മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ / Photo: Wikimedia Commons

ശരികൾക്ക് രണ്ടാകാനാകില്ലാത്ത ലോകം

ന്ന് നിലനിൽക്കുന്ന കമ്യൂണിസ്റ്റ് സംഘടന രൂപമെടുത്ത കാലത്തുതന്നെ വിമർശനങ്ങൾക്ക് വിധേയമായതാണ്. കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വഭാവികമായ ഒന്നായിരുന്നില്ല ഇത്. നേരത്തെ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടികൾ എന്നാണ് കമ്യൂണിസ്റ്റ് പാർട്ടികൾ അറിയപ്പെട്ടിരുന്നത്. 20ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ലെനിന്റെ കൃതികളിലൂടെയും റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർപാർട്ടിയുടെ നയരൂപീകരണങ്ങളിലൂടെയുമാണ് പിൽക്കാലത്ത് ബോൾഷെവിക് എന്നറിയപ്പെടുന്ന സംഘടനാ രൂപമുണ്ടായത്. ഇതിനെ കേന്ദ്രപ്രശ്നമാക്കി ആർ.എസ്.സി.എൽ.പിയിൽ അന്ന് വിഖ്യാതമായൊരു പിളർപ്പുതന്നെയുണ്ടായി: മെൻഷെവിക്കും ബോൾഷെവിക്കുമായി.

ഈ റഷ്യൻ വാക്കുകൾക്ക് വലിയ സൈദ്ധാന്തിക അർത്ഥങ്ങളൊന്നുമില്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വാച്യാർത്ഥങ്ങളല്ലാതെ. 1905ന് തൊട്ടുമുമ്പുള്ള വർഷങ്ങളിലാണ് ഈ അഭിപ്രായ സംഘട്ടനങ്ങളൊക്കെയുണ്ടാകുന്നത്. പാർട്ടി സമ്മേളനത്തിൽ ലെനിന്റെ നിലപാടുകൾക്ക് ലഭിച്ച "ഭൂരിപക്ഷ' മാണ് പിൽക്കാലത്ത് കമ്യൂണിസ്റ്റുകൾക്ക് ജീവവായവുവായി മാറിയ "ബോൾഷെവിക്' ആകുന്നത്. എന്നാൽ ഈ ഭൂരിപക്ഷം തന്നെയും വെറും സാങ്കേതികമായിരുന്നെന്ന് പറയാം. സമ്മേളനത്തിലെ ഒരുവിഭാഗം ബഹിഷ്‌കരിച്ചു പുറത്തുപോയതുകൊണ്ടാണത് ഭൂരിപക്ഷമായത്. ലെനിനാണ് ബോൾഷെവിസത്തിന്റെ ഉപജ്ഞാതാവെങ്കിലും 1922ൽ സ്റ്റാലിൻ സോവിയറ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും പിന്നീട് ലെനിന്റെ മരണത്തോടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ നേതാവാകുകയും ചെയ്തശേഷം ലെനിന്റെ നിലപാടുകളെ യുക്തിപരമായി വികസിപ്പിക്കുകയും പുതിയ പല സൈദ്ധാന്തിക പരികല്പനകളും അതോട് ചേർക്കുകയുമുണ്ടായി. റഷ്യൻ വിപ്ലവ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ പ്രധാന ആധാരമാക്കി മൂന്നാം ഇന്റർനാഷണലാണ് പിന്നീട് ലോകമെങ്ങും വ്യാപിച്ച ബോൾഷെവിക് സംഘടനാരൂപങ്ങൾ വളർത്തിയെടുത്തത്. വിപ്ലവാനന്തരം ആദ്യത്തെ അഞ്ചാറുവർഷങ്ങൾക്കകം ഏതാണ്ട് മൂന്ന് ദശാബ്ദങ്ങൾ സ്റ്റാലിനായിരുന്നു ലോകകമ്യൂണിസത്തിന്റെയും ഫലത്തിൽ സാർവദേശീയ സംഘടനകളുടെ തന്നെയും അനിഷേധ്യ നേതാവായിരുന്നത്.

1864 സെപ്റ്റംബർ 28ന് ലണ്ടനിലെ സെന്റ് മാർട്ടിൻസ് ഹാളിൽ നടന്ന ഒന്നാം ഇന്റർനാഷണൽ യോഗത്തിൽ നിന്ന്‌

ഇന്നത്തെ രൂപത്തിലുള്ള ബോൾഷെവിസം കമ്യൂണിസ്റ്റ് സംഘടനകൾക്ക് സ്വാഭാവികമായിരുന്നില്ല എന്നതിന് കുറച്ച് ചരിത്രം പരിശോധിക്കണം. മാർക്സിനും ഏംഗൽസിനും തൊഴിലാളി വർഗത്തിന് അതിന്റേതായ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകണം എന്ന നിലപാടുണ്ടായിരുന്നുവെങ്കിലും അതിന്റെ സ്വഭാവത്തെക്കുറിച്ചൊന്നും ഖണ്ഡിതമായ നിലപാട് അവരിൽ നിന്ന് കിട്ടുകയില്ല. ഒന്നും രണ്ടും ഇന്റർനാഷണലുകൾ വളരെ അയഞ്ഞതും കുറച്ചൊക്കെ ട്രേഡ് യൂണിയൻ സംഘടനകളുടെ സ്വഭാവമുള്ളതുമായിരുന്നു. ജനാധിപത്യ കേന്ദ്രീകരണം എന്ന സങ്കല്പം അവരുടെ കാലത്തുതന്നെ ചെറുതായാണെങ്കിലും ഉയർന്നുവന്നിരുന്നു. അതിനോട് അനുഭാവപൂർണമായ നിലപാടായിരുന്നില്ല അവർ രണ്ടുപേരും കൈക്കൊണ്ടത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, കമ്യൂണിസ്റ്റ് സംഘടനയാണ് തൊഴിലാളി വർഗത്തിന്റെ ഏകപാർട്ടിയെന്ന ആശയത്തെയും സ്വീകരിക്കുന്നില്ല. കൃത്യമായ കാരണങ്ങളൊന്നും വ്യക്തമല്ലെങ്കിലും രഹസ്യ സംഘടനാ സ്വഭാവത്തോട് രണ്ടുപേർക്കും അനുകൂല നിലപാടുണ്ടായിരുന്നില്ല എന്ന് അവർ തമ്മിലുള്ള കത്തിടപാടുകൾ വ്യക്തമാക്കും. മാത്രമല്ല, അത് കുഴപ്പങ്ങൾക്കാണിടവരുത്തുക എന്നുമവർക്കഭിപ്രായമുണ്ടായിരുന്നതായി കാണാം. കേന്ദ്രീകൃത സംഘടനയെയും, ഏക പാർട്ടി സങ്കല്പത്തെയും രഹസ്യ സംഘടനാ രീതിയെയുമെല്ലാം ഏറെ കരുതലോടെയെങ്കിലുമാണവർ നോക്കി കണ്ടതെന്നെങ്കിലും നിസ്സംശയം പറയാം. ലഭ്യമായ മാർക്സ്- ഏംഗൽസ് കത്തിടപാടുകളിൽ നിന്ന് ഇതെല്ലാം വായിച്ചെടുക്കാനുമാകും.

കാൾ കൗട്സ്‌കി

തൊഴിലാളിവർഗ സംഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടി എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള ഒന്നാമത്തെയും പരമപ്രധാനവുമായ കാര്യം. കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളി വർഗത്തിന്റെ സ്വയോത്ഭവമോ സ്വഭാവികമോ ആയതല്ലെന്നും അത് പുറത്തുനിന്നതിനകത്തെത്തിക്കുന്ന ആശയങ്ങളെ ആധാരമാക്കുന്ന ഒന്നാണെന്നും രണ്ടാം ഇന്റർനാഷണൽ കാലത്ത് കൗട്സ്‌കിയിലാണ് ആദ്യം കാണുക. ലെനിന്റെ ബോൾഷെവിക് സംഘടനാ നിലപാടുകളുടെ സൈദ്ധാന്തിക ബീജം ഇതിലാണ് ഉള്ളത്. "എന്തു ചെയ്യണം' എന്ന കൃതിയിലൂടെ തുടർന്നും ലെനിനാണതിനെ വികസിപ്പിക്കുന്നത്. ബോൾഷെവിക് പാർട്ടി സങ്കല്പം വെറും സാങ്കേതികമായ ഒരു സംഘടനാ ക്രമമോ സങ്കല്പമോ അല്ലെന്നും മാർക്സിസത്തിന്റെ പിൽക്കാലത്ത് വന്നുചേർന്ന വലിയ സൈദ്ധാന്തിക വ്യാപ്തിയുള്ള ഒന്നാണെന്നും വേണം തിരിച്ചറിയുന്നത്.

കമ്യൂണിസ്റ്റ് പാർട്ടിയാണ് തൊഴിലാളി വർഗത്തിന്റെ ഒരേയൊരു പാർട്ടിയെന്ന പിൽക്കാല ആശയത്തോടൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തം തൊഴിലാളി വർഗത്തിനകത്ത് പുറത്തുനിന്നെത്തിക്കുന്നതാണെന്നും പറയുകവഴി യഥാർത്ഥത്തിൽ അതിലൊളിഞ്ഞിരുന്നത് വലിയ പൊരുത്തക്കേടുകളാണ്. ശരിയായാലും തെറ്റായാലും ആധിപത്യം നേടുന്ന മാർക്സിസ്റ്റ് പദാവലികളിൽ തന്നെ പറഞ്ഞാൽ ഏതെങ്കിലും ബൂർഷ്വ- പെറ്റിബൂർഷ്വ ഗ്രൂപ്പിന്റെ ആശയസങ്കേതമായി തൊഴിലാളിവർഗ പ്രസ്ഥാനം മാറുകയാകും ഫലം. രഹസ്യ-ഗൂഢാലോചനാ സ്വഭാവവും വിഭാഗീതയുമെല്ലാം ഇതിന്റെ ഭാഗമായി തന്നെ ഒഴിവാക്കാനാകാത്തതായി മാറുകയും ചെയ്യും.

റോസയുടെ വിമർശനങ്ങൾ:

റോസാ ലക്സംബർഗാണ് അക്കാലത്തുതന്നെ ഇതിനെതിരെ ആഴമുള്ളതും മൗലികവുമായതും പിൽക്കാലത്തെങ്കിലും പ്രവചന സ്വഭാവം കൈവരിച്ചതുമായ വിമർശനങ്ങൾ മുമ്പോട്ടുവെച്ചത്. എല്ലാം തികഞ്ഞതും കുറ്റമറ്റതുമായ കേന്ദ്ര കമ്മറ്റിയെക്കാൾ വലുതാണ് തോറ്റും വീണും വീണ്ടും എഴുന്നേറ്റുമെല്ലാം

അനുഭവങ്ങളിലൂടെ പഠിച്ചുവളരുന്ന തൊഴിലാളി വർഗം എന്നതായിരുന്നു അവരുടെ വിമർശനത്തിന്റെ കാതൽ. അനുഭവങ്ങളിലൂടെ പാലിച്ചുവളരുന്ന ഒരു ജനതയെ കൂടാതെ വിപ്ലവത്തിന് തുടർച്ചയില്ല എന്നാണ് പിൽക്കാല അനുഭവങ്ങളും കാണിച്ചത്. ബോൾഷെവിക് ജനാധിപത്യകേന്ദ്രീകരണത്തിന്റെ പ്രധാനവശം കീഴടങ്ങലിന്റേതാണെന്ന സത്യമാണവർ പുറത്തുകൊണ്ടുവന്നത്. വ്യക്തി പാർട്ടിക്ക് കീഴ്പ്പെടുക, ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴ്പ്പെടുക, കീഴ്ഘടകങ്ങൾ മേൽ ഘടകങ്ങൾക്ക് കീഴ്പ്പെടുക, എല്ലാ അംഗങ്ങളും കേന്ദ്രകമ്മിറ്റിക്ക് കീഴ്പ്പെടുക എന്നിങ്ങനെയാണ് ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളായി മൂന്നാം ഇന്റർനാഷണൽ പാർട്ടികൾക്കകത്ത് പിൽക്കാലത്ത് വേദമന്ത്രം പോലെ പ്രചരിച്ചത്. ആധുനിക സമൂഹത്തിൽ അസഹനീയമായി അനുഭവപ്പെടേണ്ടതാണീ ആവർത്തിച്ചുള്ള കീഴ്പ്പെടൽ മന്ത്രം. തീർച്ചയായും, ഉൾപാർട്ടി ജനാധിപത്യത്തെക്കുറിച്ചും, അംഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുമെല്ലാം ഈ എല്ലാ പാർട്ടികളുടെയും ഭരണഘടനകളിൽ വരും. പക്ഷെ, ആത്യന്തികമായി ഈ കേന്ദ്രീകരണതത്വങ്ങൾക്കകത്ത് മാത്രമാണതിന്റെ പ്രവർത്തന ക്ഷമത. കൂടുതൽ ആഴത്തിൽ കടന്ന് ഈ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ചും റോസ വ്യക്തമാക്കുന്നുണ്ട്. ഇതേ കേന്ദ്രക്കമ്മിറ്റിതന്നെ അംഗത്വം നൽകുന്നവർക്കാണ് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുണ്ടാവുക. കുത്സിതമെന്നൊരാൾ വിളിച്ചാലും നിയമാനുസൃതമായി തന്നെ അംഗത്വവിതരണത്തെ നിയമന്ത്രിക്കുന്നതിലൂടെ ഭരണാധികാരം എങ്ങനെ തുടരാനാകുമെന്ന് കേരളത്തിലെ നിരവധിയായ പാർട്ടികൾ ഭരിക്കുന്ന സൊസൈറ്റികൾ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്. നേതൃത്വം തെരഞ്ഞെടുക്കുന്ന അംഗങ്ങളും ഇതേ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന നേതൃത്വവുമായി ഈ പാർട്ടികൾക്ക് എളുപ്പം സെക്ടുകളായി മാറാതെ വയ്യെന്നാണിത് പറയുക. വിഭാഗീയമായ എല്ലാ താൽപര്യങ്ങൾക്കും തങ്ങളെതിരാണെന്ന മാനിഫെസ്റ്റോയിലെ വിഖ്യാതമായ പ്രഖ്യാപനത്തെ തന്നെയാണിത് റദ്ദ് ചെയ്യുക.

എല്ലാം തികഞ്ഞതും കുറ്റമറ്റതുമായ കേന്ദ്ര കമ്മിറ്റിയെക്കാൾ വലുതാണ് തോറ്റും വീണും വീണ്ടും എഴുന്നേറ്റുമെല്ലാം അനുഭവങ്ങളിലൂടെ പഠിച്ചുവളരുന്ന തൊഴിലാളി വർഗം എന്നതായിരുന്നു റോസ ലക്സംബർഗിന്റെ വിമർശനത്തിന്റെ കാതൽ.

നിലനിൽക്കുന്ന മതസാമൂഹ്യ സംഘടനാ രൂപത്തിന്റെ നിയമങ്ങൾ മനസ്സിലാക്കി അത് ബോധപൂർവം നടപ്പാക്കി രൂപപ്പെടുത്തുന്നതാണ് ബോൾഷെവിക് സംഘടനാ രൂപമെന്ന് പറയാറുണ്ട്. ഭാഗികമായത് ശരിയുമാണ്. എന്നാൽ ഈ ഭാഗികത്തിന്റെ മറുവശത്തിന്റെ വലുപ്പം മനസ്സിലാവുക സാമൂഹ്യ സംഘടനാക്രമം നിരന്തരമായി ചെറുതും വലുതമായ മാറ്റങ്ങൾ വിധേയമാണ് എന്ന് തിരിച്ചറിയുമ്പോഴാണ്. ഈ മാറ്റങ്ങൾ പലപ്പോഴും മൗലികവും സമഗ്രവും കൂടിയാണെന്നുമറിയണം. ട്രൈബലോ, ഫ്യൂഡലോ ഒക്കെയായ സാമൂഹ്യ സംഘടനകളിൽ നിന്ന് മൗലികമായി തന്നെ വ്യത്യസ്തമാണ് പൗരസമൂഹത്തിലധിഷ്ഠിതമായ ആധുനിക ജനാധിപത്യ സാമൂഹ്യ സംഘാടനം. അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെടുന്ന ഒരു ജനതയോ ജനവിഭാഗമോ ഒന്നുമല്ലാതിരിക്കുന്നതിലാണ് മതാത്മകതയുടെയും വിഭാഗീയതയുടെയും ലംഘന സാധ്യതകളുമുള്ളത്. ബോൾഷെവിക്കിൽ ഈ സാധ്യത അടച്ചുകളയുന്നു. കേഡർ പാർട്ടിയെന്ന് ഘോഷിക്കപ്പെടുന്ന വിശേഷണം സ്വയമറിഞ്ഞോ അറിയാതെയോ തിരഞ്ഞെടുക്കപ്പെട്ട ഒറ്റ സൈന്യത്തെയാണ് മൂന്നുപാധിയാക്കുക. ഇതിന് വേണമെങ്കിൽ മോന്തായം വളഞ്ഞാൽ ആർ.എസ്.എസുമാകാം.

റോസാ ലക്സംബർഗ്

ലെനിൻ ബോൾഷെവിക് സംഘടനയെ ഒന്നിൽ കൂടുതൽ തവണ ജാക്കോബിനുമായി ചേർത്തുവെക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവകാലത്തെ ഇടതുപക്ഷമായിരുന്ന റോബേസ്പിയറുടെ വിഭാഗമാണിത്. ഒരു നിശ്ചിത ചരിത്രസാഹചര്യത്തിൽ അവർ വഹിച്ച പങ്കിന്റെ പുരോഗാമിത്വത്തെ അംഗീകരിക്കുമ്പോഴും അതിനെ തീർത്തും മാറിയ ഒരു സാഹചര്യത്തിൽ ആവർത്തിക്കുന്നതിന്റെ പ്രശ്നം റോസയെടുത്തുകാട്ടുന്നുണ്ട്. പാരീസ് കമ്യൂൺ കാലത്ത് മാർക്സിന്റെ എതിർപ്പിന് വിധേയമായ ബ്ലാങ്ക്വിസ (Blanquism) വുമായി ഇതിനുള്ള ബന്ധം എടുത്തുകാണിച്ച് അവർ എഴുതുന്നു: ""ലെനിന്റെ കേന്ദ്രീകരണം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന രണ്ടു തത്വങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം: പാർട്ടി കേന്ദ്രത്തിനു മുന്നിൽ (അതുമാത്രമാണ് എല്ലാവർക്കും വേണ്ടി ചിന്തിക്കുകയും നയിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത്.) ഏറ്റവും ചെറിയ വിശദാംശങ്ങളിൽ പോലും എല്ലാ പാർട്ടി ഘടകങ്ങളുടെയും അന്ധമായ കീഴ്പ്പെടൽ. വിപ്ലവകാരികളുടെ സംഘടിത ന്യൂക്ലിയസ്സിനെ അതിന്റെ സാമൂഹ്യവും വിപ്ലവകരവുമായ ചുറ്റുപാടുകളിൽ നിന്ന് കർശനമായി വേർപെടുത്തുന്ന രീതി.''

പോയ കാലത്തിന്റെ പഴയ സംഘടനാ രൂപം:

ജനാധിപത്യ സംവിധാനങ്ങളൊന്നും ശക്തിപ്പെട്ടിട്ടില്ലാതിരുന്ന സാറിസ്റ്റ് സ്വേച്ഛാധികാരത്തിനു കീഴിൽ പ്രവർത്തിച്ചു നിലനിൽക്കുന്നതിനും പിന്നീട് അധികാരം പിടിച്ചെടുക്കുന്നതിനും സൈനിക രീതിയിലുള്ള ഈ സംഘടന ഗണ്യമായ പങ്കാണ് വഹിച്ചത്. മാത്രവുമല്ല, കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന ഉന്നത ശീർഷരായ പലവ്യക്തിത്വങ്ങളെ

സ്റ്റാലിനും നികിത ക്രൂഷ്ചേവും

കേന്ദ്രകമ്മിറ്റിയിൽ ഒരുമിപ്പിച്ചുകൊണ്ടുപോകുന്നതിനും ലെനിനായി. സൈനികർക്ക് തന്നെ കാര്യമായ പങ്കാളിത്തമുണ്ടായിരുന്ന ഒരട്ടിമറിയിലൂടെ മുകളിൽ അധികാരം പിടിച്ചെടുത്ത് താഴേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യയിൽ നടന്നതും. എന്നാൽ വിപ്ലവത്തെതുടർന്നുള്ള വർഷങ്ങളിൽ ഏതാണ്ട് വർഷംതോറുമെന്നപോലെ പാർട്ടി സമ്മേളനങ്ങൾ വിളിച്ചുചേർത്താണ് ഗൗരവമേറിയ നയ തീരുമാനങ്ങളെല്ലാം ലെനിനും പാർട്ടിയും സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റിയെ മാത്രമല്ലാതെ പാർട്ടിയെ മൊത്തത്തിൽ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ ലെനിൻ പരമാവധി ശ്രമിച്ചു. ലെനിന്റെ കാലശേഷം സ്റ്റാലിൻ അധികാരമേറ്റതോടെ പടിപടിയായി ബോൾഷെവിസത്തിന് അകത്തുനിന്നുകൊണ്ടുതന്നെ സാധ്യമാകുമായിരുന്ന ഈ ജനാധിപത്യം പോലും റഷ്യയിൽ ഇല്ലാതാകുന്നതാണ് ചരിത്രാനുഭവം. വിപ്ലവത്തിന്റെ ഏറ്റവും അപകടകരമായ സാഹചര്യങ്ങളിൽ പോലും പരസ്പരം നിയമാനുസൃതമായ ഫ്രാക്ഷൻ പ്രവർത്തനത്തിന് റഷ്യയിൽ അനുവദിച്ചുമിരുന്നു. ബൂർഷ്വാ സ്വകാര്യ സംരംഭങ്ങളെ സമ്പദ് ഘടനയിൽ പ്രോത്സാഹിപ്പിക്കുന്ന പുത്തൻ സാമ്പത്തിക നയത്തിന്റേതടക്കം സങ്കീർണമായ സാഹചര്യത്തിൽ 1921ലാണത് നിരോധിച്ചത്. എന്നാൽ ഈ നിരോധനം അടിയന്തിര സാഹചര്യത്തിലെ നിർബന്ധിതവും താൽക്കാലികവുമായ ഒരുനടപടി മാത്രമായാകണം ലെനിൻ കണ്ടത്. അടിയന്തിര സാഹചര്യത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള വകുപ്പുകൾ ഏതൊരു ബൂർഷ്വാ ഭരണഘടനയിലാണില്ലാത്തതെന്ന് ലെനിൻ തന്നെ മറ്റൊരു സന്ദർഭത്തിൽ ചോദിച്ചിട്ടുമുണ്ട്.

മോസ്‌കോയിലെ Sverdlov Square ൽ റെഡ് ആർമി യൂണിറ്റുകളെ അഭിസംബോധന ചെയ്യുന്ന ലെനിൻ (1920)

റഷ്യയിൽ നേരിട്ട് സംഘടന കെട്ടിപ്പടുത്ത അസമാന്യ സംഘടനാ വൈഭവമുള്ള നേതൃത്വത്തിലെ ഒരാൾ എന്നതൊഴിച്ചാൽ ലെനിനോട് സമശീർഷമായ ദാർശനികമോ സൈദ്ധാന്തികമോ ആയ ഔന്നത്യമൊന്നുമുള്ളയാളായിരുന്നില്ല സ്റ്റാലിൻ. മാത്രവുമല്ല, സ്റ്റാലിൻ നേതൃത്വമേറ്റെടുക്കുമ്പോഴേക്കും റഷ്യൻ വിപ്ലവത്തിന്റെ തുടർന്നുള്ള നിലനിൽപ്പിന്, സാമ്പത്തികമായും സാമൂഹ്യമായും ഏറെ പിന്നാക്കമായ രാജ്യമെന്നനിലയിൽ ലെനിൻ ഒരു മുന്നുപാധിയായിക്കണ്ട വികസിത യൂറോപ്യൻ രാജ്യത്തെ വിപ്ലവസാധ്യതയും തീർത്തും ഇല്ലാതായിരുന്നു. പ്രതീക്ഷിച്ച വിപ്ലവത്തിനുപകരം ജർമനിയിൽ കാണുക പതുക്കെ ഫാസിസത്തിലേക്കുള്ള അതിന്റെ പ്രയാണമാണ്. സോവിയറ്റ് യൂണിയനെയും സോഷ്യലിസത്തെയുമാണ് ഫാസിസം പ്രധാന എതിരാളിയായി കാണുകയും ചെയ്തിട്ടുള്ളത്. ഈ ചരിത്ര സാഹചര്യങ്ങളുടെ കൂടെ സമ്മർദ്ദഫലമായാകാം റഷ്യയിൽ തുടർന്നു കാണുക, ബോൽഷെവിക് പാർട്ടിക്ക് പുറത്തും അകത്തുമുള്ള ജനാധിപത്യ സംവിധാനങ്ങളപ്പാടെ പടിപടിയായി ഇല്ലാതാവുകയും സ്വേച്ഛാധികാരം മാത്രമായി അത്​ പരിണമിക്കുകയും ചെയ്യുന്നതാണ്. ഒടുവിൽ

സ്റ്റാലിൻ

ഫാസിസം പരാജയപ്പെട്ട് സ്റ്റാലിൻ ലോകത്തിലെ തന്നെ അജയ്യനായി വാഴ്ത്തപ്പെടുന്ന കാലമെത്തിയിട്ടും പാർട്ടി കോൺഗ്രസ് വിളിച്ചു ചേർക്കുന്നതിനോ ജനാധിപത്യ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനോ ഉള്ള താൽപര്യവും ആവശ്യവും തന്നെ ദുർബലമാകുംവിധം റഷ്യ സ്വാഭാവികമായ സ്വേച്ഛാധികാരത്തിന്റെ പിടിയിലാവുകയും ചെയ്തു കഴിഞ്ഞിരുന്നു. മാത്രവുമല്ല ബോൾഷെവിക് തത്വപ്രകാരം പാർട്ടിയിൽ സർവാധികാരമുണ്ടായിരുന്ന കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും ഇക്കാലത്തിനിടയിൽ സ്റ്റേറ്റ് പാർട്ടി സംവിധാനങ്ങളുപയോഗിച്ചുതന്നെ കൊലചെയ്യപ്പെടുകയും ചെയ്തുകഴിഞ്ഞിരുന്നു. ഫാസിസത്തിനെതിരായ മഹാവിജയത്തിന്റെ വർണപ്പകിട്ടുകളെല്ലാം കെടുത്തുംവിധമുള്ള ഒരു രാജ്യത്തിന്റെ ദുരന്തമായി അത്​ ചരിത്രത്തിൽ അവശേഷിക്കുകയും ചെയ്യുന്നു. എന്നാൽ കമ്യൂണിസത്തിനന്യമായിരുന്ന റഷ്യൻ ദേശീയതയോടും റഷ്യയുടെ തന്റേതായ രീതിയിലുള്ള "ദേശീയ സോഷ്യലിസ്റ്റ് വികസന'ത്തോടും സ്റ്റാലിൻ പ്രതിജ്ഞാബദ്ധമായിരുന്നിട്ടുമുണ്ട്.

തൊഴിലാളിവർഗ സർവ്വാധിപത്യവും കേന്ദ്രീകൃത സംഘടനയും

കേന്ദ്ര കമ്മിറ്റിയാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ പരമോന്നതാധികാര ഘടകം. തത്വത്തിൽ ഇതിനപ്പുറത്തേക്കൊരിക്കലുമിത് വികസിപ്പിക്കുന്നില്ല. എക്‌സിക്യുട്ടീവ് കമ്മിറ്റിയോ പോളിറ്റ് ബ്യൂറോയോ ഒക്കെ രൂപീകരിക്കുമ്പോഴും രണ്ടു കേന്ദ്രകമ്മിറ്റി മീറ്റിംഗുകൾക്കിടയിൽ മാത്രമേ അവയ്ക്ക് പ്രസക്തിയുള്ളൂ. അങ്ങനെ നോക്കുമ്പോൾ പാർട്ടി കോൺഗ്രസുകൾക്കിടയിൽ മാത്രമാണ് കേന്ദ്രകമ്മിറ്റിയടക്കം എല്ലാ ഘടകങ്ങൾക്കും അതേരൂപത്തിൽ പ്രസക്തിയുള്ളത്. പക്ഷെ, ഈ കോൺഗ്രസിലെ അംഗത്വ ഘടനനിർണയിക്കുന്നതിൽ കേന്ദ്ര കമ്മിറ്റിക്ക് നിർണായക സ്ഥാനമുണ്ടെന്നിരിക്കെ അതൊരു വിഷമവൃത്തമായി പരിണമിക്കുന്നു.

ലെനിനും സ്റ്റാലിനും

ഭരണാധികാരം നേടിയ ഇടങ്ങളിലെല്ലാം പക്ഷെ മറ്റൊന്നാണ് കാണുക. റഷ്യയിൽ സ്റ്റാലിനും, ചീനയിൽ മാവോയും യൂഗോസ്ലാവിയയിൽ ടിറ്റോയും അൽബേനിയയിൽ അൻവർ ഹോജയും, റുമാനിയയിൽ ചെഷസ്‌ക്യൂവും എന്നിങ്ങനെ അധികാരത്തിന്റെ കേന്ദ്രസ്ഥാനത്ത് വ്യക്തികൾ അവരോധിക്കപ്പെടുന്നതാണ് കാണുക. അച്ചടക്ക നിയമങ്ങൾക്കും ഉപരിസ്ഥാനങ്ങൾക്കും കീഴ്‌പ്പെട്ട്​ മെരുക്കിയെടുക്കുന്ന വ്യക്തിത്വങ്ങളെന്ന നിലയിലാകാം ഈ എല്ലാ പാർട്ടികളിലും ആരംഭവർഷങ്ങൾക്കുശേഷം കാലം ചെല്ലുന്തോറും കേന്ദ്ര നേതാവിനു കീഴിൽ കീഴ്‌പ്പെട്ട് നിൽക്കുന്നവരായി മാറുന്നു കേന്ദ്രകമ്മിറ്റിയും. അപവാദങ്ങൾ കുറവാണെന്നും കാണാം.

തൊഴിലാളിവർഗ സർവാധിപത്യത്തെയും ഇതോട് ചേർത്തുവായിക്കണം. വർഗപരമായ വിശേഷണങ്ങളൊക്കെ മാറ്റിവെച്ചാലും സർവാധിപത്യം ഒരാദർശാത്മക കേവലരൂപമാകുന്നതോടെ സമൂഹത്തിൽ തന്നെ കുറഞ്ഞുപോവുകയോ ഇല്ലാതാവുകയോ ചെയ്യുന്ന ജനാധിപത്യത്തിൽ പാർട്ടിക്കകത്ത് മാത്രമായൊരിടമുറപ്പിക്കാനാവില്ല. പൗരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുന്ന സർവാധിപത്യത്തിന്റെ പ്രശ്‌നങ്ങൾ റോസാലക്‌സംബർഗ് തന്നെ സോവിയറ്റ് യൂണിയനും ലെനിനുമെതിരായി ഉന്നയിച്ചിട്ടുണ്ട്. റഷ്യൻ വിപ്ലവത്തെ അംഗീകരിച്ചുതന്നെയായിരുന്നുതാനും ഈ വിമർശനം. റഷ്യപോലൊരു രാജ്യത്ത് ഫെബ്രുവരി വിപ്ലവം കഴിഞ്ഞുള്ള കുറച്ചുമാസങ്ങളിൽ മാത്രമാണതിന്റെ ചരിത്രത്തിൽ തന്നെയന്ന് പത്രസ്വാതന്ത്ര്യമൊക്കെ നിലനിന്നത്. ജനാധിപത്യസംവിധാനങ്ങളുമായി പരിചയിക്കാൻ പോലും സൗകര്യം ലഭിച്ചിട്ടില്ലാത്ത ഒരു ജനതതയായിരുന്നു റഷ്യൻ ജനത. ഇപ്പോൾ പോലും വികലമായൊരു ജനാധിപത്യമാണല്ലോ റഷ്യയിലുള്ളത്. തൊഴിലാളിവർഗ സർവാധിപത്യം എന്ന പ്രയോഗം മാർക്‌സിൽ തന്നെയാണ് കാണുക. എന്നാലിത് പിൽക്കാലത്ത് പ്രയുക്തമായി കണ്ട പാർട്ടിയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഒരു വർഗാധിപത്യപത്യമായിരുന്നില്ല. ലെനിന്റെ "ഭരണകൂടവും വിപ്ലവവും' എന്ന കൃതിയിൽപോലും ഇതങ്ങേയറ്റം ജനാധിപത്യപരമാണ്.

സമൂഹത്തിൽ ഭൂരിപക്ഷമായ തൊഴിലാളിവർഗം സഖ്യശക്തികളുമായി ചേർന്ന് നിലനിൽക്കുന്ന ന്യൂനപക്ഷത്തിനെതിരെ നടപ്പാക്കുന്ന ഒരു വിപ്ലവസർവാധിപത്യമായാണത് വിഭാവനം ചെയ്യപ്പെട്ടത്. മാത്രവുമല്ല, പടിപടിയായി വർഗരഹിത സമൂഹത്തിലേക്ക് ജനാധിപത്യത്തെ മുൻപൊരിക്കലുമില്ലാത്തവിധം വികസിപ്പിക്കുന്ന താൽക്കാലികം മാത്രമായ ഒന്നെന്ന നിലയിൽ ഒട്ടൊക്കെ കാൽപ്പനികവുമായിരുന്നു അത്. ഇതിന് ലഭ്യമായ ഒരു മുൻമാതൃക കുറച്ചുദിവസങ്ങൾ മാത്രമായി നിലനിന്ന പാരീസിലെ തൊഴിലാളികൾ നടപ്പാക്കിയ "ഡയറക്ട് ഡമോക്രസി' എന്ന് പറയാവുന്നതുമായിരുന്നു. പിൽക്കാലത്തെ പ്രയുക്ത സർവാധിപത്യങ്ങളും ഇതും തമ്മിൽ നാട്ടുഭാഷയിൽ കടലും കടലാടിയും തമ്മിലുള്ള സാദൃശ്യമേ കാണുകയുമുള്ളൂ. എന്നാൽ ലെനിൻ "ഭരണകൂടവും വിപ്ലവവും' എന്ന തന്റെ കൃതിയിൽ സിദ്ധാന്തവൽക്കരണത്തിന് മാതൃകയും ആധാരവുമാക്കുന്ന പാരീസ് കമ്യൂൺ തന്നെ പിന്നീട് "അസാധാരണമായ സാഹചര്യത്തിലെ ഒരു നഗരത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്' മാത്രമായി മാർക്‌സ് വളരെ പ്രാധാന്യം കുറച്ച് ചിത്രീകരിച്ചിട്ടുമുണ്ട്. ലെനിനീ കത്ത് കണ്ടിരിക്കാനുമിടയില്ല.
സമൂഹത്തിലെ ഭൂരിപക്ഷമായി മാർക്‌സ് കണ്ടിരിക്കാനിടയുള്ള തൊഴിലാളിവർഗത്തിന്റെ സംഘടന എന്ന നിലയിലുള്ള പാർട്ടിയും, തൊഴിലാളി വർഗത്തിലേക്ക് വിപ്ലവാശയങ്ങളെത്തിയ്ക്കുന്ന ഇതര വർഗങ്ങൾക്ക് സ്വാഭാവികമായും മേൽക്കൈ ലഭിക്കുന്ന ഒരു വരേണ്യ വിഭാഗത്തിന്റെ പാർട്ടിയും തമ്മിലുള്ള അന്തരം തൊഴിലാളി വർഗ സർവാധിപത്യ സങ്കല്പത്തിലും പ്രതിഫലിക്കാതെ വയ്യ.
ഈ വരേണ്യരുടെ പാർട്ടിയും തൊഴിലാളി വർഗ സർവാധിപത്യവും ചേർന്ന് നേരത്തെ വിഭാവനം ചെയ്യപ്പെട്ട പോലെ ജനാധിപത്യത്തിന്റെ തുറസ്സുകൾ വികസിപ്പിക്കുന്നതല്ല, ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടന്നുവരുന്ന പഴുതുകൾ അടച്ചുപോകുന്ന ഒരു സംവിധാനമാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ മൂന്നാം ഇന്റർനാഷണൽ വികസിപ്പിച്ചത്.

തൊഴിലാളികൾക്കൊപ്പം മാവോ സെ തൂങ്

ജനാധിപത്യ സമൂഹത്തിന് താരതമ്യേന നീണ്ട ചരിത്രമുള്ള ആധുനിക രാഷ്ട്രങ്ങളിലല്ല മറിച്ച് ഫ്യൂഡൽ, പിന്നാക്ക സമൂഹങ്ങളിലാണിത് തുടർന്ന് ശക്തിപ്പെട്ടത്. ഇവയുടെ അന്തരങ്ങളും പരിമിതിയും മനസ്സിലാക്കാൻ ഒരു വിഷയം മാത്രം നോക്കിയാൽ മതിയാകും. ആധുനിക മുതലാളിത്ത രാജ്യങ്ങളിൽ പള്ളിയും മതാധികാരവുമെല്ലാം ഏതാണ്ട് ഇല്ലാതാകുന്നത്ര ദുർബലമാണെങ്കിൽ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ അതിന്റെ തകർച്ചയോടെ പൂർവ്വാധികം ശക്തവും രാക്ഷസീയവുമായി മതം തീവ്രമായി എന്നതാണ് ചരിത്രാനുഭവം.

മതാത്മകമായ ശാസ്ത്രീയത

പാർട്ടി, തൊഴിലാളി വർഗ സർവാധിപത്യം തുടങ്ങിയ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളിൽ മാത്രമായി പ്രശ്‌നത്തെ ചുരുക്കാനാകില്ലെന്നതാണ് പ്രധാനം. മാർക്‌സിസവും കമ്യൂണിസവും ശാസ്ത്രീയമാണ്, അത് ശാസ്ത്രം തന്നെയാണ് എന്നിങ്ങനെയാണ് ഇടക്കാലത്ത് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട മിത്ത്. മാർക്‌സിസത്തിലൂടെ ചരിത്രവും സാമൂഹ്യശാസ്ത്രങ്ങളുമെല്ലാം പ്രകൃതി ശാസ്ത്രത്തിന്റെ കൃത്യത കൈവരിച്ചു എന്ന് സ്റ്റാലിൻ വിശ്വസിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്.

പാലോറമാത മുതൽ പി.സി ജോഷിവരെ എല്ലാവരും ഒരേസ്വരത്തിൽ സംസാരിക്കാൻ തുടങ്ങുന്നതോടെ ആശയങ്ങളുടെ മുകളിലേക്കുള്ള സഞ്ചാരം നിലക്കുകയും ഫലത്തിൽ കേന്ദ്രം ജനങ്ങളിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്നു

പക്ഷെ സ്റ്റാലിനിത് പറയുന്ന സന്ദർഭത്തിൽ തന്നെ ശാസ്ത്രവും ശാസ്ത്രീയതയും അതിന്റെ കൃത്യതയുമെല്ലാം പ്രശ്‌ന സങ്കീർണമായിക്കഴിഞ്ഞിരുന്നു എന്നതാണ് വസ്തുത. ചരിത്രവും സാമൂഹ്യ ശാസ്ത്രങ്ങളുമെല്ലാം പ്രകൃതി ശാസ്ത്രംപോലെ കാര്യമായ പ്രവചന സ്വഭാവമുള്ളതാണെന്നും അദ്ദേഹം വിശ്വസിച്ചു. സത്യവും ശരികളും ഏകങ്ങൾ മാത്രമാണെന്നും അതിലേക്കുള്ള സഞ്ചാരപഥങ്ങളും (trajectory) ഏകമാണെന്നും ശഠിക്കുന്നതിലേക്കാണിതെത്തിയതെന്നും വേണം കാണാൻ. സ്വർഗത്തിലേക്കുള്ള വഴി ഏകവും ഋജുവും ഇടുങ്ങിയതുമാണെന്ന ചിന്തയിലേക്ക് തന്നെയാണെത്തിയത്. ഈ നേർത്ത പാതയിലൂടെയുള്ള സഞ്ചാരത്തിലെ ചെറിയ വ്യതിയാനങ്ങൾപോലും ഇടതുപക്ഷ വലതുപക്ഷ അവസരവാദങ്ങളുടെ നരകത്തിലേക്കാകും ഒരാളെ തള്ളിയിടുക. ഈ നരകങ്ങൾ ഭാവനയിൽ മാത്രമല്ലാതെ ഗുലാബുകളായി സോവിയറ്റ് യൂണിയനിൽ തയ്യാറുമായിരുന്നു.

ബോൾഷെവിക് വിമതരുടെ സമ്മേളനത്തിൽ ലെനിൻ (വലതുനിന്നും ആദ്യത്തേത്)

സ്റ്റാലിൻ ലോകനേതൃത്വത്തിലേക്ക് വരുന്ന ഏതാണ്ട് അതേ വർഷങ്ങളിൽ തന്നെ കോപ്പൻഹേഗനിൽ ഒത്തുചേർന്ന് ക്വാണ്ടംബലതന്ത്രം ഏതാണ്ടൊരു രാഷ്ട്രീയ പ്രസ്ഥാനം പോലെ വിജ്ഞാപനം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. ശാസ്ത്രവും ശാസ്ത്രീയതയും തന്നെ ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ പരിമിത വൃത്തം ഭേദിച്ചു കഴിഞ്ഞിരുന്നുവെന്ന് സാരം. ക്ലാസിക്കൽ ശാസ്ത്രത്തിന്റെ സുനിശ്ചിതത്വം ചോദ്യം ചെയ്യപ്പെട്ടു എന്നതാണിതിൽ പ്രധാനം. ഇതേക്കുറിച്ചെല്ലാം വ്യാഖ്യാന ഭേദങ്ങളാകാമെങ്കിലും സൈദ്ധാന്തിക സമവാക്യങ്ങളുടെയൊന്നും ആധികാരികത ചോദ്യം ചെയ്യപ്പെടാത്തതാണ്, മാത്രവുമല്ല ഇന്നത്തെ ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന് ആധാരമായി വർത്തിക്കുന്നതും ക്ലാസിക്കൽ ശാസ്ത്രമല്ല, ഈ ആധുനിക ശാസ്ത്രമാണെന്നർത്ഥം. ക്ലാസിക്കൽ ശാസ്ത്രത്തിന്റെ കാലത്തും എല്ലാത്തിനോടും പ്രകൃതിശാസ്ത്രവുമായി സമീകരിക്കുന്നത് അപകടകരമായിരുന്നുവെങ്കിലും ആധുനിക ശാസ്ത്രം, ശാസ്ത്രം, ശാസ്ത്രീയത തുടങ്ങിയ സംജ്ഞകളെ തന്നെ പ്രശ്‌നസങ്കീർണമാക്കുകയും പുനർനിർവചിക്കാൻ നിർബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്.

ഏകശരി സിദ്ധാന്തം ഉറക്കുന്നതോടെ അഭിപ്രായ ഭേദങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള സാധ്യത തന്നെയാണടഞ്ഞുപോയത്. പാലോറമാത മുതൽ പി.സി ജോഷിവരെ എല്ലാവരും ഒരേസ്വരത്തിൽ സംസാരിക്കാൻ തുടങ്ങുന്നതോടെ ആശയങ്ങളുടെ മുകളിലേക്കുള്ള സഞ്ചാരം നിലക്കുകയും ഫലത്തിൽ കേന്ദ്രം ജനങ്ങളിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്നു. സ്റ്റാലിനെ സംബന്ധിച്ച്​കേന്ദ്രകമ്മിറ്റിയുമായി പോലും ആശയവിനിമയത്തിനുള്ള സാധ്യത അവസാനകാലത്ത് ഏതാണ്ട് ഇല്ലാതായി എന്നാണ് സൂക്ഷ്മ വിശകലത്തിൽ ജീവിചരിത്രം പറയുക. ഫ്യൂഡൽ രാജവാഴ്ചകളുടെയെല്ലാം കാലത്ത് രൂപംകൊണ്ട കമ്യൂണിസ്റ്റ് സംഘടനകൾക്ക് ചരിത്രത്തിലന്ന് പുരോഗമനകരമായിരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും തുടർന്നുള്ള ആധുനിക ലോകത്ത് ചരിത്രത്തെ പിടിച്ചുനിർത്താനുള്ള ഉപാധിയായാണവ മാറിയത്.

ജർമൻ പൊതുമേഖലയിലെ പോസ്റ്റോഫീസിനെ മാതൃകയാക്കി രൂപപ്പെട്ട പൊതുമേഖലകളും, ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ സംഘടനാ രൂപങ്ങളിലൊന്നായ ജാക്കോബനിസവും തൊഴിലാളിവർഗ സർവ്വാധിപത്യം + ഇലക്ട്രിസിറ്റി = സോഷ്യലിസം എന്ന സമവാക്യങ്ങളുമെല്ലാം ദേശീയ സോഷ്യലിസങ്ങളെ വികസിച്ച് വ്യാവസായിക രാജ്യങ്ങളാകാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴും മുതലാളിത്തത്തിന്റെ തന്നെ ഒരു വിശേഷരൂപം എന്നതിനപ്പുറം കടക്കാനായതുമില്ല.▮


സോമശേഖരൻ

മാർക്​സിസ്​റ്റ്​ സൈദ്ധാന്തികനും എഴുത്തുകാരനും. നക്​സലൈറ്റ്​ ആക്ഷനുകളിൽ ഒന്നായ കായണ്ണ പൊലീസ്​ സ്​റ്റേഷൻ ആക്രമണത്തിലെ പങ്കാളി. തടവുശിക്ഷ അനുഭവിക്കുകയും അതിക്രൂരമായ പൊലീസ്​ മർദ്ദനത്തിനിരയാകുകയും​ ചെയ്​തു. എഴുത്തച്​ഛൻ പഠനം, സ്​റ്റാലിനും സ്​റ്റാലിനിസവും, മാർക്​സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്​തകങ്ങൾ

Comments