കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയത്തോട് അത്ര പഥ്യമില്ല എന്നാണ് പറയപ്പെടുന്നത്. അത് കുറെയൊക്കെ വാസ്തവവും ആണ്. എം.എ. ബേബി സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമ്പോൾ ബംഗാളിലെ പാർട്ടി യൂണിറ്റിനെ അതെങ്ങനെ ബാധിക്കും എന്ന് കൽക്കട്ടയിലെ രണ്ട് മുതിർന്ന പത്രപ്രവർത്തകരോട് ഞാൻ ചോദിച്ചു. രണ്ടുപേരും ഇടതുപക്ഷ അനുഭാവികളാണ്. ഒരാൾ പാർട്ടിയുമായി വർഷങ്ങളായി ബന്ധമുള്ള ഒരു കുടുംബത്തിലെ അംഗവുമാണ്.
ഇടതുപക്ഷത്തോട് ചായ്‌വുള്ള, എന്നാൽ പാർട്ടി കമ്മ്യൂണിസ്റ്റ് തത്വങ്ങളിൽ നിന്ന് വളരെയധികം വ്യതിചലിച്ചു എന്ന് ആവലാതിപ്പെടുന്ന ആദ്യത്തെ പത്രപ്രവർത്തകൻ പറഞ്ഞത് ഇങ്ങനെയാണ്:

"എന്റെ അഭിപ്രായത്തിൽ ബേബി ജനറൽ സെക്രട്ടറി ആയതുകൊണ്ട് ബംഗാളിൽ ഒരു മാറ്റവും സംഭവിക്കില്ല. It is not a positive nor a negative. ബംഗാൾ സി.പി.എമ്മിന്റെ ഭാവി എപ്പോഴും നിർണയിച്ചിരുന്നത് ബംഗാൾ രാഷ്ട്രീയവും അതിനോട് അനുബന്ധിച്ചു നടന്ന സംഭവങ്ങളുമാണ്. പ്രകാശ് കരാട്ട് പാർട്ടി തലപ്പത്തുണ്ടായിരുന്നപ്പോൾ അതിലൊരു മാറ്റം വന്നു എന്നത് ശരിയാണ് (ഒന്നാം യു.പി.എയോടുള്ള കരാട്ടിന്റെ സമീപനം കാരണമാണ് ബംഗാളിൽ ഇടതുപക്ഷത്തിന് ക്ഷതമേറ്റത് എന്നൊരു വാദമുണ്ടെങ്കിലും അത് പൂർണമായും ശരിയല്ല. പ്രാദേശിക ഘടകങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്നു.) ബംഗാളിൽ പാർട്ടി എന്തു ചെയ്യുന്നു എന്നതനുസരിച്ചായിരിക്കും പാർട്ടിയുടെ ഭാവി. അല്ലാതെ ബേബിക്ക് ഏതെങ്കിലും രീതിയിൽ പാർട്ടി യൂണിറ്റിനെ സ്വാധീനിക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല’’.
ആ പത്രപ്രവർത്തകൻ കൂട്ടിച്ചേർത്തു:
"ഒരു കാര്യം ചിലപ്പോൾ സംഭവിച്ചേക്കാം. അതായത് ബംഗാൾ പാർട്ടി സെക്രട്ടറി മുഹമ്മദ് സലീമിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാൻ സാധ്യതയുണ്ട്. അനാവശ്യമായ കാര്യങ്ങളിൽ കയ്യിടുന്ന ആളല്ല ബേബി. പക്ഷേ ഇതിനർത്ഥം കഴിഞ്ഞ 10 വർഷമായി ബംഗാൾ സി.പി.എമ്മിന് ഒന്നും ചെയ്യാൻ കഴിയാത്തത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ടാണ് എന്നല്ല. അതിനാൽ കൂടുതൽ സ്വാതന്ത്ര്യം പോലും പുതുമയുള്ള ഒരു പ്രതിഭാസമല്ല. എന്നോട് ചോദിച്ചാൽ ഞാൻ പറയും, മധുരയിലെ പാർട്ടി കോൺഗ്രസ് പോലും ബംഗാളിൽ പാർട്ടിക്കു പുറത്ത് ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല എന്ന്’’.

വർഷങ്ങളായി ഇടതുപക്ഷവുമായി ഗാഢബന്ധമുള്ള കുടുംബത്തിലെ അംഗമായ പത്രപ്രവർത്തകൻ ഇതാണ് പറഞ്ഞത്:
"ഞാൻ സംസാരിച്ച ബംഗാൾ യൂണിറ്റിലെ പലരും പറഞ്ഞത് ബേബിക്ക് ബംഗാളിൽ വലിയ റോളുണ്ടാകാൻ സാധ്യതയില്ല എന്നാണ്. അതിന് രണ്ട് കാരണങ്ങൾ അവർ പറഞ്ഞു.
ഒന്ന്, സലിം 2026-ലെ ബംഗാൾ അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചില പദ്ധതികൾ അനുസരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടാണ് കേന്ദ്ര നേതൃത്വത്തിലേക്ക് മാറാൻ അദ്ദേഹം വിമുഖത കാണിച്ചത്. അദ്ദേഹം ബംഗാൾ അസംബ്ലി തെരഞ്ഞെടുപ്പിൽ തന്നെ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കും.
രണ്ട്, ഭാഷ ചിലപ്പോൾ ബേബിയും ബംഗാളിലെ അണികളുമായി സീതാറാം യെച്ചൂരി പടുത്തുയർത്തിയതുപോലുള്ള ഒരു ബന്ധം സ്ഥാപിക്കുവാൻ തടസ്സം നിന്നേക്കാം. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ, ബേബിക്ക് വലിയ രീതിയിൽ ബംഗാളിൽ എന്തെങ്കിലും സംഭാവന ചെയ്യാനുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല’’.
ഇടതുപക്ഷ അനുഭാവികളാണെങ്കിലും ഈ രണ്ടു പത്രപ്രവർത്തകരും പല കാര്യങ്ങളിലും യോജിക്കാറില്ല. എന്നാൽ ഇക്കാര്യത്തിൽ അവർ രണ്ടുപേരും വ്യത്യസ്ത സമയങ്ങളിൽ നേരിട്ട് കാണാതെ ഏകദേശം ഒരേ സ്വരത്തിലാണ് സംസാരിച്ചത് എന്നത് നിസ്സാര കാര്യമല്ല. എന്നാലും ബംഗാൾ രാഷ്ട്രീയത്തെക്കുറിച്ച് അത്രയൊന്നും അറിവില്ലാത്ത (കൽക്കട്ടയിൽ ആയിരുന്നെങ്കിലും ദേശീയ രാഷ്ട്രീയമായിരുന്നു ഞാൻ കൂടുതലും പത്രപ്രവർത്തനം എന്ന രീതിയിൽ കൈകാര്യം ചെയ്തത്) ഞാൻ ഇവർ രണ്ടുപേർ പറഞ്ഞ അഭിപ്രായങ്ങളും തള്ളിക്കളയുന്നില്ലെങ്കിലും അവർ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നുമില്ല.
എം.എ. ബേബി ഹ്രസ്വകാലത്ത് ശ്രദ്ധിക്കേണ്ടത്, പാർട്ടിക്കകത്ത് അസംതൃപ്തിയോടെ കഴിയുന്ന സഖാക്കളെ വിശ്വാസത്തിലെടുക്കുക എന്നതാണ്.
ചുവന്ന ഖർ വാപ്സി
എം.എ. ബേബിക്ക് എന്തുചെയ്യാൻ കഴിയുമെന്നോ എന്തു ചെയ്യും എന്നോ അദ്ദേഹവും പാർട്ടിയുമാണ് തീരുമാനിക്കേണ്ടത്. എന്നാൽ അദ്ദേഹത്തിന് മുന്നിലുള്ള ചില സാധ്യതകൾ- ഊന്നിപ്പറയുന്നു, സാധ്യതകൾ, ഉറപ്പുകളല്ല- ഇവിടെ പരാമർശിക്കാം.
വളരെ സങ്കീർണമായ പ്രതിസന്ധികളുടെ കാലത്താണ് എം.എ. ബേബി നേതൃത്വസ്ഥാനത്തേക്ക് വരുന്നത്. പ്രതിസന്ധികളെ നേരിടേണ്ടത്, എല്ലാം എളുപ്പത്തിൽ പരിഹരിക്കാം എന്ന വാശിയോടെ ആയിരിക്കരുത്. ഹൃസ്വകാലത്തിൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്നും ദീർഘകാലത്തിൽ എന്തെല്ലാം ചെയ്യണമെന്നും ഒരു പദ്ധതി ഇങ്ങനെയുള്ള അവസരങ്ങളിൽ സംഘടനകൾ രൂപപ്പെടുത്താറുണ്ട്.

എം.എ. ബേബി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, ഞാൻ കരുതുന്നത്, ഹ്രസ്വകാലത്ത് അദ്ദേഹം ശ്രദ്ധിക്കേണ്ടത്, പാർട്ടിക്കകത്ത് അസംതൃപ്തിയോടെ കഴിയുന്ന സഖാക്കളെ വിശ്വാസത്തിലെടുക്കുക എന്നതാണ്. അവരുടെ ആകുലതകൾ പരിഹരിക്കുകയും അല്ലാത്തതിനെ പറ്റി പറഞ്ഞു മനസ്സിലാക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുക എന്ന ദൗത്യം ഏറ്റെടുക്കുകയാണെങ്കിൽ ഇന്ന് സി.പി.എമ്മിൽ അതിന് ഏറ്റവും കഴിവുള്ള നേതാവ് ബേബി തന്നെയാണ്. ഇതിൽ ഭാഷ ഒരിക്കലും തടസ്സമാകില്ല. ഇടതുപക്ഷത്തിന് ഏറ്റവും ശക്തി പകർന്ന ഹർകിഷൻ സിംഗ് സുർജിത്തിന് ഭാഷ ഒരിക്കലും പരിമിതിയായിരുന്നില്ല. ബംഗാളുമായി ബന്ധമില്ലെങ്കിലും, കേരളത്തിൽ എം.എ. ബേബി ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആ കൂടിക്കാഴ്ചയുടെ പരിണതഫലം എന്തുതന്നെയായാലും പുതിയ ജനറൽ സെക്രട്ടറി നൽകിയ നല്ലൊരു സന്ദേശമാണത്.
ഇന്ത്യൻ ക്യാമ്പസുകളിൽ കഴിവ് തെളിയിച്ച അനേകം സഖാക്കൾ പല സംസ്ഥാനങ്ങളിലും ഇന്ന് പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ കഴിയുന്നുണ്ട്.
ബംഗാളിലും ജി. സുധാകരനെ പോലെ ശക്തരായ അനേകം സഖാക്കളുണ്ട്. മനസ്സുമടത്ത് പലരും സ്വയം ഉൾവലിയുകയോ മറ്റിടങ്ങൾ തേടുകയോ ചെയ്തിട്ടുണ്ട്. വ്യക്തികളുടെ പേര് പറയുന്നത് ഉചിതമല്ലെങ്കിലും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയ ഒരു കാര്യം, പ്രസൻജിത്ത് ബോസിനെ പോലെ ചുറുചുറുക്കും, സാമ്പത്തിക വിഷയങ്ങളിൽ അതീവ പാണ്ഡിത്യവുമുള്ള, ഉരുളക്കുപ്പേരി പോലെ മറുപടി പറയാൻ കഴിയുന്ന വാക്ചാതുര്യമുള്ള ഒരു സഖാവിനെ പാർട്ടി എന്തിന് പുറത്തുനിർത്തുന്നു എന്നുള്ളതാണ്. ബോസിനെ പാർട്ടിക്ക് ബംഗാളിൽ മാത്രമല്ല ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നത്. ചെറുപ്പക്കാർക്കിടയിലും ടെക്കികൾക്കിടയിലും പാർട്ടിക്ക് കേരളത്തിൽ പോലും പിന്തുണ നഷ്ടപ്പെടുകയോ നിശ്ചലമാവുകയോ ചെയ്തു എന്ന പരാതികൾക്കിടയിൽ, ബോസിനെ പോലെ മനോഹരമായി സംസാരിക്കുവാൻ (അത് ഇംഗ്ലീഷിലായിക്കൊള്ളട്ടെ, അതിനെന്താണ് കുഴപ്പം? നമ്മുടെ യുവാക്കൾക്ക് ഇംഗ്ലീഷ് മനസ്സിലാവില്ലേ?) കഴിയുന്ന ഒരു വ്യക്തി പാർട്ടിക്ക് എന്നും ഒരു പിൻബലം തന്നെയായിരിക്കും.

ഇതുപോലെ ഇന്ത്യൻ ക്യാമ്പസുകളിൽ കഴിവ് തെളിയിച്ച അനേകം സഖാക്കൾ പല സംസ്ഥാനങ്ങളിലും ഇന്ന് പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ കഴിയുന്നുണ്ട്. ഇവരെ ആകർഷിക്കാനും തിരിച്ചുകൊണ്ടുവരുവാനും ആർക്കെങ്കിലും ഇന്ന് പാർട്ടിയിൽ കഴിയുമെങ്കിൽ അത് എം.എ. ബേബിയാണ്.
റാം ആൻഡ് ബാം
മമതാ ബാനർജി കൂടെക്കൂടെ ബംഗാൾ ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കുന്ന ഒരു ആരോപണമാണ് അവർ ഹിന്ദുത്വ ശക്തികളുമായി രഹസ്യധാരണയിലെത്തി തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു എന്ന്. ഗ്രാമങ്ങളിൽ പല സി.പി.എം അണികളും ബി.ജെ.പിയിൽ അഭയം തേടിയെന്നത് സത്യമാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് "അഭയം തേടി" എന്ന പ്രതിഭാസമാണ്. തൃണമൂലിൽനിന്ന് ആക്രമണം നേരിട്ട് ജീവനും സ്വത്തും രക്ഷിക്കാൻ വേണ്ടിയാണ് പല സഖാക്കളും ബി.ജെ.പിയുടെ സഹായം തേടിയത്. ടെലിവിഷൻ സ്റ്റുഡിയോകളിലും ചാരുകസേരയിലും ഇരുന്ന് ഇങ്ങനെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി ചേർന്നുപോകും എന്ന് നമുക്ക് ആശ്ചര്യപ്പെടാം. പക്ഷേ കൈകാലുകൾ നഷ്ടപ്പെട്ടവരോടും ജീവനുവേണ്ടി പലായനം ചെയ്യുന്നവരോടും നമ്മൾ എന്ത് പ്രത്യയശാസ്ത്രം പറയും?
ഒരു പ്രതിപക്ഷ പാർട്ടിയായതുകൊണ്ട് പലപ്പോഴും സി.പി.എം ഉന്നയിക്കുന്ന വിഷയങ്ങളും ബി.ജെ.പി ഉന്നയിക്കുന്ന വിഷയങ്ങളും ഒന്നാകാറുണ്ട്.
ഒരു പ്രതിപക്ഷ പാർട്ടിയായതുകൊണ്ട് പലപ്പോഴും സി.പി.എം ഉന്നയിക്കുന്ന വിഷയങ്ങളും ബി.ജെ.പി ഉന്നയിക്കുന്ന വിഷയങ്ങളും ഒന്നാകാറുണ്ട്. ഉദാഹരണത്തിന്, ഇപ്പോൾ ബംഗാളിനെ പിടിച്ചുകുലുക്കുന്ന അധ്യാപക റിക്രൂട്ട്മെന്റ് വിവാദം. അല്ലെങ്കിൽ ആർ ജി കാർ ആശുപത്രിയിൽ നടന്ന ബലാത്സംഗവും കൊലപാതകവും. ഇത്തരം സംഭവങ്ങൾ ഒരു പ്രതിപക്ഷ പാർട്ടിക്കും അവഗണിക്കാനാവില്ല. എന്നാൽ മമതാ ബാനർജിയുടെ രാഷ്ട്രീയ സഹജവാസനയും ആശയവിനിമയത്തിനുള്ള അസാമാന്യ കഴിവും ഇടതുപക്ഷത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ചില സന്ദേഹങ്ങൾ ഉണ്ടാക്കുവാൻ സഹായിച്ചിട്ടുണ്ട്. "ആദ്യം റാം, പിന്നീട് ബാം" എന്നൊരു ചൊല്ല് തന്നെ അക്കാലത്ത് ഉടലെടുത്തു. ‘റാം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശ്രീരാമനെ മാതൃകയാക്കിയ ബി.ജെ.പിയെയാണ്. ‘ബാം’ ആകട്ടെ ഇടതുപക്ഷവും (‘ബാം’ എന്നത് ‘വാമം’ അല്ലെങ്കിൽ ഇടതുവശം എന്നർത്ഥമുള്ള ബംഗാളി വാക്കാണ്.)

ഈ വാദത്തെ നേരിടാൻ പറ്റിയ ഏറ്റവും നല്ല ആയുധം സി.പി.എം കേന്ദ്രനേതൃത്വം ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ എത്ര വ്യക്തതയുള്ള നിലപാട് എടുക്കും എന്നതാണ്. ജ്യോതിബാസുവിന്റെ പിന്നിൽ ബംഗാളിലെ ന്യൂനപക്ഷങ്ങൾ വർഷങ്ങളോളം അണിനിരുന്നതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ വ്യക്തമായ ഈ നിലപാടായിരുന്നു. ബി.ജെ.പിയെ തടയാൻ അന്ന് മുഖ്യ ശത്രുവായിരുന്ന കോൺഗ്രസിനെ സഹായിക്കുകയാണ് വേണ്ടതെങ്കിൽ അതുതന്നെ ആകട്ടെ എന്ന് ബാസു അർദ്ധശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. രാഷ്ട്രീയമായ ഈ സുവ്യക്തത വളരെ വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ ബംഗാൾ പാർട്ടിയെ സഹായിക്കുക എന്നത് എം.എ. ബേബിയുടെ കടമയാണ്.
സി.പി.എമ്മിന് ഒരു ചോദ്യം നേരിട്ടേ മതിയാവൂ: ബംഗാൾ തിരിച്ചുപിടിക്കുകയാണോ ബംഗാളിനെ രക്ഷിക്കുകയാണോ സി.പി.എമ്മിന്റെ തൊട്ടടുത്ത ദൗത്യം?
റാഡിക്കലായ ഒരു മാറ്റം
സിനിമയിലെ പരിഹാസം ചിലപ്പോൾ ഉത്തരങ്ങൾ നൽകാറുണ്ട്. ബി.ജെ.പി ബംഗാളിൽ ഉണ്ടാക്കുന്ന ധ്രുവീകരണം കണക്കിലെടുക്കുമ്പോൾ, സി.പി.എമ്മിന് ഒരു ചോദ്യം നേരിട്ടേ മതിയാവൂ: ബംഗാൾ തിരിച്ചുപിടിക്കുകയാണോ ബംഗാളിനെ രക്ഷിക്കുകയാണോ സി.പി.എമ്മിന്റെ തൊട്ടടുത്ത ദൗത്യം?
ഈ ചോദ്യം ചോദിച്ച എന്നെ പുച്ഛിച്ചു തള്ളാൻ എളുപ്പമാണ്. പക്ഷേ 2021-ൽ ബി.ജെ.പി നേടിയത് വൻ മുന്നേറ്റമാണ്. നരേന്ദ്രമോദിയും അമിത് ഷായും ബി.ജെ.പി ബംഗാളിൽ ഭരണത്തിൽ വരും എന്നൊരു മിഥ്യാധാരണ പടച്ചുവിട്ടതിനെ തുടർന്നാണ് ബി.ജെ.പിയുടെ വളർച്ചയുടെ ആഴം പലരും മനസ്സിലാക്കാതിരുന്നത്. 2016- ലെ വെറും മൂന്ന് സീറ്റിൽ നിന്ന് 2021-ൽ ബി.ജെ.പി 77 സീറ്റുകളിൽ വിജയിച്ചു. നിസ്സാരവൽക്കരിക്കേണ്ട ഒരു കണക്കല്ലിത്. കേരളത്തിനും ഇതൊരു താക്കീതാണ്.

2026 അടുക്കുമ്പോൾ ബി.ജെ.പി തളരാത്ത ശ്രമങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ബംഗാളിനെ രക്ഷിക്കാൻ, സി.പി.എം മമതാ ബാനർജിയുമായി സഹകരിക്കുമോ? എന്തുകൊണ്ട് അങ്ങനെ ഒരു സഹകരണത്തെക്കുറിച്ച് ആലോചിക്കാൻ പോലും പാടില്ല എന്നതിന് 100 കാരണങ്ങൾ കാണാം. അതിൽ ഏറ്റവും പ്രധാനമായി പറയുന്നത് ഇടതുപക്ഷവും മമതയും ഒന്നിക്കുകയാണെങ്കിൽ, മമതക്കെതിരായിട്ടുള്ള വോട്ടുകൾ പൂർണ്ണമായും ബി.ജെ.പിയിലേക്ക് പോകുമെന്നും അത് ആ പാർട്ടിക്ക് നിർണായകമായ നേട്ടമാകും എന്നാണ്. ഇത്തരം കണക്കുകൂട്ടലുകളിൽ കാര്യമില്ലാതില്ല. പക്ഷേ അതിതീവ്രമായ പ്രതിസന്ധിഘട്ടത്തിൽ, ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്ന അതിപ്രധാനമായ കർത്തവ്യം രാഷ്ട്രീയപാർട്ടികൾക്കുണ്ട്. കൺകെട്ട് വേല കാണിച്ച്, ഒരിടത്ത് ഭിന്നിക്കുകയും മറ്റൊരിടത്ത് ഒന്നിക്കുകയും ചെയ്ത്, ജനങ്ങളെ പറ്റിക്കുകയാണോ വേണ്ടത്? അതോ അവരെ വിശ്വാസത്തിൽ എടുത്ത് കാര്യത്തിന്റെ ഗൗരവം അവരെ പറഞ്ഞു മനസ്സിലാക്കുകയും നാടിനെ രക്ഷിക്കാൻ മറ്റു മാർഗങ്ങളില്ല എന്ന് അവരെ ബോധ്യപ്പെടുത്തുവാനും ആണോ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്? ഉത്തരം ചോദ്യത്തിൽ തന്നെയുണ്ട്. നേതൃപാടവം ആവശ്യമുള്ളത് യോജിപ്പില്ലാത്തവരെ ഒരുമിപ്പിച്ച് ചില അടിസ്ഥാന വ്യവസ്ഥകൾ അംഗീകരിപ്പിച്ച് പ്രവർത്തിക്കുക എന്നതല്ലേ? എല്ലാവരും എല്ലാക്കാര്യങ്ങളിലും യോജിക്കുന്നുണ്ടെങ്കിൽ നേതൃത്വത്തിന്റെ ആവശ്യം ഇല്ലല്ലോ?
ബംഗാളിൽ സി.പി.എം തിരിച്ചുവരണമെങ്കിൽ "ഭദ്രലോക്" ചുമരുകൾ പൊളിച്ചുകളയുക തന്നെ വേണം.
നടക്കാനിടയില്ലാത്ത എന്നാൽ ചിലപ്പോഴൊക്കെ ആഗ്രഹിച്ചു പോകുന്ന ഇത്തരം ഒരു വഴിത്തിരിവ് എന്നെങ്കിലും ഉരുത്തിരിഞ്ഞു വന്നാൽ, എം.എ. ബേബി അതിലൊരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രതീക്ഷിക്കുന്നതിന് ആരുടേയും അംഗീകാരം ആവശ്യമില്ലല്ലോ?
സങ്കീർണമായ ഈ വിഷയം ഹൃസ്വകാലത്തെ മാത്രം ബാധിക്കുന്നതല്ല. അതീവ പക്വതയോടെ കൈകാര്യം ചെയ്യേണ്ട മറ്റൊരു ചോദ്യവും ഉണ്ട്: ഒറ്റയാൾ- പട്ടാള പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ ഭാവി എന്താകും? തമിഴ്നാട്ടിൽ AIADMK ക്ക് സംഭവിച്ചതുപോലെ തൃണമൂലിന് സംഭവിച്ചാൽ ബി.ജെ.പിക്കായിരിക്കില്ലേ അത് നേട്ടമുണ്ടാക്കുക? ഒരുകാലത്ത് ഇടതുപക്ഷത്തെ പൂർണമായും പിന്തുണച്ച ഇപ്പോൾ തൃണമൂലിനോടൊപ്പം നിൽക്കുന്ന മുസ്ലിം സഹോദരരെ കുറിച്ചും സി.പി.എം ആലോചിക്കേണ്ടതുണ്ട്. ജ്യോതിബസുവിന്റെ ഏറ്റവും വലിയ നേട്ടം ന്യൂനപക്ഷങ്ങൾക്ക് അദ്ദേഹം വാഗ്ദാനം ചെയ്യുകയും നിറവേറ്റുകയും ചെയ്ത സുരക്ഷയാണ്. ആ ചരിത്രദൗത്യം സി.പി.എം പൂർത്തീകരിച്ചേ പറ്റൂ. അതിനുവേണ്ടി മമതയുമായി സഹകരണമാണ് ആവശ്യമെങ്കിൽ, അതേപ്പറ്റി ചിന്തിക്കുവാൻ സി.പി.എം തയ്യാറാകുമോ?

ദീർഘകാല വിഷയങ്ങൾ
സി.പി.എം ബംഗാളിൽ എക്കാലവും "ഭദ്രലോക്" പാർട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്. "ഭദ്രലോക്" പാർട്ടി എന്നാൽ മൂന്ന് പ്രബലമായ ജാതികളിൽ നിന്നും വന്നവർ നിയന്ത്രിക്കുന്ന സംഘടന എന്നർത്ഥം. ഔദ്യോഗികമായി സി.പി.എം ഇതിനെ ശക്തമായി നിരാകരിക്കുന്നുണ്ടെങ്കിലും, ബംഗാളിൽ-അത് കോൺഗ്രസ് ആകട്ടെ, സി.പി.എം ആകട്ടെ, തൃണമൂൽ ആകട്ടെ -ഇന്നുവരെ മുഖ്യമന്ത്രി ആയിരുന്ന എല്ലാവരും "ഭദ്രലോക്" സമൂഹത്തിൽ നിന്നുള്ളവരാണ്.
പാർശ്വവൽക്കരിക്കപ്പെട്ടവർ വളരെയധികമുള്ള ബംഗാളിൽ ഇത്തരമൊരു ഘടനയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. വർഗ്ഗത്തിലധിഷ്ഠിതമായ സി.പി.എം പരസ്യമായി ഇത് അംഗീകരിക്കുന്നുമില്ല. 2022-ൽ രാമചന്ദ്ര ദോം സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായപ്പോൾ, പലരും ചൂണ്ടിക്കാണിച്ചത് 58 വർഷങ്ങളിൽ ഇതാദ്യമായാണ് ഒരു ദലിത് നേതാവ് ഈ സ്ഥാനത്ത് എത്തുന്നത് ആയിരുന്നു. മധുര പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ സി.പി.എം പോളിറ്ബ്യൂറോയിൽ കൂടുതൽ ന്യൂനപക്ഷ അംഗങ്ങളുണ്ട്. ഇത് ആശാവഹമായ ദിശ തന്നെയാണ്. ബംഗാളിൽ സി.പി.എം തിരിച്ചുവരണമെങ്കിൽ "ഭദ്രലോക്" ചുമരുകൾ പൊളിച്ചുകളയുക തന്നെ വേണം.
വ്യക്തിഗത ഇടങ്ങൾ
34 വർഷം തുടർച്ചയായി ഭരണത്തിലിരുന്നാൽ ഏത് പ്രസ്ഥാനത്തെയും ജീർണത ബാധിക്കും. ബംഗാൾ സി.പി.എമ്മിനും അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ജീർണ്ണതയുടെ ഒരു വശം ചർച്ച ചെയ്യാൻ ബംഗാൾ പാർട്ടി പലപ്പോഴും വിമുഖത കാണിച്ചിട്ടുണ്ട്. വ്യക്തികൾക്ക് അധിക പ്രാധാന്യം നൽകാൻ പാടില്ല എന്നതുകൊണ്ട് ആകാം അത്തരമൊരു സമീപനം.

പക്ഷേ പാർട്ടിയുടെ നിലപാടുകൾ പൗരരുടെ വ്യക്തിഗത ഇടങ്ങളിൽ കൈ കടത്തുമ്പോൾ അത് പാർട്ടിയുടെ മാത്രം കാര്യമല്ല. 34 വർഷം ഭരണത്തിൽ ഇരുന്നപ്പോൾ സി.പി.എം എപ്പോഴോ മറന്നുപോയ ഒരു കാര്യമാണിത്. വ്യക്തിഗത സ്വാതന്ത്ര്യത്തിൽ നടന്ന ഒരിക്കലും ന്യായീകരിക്കാനാകാത്ത ഒരു ഇടപെടലാണ് കുട്ടികൾ ഏത് ക്ലാസിൽ തൊട്ട് ഇംഗ്ലീഷ് പഠിക്കണം എന്ന തീരുമാനം. ആറാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠിച്ചാൽ മതി എന്നായിരുന്നു 1983-ൽ എടുത്ത തീരുമാനം. സാംസ്കാരികമായും ബൗദ്ധികമായും ഒരു വിദേശഭാഷ വൈകി പഠിപ്പിക്കുന്നതിൽ ന്യായങ്ങളുണ്ടാകും. എന്നാൽ സങ്കുചിതമായ മറ്റു ചില ലക്ഷ്യങ്ങൾ പുതിയ നയത്തിനുപിന്നിലുണ്ടെന്ന് ആരോപണം ഉയർന്നു. മാത്രമല്ല, അതിരൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന ഒരു സംസ്ഥാനത്ത് ബംഗാളി ഭാഷയിൽ മാത്രം പ്രാവീണ്യം നേടുക കൊണ്ട് സംസ്ഥാനത്തിന് പുറത്ത് അവർക്ക് ജോലി ലഭിക്കുമോ? തീർച്ചയായും ബംഗാളി മീഡിയത്തിൽ പഠിച്ച പ്രഗൽഭരായ അനേകം വിദ്യാർത്ഥികളുണ്ട്. എന്നാൽ, എല്ലാവരും ഒരേ പശ്ചാത്തലമുള്ളവരല്ല. തൊഴിൽക്ഷമതയിൽ ബംഗാളിലെ ഒരു തലമുറ തന്നെ ഈ ഭാഷാനയം കാരണം വലിയൊരു വില കൊടുക്കേണ്ടിവന്നു എന്നാണ് പലരും അനുമാനിക്കുന്നത്. നീണ്ട വിവാദങ്ങൾക്കും ശേഷം സി.പി.എം ഗവൺമെന്റ് നയം പിന്നീട് ഇളവ് ചെയ്തു.
1990- കളിൽ, ഗ്രാമങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ജീവിതം, വിവാഹം, ഭൂമി ഇടപാടുകൾ എന്നീ കാര്യങ്ങളിലും ‘ചോട്ടാ സഖാക്കൾ’ പതിവായി ഇടപെട്ടിരുന്നു എന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.
ഇതൊരു ഉദാഹരണം മാത്രമാണ്. 1990- കളിൽ, ഗ്രാമങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ജീവിതം, വിവാഹം, ഭൂമി ഇടപാടുകൾ എന്നീ കാര്യങ്ങളിലും ‘ചോട്ടാ സഖാക്കൾ’ പതിവായി ഇടപെട്ടിരുന്നു എന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.
ഇത്തരം അസുഖകരമായ കാര്യങ്ങളെക്കുറിച്ച് പാർട്ടി പൊതുജനങ്ങളുമായി ഇപ്പോഴും ചർച്ചകൾ നടത്തിയിട്ടില്ല. ഇതോടൊപ്പം പറയേണ്ടതുണ്ട് ശ്ലാഘനീയമായ പല കാര്യങ്ങളും: നേരത്തെ പറഞ്ഞ പോലെ മതമൈത്രി, ന്യൂനപക്ഷങ്ങളുടെ സുരക്ഷ, കറയറ്റ നേതാക്കൾ, കൽക്കട്ടയിലെ കോസ്മോപോളിറ്റൻ സംസ്കാരം (ഈ ലേഖകൻ മുപ്പതിലധികം വർഷങ്ങൾ കൽക്കട്ടയിലാണ് ചെലവഴിച്ചത്. ഒരു തവണ പോലും മറ്റൊരു സംസ്ഥാനത്തുനിന്ന് വന്നു താമസിക്കുന്ന ഒരു വ്യക്തിയാണ് എന്ന തോന്നലുണ്ടാകാനിടയായിട്ടില്ല).

ബംഗാളിൽ സി.പി.എമ്മിന് പറയാൻ അനേകം കഥകളുണ്ട്. ചെറുപ്പക്കാരെ ആകർഷിക്കാൻ പറ്റുന്നില്ല എന്ന് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. ബംഗാൾ സി.പി.എമ്മിലെ നേതാക്കൾ ഇപ്പോഴും പാർട്ടി അണികളോടാണ് കാര്യങ്ങൾ പറയാൻ ശ്രദ്ധിക്കുന്നത്. ആ ഇടം വികസിപ്പിക്കുവാൻ സലീമും ചില യുവ നേതാക്കളും കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. കഥകൾ വായിക്കുവാനും പറയുവാനും ഇഷ്ടമുള്ള എം.എ. ബേബി ബംഗാളിനോട് കഥകൾ പറഞ്ഞാൽ അതിൽ എന്താണ് കുഴപ്പം? പാർട്ടി പറയാൻ മറന്ന കഥകൾ ചിലപ്പോൾ അതിഥിയായ ബേബിക്ക് പറയാൻ കഴിഞ്ഞെങ്കിലോ? അദ്ദേഹം അത് ചെയ്യും എന്ന് തന്നെയാണ് എന്റെ വിശ്വാസം.