ഇന്ത്യ മുസ്‌ലിം വിരുദ്ധമാവുകയാണെങ്കിൽ പ്രവാസത്തിന്റെ ഭാവി

കൊറോണക്കാലത്ത് അന്ധമായ മുസ്ലിം വിരോധവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സംഘപരിവാർ കേന്ദ്രങ്ങൾ ഇന്ത്യയുടെ, കേരളത്തിന്റെ, പ്രവാസ ജീവിതത്തിന്റെ ഭാവിയെത്തന്നെ ഇല്ലാതാക്കുകയാണ് എന്ന് പറയുകയാണ് എഴുത്തുകാരനായ ബെന്യാമിൻ. നൂറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിന്റെയും കച്ചവടത്തിന്റെയും പ്രവാസത്തിന്റെയും ചരിത്രമാണ് അറബ് നാടുകൾക്കും ഇന്ത്യയ്ക്കും ഇടയിലുള്ളത്. ഈ സൗഹൃദത്തിന്റെ വർത്തമാനത്തിലാണ് കൊവിഡ് കാലത്ത്, തബ്ലീഗ് സമ്മേളനത്തിന്റെ പേരിൽ സംഘപരിവാർ അറബ് ലോകത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ മുസ്ലിം വെറുപ്പ് പ്രചരിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ എല്ലാ മതവിഭാഗത്തിൽപ്പെട്ട ഇന്ത്യക്കാരുടെയും നിലനിൽപ്പിനെയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെത്തന്നെയും ബാധിക്കുന്ന പ്രവർത്തിയാണിതെന്നും വെറുപ്പിന്റെ പ്രചാരകർ ഇതിൽ നിന്ന് പിൻമാറണമെന്നും ബെന്യാമിൻ പറയുന്നു.

നാം കടന്നുപോകുന്ന കാലത്തിന്റെ ദുരന്താവസ്ഥയെ വാക്കുകൾ കൊണ്ട് വരച്ചിടാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. മനുഷ്യൻ മനുഷ്യനെ താങ്ങുകയും തണലാവുകയും സ്‌നേഹം പ്രസരിപ്പിക്കുകയും ചെയ്യേണ്ട കാലം. കേരളത്തിന്റെ സ്ഥലപരിധിയ്ക്കുള്ളിൽ രോഗവ്യാപനം പിടിച്ചു നിറുത്താൻ ഇതുവരെ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രവാസലോകം കടുത്ത ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. പ്രത്യേകിച്ച് ഗൾഫ് ദേശങ്ങളിൽ ആയിരിക്കുന്നവർ.

അതിനിടെ കോവിഡ് കാരണം കേരളത്തിൽ മരണപ്പെട്ടതിന്റെ എത്രയോ മടങ്ങ് മലയാളികളാണ് പുറംദേശത്ത് മരണപ്പെട്ടത്. അവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പോലും കഴിയാത്തതിന്റെ സങ്കടം വേറെ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ഏറെ ഗുരുതരമായിരിക്കുന്നു. നമുക്ക് മുന്നിലുള്ള ലോകരാജ്യങ്ങളുടെ പേടിപ്പിക്കുന്ന ചിത്രങ്ങൾ വരും ദിവസങ്ങളെ കൂടുതൽ ഭയത്തോടെ നോക്കിക്കാണാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.
എന്നാൽ ഈ മഹാവിപത്തിന്റെ കാലത്തും വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനാണ് ചിലർ ശ്രമിക്കുന്നത് എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അതേസമയം ഏറെ ആകുലപ്പെടുത്തുന്നതും.

തബ്ലീഗ് ജമാഅത്ത്കാരാണ് ഇന്ത്യയിൽ കോവിഡ് രോഗം പരത്തിയത് എന്ന മട്ടിൽ ചിലർ പ്രചരണം അഴിച്ചു വിട്ടതും അവരെ തീവ്രാവാദികൾ എന്ന് ചില സംഘപരിവാർ കേന്ദ്രങ്ങൾ വിശേഷിപ്പിച്ചതുമാണ് അറബികളെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നത്.

ഒരു പഴയ കഥ ഓർമ്മിക്കുകയാണ്. തൊണ്ണുറ്റി രണ്ട് ഏപ്രിലിലാണ് ഞാൻ ഗൾഫിൽ എത്തുന്നത്. അക്കാലത്ത് അഹമ്മദ് എന്നൊരു അറബി പയ്യനുമായി സൗഹൃദത്തിലായി. മൂത്ത കസിന്റെ കച്ചവടത്തിലെ പങ്കാളി എന്ന നിലയിലാണ് എനിക്ക് അവനെ പരിചയം. ഞാനന്ന് കമ്പിനിയുടെ ബാച്ച്‌ലർ അക്കോമഡേഷനിൽ ആണ് താമസം. ഇടക്കിടെ അഹമ്മദ് അവിടെ വരും. ലക്ഷ്യം ഒന്നുമാത്രം. നല്ല എരിവുള്ള നമ്മുടെ നാടൻ മീൻ കറിയും അല്ലെങ്കിൽ തേങ്ങാക്കൊത്തിട്ട് പൊരിച്ച ബീഫും പൊറോട്ടയും കഴിക്കണം. ഒരു പോഷ് അറബി പയ്യനോ എന്നു ചോദിച്ചാൽ അതെ എന്നാണുത്തരം. പകരം അവൻ ഞങ്ങളെ അവന്റെ മുന്തിയ കാറിൽ കയറ്റി (ആദ്യമായി വലിയ വിലകൂടിയ കാറിൽ കയറുന്നത് അഹമ്മദിന്റെ വണ്ടിയിലാണ്) കെ.എഫ്.സി, പിസ, ഗ്രിൽ ചിക്കൻ തുടങ്ങിയ ഞാനതുവരെ കണ്ടിട്ടില്ലാത്ത വൈദേശിക ഭക്ഷണങ്ങൾ വാങ്ങിത്തരും.

ആ വർഷം അവസാനമാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്. ഗൾഫിലുള്ള ഇസ്ലാം ഇതര മതസ്ഥർ ഇത്തിരി ഭയന്ന കാലം. എങ്ങനെയാണ് അവർ അതിനോട് പ്രതികരിക്കുന്നത് എന്നറിയില്ലല്ലോ. എന്നാൽ അഹമ്മദ് ആ ദിവസങ്ങളിലും വന്നു. ഞങ്ങളുടെ മെസിൽ ഇരുന്ന് പതിവു പോലെ പൊറൊട്ടയും ബീഫും കഴിച്ചു. വർത്തമാനം പറഞ്ഞു. സുലൈമാനി കുടിച്ചു. ഇടയ്ക്ക് ഞാൻ ഭയത്തോടെ ഇന്ത്യയിൽ നടന്ന സംഭവത്തിനോട് അവന്റെ പ്രതികരണം അരാഞ്ഞു. എന്നാൽ അവനതിനെ ഒട്ടും ഗൗരവമായി എടുത്തതേയില്ല. അതവനെയോ അവന്റെ സമൂഹത്തെയോ അവന്റെ മതത്തെയോ ബാധിക്കുന്ന പ്രശ്‌നമായി കണക്കാക്കിയതുമില്ല. അവൻ മാത്രമല്ല അറബ് ലോകം പൊതുവേ എടുത്ത നിലപാട് അതുതന്നെയായിരുന്നു.

പിന്നെ ഇരുപത്തിയൊന്ന് വർഷക്കാലം ഗൾഫിൽ ഉണ്ടായിരുന്നു. എത്രയോ അറബികളെ പരിചയപ്പെട്ടു. സൗഹൃദത്തിലായി. അർഹതയില്ലാത്ത ബോണസ് പോലും വർഷാവർഷം വാങ്ങിത്തരുമായിരുന്ന അബ്ദുള്ള മുബാറക് എന്ന മേലുദ്യോഗസ്ഥൻ, ഭാര്യയ്ക്ക് ഒരു വിസ സംഘടിപ്പിച്ചു തന്ന അലി എന്ന സെക്യുരിറ്റി ജീവനക്കാരൻ, ആ നാടിന്റെ ഒത്തിരി കഥകൾ പറഞ്ഞു തന്ന മറ്റൊരു അലി, കവികൾ, സാംസ്‌കാരിക പ്രവർത്തകർ അങ്ങനെ ഓർത്തെടുക്കാൻ എത്രയോ സൗഹൃദങ്ങൾ, ബന്ധങ്ങൾ. ഒരാളും ഒരിക്കലും മതം പറഞ്ഞ് അകറ്റി നിറുത്തിയിട്ടില്ല. ഏത് ജാതി ആയാലും മതം ആയാലും ഇന്ത്യക്കാർ ഇന്ത്യക്കാർ മാത്രമായിരുന്നു. മറ്റിടങ്ങളിലേക്കൊന്നും ചികഞ്ഞ് നോക്കാൻ അവർ മെനക്കെട്ടില്ല. ഹിന്ദി സിനിമകളുടെ റിലീസിംഗ് ഒഴികെ ഇന്ത്യയിൽ നടക്കുന്നതൊന്നും അവരെ ബാധിക്കുന്നതായി തോന്നിയിട്ടുമില്ല.
അറബ് ദേശങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് എത്ര നൂറ്റാണ്ടുകളായി. ഓയിൽ കാലത്തിനും മുന്നേ തുടങ്ങിയ കച്ചവടബന്ധമാണത്. അതിനുള്ളിൽ പരസ്പരം വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു കണ്ണി വിളക്കി ചേർത്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അതിന്റെ സമ്പന്നതയുടെ കാലത്തിൽ ഇന്ത്യൻ ജനതയെ മതചിന്തകൾക്കതീതമായി സ്വീകരിക്കാൻ അവർ തയ്യാറായിട്ടുള്ളതും.

ഇതിനിടയിൽ ഒരിക്കലും ഇന്ത്യയെ പ്രതികൂട്ടിൽ നിറുത്തി അറബ് ദേശം സംസാരിച്ചിട്ടേയില്ല. ഗുജറാത്ത് കലാപ കാലത്തോ ബീഫിന്റെ പേരിലുള്ള ജനക്കൂട്ട ആക്രമണങ്ങളുടെ കാലത്തുപോലുമോ ഏതെങ്കിലും അറബ് പൗരപ്രമുഖരോ എഴുത്തുകാരോ ഇന്ത്യക്കെതിരെ സംസാരിച്ചതായി നാം ആരും കേട്ടിട്ടില്ല. അതേസമയം ഗാന്ധിജിയും അമിതാബച്ചനും കിഷോർ കുമാറും അവർക്ക് ഇന്ത്യക്കാരെക്കൾ പ്രിയമാണ് താനും.

ഗുജറാത്ത് കലാപ കാലത്തോ ബീഫിന്റെ പേരിലുള്ള ജനക്കൂട്ട ആക്രമണങ്ങളുടെ കാലത്തുപോലുമോ ഏതെങ്കിലും അറബ് പൗരപ്രമുഖരോ എഴുത്തുകാരോ ഇന്ത്യക്കെതിരെ സംസാരിച്ചതായി നാം ആരും കേട്ടിട്ടില്ല.

എന്നാൽ ഈ കോവിഡ് കാലത്ത് അറബ് ദേശത്ത് വ്യാപകമായ ഇന്ത്യ വിരുദ്ധ വികാരം, കൃത്യമായി പറഞ്ഞാൽ ആർ എസ് എസ്, സംഘപരിവാർ വിരുദ്ധ വികാരം അലയടിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ വൻ സ്വീകരണങ്ങളും രാജ്യത്തെ പരമോന്നത ബഹുമതിയും കൊടുത്താദരിച്ചിട്ട് അധികം കാലമായിട്ടില്ല എന്നുകൂടി നാം ഇതിനോടൊപ്പം ഓർക്കേണ്ടതുണ്ട്. ഇന്ത്യൻ ഇസ്ലാമിനെ സംബന്ധിച്ച് ഇന്നോളം ഗൗരവമായ ഇടപെടലുകൾ ഒന്നും നടത്തിയിട്ടില്ലാത്ത അറബ് രാജ്യങ്ങളിലെ പ്രമുഖരും ഒർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും ഇന്ത്യയിൽ ഇസ്ലാമോഫോബിയയുടെ ഭാഗമായി നടക്കുന്ന അതിക്രമങ്ങളിൽ നിന്ന് മുസ്ലിങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നു. യു. എ.ഇ രാജകുടുംബാംഗം ശൈഖ് ഹിന്ദ്, പ്രമുഖ വ്യവസായി സുഹൈൽ അൽ സറൂനി എന്നിവരും ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമിക വിദേഷ പ്രചരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു. അറബ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ഖാലിദ് അൽ മീന ആവട്ടെ ട്വീറ്റ് ചെയ്തത്, ഇന്ത്യയിലെ സ്ഥിതി വർഗ്ഗീയ കൂട്ടക്കൊലയിൽ എത്തി നിൽക്കുന്നു എന്നാണ്. സൗദി പണ്ഡിതൻ ശൈഖ് ആബീദി സഹ്റാനിയാവട്ടെ ഒരു പടി കൂടി കടന്ന് വർഗ്ഗീയത പറയുന്നവരെ രാജ്യത്തു നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.

എങ്ങനെയാണ് അറബികൾ ഇത്രവേഗം ഇന്ത്യൻ സാഹചര്യം ശ്രദ്ധിക്കുന്ന അവസ്ഥ സംജാതമായത്? ചുണ്ടയ്ക്ക കൊടുത്ത് വഴുതനങ്ങ വാങ്ങിക്കുക എന്ന നാടൻ പ്രയോഗമാണ് അതിന് ഏറ്റവും അനുയോജ്യമായത്. ബാംഗ്ലൂർ സൗത്ത് എം.പി തേജസ്വി രൂപ 2015 ൽ നടത്തിയ 'അറബി സ്ത്രീകൾ നൂറ്റാണ്ടുകളായി ഓർഗാസം അനുഭവിക്കുന്നില്ല, അവർ കുട്ടികളെ ഉല്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്' എന്ന വിവാദ പ്രസ്താവനയുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ട്വിറ്ററിൽ ഇട്ടുകൊണ്ട് കുവൈത്തിലെ പ്രമുഖ അഭിഭാഷകൻ അജ്ബല അൽ ഷരീഖ ആണ് ഈ കാംപെയ്നു തുടക്കം കുറിച്ചത്. തുടർന്ന് നൂറ അൽ ഗുറൈർ തേജസ്വിക്കെതിരെ നടപടി ആവശ്യപ്പെടുകയും അറബ് ലോകത്തെ സോഷ്യൽ മീഡിയ ആ ക്യാമ്പൈൻ വ്യാപകമായി ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. യു.എ.ഇ യിൽ താമസിക്കുന്ന ബോളിവുഡ് ഗായകൻ സോനു നിഗം ബാങ്ക് വിളിക്കെതിരെ ഇട്ട ട്വിറ്റർ കമന്റ്, അറബ് ദേശത്ത് തൊഴിൽ തേടി എത്തിയിരിക്കുന്ന സംഘപരിവാർ അനുകൂലികൾ ഫേസ്ബുക്കിൽ നടത്തുന്ന ഇസ്ലാമിക വിദ്വേഷ പോസ്റ്റുകൾ ഒക്കെ അതിനു ഊർജ്ജം പകർന്നിട്ടും ഉണ്ട്. മുൻപ് ഇന്ത്യയിൽ എന്തു സംഭവിക്കുന്നു എന്നോ ആളുകൾ എന്തെഴുതുന്നു എന്നോ അറിയുവാനുള്ള മാർഗ്ഗങ്ങൾ പരിമിതമായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ കാലത്ത് ഒന്നും രഹസ്യമല്ലല്ലോ.

Anyone that is openly racist and discriminatory in the UAE will be fined and made to leave. An example; pic.twitter.com/nJW7XS5xGx

എന്നാൽ ഇതിനൊക്ക അടിസ്ഥാന കാരണം ഇന്ത്യയിൽ ചിലർ മനപൂർവ്വം നടത്തിയ 'തബ്ലീഗ് കൊറോണ' എന്ന വ്യാപക പ്രചരണമാണ്. തബ്ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീൻ ആസ്ഥാനത്ത് രണ്ടായിരത്തോളം ആളുകൾ ലോക്ഡൗണിൽ കുടുങ്ങിപ്പോവുകയും അവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവരാണ് ഇന്ത്യയിൽ കോവിഡ് രോഗം പരത്തിയത് എന്ന മട്ടിൽ ചിലർ പ്രചരണം അഴിച്ചു വിട്ടതും അവരെ തീവ്രാവാദികൾ എന്ന് ചില സംഘപരിവാർ കേന്ദ്രങ്ങൾ വിശേഷിപ്പിച്ചതുമാണ് അറബികളെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നത്.

The ruling family is friends with Indians, but as a royal your rudeness is not welcome. All employees are paid to work, no one comes for free. You make your bread and butter from this land which you scorn and your ridicule will not go unnoticed.

അതിനു കാരണം ഇന്ത്യൻ തബ്ലീഗ് ജമാഅത്തിനെ അറബികൾക്ക് നന്നായി അറിയാമെന്നുള്ളതാണ്. കെയ്റോയിലും മലേഷ്യയിലും എന്തിന് ചില അറബ് രാജ്യങ്ങളിലും വരെ അതിന് അനുയായികൾ ഉണ്ട്. ഐ.എസിനെ പോലെയോ താലിബാനെപ്പോലയോ അവർ തീവ്രവാദികൾ അല്ലെന്നും പ്രാക്ടീസിംഗ് ഇസ്ലാമിലെ ഏറ്റവും നിഷ്‌കളങ്കരായ മനുഷ്യരാണ് തബ്ലീഗിലുള്ളതെന്നും അറബികൾ വിശ്വസിക്കുന്നു. അവർക്കെതിരെ ഒരു ആരോപണം വന്നപ്പോൾ അതുകൊണ്ടാണ് അറബികൾ സടകുടഞ്ഞെഴുന്നേറ്റത്.

അറബ് ദേശത്ത് തൊഴിൽ തേടി എത്തിയിരിക്കുന്ന സംഘപരിവാർ അനുകൂലികൾ ഫേസ്ബുക്കിൽ നടത്തുന്ന ഇസ്ലാമിക വിദ്വേഷ പോസ്റ്റുകൾ അതിന് ഊർജ്ജം പകർന്നിട്ടും ഉണ്ട്.

സത്യത്തിൽ ഇരുകൂട്ടരും ഇപ്പോൾ ഹേറ്റ് ക്യാംപെയ്ന്റെ ഭാഗമായിരിക്കുന്നു എന്നതാണ് സത്യം. ഹിന്ദുക്കൾ ഭൂരിപക്ഷമായ ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷപ്രചരണം നടക്കുമ്പോൾ ഇസ്ലാമിക ഭൂരിപക്ഷപ്രദേശമായ അറബ് ദേശത്ത് തിരിച്ചാകുന്നു. ഇതിൽ അറിഞ്ഞോ അറിയാതെയോ പ്രവാസികളും പങ്കാളികൾ ആവുന്നു. ഒരു ഭാഗത്ത് പ്രവാസലോകത്തുള്ള സംഘപരിവാർ അനുകൂലികൾ ഇസ്ലാമിനെയും അതിന്റെ വിശ്വാസങ്ങളെയും സോഷ്യൽ മീഡിയയിലൂടെ പരിഹസിക്കാൻ ശ്രമിക്കുന്നു. ഇത് കണ്ടെത്തുന്ന മുസ്ലീംങ്ങൾ അവർക്കെതിരെ കടുത്ത ക്യാമ്പൈൻ ആരംഭിക്കുകയും അവരുടെ തൊഴിൽ നഷ്ടപ്പെടുത്താൻ ഉത്സാഹിക്കുകയും ചെയ്യുന്നു. അങ്ങനെ അരഡസനോളം സംഘപരിവാർ അനുകൂലികൾക്കാണ് അടുത്തിടെ മാത്രം ജോലി നഷ്ടമായത്.

സത്യത്തിൽ രണ്ടും ഭൂരിപക്ഷവാദമാണ്. രണ്ടും അപകടകരമാണ്. തങ്ങൾ ഭൂരിപക്ഷമായിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങൾ ന്യൂനപക്ഷമായിരിക്കുന്നു. ഞങ്ങൾ പറയുന്നത് നിങ്ങൾ അനുസരിക്കുക എന്ന ഫാസിസം അതിലുണ്ട്.
കോവിഡ് എന്ന മഹാമാരി മനുഷ്യകുലത്തെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുമ്പോഴും നമുക്ക് താത്പര്യം ഇത്തരം കാര്യങ്ങളിലാണ് എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. പരസ്പരം വിദ്വേഷവും പകയും ചൊരിയേണ്ട കാലമാണോ ഇത്? മനുഷ്യകുലം ഒന്നിച്ചു നിന്ന് ചെറുക്കേണ്ട ഒന്നല്ലേ ഇത്? അങ്ങനെയുള്ള ഒരു പാരമ്പര്യമല്ലേ ഗൾഫിലെ പ്രവാസജീവിതത്തിന് എല്ലാക്കാലത്തും പറയാനുള്ളത്? ലേബർ ക്യാമ്പുകളിലും ബാച്ച്‌ലർ അക്കോമഡേഷനുകളിലും എത്രയോ പതിറ്റാണ്ടു കാലം നാം സഹകരിച്ചു ജീവിച്ചത് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയാണോ..? എനിക്കൊരാവശ്യം വരുമ്പോൾ നീയും നിനക്കൊരാവശ്യം വരുമ്പോൾ ഞാനും ഉണ്ടെന്നതായിരുന്നില്ലേ പ്രവാസകാലത്തെ നമ്മുടെ ബലം? ഒരാൾക്ക് വീട്ടിൽ ഒരാവശ്യം വന്നാൽ, വീടു പണിയാൻ, ആശുപത്രിയിൽ പോകാൻ, കല്യാണത്തിന് ഒക്കെ പരസ്പരം സഹായിച്ചതുകൊണ്ടല്ലേ നമുക്ക് ഇത്രദൂരം താണ്ടാൻ കഴിഞ്ഞത്? ഇത്രയധികം മലയാളികൾ ഗൾഫിലെത്തിയതു പോലും ഈ സഹകരണത്തിന്റെ തുടർച്ച കൊണ്ടുമാത്രമല്ലേ? അതിനു ജാതിയോ മതമോ നമുക്ക് തടസമായിട്ടുണ്ടോ? ആ സ്‌നേഹചരിത്രമെല്ലാം മറന്ന് ആരെങ്കിലും ഈ ഹേറ്റ് ക്യാമ്പൈന്റെ ഭാഗമാകുന്നു എങ്കിൽ അവർ പ്രവാസത്തിന്റെ ഭാവിയ്ക്ക് തീ കൊടുക്കുകയാണ് എന്നോർക്കണം.

കോവിഡ് ഭീതി നാളെ ഒരു ദിവസം അവസാനിച്ചേക്കാം. എന്നാൽ പിന്നെയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അറബികളുടെ മനസിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഈ സംശയം ദൂരീകരിക്കേണ്ടത് എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണ്.
അറബികൾ നിലപാട് കടുപ്പിച്ചാൽ എത്ര ലക്ഷം സാധാരണക്കാർക്കാവും തൊഴിൽ നഷ്ടമാവുക? ലോകം സാമ്പത്തികമായി തലകുത്തി വീണു കഴിഞ്ഞു എന്ന് വിദഗ്ദ്ധന്മാർ എല്ലാം പറഞ്ഞു കഴിഞ്ഞു. കൂടുതൽ വിപത്തിലേക്ക് നീങ്ങാൻ പോകുന്നു എന്ന പ്രവചനം വന്നും കഴിഞ്ഞു. ഇന്ത്യയിലെ സ്ഥിതി ഏറ്റവും പരിതാപകരമായിരിക്കാൻ ഇടയുണ്ട്. 1920 കളിലെ മഹാപട്ടിണി ആവർത്തിക്കാൻ ഇടയുണ്ട് എന്നുപോലും പ്രവചനം വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോൾ ഇക്കാലത്ത് ഒരു തൊഴിൽ എത്ര പ്രധാനപ്പെട്ടതാണ് എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതുണ്ട്. പല കാരണങ്ങൾ പറഞ്ഞ് ഗൾഫിൽ നിന്ന് അറബികൾക്ക് ഒരു വിഭാഗം ജനങ്ങളെ വേഗം ഒഴിവാക്കാം. അതുപക്ഷേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും? അത് സത്യത്തിൽ സംഘപരിവാർ ചിന്തകൾക്ക് ആക്കം കൂട്ടുന്നതായി മാറുകയില്ലേ? ഇന്ത്യൻ മുസ്ലീമിന്റെ രക്ഷയ്ക്ക് എന്ന മട്ടിൽ ഇപ്പോൾ അറബികൾ നടത്തുന്ന ക്യാംപെയ്ൻ വിപരീതഫലം സൃഷ്ടിക്കില്ലേ..?

കോവിഡ് ഭീതി നാളെ ഒരു ദിവസം അവസാനിച്ചേക്കാം. എന്നാൽ പിന്നെയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അറബികളുടെ മനസിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഈ സംശയം ദൂരീകരിക്കേണ്ടത് എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണ്.

ഇപ്പോൾ തന്നെ കോവിഡ് പരത്തിയതിനു പിന്നിൽ മുസ്ലിം ആണെന്ന് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കോവിഡാനന്തരകാലത്ത് അത് എന്തുതരം ചലനമായിരിക്കും ഭൂരിപക്ഷ മനസുകളിൽ ഉണ്ടാക്കുക എന്നാലോചിച്ചാൽ അതിന്റെ പിന്നിലെ അപകടം നമുക്ക് തിരിച്ചറിയാൻ കഴിയും. ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഒന്നാം ലോകമഹായുദ്ധ കാലത്തുണ്ടായ പട്ടിണിയും തൊഴിൽ നഷ്ടവുമാണ് നാസിസത്തിനു വളമായത്. അതിലൂടെയാണ് കച്ചവടക്കാരും പണത്തിന്റെ ഉടയോരുമായിരുന്ന ജൂതന്മാരെ വെറുക്കാനും തീവ്രദേശീയത വളർത്താനും ഹിറ്റ്‌ലർ ഫലപ്രദമായി ശ്രമിച്ചത്. ആ അപകടം ഇന്ത്യയ്ക്കു മുന്നിലുമുണ്ട്.
അതേസമയം ഹിന്ദുക്കളെ മുഴുവൻ, ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന വർഗ്ഗീയ വാദികളായി ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ അറബ് ദേശങ്ങൾക്ക് കഴിഞ്ഞാൽ അത് ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന ഇന്ത്യൻ ഡയസ്‌പോറയിലെ ഹിന്ദുമത വിശ്വാസികൾക്കുണ്ടാക്കുന്ന പോറൽ ചില്ലറ ആയിരിക്കില്ല. അതിനു നമ്മൾ അറബ് ദേശത്തു തന്നെ ആയിരിക്കണം എന്നില്ല. യൂറോപ്പിലോ അമേരിക്കയിലോ ഓസ്‌ട്രേലിയായിലോ കാനഡയിലോ ജനങ്ങൾ ഹിന്ദുക്കളെ തീവ്രവാദികൾ എന്ന് സംശയിച്ചു തുടങ്ങിയാൽ പിന്നെ ജീവിതം എത്ര ദുസ്സഹമാവും എന്നോർക്കുക.
കാലം മോശമാണ്. കോവിഡ് നമ്മെ വിഴുങ്ങിക്കളയും എന്നതുകൊണ്ടല്ല. വിദ്വേഷ പ്രചരണങ്ങൾ ദൂരവ്യാപകമായ ദുരന്തങ്ങൾക്ക് വഴിവെട്ടും എന്നതുകൊണ്ട്. ഭയപ്പെടേണ്ടതില്ല, ജാഗ്രതയുണ്ടായാൽ മതി.


Summary: കൊറോണക്കാലത്ത് അന്ധമായ മുസ്ലിം വിരോധവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സംഘപരിവാർ കേന്ദ്രങ്ങൾ ഇന്ത്യയുടെ, കേരളത്തിന്റെ, പ്രവാസ ജീവിതത്തിന്റെ ഭാവിയെത്തന്നെ ഇല്ലാതാക്കുകയാണ് എന്ന് പറയുകയാണ് എഴുത്തുകാരനായ ബെന്യാമിൻ. നൂറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിന്റെയും കച്ചവടത്തിന്റെയും പ്രവാസത്തിന്റെയും ചരിത്രമാണ് അറബ് നാടുകൾക്കും ഇന്ത്യയ്ക്കും ഇടയിലുള്ളത്. ഈ സൗഹൃദത്തിന്റെ വർത്തമാനത്തിലാണ് കൊവിഡ് കാലത്ത്, തബ്ലീഗ് സമ്മേളനത്തിന്റെ പേരിൽ സംഘപരിവാർ അറബ് ലോകത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ മുസ്ലിം വെറുപ്പ് പ്രചരിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ എല്ലാ മതവിഭാഗത്തിൽപ്പെട്ട ഇന്ത്യക്കാരുടെയും നിലനിൽപ്പിനെയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെത്തന്നെയും ബാധിക്കുന്ന പ്രവർത്തിയാണിതെന്നും വെറുപ്പിന്റെ പ്രചാരകർ ഇതിൽ നിന്ന് പിൻമാറണമെന്നും ബെന്യാമിൻ പറയുന്നു.


ബെന്യാമിൻ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ, ആടുജീവിതം, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശ്ശബ്​ദസഞ്ചാരങ്ങൾ എന്നിവ പ്രധാന നോവലുകൾ.

Comments