ബ്രാഹ്​മണ കോൺഗ്രസും പെരിയാർ പ്രതിരോധവും: ഒരു വൈക്കം സമരകഥ

ഇന്ത്യൻ ബ്രാഹ്മണിസത്തിനെതിരായ തന്റെ നിരന്തര സമരത്തിന്റെ വേദി കൂടിയായി പെരിയാർ വൈക്കം സത്യഗ്രഹത്തെ മാറ്റിയെടുത്തു. പ്രാദേശിക നേതാക്കൾ മാത്രം സമരത്തിൽ പങ്കെടുത്താൽ മതി എന്ന നിലപാടാണ് അന്ന്​ കോൺഗ്രസ്​ സ്വീകരിച്ചത്. പെരിയാർ അതിനു വഴങ്ങിയില്ല. കോൺഗ്രസ് ബ്രാഹ്മണരുടെയും പിള്ളമാരുടെയും പാർട്ടിയായി മാറിക്കഴിഞ്ഞു, അതുകൊണ്ടാണ് ഈ സമരത്തിൽ നിന്ന് തന്നെ വിലക്കുന്നത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള നവോത്ഥാനത്തിൽ പെരിയാർ ഇ.വി. രാമസ്വാമി നായ്​ക്കരുടെ പങ്ക് സൂചിപ്പിക്കുന്നതാണ് വൈക്കം സത്യാഗ്രഹം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്തുകൂടി നടക്കാൻ ഈഴവരെയും പുലയരെയും മറ്റു താഴ്ന്ന ജാതിക്കാരെയും വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ പുറപ്പെടുവിച്ചത്. ആ ഉത്തരവിനെതിരായി കേരളമെമ്പാടും പ്രക്ഷോഭം നടന്നു. ടി.കെ. മാധവൻ, കെ. കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങിയവർ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകി. പ്രക്ഷോഭം ആളിക്കത്തിയപ്പോൾ തിരുവിതാംകൂർ ഭരണാധികാരികൾ ദലിതർക്കും മറ്റു താഴ്ത്തപ്പെട്ട ജാതിക്കാർക്കും പ്രവേശിക്കാൻ പുതിയ റോഡ് പണിയുമെന്ന് അറിയിച്ചു. ആ ഉത്തരവിനെ എതിർത്ത്​ ടി. കെ മാധവന്റെയും കെ. കേളപ്പന്റെയും നേതൃത്വത്തിൽ 1924 മാർച്ച് 30 ന് ശക്തമായ സമരമാരംഭിച്ചു. മാർച്ച് 13 നു തന്നെ ഈഴവരെയും പുലയരെയും സംഘടിപ്പിച്ച്​മഹാദേവ ക്ഷേത്രത്തിലേക്ക് ജാഥ നയിക്കാൻ തീരുമാനിച്ചു. ഓരോ ദിവസവും അവർണ- സവർണ വിഭാഗത്തിൽപ്പെട്ട മൂന്നുപേർ ‘അവർണർക്ക് പ്രവേശനമില്ല’ എന്ന് എഴുതിയ ബോർഡിന്റെ പരിധി കടന്ന് ക്ഷേത്രത്തിൽ പോകുക എന്നതായിരുന്നു സമരമുറ.

ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യ സംഘടിത പ്രക്ഷോഭമാണ്​വൈക്കം സത്യാഗ്രഹം. അത്​ ഇന്ത്യൻ ദേശീയസമരത്തിന്റെ മുഖമുദ്രയായി മാറി. 1925 ൽ കേരളം സന്ദർശിച്ച ഗാന്ധിജി, വൈക്കത്ത്​ ജാതിയുടെ പേരിലുള്ള അയിത്തം അവസാനിക്കണമെന്നാവശ്യപ്പെട്ടു. ദേശീയ നേതാവായ ഖാൻ അബ്ദുൽ ഖാദർ സമരത്തെ അനുകൂലിച്ച്​ കേരളത്തിൽ എത്തി. അങ്ങനെ, ഈ സമരം ഇന്ത്യൻ ജാതീയതക്കെതിരായ ചരിത്രസമരമായി മാറി.

പെരിയാർ

കോൺഗ്രസിലെ ജാതീയതയെ വിമർശിച്ച്​ ഇതിനകം കോൺഗ്രസിൽ നിന്ന്​മാറിനിൽക്കാൻ തീരുമാനിച്ചിരുന്ന പെരിയാർ മദ്രാസ് പ്രസിഡൻസിൽ ജാതീയതക്കെതിരെ അതിശക്തമായ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. എങ്കിലും മനസ്സില്ലാ മനസ്സോടെ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം മാത്രം മുന്നിൽകണ്ട് കോൺഗ്രസിൽ തുടർന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളായി പെരിയാർ മാറുന്നത് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതുകൊണ്ടാണ്. കേരള നേതാക്കൾക്കുപുറമെ വരദരാജ ലൂ നായിഡുവും ഇ.വി.രാമസ്വാമി നായ്ക്കരും മാത്രമാണ് ഈ സമരത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ്​ ഇതിൽ പൂർണമായും പങ്കെടുത്തത്. അതിനുപിന്നിൽ വലിയൊരു കാരണമുണ്ട്.

പെരിയാറും വരദരാജ ലൂ നായഡുവും മദ്രാസ് പ്രസിഡൻസിയിൽ തീണ്ടാമൈ ഒഴിപ്പ് ഇയക്കം (untouchability movement) എന്ന പ്രസ്ഥാനം രൂപപ്പെടുത്തി പ്രവർത്തിക്കുകയായിരുന്നു. അതുകൊണ്ട് ഇവർ സമരത്തിൽ പങ്കെടുക്കണമെന്ന് സമരനേതാക്കൾ ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. പ്രാദേശിക നേതാക്കൾ മാത്രം സമരത്തിൽ പങ്കെടുത്താൽ മതി എന്ന നിലപാടാണ് അന്ന്​ കോൺഗ്രസ്​ സ്വീകരിച്ചത്. പെരിയാർ അതിനു വഴങ്ങിയില്ല. കോൺഗ്രസ് ബ്രാഹ്മണരുടെയും പിള്ളമാരുടെയും പാർട്ടിയായി മാറിക്കഴിഞ്ഞു, അതുകൊണ്ടാണ് ചരിത്രപ്രശസ്തമായ ഈ സമരത്തിൽ നിന്ന് തന്നെ വിലക്കുന്നത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും പെരിയാർ പിന്മാറിയില്ല. മധുരയിൽ നിന്ന്​ ജാഥ നയിച്ചു കൊണ്ടാണ് അദ്ദേഹം വൈക്കത്ത്​എത്തി സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. പെരിയാരിന്റെ വരവോടെ സമരത്തിന്റെ മുഖച്ഛായ തന്നെ മാറി. കെ. കേളപ്പനും ടി.കെ. മാധവനും കെ.പി. കേശവമേനോനും പെരിയാരെ സമരത്തിന്റെ ഊർജമായി ഉൾക്കൊണ്ടു. ജാതീയതക്കെതിരെ ആഞ്ഞടിച്ച്​ പെരിയാർ ആ സമരത്തിൽ ശാരീരികമായും മാനസികമായും പൂർണമായും സമർപ്പിച്ചുവെന്ന്​ അധികമാൻ രചിച്ച വൈക്കം പോരാട്ടം എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ സമൂഹത്തെ ജാതിയിൽ നിന്ന്​ വിമോചിപ്പിക്കുക എന്നത് തന്റെ അന്തിമ ലക്ഷ്യമാണെന്ന് പെരിയാർ സമരത്തിന്റെ ഓരോരോ ഘട്ടത്തിലും ഉദ്‌ഘോഷിച്ചു കൊണ്ടിരുന്നു. ഇന്ത്യൻ ബ്രാഹ്മണിസത്തിനെതിരായ തന്റെ നിരന്തര സമരത്തിന്റെ വേദി കൂടിയായി അദ്ദേഹം വൈക്കത്തെ മാറ്റിയെടുത്തു. ഈഴവർക്കും പുലയർക്കും അയിത്തം കൽപ്പിക്കുമ്പോൾ തന്നെപ്പോലുള്ളവർക്ക് നോക്കിനിൽക്കാൻ കഴിയില്ല എന്ന്​ അദ്ദേഹം ധീരമായി പ്രഖ്യാപിച്ചു.

വൈക്കം ക്ഷേത്രം

മദ്രാസ് പ്രസിഡൻസിയിൽ രാജഗോപാലാചാരിയുടെ ബ്രാഹ്മണ ചിന്താഗതികളെ ചൂണ്ടിക്കാണിച്ചതോടെ പെരിയാർ കോൺഗ്രസിൽ നിന്ന്​ഒറ്റപ്പെട്ടു എങ്കിലും അദ്ദേഹം പിൻവാങ്ങിയില്ല. ജാതിയുടെ പേരിൽ തഴയപ്പെടുന്നവരുടെ ഐക്യത്തിനു വേണ്ടി Self respect movement അഥവാ സുയ മരിയാദൈ ഇയക്കം എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. ഇന്ത്യൻ ബ്രാഹ്മണിസത്തെ അങ്ങേയറ്റം എതിർക്കുക, ജാതിയുടെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നവരെ വിമോചനത്തിലേക്ക് നയിക്കുക എന്നതായിരുന്നു പെരിയാരുടെ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും അടിത്തറ. ബ്രാഹ്മണിസത്തിന്റെ തന്ത്രങ്ങളെ ഇന്ത്യയിൽ തന്നെ ആദ്യം തിരിച്ചറിഞ്ഞ ചിന്തകൻ പെരിയാറാണ്. അതുകൊണ്ടാണ് ഇ.വി. രാമസ്വാമി നായ്ക്കർ ‘പെരിയാർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

1934- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ടാണ് കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപപ്പെട്ടതുപോലെ തമിഴ്‌നാട്ടിലെ സുയ മരിയാദൈ ഇയക്കം രൂപപ്പെട്ടത്. പിന്നീട് അത് ദ്രാവിഡ മുന്നേറ്റ കഴകം (DMK)എന്ന രാഷ്ട്രീയപാർട്ടിയായി വളർന്നു. ബ്രിട്ടീഷുകാരിൽ നിന്ന്​ സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന പ്രശ്‌നം മാത്രമല്ല ഇന്ത്യയിലെ ജനങ്ങൾക്ക് നേരിടേണ്ടി വന്നത്, മറിച്ച് ജാതിയുടെ പേരിലുള്ള ചൂഷണത്തിൽ നിന്നും വേട്ടയാടലിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന പ്രശ്‌നം കൂടി ഇന്ത്യക്കാരെ നിരന്തരം അലട്ടി. അവരുടെ വിമോചനം എന്ന ലക്ഷ്യമാണ് സോഷ്യലിസ്റ്റ് നേതാക്കൾ സ്വീകരിച്ചത്. ഗുരുവായൂർ സത്യാഗ്രഹത്തിൽ എ.കെ.ജിയും കൃഷ്ണപിള്ളയും മുന്നിട്ടിറങ്ങിയത് അതിനു വേണ്ടിയായിരുന്നു.

പെരിയാർ തമിഴരുടെ മാത്രം നവോത്ഥാന നായകനല്ല, മറിച്ച്​ ഇന്ത്യൻ ജാതീയതയിൽ നിന്ന്​ അധഃസ്​ഥിത ജനതയെ രക്ഷിക്കാൻ ദിശാബോധം നൽകിയ ചിന്തകനും കൂടിയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷ ചിന്തകരും ഹൈന്ദവ ധർമത്തിന്റെ നിഴലിലേക്ക്​ നവോത്ഥാന ചിന്തകളെയും പ്രവർത്തനങ്ങളെയും മറച്ചുപിടിച്ചപ്പോൾ ഹൈന്ദവ ധർമം മുന്നോട്ടുവക്കുന്ന ചാതുർവർണ്യമാണ് ജാതീയ വിവേചനത്തിന്റെ ഉറവിടം എന്ന് പെരിയാർ തുറന്നുകാട്ടി. ജാതിയിൽ നിന്നും കുലത്തൊഴിൽ മുറയിൽ നിന്നും സാധാരണ മനുഷ്യരെ വിമോചിപ്പിച്ചാൽ മാത്രമേ സാമൂഹിക പരിഷ്‌കരണം സാധ്യമാകൂ എന്നദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിൽ എവിടെയൊക്കെ മനുഷ്യർ തഴയപ്പെടുന്നുവോ അവിടെയൊക്കെ പെരിയാരുടെ വാക്കുകൾ ശബ്ദിച്ചുകൊണ്ടിരിക്കും. ‘മതം മനിതനൈ മഠയനാക്കിയത്, ജാതി മനിതനൈ ചാക്കടയാക്കിയത്’ (മതം മനുഷ്യനെ വിഡ്ഢികളാക്കി, ജാതി മനുഷ്യനെ വൃത്തിഹീനരാക്കി) എന്ന്​ അദ്ദേഹം പറഞ്ഞു. ജാതിബോധത്തിൽ നിന്ന്​ ഇന്ത്യൻ സമൂഹം വിമോചനം നേടുന്ന കാലം വരെ പെരിയാരുടെ ചിന്തകൾക്ക് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല, ഇന്ത്യയിൽ ഒട്ടാക്കെ പ്രസക്തി ഉണ്ടാവും.


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments