കഴിഞ്ഞ 10 വർഷത്തിനിടയിൽ വലിയ വിഭാഗം ജനങ്ങൾ സി.പി.ഐ- എമ്മിനോട് അടുത്തിട്ടുണ്ടെന്നും അവരെ കൂടുതൽ ചേർത്തുനിർത്തി പാർട്ടി സ്വാധീനം- പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയിൽ- വർധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതാണ് പാർട്ടിയുടെ ആദ്യ ലക്ഷ്യങ്ങളിലൊന്നെന്നും സി.പി.ഐ-എം പോളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ. ട്രൂകോപ്പി വെബ്സീനിനുവേണ്ടി കമൽറാം സജീവ് നടത്തിയ അഭിമുഖത്തിലാണ് വിജൂ കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ഏറെക്കാലമായി കർഷകസമരങ്ങൾക്ക് മുന്നിൽ നിൽക്കുന്ന സ്വതന്ത്ര സംഘടനയാണ് ഓൾ ഇന്ത്യ കിസാൻ സഭ. അഞ്ച് വർഷത്തിനിടയിൽ സംഘടനയ്ക്ക് വലിയ വളർച്ചയുണ്ടാവുകയും 1 കോടി 50 ലക്ഷത്തോളം അംഗസംഖ്യയിൽ എത്തുകയും ചെയ്തിട്ടുണ്ട് (5 വർഷങ്ങൾക്കിടയിൽ ഏകദേശം 40 ലക്ഷത്തിൻ്റെ വർധന). സംയുക്ത കിസാൻ മോർച്ചയുടെ (SKM) ബാനറിൽ പ്രാദേശിക വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് കർഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കാൻ പോവുന്നത്. മെയ് 20ന് രാജ്യത്തെ തൊഴിലാളി സംഘടനകൾ ഒരു പൊതുപണിമുടക്കിനും കർഷകരും കർഷക തൊഴിലാളികളും ചേർന്ന് ഒരു ഗ്രാമീണ ഭാരത് ഹർത്താലും ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂൺ 26-ന് ഞങ്ങൾ ഒത്തുചേർന്ന് സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി മേഖലയിൽ മറ്റൊരു പണിമുടക്ക് നടത്താനും പദ്ധതിയിടുന്നുണ്ട്’’- വിജൂ കൃഷ്ണൻ പറഞ്ഞു.
‘‘കർഷക - തൊഴിലാളി ഐക്യത്തിലൂന്നി പ്രവർത്തിക്കുന്ന വർക്കിങ് ക്ലാസ് പാർട്ടിയാണ് സിപിഎം. രാജ്യത്തെ ഏറ്റവും വലിയ ബഹുജനവിഭാഗമാണ് ഇവിടുത്തെ കർഷകർ. അവർ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. നിരവധി കർഷകരാണ് ഇക്കാലത്ത് പലവിധ പ്രതിസന്ധികൾ താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നത്. അവരുടെ യഥാർത്ഥ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയെന്ന് സി.പി.ഐ- എം ഏറ്റവും ആദ്യം ഏറ്റെടുക്കാൻ പോവുന്ന പദ്ധതിയാണ്. പാർട്ടി പൂർണമായി അതിനുള്ള തയ്യാറെടുപ്പിലുമാണ്’’.
‘‘പരസ്പര കൂടിയാലോചനകളിലൂടെയും ഐക്യത്തോടെയുള്ള പോരാട്ടങ്ങളിലൂടെയും രൂപപ്പെട്ടുവന്നതിനാൽ കാർഷിക നയങ്ങളെക്കുറിച്ചുള്ള സി.പി.ഐ- എം നിലപാടുകൾ പൊതുവിൽ എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും സ്വീകാര്യമാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഇടതുപക്ഷ കർഷക - തൊഴിലാളി സംഘടനകൾ വർഷങ്ങളായി ഐക്യത്തോടെ പ്രവർത്തിക്കുകയും ഒന്നിച്ച് സമരപരിപാടികൾ സംഘടിപ്പിക്കുന്നുമുണ്ട്. പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും മുൻകാലത്തെ ശക്തികേന്ദ്രങ്ങളായ പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലും ഇടതുപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുകയും മറ്റ് മതേതര ജനാധിപത്യ വിഭാഗങ്ങളുമായി ചേർന്ന് വിശാല ഐക്യത്തിൻെറ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യും. നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിരോധം തീർക്കുന്നതിന് ഇടതുപക്ഷ ബദൽ മുന്നോട്ട് വെക്കുകയും അത് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും’’- വിജൂ കൃഷ്ണൻ പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:
തെരുവിലും പാർലമെന്റിലും
ഒരേപോലെയുണ്ടാകും പാർട്ടി
വിജൂ കൃഷ്ണൻ / കമൽറാം സജീവ്
CPI(M) PARTY CONGRESS 2025
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 226 ലെ മറ്റ് ലേഖനങ്ങൾ വായിക്കാം, കേൾക്കാം