും പുനർജന്മസങ്കല്പങ്ങളിലൂടെയും ജ്ഞാനപദ്ധതിയും ധർമ്മവ്യവസ്ഥയുമായി സൃഷ്ടിച്ചെടുത്തു. വേദസാഹിത്യങ്ങളെയും ധർമ്മശാസ്ത്രങ്ങളെയും അടിസ്ഥാന പ്രമാണങ്ങളാക്കി സ്ത്രീ പുരുഷഭേദങ്ങളെയും സാമൂഹിക ഭേദരൂപങ്ങളെയും ധർമ്മമായി വ്യവഹരിക്കുന്ന ചിന്താപദ്ധതികൾ പുരോഹിത ബ്രാഹ്മണ്യാധികാരം സൃഷ്ടിച്ചെടുത്തു. അംബേദ്കർ അദ്ദേഹത്തിന്റെ 'ഇന്ത്യയിലെ ജാതികൾ' എന്ന പ്രബന്ധത്തിൽ ബ്രാഹ്മണ പൗരോഹിത്യം അന്തർകുല വിവാഹക്രമത്തെ ബ്രാഹ്മണ ആൺകോയ്മാ വ്യവസ്ഥയാക്കി തീർത്ത പ്രക്രിയയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ബ്രാഹ്മണകുലങ്ങളിലെ സ്ത്രീകളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിന് ശുദ്ധിയെ അടിസ്ഥാനപ്പെടുത്തുന്ന ലൈംഗിക നിയന്ത്രണ രൂപങ്ങൾ സാംസ്കാരിക ഉപായങ്ങളായി സൃഷ്ടിച്ചുകൊണ്ടാണ് ബ്രാഹ്മണ പുരുഷാധിപത്യ ഗോത്രങ്ങൾ അന്തർകുല വിവാഹ വൃത്തവും പുരുഷാധിപത്യ ക്രമവുമായി മാറിയത്. ബ്രാഹ്മണ പുരുഷാധിപത്യം എന്ന സങ്കല്പത്തെ അംബേദ്കർ അന്തർവിവാഹക്രമവും ജാതിയുമായി ബന്ധിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇതുകൊണ്ടാണ് അംബേദ്കർ ജാതി ഒരു അടഞ്ഞ വർഗ്ഗമായി (Enclosed Class) നിർവ്വചിച്ചത്. അന്തർകുല വിവാഹക്രമത്തിലൂടെ സ്ത്രീകളുടെ ലൈംഗീകതയും പ്രജനനവും വിവിധ ബ്രാഹ്മണ കുലങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തി നിർത്തുന്ന ബ്രാഹ്മണ പുരുഷകോയ്മയും സ്ത്രീകളുടെ പ്രജനനത്തെ ജൈവികമായി നിയന്ത്രിക്കുന്ന അടഞ്ഞ വിവാഹവൃത്തവുമായി ജാതി മാറുകയും ചെയ്യുന്നതിനെപ്പറ്റി അംബേദ്കർ വിശദീകരിക്കുന്നുണ്ട്.

അതിജീവന രൂപങ്ങളെയും ജീവിത പ്രവർത്തികളെയും പലമകൾ നിറഞ്ഞ അധ്വാനരൂപങ്ങളെയും വൈവിധ്യങ്ങളായ അറിവു രൂപങ്ങളെയും ഭൗതിക ജീവിതപ്രക്രിയകളിൽ ഉൾവഹിച്ചിരിക്കുന്ന സാങ്കേതികവിദ്യയെയും നിപുണതയെയും ജാതിവൃത്തത്തിനുള്ളിൽ നിലനിർത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നതിനാൽ ജാതി അടഞ്ഞ ജീവിതവൃത്തവും വേലികെട്ടിയൊതുക്കിയ സാമൂഹിക തൊഴിൽ വിഭജനവുമായി നിലനിൽക്കുന്നു. ലൈംഗികതയെയും പ്രജനനപ്രക്രിയയെയും തൊഴിൽ പ്രവർത്തികളെയും അടഞ്ഞ വേലി കെട്ടിയടച്ച സാമൂഹിക സംവൃതമായി നിലനിർത്തുന്ന ജാതി തൊഴിൽ വിഭജനമെന്നത് ജൈവികവും സാമൂഹികവുമായ അടഞ്ഞ വേലിക്കെട്ടായി മാറുന്നു. ജീവിത പ്രവർത്തികളോടൊപ്പം അത്തരം പ്രവർത്തികളിലേർപ്പെടുന്ന മനുഷ്യശരീരങ്ങളെ അടഞ്ഞ സാമൂഹിക വൃത്തത്തിനുള്ളിൽ നിലനിർത്തുന്നു. ഇണചേരലും പ്രജനനവും ഇത്തരം വിവാഹ- ഇണചേരൽ വൃത്തത്തിൽ നിയന്ത്രിക്കുന്ന ഒന്നായി ജാതി പ്രവർത്തിക്കുന്നു. ഈ പ്രക്രിയയെ തൊഴിൽ വിഭജനവും അന്തർകുല വിവാഹക്രമവും പാരമ്പര്യതൊഴിലുമായി മാത്രം കാണുന്ന രീതിയെ മറികടക്കുന്ന സാധ്യത തുറന്നുവയ്കുക കൂടിയാണ് അംബേദ്കർ 'ഇന്ത്യയിലെ ജാതികൾ' എന്ന പ്രബന്ധത്തിൽ ചെയ്യുന്നത്. ജാതിയെ പ്രശ്നവൽക്കരിച്ച് ബ്രാഹ്മണ്യത്തെ ഇന്ത്യയുടെ കോയ്മാ പ്രത്യയശാസ്ത്രവും പ്രതിവിപ്ലവ ആശയവുമായി വിശദീകരിക്കാനാണ് അംബേദ്കർ ശ്രമിച്ചിട്ടുള്ളത്. ബ്രാഹ്മണ്യം ബ്രാഹ്മണർക്കു മാത്രമുള്ള ഒരു ദാർശനിക പദ്ധതിയും കോയ്മാവ്യവസ്ഥയും അല്ല; ത്രൈവർണ്ണികർക്കും ജാതിഹിന്ദുക്കൾക്കും ശുദ്ധി വരേണ്യതയും ജാതിവംശീയ കോയ്മയും സ്ഥാപിച്ചുറപ്പിച്ച് ഭൂരിപക്ഷം വരുന്ന സ്ത്രീകളെയും അധ്വാനിക്കുന്ന ജനസഞ്ചയങ്ങളെയും അപര ജനതകളായി കീഴായ്മയിലും ദാസ്യത്തിലും നിലനിർത്തുന്ന പ്രത്യയബോധവും ആശയസംഹിതയും സമ്പദ്ക്രമവുമായാണ് ബ്രാഹ്മണ്യം പ്രവർത്തിക്കുന്നത്. തരംതിരിവ് അസമത്വവും സാമൂഹിക പുറന്തള്ളലും ജാതിഭേദങ്ങളുടെ ഏറ്റിറക്കക്രമങ്ങളും ബ്രാഹ്മണ്യ പുരുഷാധിപത്യ കോയ്മയും ത്രൈവർണ്ണികരുടെ സമ്പദ്- അധികാര വ്യവസ്ഥയും ജാതിഹിന്ദുക്കളുടെ നിലീനമായ ഭരണകൂടാധിപത്യവുമായിട്ടാണ് (Deep State) ജാതി ബ്രാഹ്മണ്യം നിലനില്ക്കുന്നത്.

ജാതിനശീകരണവും
സാമൂഹിക ജനാധിപത്യവും

ഇന്ത്യയിൽ സാമൂഹിക തുല്യതയെ അടിസ്ഥാനമാക്കുന്ന ഒരു ജനതാസങ്കല്പം ദേശീയ ജനതാ രൂപീകരണ പ്രക്രിയയിലൂടെ ഉണ്ടായി വരുമോ എന്നതാണ് 1930- കളിൽ ബി.ആർ . അംബേദ്കർ ദേശീയ പ്രസ്ഥാനത്തിന്റെ ഉള്ളിൽ ഉന്നയിച്ച പ്രധാന രാഷ്ട്രീയ പ്രശ്നം. സാമൂഹികമായി ജാതികളാൽ വിഭജിതവും വേർതിരിവ് അസമത്വത്തിന്റെ അടിത്തറയിൽ ചൂഷണവും പുറന്തതള്ളലും അടിച്ചമർത്തലും നിലനിർത്തുന്ന ഇന്ത്യൻ സാമൂഹികവ്യവസ്ഥിതിയെ ആഭ്യന്തരമായി പുതുക്കിപ്പണിയാതെ ഇന്ത്യക്കാർക്ക് ഒരു ദേശീയ ജനതയാകാൻ (national community) കഴിയില്ല എന്നതായിരുന്നു അംബേദ്കർ ഉന്നയിച്ച പ്രധാന രാഷ്ട്രീയ പ്രശ്നങ്ങളിലൊന്ന്. സാമൂഹികമായി വേർതിരിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥയാണ് ഇന്ത്യയിലെ ജാതി- ബ്രാഹ്മണ്യ പുരുഷാധിപത്യ വ്യവസ്ഥിതി.

വിവേചനങ്ങൾ സമ്പദ് ഘടനയിലും സാമൂഹിക സംവിധാനത്തിലും ദൈനംദിന ജീവിതത്തിലും സാമൂഹിക മര്യാദകളായും സാംസ്കാരിക അനുശീലനമായും മതപരമായ ബാധ്യതയായും ശരിതെറ്റുകളുടെയും നന്മതിന്മകളുടെയും വ്യവസ്ഥയായും ജീവിതക്രമങ്ങളുടെ വേർതിരിവ് സാമൂഹികതയുമായി നിലനിൽക്കുന്നു. ഇന്ത്യയിൽ ജാതിജീവിതങ്ങളെ പുതുക്കിപ്പണിയാതെ ഇന്ത്യക്കാർക്ക് കൊളോണിയൽ വിരുദ്ധ സ്വരാജിനെ ഭാവനപ്പെടുത്താനും തുല്യതയിലും സാഹോദര്യത്തിലും അടിസ്ഥാനപ്പെടുത്തുന്ന സ്വാതന്ത്ര്യ സങ്കല്പം നിർമ്മിച്ചെടുക്കാനും കഴിയില്ല. സാഹോദര്യത്തിനും സമഭാവനയ്ക്കും സമതയ്ക്കും സ്വാതന്ത്ര്യത്തിനും സാമൂഹിക തുല്യതയ്ക്കും ജാതിയെ അടിസ്ഥാനമാക്കുന്ന സാമൂഹിക ഭേദരൂപങ്ങളുടെ നശീകരണം ഒരു രാഷ്ട്രീയ കടമയായി ദേശീയവാദികൾ എറ്റെടുക്കണമെന്നാണ് അംബേദ്കർ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായിട്ടാണ് 1936- ൽ അംബേദ്ക്കർ 'ജാതി ഉന്മൂലനം' (Annihilation of Caste) എന്ന കൃതി എഴുതുന്നത്. പരിഷ്കരണവാദികളായ ജാതിഹിന്ദുക്കളുടെ ഒരു പൊതുയോഗത്തിൽ അദ്ധ്യക്ഷപ്രസംഗത്തിന് തയ്യാറാക്കിയ ചെറിയ പ്രസംഗമായിട്ടാണ് ഈ കൃതി പിറവികൊള്ളുന്നത്. എന്നാൽ അംബേദ്കർ ആ പ്രസംഗം മുൻകൂട്ടി തയ്യാറാക്കി സംഘാടകർക്ക് അയച്ചുകൊടുക്കുകയും അംബേദ്കർക്ക് സംഘാടകർ നിർദ്ദേശിച്ച ഭേദഗതികൾ സ്വീകാര്യമല്ലാതെ വരികയും അംബേദ്കർ ആ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ക്ഷണം നിരസിക്കുകയും ചെയ്തു. പിന്നീട് പ്രസംഗിക്കപ്പെടാതെ പോയ, എഴുതി തയ്യാറാക്കിയ ആ അദ്ധ്യക്ഷ പ്രസംഗം പുസ്തകരൂപത്തിൽ അംബേദ്കർ പ്രസിദ്ധീകരിക്കുകയും ചെയ്തു. 'ജാതി ഉൻമൂലനം' എന്ന കൃതി ഇന്ത്യയിലെ ജാതിഹിന്ദുക്കൾക്ക് സ്വതന്ത്ര്യ മനുഷ്യരായി തീരാൻ വേണ്ടി തയ്യാറാക്കിയ പുസ്തകമാണ്.

ഇന്ത്യയിൽ ഭേദവിവേചന രൂപങ്ങൾക്ക് സാംസ്കാരികവും മതപരവുമായി സാധൂകരണമുണ്ട്. ഹിന്ദൂയിസം എന്നു വിളിക്കുന്ന ബ്രാഹ്മണമതം ജാതിവർണ്ണ ആൺകോയ്മാ രൂപങ്ങളെ എതിർക്കുന്നില്ല.

ദേശീയവാദികളോടും സോഷ്യലിസ്റ്റുകളോടും അദ്ദേഹം പറയുന്നത്, ഇന്ത്യക്കാർക്ക് ജാതി ബ്രാഹ്മണ്യത്തെയും പുരുഷാധിപത്യക്രമത്തെയും തിരസ്കരിക്കാതെ ഒരു ദേശീയ ജനതയാകാൻ കഴിയില്ല എന്നാണ്. അയിത്ത ജാതിക്കാർക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ജാതി ഹിന്ദുക്കൾ, രാഷ്ട്രീയ പരിഷ്കരണത്തിനായി വാദിക്കുന്നതിലെ കാപട്യത്തെ അംബേദ്കർ ഇതിൽ തുറന്നുകാണിക്കുന്നുണ്ട്. ജാതിഹിന്ദുക്കളുടെ സാമൂഹിക പരിഷ്കരണം ജാതികുടുംബങ്ങളുടെയും അവരുടെ സ്വന്തം ജാതികളുടെയും മാത്രം പരിഷ്ക്കരണമാണ്. സമൂഹത്തിൽ തുല്യനീതിയും തുല്യഅവകാശങ്ങളും വക വെച്ചു കൊടുക്കുന്ന ഒരു പരിഷ്കരണത്തിൽ ജാതിഹിന്ദുക്കൾക്ക് താല്പര്യമില്ല. സാഹോദര്യം, സമത്വം, നീതി എന്നീ ആശയങ്ങളിൽ ഊന്നുന്ന ഒരു പൊതുസമൂഹത്തെ നിർമ്മിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയിലും സാമൂഹിക പരിഷ്കരണത്തിലും ജാതിഹിന്ദുക്കൾക്കും ദേശീയവാദികൾക്കും താല്പര്യമില്ല എന്ന് അംബേദ്കർ ജാതി ഉന്മൂലനം എന്ന കൃതിയിൽ വ്യക്തമാക്കുന്നു. ജാതിഭേദങ്ങളെയും വിവേചനത്തെയും അടിസ്ഥാനപ്പെടുത്തുന്നതും ജാതികൾക്കതീതമായി ജീവിക്കാനും ജാതിവിരുദ്ധമായ സമരങ്ങളിലൂടെ നിർമ്മിക്കപ്പെടേണ്ട സിവിൽ സമൂഹത്തിനെ സൃഷ്ടിക്കാനാവശ്യമായ രാഷ്ട്രീയസമരങ്ങളിലും സാമൂഹിക പരിവർത്തനത്തെ സൃഷ്ടിക്കുന്ന സാമൂഹിക പ്രക്ഷോഭങ്ങളിലും വരേണ്യ ദേശീയ വാദികൾക്കും ജാതിഹിന്ദുക്കൾക്കും താല്പര്യമില്ല എന്ന കാര്യമാണ് അംബേദ്കർ 'ജാതി ഉൻമൂലനം' എന്ന കൃതിയിൽ വിവരിക്കുന്നത്. രാഷ്ട്രീയം എന്നാൽ അധികാരകൈമാറ്റവും സാമൂഹികമാറ്റം എന്നാൽ സ്വന്തം ജാതികളുടെ പരിഷ്കരണവും മാത്രമാണ് ജാതിഹിന്ദുക്കൾ ലക്ഷ്യം വയ്ക്കുന്നത്. സോഷ്യലിസ്റ്റുകളായ ജാതിഹിന്ദുക്കൾ സാമ്പത്തിക വിപ്ലവവും മാറ്റവും നടന്നാൽ സാമൂഹികപ്രശ്നങ്ങൾമാറും എന്ന സാമ്പത്തിക നിർണ്ണയവാദികളാണ്. അവർക്കാകട്ടെ ജാതിനശീകരണം ലക്ഷ്യം വയ്ക്കുന്ന പ്രയോഗിക പദ്ധതികളോ സാമൂഹിക ജനാധിപത്യത്തെ പറ്റിയുള്ള സങ്കല്പമോ ഇല്ല എന്നാണ് അംബേദ്കർ ഈ കൃതിയിൽ വിശദീകരിക്കുന്നത്. ജാതിയും ഭേദരൂപങ്ങളും നിലനിർത്തി ഇന്ത്യക്കാർക്ക് ഒരു ദേശീയ ജനതയാകാൻ കഴിയില്ല എന്നാണ് ഈ പുസ്തകത്തിൽ അംബേദ്ക്കർ ഉന്നയിക്കുന്ന മൗലികമായ രാഷ്ട്രീയപ്രശ്നം. ജാതിവിരുദ്ധതയും സമൂഹ ഭേദരൂപങ്ങളെ ഇല്ലാതാക്കുന്ന സാമൂഹിക മനസ്ഥിതിയും നിർമ്മിച്ച് കൊണ്ടേ ഇന്ത്യക്കാർക്ക് ഒരു ദേശീയ ജനതയാകാൻ കഴിയൂ. എന്നാൽ മാത്രമേ സാമൂഹിക ജനാധിപത്യത്തിൽ ഊന്നുന്ന സാഹോദര്യവും സമത്ത ജനാധിപത്യവും നിർമ്മിക്കാൻ കഴിയൂ എന്നതാണ് അംബേദ്കറുടെ നിലപാട്.

ജാതി വ്യവസ്ഥയും
പരിവർത്തനാത്മകമായ തുല്യതയും

ജാതിരഹിത സിവിൽ സമൂഹത്തിൽ മാത്രമേ സ്വാതന്ത്ര്യം സാമൂഹികമായി തുല്യതാസങ്കല്പത്തിൽ വിനിമയം ചെയ്യുകയുള്ളൂ. ഇന്ത്യയിൽ ഭേദവിവേചന രൂപങ്ങൾക്ക് സാംസ്കാരികവും മതപരവുമായി സാധൂകരണമുണ്ട്. ഹിന്ദൂയിസം എന്നു വിളിക്കുന്ന ബ്രാഹ്മണമതം ജാതിവർണ്ണ ആൺകോയ്മാ രൂപങ്ങളെ എതിർക്കുന്നില്ല. എന്നു മാത്രമല്ല ബ്രാഹ്മണ്യമതത്തിന്റെ വികാസത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ സാമൂഹിക അസമത്വ രൂപങ്ങൾക്ക് സാംസ്കാരികവും ദാർശനികവുമായ സാധൂകരണം ലഭിക്കുന്നത്. ജാതിവ്യവസ്ഥ വ്യക്തികളുടെ അന്തസിനെയും അവരെ സ്വതന്ത്രമായി ചിന്തിക്കാനും, തൊഴിലും, ജീവിതപ്രവർത്തികളും ഇണകളെ തെരെഞ്ഞെടുക്കാനുള്ള അവസരങ്ങളെയും സാധ്യതകളെയും വിലക്കുക കൂടി ചെയ്യുന്നു. ഇങ്ങനെ വിലക്കുകളായി സ്വയം തെരെഞ്ഞെടുപ്പുകളും സാമൂഹികമായ സ്വതന്ത്ര്യ ഇച്ഛകളും നിയന്ത്രിക്കുന്ന ദൂഷിതവലയമായി ജാതി തലമുറകളിലൂടെ ഒരു സംവൃതമായ പാരമ്പര്യമായി തുടരുന്നു. ഇന്ത്യയിൽ ധർമ്മശാസ്ത്രങ്ങൾ എന്നറിയപ്പെടുന്ന നിയമങ്ങൾ ധർമ്മവ്യവസ്ഥയായി, സാമൂഹിക മര്യാദകളായി ജാതിഭേദങ്ങളെയും ആൺകോയ്മയെയും നിലനിർത്തി സാമൂഹിക ജീവിതവും മതജീവിതവും കുടുംബജീവിതവും ചിട്ടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ധർമ്മശാസ്ത്രവിധികളും ജാതിവിലക്കുകളും പാലിക്കേണ്ടത് തങ്ങളുടെ മതവിശ്വാസവും സാംസ്കാരിക ജീവിതബോധ്യവും സാമൂഹിക ഉത്തരവാദിത്വവുമായി ജാതിജീവിതം നയിക്കുന്ന ഹിന്ദുക്കൾ കരുതുന്നു. ഇത് വിശ്വാസവും മതജീവിതവും സാമൂഹിക ബാധ്യതയും കടമയുമായി ഹിന്ദുക്കൾ കരുതുന്നത് അത് അവരുടെ മതജീവിതത്തിന്റെ ഭാഗമായി പാലിക്കേണ്ട ജാതി ധർമ്മങ്ങളും കുലമര്യാദകളും സ്ത്രീധർമ്മങ്ങളുമായതിനാലാണ്. ഈ വിശ്വാസത്തെ അവരിൽ ഊട്ടി ഉറപ്പിക്കുന്നത് മതത്തിന്റെ രൂപത്തിൽ പ്രവർത്തിക്കുന്ന ജാതിയുടെയും ആൺകോയ്മയുടെയും ബ്രാഹ്മണ്യ പ്രത്യയബോധ്യങ്ങളും മൂല്യങ്ങളുമാണ്. ജാതിഹിന്ദുക്കളുടെ മതമൂല്യങ്ങൾ ജാതി-പുരുഷാധിപത്യ മൂല്യങ്ങളാണെന്നാണ് അംബേദ്കർ വിലയിരുത്തുന്നത്.

ജാതിമൂല്യങ്ങളെ നിരാകരിക്കണമെങ്കിൽ ജാതിയെ അടിസ്ഥാനമാക്കുന്ന സാമൂഹിക സാംസ്‌ക്കാരിക ജീവിതത്തെയും കുടുംബസംഘടനയെയും ജാതിജീവിതം നയിക്കുന്ന ഹിന്ദുക്കൾ പുതുക്കി പണിയണം. ഇതിനായി ജാതിയെ സാധൂകരിക്കുന്ന മതത്തെയും ജാതിധർമ്മങ്ങളെ മതധർമ്മങ്ങളായി പ്രചരിപ്പിക്കുന്ന മതഗ്രന്ഥങ്ങളെയും തള്ളിക്കളയണം എന്ന് അംബേദ്കർ വിലയിരുത്തുന്നു. എങ്കിൽ മാത്രമേ തുല്യതയും സാഹോദര്യവും ജനാധിപത്യവും സാമൂഹിക സഹവർത്തിത്വവും അടിസ്ഥാനമാക്കുന്ന ഒരു ദേശീയ ജനതയായി ഹിന്ദുക്കൾക്കും ജാതി മൂല്യങ്ങളെ പിൻപറ്റുന്ന എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും മാറിത്തീരാനും ഒരു ദേശീയ ജനതയുടെ ഭാഗമാകാനും കഴിയുകയുള്ളു. ജാതി നശീകരണത്തിലൂടെ മാത്രമേ ഇന്ത്യക്കാർക്ക് ഒരു ദേശീയ ജനതയായി പരിവർത്തനാത്മകമായ തുല്യതയുടെയും (Radical Equality) നിർമ്മാണാത്മകമായ സമതാ ജനാധിപത്യത്തിലും (Egalitarian Democracy) നിലനിൽക്കുന്ന ഒരു ദേശ രാഷ്ട്രത്തെ നിർമ്മിക്കാൻ കഴിയു എന്നാണ് അംബേദ്കർ തന്റെ ജാതി നിർമൂലനം എന്ന കൃതിയിൽ വ്യക്തമാക്കുന്നത്.

കീഴോർ സമൂഹങ്ങളും
സാമൂഹിക ജനാധിപത്യ രാഷ്ട്രീയവും

ബ്രാഹ്മണ്യത്തിന്റെ മൂല്യവിചാരങ്ങൾക്കും മതജീവിതത്തിനും അടിസ്ഥാനപ്പെടുത്തുന്ന ദൈനംദിന ജീവിതക്രമങ്ങളെ ആചാരമര്യാദകളും ധർമ്മാനുഷ്ഠാനങ്ങളുമായി കാണുന്ന വരേണ്യ-ഹിന്ദുജാതികൾ സനാതന ഹിന്ദുക്കളും ജാതി ഹിന്ദുക്കളുമായി നിലനിൽക്കുന്ന സാമൂഹികക്രമവും അതിന്റെ ധാർമ്മിക പദ്ധതിയും അംബേദ്കർ തുറന്നുകാണിക്കുന്നു. ജാതി ഹിന്ദുക്കൾക്കും അവർ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങൾക്കും കീഴോർ സമൂഹങ്ങളുടെ രാഷ്ട്രീയ രക്ഷാകർതൃത്വം എറ്റെടുക്കാൻ അവകാശമില്ല എന്ന് അംബേദ്കർ സ്ഥാപിക്കുന്നുണ്ട്. അടിച്ചമർത്തപ്പെട്ടവരും വിഘടിതരുമായി (Broken People) അയിത്ത ജാതികൾ മാറിയത് ജാതി ബ്രാഹ്മണ്യത്തിന്റെയും ബ്രാഹ്മണ്യമത പ്രയോഗങ്ങളുടെയും ഹിംസാത്മകമായ ആധിപത്യം മൂലമാണ്. അസ്പ്രശ്യ സമൂഹങ്ങൾക്ക് മേൽ ഭരണം നടത്താൻ ജാതി ഹിന്ദുക്കൾക്ക് അവകാശമില്ല എന്ന് അംബേദ്കർ പറയുന്നു. ജാതി വ്യവസ്ഥയും വർണ്ണ മൂല്യങ്ങളും ബ്രാഹ്മണ ആശയങ്ങളും ഒരു ആധുനിക സിവിൽ സമൂഹം സൃഷ്ടിക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും വലിയ തടസ്സമായി നിലനിൽക്കുന്നു എന്ന് അംബേദ്കർ ജാതി ഉൻമൂലനം എന്ന ഗ്രന്ഥത്തിൽ ഊന്നി പറയുന്നുണ്ട്.

സാമൂഹികമായി വേർതിരിക്കപ്പെട്ടിരിക്കുന്ന കീഴോർ സമൂഹങ്ങൾ അവരുടെ രാഷ്ട്രീയ ഭാഗദേയം സ്വയം നിർമ്മിക്കേണ്ടതുണ്ട്. അതിനായി അവർ രാഷ്ട്രിയമായി വേർതിരിയണം എന്ന് അംബേദ്ക്കർ പ്രഖ്യാപിക്കുന്നുണ്ട്.

ജാതിവിവേചനത്തിനും സാമൂഹിക പുറംന്തള്ളലിനും വിധേയമായി അടിച്ചമർത്തപ്പെട്ടവർ അയിത്തക്കാരായി സാമൂഹികമായി വേതിരിക്കപ്പെട്ടിരിക്കുന്നു. സാമൂഹികമായി വേർതിരിക്കപ്പെട്ടിരിക്കുന്ന കീഴോർ സമൂഹങ്ങൾ അവരുടെ രാഷ്ട്രീയ ഭാഗദേയം സ്വയം നിർമ്മിക്കേണ്ടതുണ്ട്. അതിനായി അവർ രാഷ്ട്രിയമായി വേർതിരിയണം എന്ന് അംബേദ്ക്കർ പ്രഖ്യാപിക്കുന്നുണ്ട്. സ്വാതന്ത്ര്യവും തുല്യതയും പാരസ്പര്യപ്പെടുന്ന സാമൂഹ്യ ജനാധിപത്യവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന സിവിൽ അവകാശങ്ങളും തുല്യപൗരത്വവും കീഴോർ സമൂഹങ്ങളുടെ രാഷ്ട്രീയ ജനാധിപത്യ അന്വേഷണങ്ങളെയും വിമോചന വഴികളെയും സാമൂഹിക നീതി ജനാധിപത്യവും സമതാ രാഷ്ട്രീയ ഭാവനകളുമായി വികസിപ്പിക്കും. ഇതിനായി കീഴോർസമൂഹങ്ങൾ പ്രാതിനിധ്യ പങ്കാളിത്ത ജനാധിപത്യത്തിനായി രാഷ്ട്രീയമായി വേർതിരിഞ്ഞ് സ്വാതന്ത്ര്യത്തെ വിമോചനാത്മക തുല്യതയും ജനായത്തത്തെ സമതാ ജനാധിപത്യമായും പരിവർത്തിപ്പിക്കണം. സാമൂഹിക ജനാധിപത്യവും രാഷ്ട്രീയ ജനാധിപത്യവും പരസ്പര പൂരകമായി പ്രവർത്തിക്കുന്ന രാഷ്ട്രീയത്തിനു മാത്രമെ തുല്യതയിലും നീതിയിലും അടിസ്ഥാനപ്പെടുന്ന ദേശീയതയും ദേശരാഷ്ട്ര സങ്കല്പവും നിർമ്മിക്കാൻ കഴിയു എന്നാണ് അംബേദ്കർ ജാതി ഉന്മൂലനം എന്ന പുസ്തകത്തിൽ അടിവരയിട്ട് പറയുന്നത്.

ചരിത്രപരമായ അസമത്വം മൂലം വിഭവങ്ങളിൽ നിന്നും സാംസ്കാരിക സാമ്പത്തിക മൂലധനങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ടവരാണ് അയിത്തജാതി സമൂഹങ്ങൾ. ജാതിബന്ധങ്ങളുടെ ഹിംസാത്മകമായ പ്രയോഗവും പുറന്തള്ളൽ വ്യവസ്ഥയുമായി അയിത്തം പ്രയോഗിക്കപ്പെടുന്നു. ഹീനതയും സാമൂഹിക അപരവൽക്കരണവും ബ്രാഹ്മണ്യം സൃഷ്ടിച്ച ശുദ്ധിവരേണ്യതയുടെയും ഹിംസാരൂപങ്ങളുടെയും ഉൽപന്നമാണ്. അധികാര കോയ്മയുടെ അനുദിന ഹിംസകളുടെ ചരിത്രഭാരവും സാമൂഹിക ദുരിതങ്ങളുടെ വർത്തമാനത്തിലും ഇന്ത്യൻ ഗ്രാമങ്ങളിൽ അയിത്തജാതിക്കാർ തളച്ചിടപ്പെട്ടിരിക്കുന്നു. കീഴോർ സമൂഹങ്ങളുടെ മേലുള്ള ജാതിഹിംസകളെയും മർദ്ദനമുറകളെയും ദൈവനിശ്ചിതവും സ്വാഭാവികവുമായി കാണുന്ന തരത്തിൽ ജാതി ഹിന്ദുധർമ്മങ്ങൾ അവയെ സാമാന്യ ബോധമാക്കി സ്വാഭാവിക പ്രകൃതവുമായി നിലനിർത്തുന്നു. ഘടനാപരമായ ചൂഷണത്തെയും ഹിംസാ വ്യവസ്ഥയെയും ധർമ്മവും വിധിയുമായി ന്യായീകരിക്കുകയും സാംസ്കാരികമായി സാധുകരിക്കുകയും ചെയ്യുന്നതാണ് ബ്രാഹ്മണ്യത്തിന്റെ ദർശനപദ്ധതികളും സാഹിത്യങ്ങളും. ജാതിബോധം പൊതുബോധമായി പ്രവർത്തിക്കുന്നു. പുറന്തള്ളൽ- അടിച്ചമർത്തൽ രീതികൾ അനുഷ്ഠാനപരവും സ്വഭാവിക സാമൂഹികജീവിതവുമായി മാറ്റുന്നു. ജാതി ഹിംസകളെ സ്വാഭാവികമാക്കി സമൂഹത്തെ നിരന്തരം സമ്മതിപ്പെടുത്തുന്ന സാമൂഹിക ബോധനമാണ് ബ്രാഹ്മണ്യ ആശയങ്ങൾ ചരിത്രപരമായി നിർമ്മിക്കുന്നതും നിലനിർത്തുന്നതും. ജാതി- ഹിന്ദു ധർമ്മങ്ങൾക്കും ത്രൈവർണ്ണിക മതമൂല്യങ്ങൾക്കും ജാതിഹിന്ദുക്കളുടെ ജാതി അവകാശങ്ങളെയും അവർ കീഴോർ ജാതികളുടെ മേൽ ഏർപ്പെടുത്തുന്ന ഹിംസകളെയും ജാതി വരേണ്യരുടെ പരമാധികാരത്തെയും സാമൂഹികമായി ശരികേടാണെന്നു പറയുന്ന ഒരു ധാർമ്മിക സംസ്കാരമില്ല. ജാതിഹിന്ദുക്കളുടെ സാമാന്യബോധം വിവേചനത്തെ മതധർമ്മവും സാമൂഹികമായി ശരിയുമാണെന്നു വിചാരിക്കുന്ന ഒരു പൊതുബോധമാണ്. ജാതിഹിന്ദുക്കൾക്ക് ധാർമ്മികവും നൈതികവുമായ ഒരു പൊതുബോധമില്ല, ജാതിവരേണ്യബോധം മാത്രമേയുള്ളു. ഇതുമൂലം ജാതിജീവിതം നയിക്കുന്ന ഇന്ത്യക്കാർക്ക് ജാതിരഹിതവും ആണത്ത അധികാര വിമുക്തവുമായ ഒരു പൗരസമൂഹത്തെ സൃഷ്ടിക്കാനും സമതയിലും മൈത്രിയിലും നിലനിൽക്കുന്ന ഒരു സാമൂഹിക ജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കാനും, അവർ ജാതിജീവിതം നയിക്കുന്നതുമൂലം സാധ്യമല്ലാതെവരുന്നു. സാമൂഹിക ജനാധിപത്യ സങ്കൽപത്തിലൂടെ മാത്രമെ തുല്യതയുള്ള ഒരു സിവിൽ സമൂഹമായി മാറാൻ ഇന്ത്യക്കാർക്ക് സാധ്യമാകുകയുള്ളൂ. സമതയിൽ അധിഷ്ഠിതമായ സാമൂഹിക ജനാധിപത്യത്തിൽ നിലനിൽക്കുന്ന രാഷ്ട്രിയ ജനാധിപത്യ ക്രമത്തിൽ മാത്രമേ തുല്യ പൗരത്വം സാമൂഹികമായി നീതിപരമായി വിനിമയം ചെയ്യപ്പെടുകയുള്ളു. കീഴാള - ന്യൂനപക്ഷ സമൂഹങ്ങൾക്ക് തുല്യ പൗരത്വം ലഭ്യമാകണമെങ്കിൽ സാമൂഹിക തുല്യതയിൽ നിലനിൽക്കുന്ന സാമൂഹിക ജനാധിപത്യം പൗര ജീവിതത്തിന്റെ ദൈനംദിന ജീവിത ഇടപാടുകളിൽ സൃഷ്ടിക്കപ്പെടണം എന്നതാണ് അംബേദ്കറുടെ സാമൂഹിക ജനാധിപത്യത്തെപ്പറ്റിയുള്ള ഉൾക്കാഴ്ച. തുല്യ പൗരത്വവും സാമൂഹിക തുല്യതയിൽ നിലനിൽക്കുന്ന സാമൂഹിക ജനാധിപത്യത്തിലും മാത്രമേ പൗരത്വം സാമൂഹികമായി തുല്യമായി ലഭ്യമാകുന്ന ഒരു അവകാശമായി നിലനിൽക്കുകയുള്ളൂ.

ജാതിഹിന്ദുക്കളുടെ കോയ്മാ വിജ്ഞാനത്തെയും അവർ നിലനിർത്തിയ ചരിത്ര സാംസ്കാരിക അധീശത്വ വ്യാഖ്യാനങ്ങളെയും വിശ്വംസകമായി അഭിമുഖീകരിക്കുവാൻ കീഴാള ബൗദ്ധിക മണ്ഡലം ശ്രമിച്ചിരുന്നു.

സാംസ്കാരിക ദേശീയതയും
കീഴാള ജ്ഞാനമണ്ഡലവും

ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ജാതിമൂല്യങ്ങൾ മതമൂല്യങ്ങളായി നിലനിൽക്കുന്ന ധാർമ്മികവിചാരങ്ങളും സാംസ്കാരിക ബോധ്യങ്ങളുമാണ് പ്രസരിപ്പിക്കുന്നത്. ചരിത്രപരമായ വികാസ പരിണാമങ്ങൾ സമൂഹത്തിലും അധികാരഘടനയിലും സമ്പദ് ക്രമത്തിലും നടന്നപ്പോഴും ഇന്ത്യൻ സാമൂഹിക സാംസ്കാരിക ജീവിതത്തെ നിർണ്ണയനം ചെയ്തത് ജാതി പുരുഷാധിപത്യ മൂല്യങ്ങളും അടിച്ചമർത്തലും പുറന്തള്ളലുമായി പ്രവർത്തിച്ച പ്രത്യയബോധങ്ങളും സാംസ്കാരിക പ്രബോധന രീതികളുമായിരുന്നു. ബ്രാഹ്മണ്യ- ഹിന്ദുമതത്തിന്റെ പ്രത്യയബോധവും സംസ്കാരവുമായി ചരിത്രപ്രക്രിയയിൽ ഇടപെട്ട ധാർമ്മിക മൂല്യങ്ങളും അനുഷ്ഠാന പദ്ധതിയും തത്വചിന്താ വിചാരങ്ങളും ബ്രാഹ്മണ്യത്തിന്റെ ആശയങ്ങളും പ്രയോഗ രീതികളുമായി വികസിച്ചുവന്നു. പ്രാദേശിക സംസ്കാരങ്ങളെയും തദ്ദേശീയമായ ജീവിതബോധ്യങ്ങളെയും ഭൗതിക ജീവിത ക്രമങ്ങളെയും അബ്രാഹ്മണ ചിന്താപദ്ധതികളെയും അനുഷ്ഠാന ക്രമങ്ങളെയും ഉദ്ഗ്രഥിക്കുകയും കൂട്ടിനിർത്തുകയും പുനഃക്രമീകരിക്കുകയും ചെയ്തത് ഇതിഹാസ പുരാണങ്ങളുടെയും സംസ്കൃത വേദപാരമ്പര്യങ്ങളുടെയും ദൈവശാസ്ത്ര പദ്ധതികളിലൂടെയും അനുഷ്ഠാന മീമാംസക രൂപങ്ങളിലൂടെയുമായിരുന്നു. ഈ സാഹിത്യ രൂപങ്ങളെയും ധർമ്മശാസ്ത്ര നിയമ സംഹിതകളെയും ദാർശനിക ചിന്തകളെയും അംബേദ്കർ വിമർശനാത്മകമായി അപഗ്രഥിക്കുകയും അവ ജാതി ബ്രാഹ്മണ്യത്തിന്റെയും ബ്രാഹ്മണ്യ പുരുഷാധിപത്യത്തിന്റെയും ആധിപത്യം നിലനിർത്താനും ഇതിനെതിരായി വരുന്ന നീതി ബോധ്യങ്ങളെയും ചിന്താ പദ്ധതികളെയും ഹീനമായി പുറന്തള്ളി അപരമാക്കാനും വ്യവസ്ഥപ്പെട്ടിരിക്കുന്ന പ്രതിവിപ്ലവ മത തത്വശാസ്ത്രമായിട്ടാണ് അംബേദ്കർ വിലയിരുത്തിയിട്ടുള്ളത്. ഈ ചിന്താപദ്ധതികളെയും അതിന്റെ പ്രത്യയബോധ്യആധിപത്യത്തെയും നിരാകരിച്ചു കൊണ്ടേ ഇന്ത്യയിൽ ഒരു ജനാധിപത്യ സമൂഹം പിറവികൊള്ളൂ എന്നാണ് അംബേദ്കർ വിശദീകരിച്ചിട്ടുള്ളത്.

ജാതിഹിന്ദുക്കളുടെ കോയ്മാ വിജ്ഞാനത്തെയും അവർ നിലനിർത്തിയ ചരിത്ര സാംസ്കാരിക അധീശത്വ വ്യാഖ്യാനങ്ങളെയും വിശ്വംസകമായി അഭിമുഖീകരിക്കുവാൻ കീഴാള ബൗദ്ധിക മണ്ഡലം ശ്രമിച്ചിരുന്നു. ബ്രാഹ്മണ്യ വിജ്ഞാനത്തെ രാഷ്ട്രീയമായി വിമർശിച്ചുകൊണ്ടായിരുന്നു കീഴാള-ബൗദ്ധികമണ്ഡലം ഒരു വിമർശ എഴുത്തു സംസ്കാരം രൂപപ്പെടുത്തിയത്. ജോതിബാ ഫുലെ, സ്വാമി അച്ചുതാനന്ദ്, അയോത്തി ദാസ് പണ്ഡിതർ, തന്തൈപെരിയാർ ഇ. വി. ആർ, നാരായണ ഗുരു, സഹോദരൻ അയ്യപ്പൻ മുതലായവർ ഇതിൽ പ്രധാനികളാണ്. പ്രാചീന മധ്യകാല ഹൈന്ദവമൂല്യങ്ങളെയും ത്രൈവർണ്ണിക സാമൂഹിക സാമ്പത്തിക കോയ്മയെയും സംസ്കൃത പാഠപാരമ്പര്യങ്ങളെയും വിജ്ഞാനമാക്കുന്ന വരേണ്യ സാംസ്ക്കാരത്തെ അടിസ്ഥാനമാക്കുന്ന ദേശീയതാസങ്കല്പങ്ങളെ അപനിർമ്മിക്കുന്ന ജ്ഞാനപാരമ്പര്യവും ചരിത്രവ്യവഹാരങ്ങളുമാണ് ഇവർ സൃഷ്ടിച്ചത്. ഇവരുടെ രാഷ്ട്രീയ ബോധ്യങ്ങളെയും ബ്രാഹ്മണ്യ വിരുദ്ധ പ്രത്യയശാസ്ത്രത്തെയും കീഴാള ബഹുജനങ്ങൾ കൊളോണിയൽ പൊതുമണ്ഡലത്തിൽ സാമൂഹിക നീതിയുടെയും ജാതിവിരുദ്ധ ജനാധിപത്യ ചിന്തയുടെയും വിമോചന രാഷ്ട്രീയമായി വികസിപ്പിച്ചു. പാശ്ചാത്യ ചിന്തകളെയും കോളോണിയൽ ആധുനികതയുടെ നൈതിക മൂല്യങ്ങളെയും സാമൂഹിക സമത്വത്തിനായുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊളോണിയൽ പരിസരത്തിൽ ബ്രാഹ്മണ്യ ദേശീയതയ്ക്കെതിരായി കീഴാള പ്രസ്ഥാനങ്ങൾ ജാതിവിരുദ്ധ ജനാധിപത്യവും സാമൂഹിക നീതിയിലൂന്നുന്ന സമത സങ്കല്പവും സാമൂഹിക ജനാധിപത്യവുമായി പുനർവിന്യസിച്ചു. ഇതിനാവശ്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ദർശനവും രൂപപ്പെടുത്തിയത് അംബേദ്കറായിരുന്നു. കൊളോണിയൽ പൊതുമണ്ഡലത്തിൽ കീഴാള പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ചത് ജനാധിപത്യ ഭാവനയുടെയും സമനീതി സാമൂഹികതയുടെയും ദേശീയ ബോധ്യത്തിന്റെ രാഷ്ട്രീയ നൈതികതയായിരുന്നു.

ജനാധിപത്യത്തിന്റെ സാമൂഹിക വിനിമയങ്ങളിൽ വ്യക്തികൾ നിലനിർത്തേണ്ട മൂല്യമായി മൈത്രിയും അനുകമ്പയും കരുണാവബോധവും സ്ഥാനപ്പെടേണ്ടതുണ്ട് എന്ന് അംബേദ്കർ അടിവരയിട്ടു പറയുന്നു. സിവിൽ സമൂഹത്തിന്റെ മൂല്യമായിട്ടാണ് ഇത് വികസിച്ചു വരേണ്ടത് എന്നാണ് അംബേദ്കർ പറയുന്നത്.

ജനതയും സമതയും ജനാധിപത്യവും

ജനതയും സമതയും പാരസ്പര്യപ്പെടുന്ന ഒരു ജനാധിപത്യ ഭാവനയായി സാമൂഹികതയെയും നീതിയെയും പാരസ്പര്യപ്പെടുത്തി സാമൂഹിക ജനാധിപത്യത്തെ (social democracy) രാഷ്ട്രീയ ജനാധിപത്യത്തിന്റെ അടിത്തറയാക്കാനാണ് കീഴോർജനതകളുടെ മുന്നേറ്റങ്ങൾ ശ്രമിച്ചത്. ഇതിനാവശ്യമായ രാഷ്ട്രീയദർശനം അംബേദ്കറുടെ ജനാധിപത്യ ദർശനത്തിലാണ് സ്ഥാനപ്പെട്ടിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി സമതാ സങ്കല്പവും സാമൂഹിക തുല്യതയെയുമായിരുന്നു കീഴാള പ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. സാമൂഹിക നീതിയും സാമൂഹിക ജനാധിപത്യവും കൂടിനില്ക്കുന്ന ദേശീയതാ സങ്കല്പവും സാമൂഹികമൈത്രിയെ അടിസ്ഥാനമാക്കുന്ന സാഹോദര്യ ചിന്തയുമായിരുന്നു ഇതിന്റെ ദാർശനിക അടിത്തറ. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് രൂപപ്പെടേണ്ട സാഹോദര്യത്തെയും മൈത്രീബോധത്തെയും ആധുനികമായ ദേശീയതാസങ്കല്പത്തിലേക്ക് വിളക്കി ചേർത്തത് അംബേദ്ക്കറുടെ രാഷ്ട്രീയ ദർശനമാണ്. കീഴാള സമൂഹങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ബ്രാഹ്മണ്യ വിരുദ്ധവും ജാതിവിരുദ്ധവുമായ ജനാധിപത്യ സമരങ്ങളിലൂടെയായിരുന്നു ഇത് ആധുനിക ഇന്ത്യയിൽ വികസിച്ചുവന്നത്. സാമൂഹിക ജനാധിപത്യം സഹ മനുഷ്യരോടും സഹോദര സമുദായങ്ങളോടും പുലർത്തേണ്ട മൈത്രീ ബന്ധവും വ്യക്തികൾ സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട കരുണാവബോധവും സാമൂഹിക ഇടപാടുകളിലെ അനുകമ്പാ വിചാരവുമാണ്. ഇതാണ് സാമൂഹിക ജനാധിപത്യത്തെ അടിസ്ഥാനമാക്കുന്ന കീഴാള സമുദായങ്ങളുടെ ദേശീയതാ സങ്കല്പത്തിന്റെ കാതലായി അംബേദ്കർ മുന്നോട്ടുവച്ചത്. സാമൂഹിക ജനാധിപത്യത്തിന്റെ ദാർശനിക അടിത്തറ സാമൂഹിക മൈത്രിയുടെ മൂല്യമണ്ഡലമാണ് എന്ന് 'ബുദ്ധനും ബുദ്ധ ധർമ്മവും' എന്ന കൃതിയിൽ അംബേദ്കർ വിശദീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ സാമൂഹിക വിനിമയങ്ങളിൽ വ്യക്തികൾ നിലനിർത്തേണ്ട മൂല്യമായി മൈത്രിയും അനുകമ്പയും കരുണാവബോധവും സ്ഥാനപ്പെടേണ്ടതുണ്ട് എന്ന് അംബേദ്കർ അടിവരയിട്ടു പറയുന്നു. സിവിൽ സമൂഹത്തിന്റെ മൂല്യമായിട്ടാണ് ഇത് വികസിച്ചു വരേണ്ടത് എന്നാണ് അംബേദ്കർ പറയുന്നത്. എന്നാൽ മാത്രമേ തുല്യ പൗരത്വം സാമൂഹികമായി സാഹോദര്യ ബോധമായി വിനിമയം ചെയ്യപ്പെടുകയുള്ളു. സാമൂഹിക ജനാധിപത്യത്തിൽ ഊന്നുന്ന തുല്യ പൗരത്വ സങ്കല്പത്തിൽ മാത്രമേ സാഹോദര്യം ജനാധിപത്യ മൂല്യമാകുകയുള്ളു. സാമൂഹിക ജനാധിപത്യത്തിലും തുല്യ പൗരത്വത്തിലും അടിയുറച്ചു നില്ക്കുന്ന ഒരു രാഷ്ടിയ ജനാധിപത്യ ഇന്ത്യയെ നിർമ്മിക്കാനാണ് അംബേദ്കർ ദേശീയത എന്ന സങ്കല്പത്തെ നിർവ്വചിച്ചത്.

ത്രൈവർണ്ണിക ജാതിസമൂഹങ്ങളുടെ ലോകബോധം ബ്രാഹ്മണ്യത്തിന്റെ മേൽ കീഴ് ബോധമായതിനാൽ സമൂഹത്തിൽ തുല്യനീതി പുലരുന്ന സാമൂഹിക ജനാധിപത്യത്തെ ബ്രാഹ്മണ്യ ജാതി ബോധമുള്ളവർ എതിർക്കുന്നു. ജാതികോയ്മകളെ തകർക്കുന്ന മൂല്യമാണ് സാമൂഹിക ജനാധിപത്യത്തിന്റേത് എന്ന കാര്യം ഏറ്റവും കൂടുതൽ അറിയാവുന്നത് ജാതി ബ്രാഹ്മണ്യത്തിന്റെ വക്താക്കൾക്കാണ്. സാമൂഹിക ജനാധിപത്യ ആശയങ്ങൾ തടയുന്ന തരത്തിൽ ഒരു വരേണ്യ ദേശീയ സങ്കല്പവും ജാതി ഹിന്ദു പ്രത്യയശാസ്ത്രവും ദേശീയതയുടെ മൂല്യമണ്ഡലത്തിൽ സംസ്കാരവും ദേശീയതയുമായി ശക്തമായി നിലനിർത്തി കൊണ്ടാണ് ഇന്ത്യയിൽ രാഷ്ട്രീയ പരിഷ്ക്കരണത്തിനായ ആവശ്യങ്ങൾ വരേണ്യരായ ദേശീയവാദികൾ ഉന്നയിച്ചിരുന്നത്. സവർണ്ണ ഹിന്ദുക്കളുടെ ചരിത്ര ഭൂതകാലത്തെയും സംസ്കാരിക ജീവിതത്തെയും എഴുത്തു പാരമ്പര്യത്തെയും സാഹിത്യ ദാർശനിക ചിന്തകളെയും ഇന്ത്യൻ സംസ്കാരമായി അവതരിപ്പിച്ച് അത് ദേശീയതയുടെ സാംസ്ക്കാരിക സ്രോതസ്സാക്കാനാണ് ബ്രിട്ടീഷ് ഭരണകാലത്ത് ശ്രമങ്ങൾ ഉണ്ടായിവന്നത്. വരേണ്യ ഹിന്ദു പരിഷ്ക്കർത്താക്കളും ദേശീയവാദികളും ശ്രമിച്ചത് ഇതേ സാംസ്കാരിക മൂല്യങ്ങളിലൂന്നി നിന്നുകൊണ്ടായിരുന്നു. സാമൂഹിക ജീവിതത്തിൽ വ്യക്തികളും വിവിധ സമുദായിക വിഭാഗങ്ങളും പരസ്പരം ദൈനംദിന ഇടപാടുകളിൽ പുലർത്തേണ്ട സിവിൽ സമൂഹ ബന്ധമായി സാമൂഹിക ജനാധിപത്യം വളർന്നു വരുന്നതിന് ജാതി ബ്രാഹ്മണ്യ പ്രത്യയശാസ്ത്രവും അതിന്റെ രാഷ്ട്രിയ പ്രയോഗ രൂപങ്ങളും ജനാധിപത്യത്തിന്റെ എതിർ പക്ഷത്താണ് നിലകൊണ്ടത്. സമകാലിക ഇന്ത്യയിൽ ഹിന്ദുത്വരും ഹിന്ദു രാഷ്ട്ര പ്രത്യയശാസ്ത്രവും സാമൂഹിക ജനാധിപത്യത്തെയും സാമൂഹിക നീതിയെയും ഇല്ലായ്മ ചെയ്തുകൊണ്ടാണ് സമഗ്രാധിപത്യ ഭൂരിപക്ഷ ഏകമതരാഷ്ട്രത്തെ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.


Summary: The ideologies of Hindutva and Hindu Rashtra are constructing a totalitarian, mono-religious state with a majority, aiming to eliminate social democracy and social justice. Dr. K.S. Madhavan writes


ഡോ. കെ.എസ്. മാധവൻ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്‌കാരിക വിമർശകൻ. കാലിക്കറ്റ് സർവകലാശാല ചരിത്രപഠന വകുപ്പിൽ പ്രൊഫസർ.

Comments