എന്തുകൊണ്ട് ഹസ്രത്ത് മൊഹാനി കമ്യൂണിസ്റ്റ് മുസ്‌ലിം ആയി?

ഇന്ത്യയിലെമ്പാടുമുള്ള ബഹുജൻസമാജിനോട് അർത്ഥവത്തായും വിമോചനാത്മകമായും സംവദിക്കാൻ കഴിയുന്ന രാഷ്ട്രീയം മതേതര മുസ്‌ലിം രാഷ്ട്രീയമാണ്. അത് രാഷ്ട്രീയ ഇസ്‌ലാമിൽനിന്ന് ബഹുകാതം അകലെയാണ്

Darweshi-o-inqilab maslak hai mera
Sufi momin hun, ishtiraki muslim
( My creed is Darveshi and Revolution
I am a Sufi believer and a Communist Muslim )

അതെ. കമ്യൂണിസ്റ്റ് മുസ്‌ലിം. ജനം നെഞ്ചേറ്റിയ ഒട്ടേറെ വചനങ്ങൾ പിറന്നിട്ടുണ്ട് ഇതെഴുതിയ തൂലികയിൽ നിന്ന്. ഇൻക്വിലാബ് സിന്ദാബാദ്- ലക്ഷങ്ങൾ പോരാട്ടവീഥിയിൽ ഇന്നും വിളിച്ചുകൊണ്ടിരിക്കുന്നു ഹൃദയവാക്യം. പൂർണസ്വരാജ്- ഇന്ത്യൻ സ്വാതന്ത്യസമരത്തെ പ്രോജ്വലമാക്കിയ മുദ്രാവാക്യം. പിന്നെ ഗസലുകൾ. ഗുലാം അലി മുതൽ അനുഗ്രഹീത ഗായകർ പാടി അനശ്വരമാക്കിയ "ചുപ് കേ ചുപ് കേ രാത് ദിൻ' ഉൾപ്പെടെ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിന്റെ സ്വീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ. ഭരണഘടനാ നിർമാണ സമിതിയിൽ ഏകനായി വിയോജിപ്പ് ധൈര്യപൂർവ്വം വിളിച്ചുപറഞ്ഞ ജനാധിപത്യവാദി. പുരോഗമന എഴുത്തുകാരുടെ സംഘടനയുടെ ആദ്യപഥികരിൽ ഒരാളായ കവി. കോൺഗ്രസിലും കമ്യൂണിസ്റ്റ് പാർട്ടിയിലും മുസ്‌ലിംലീഗിലും പ്രവർത്തിച്ച് ഇന്ത്യൻ ജനതയുടെ വിമോചനത്തിനുവേണ്ടിയുള്ള നാനാവിധ അന്വേഷണങ്ങളും സന്ധിയില്ലാ സമരങ്ങളും നടത്തിയ വിപ്ലവകാരി. ഇതിലേറെ പലതുമായ ഹസ്രത്ത് മൊഹാനിയാണ് കമ്യൂണിസ്റ്റ് മുസ്‌ലിം എന്ന് സ്വയം അടയാളപ്പെടുത്തിയത്.

""The communal violence that rocked North East Delhi two weeks ago, the massive human and material losses Muslims had to suffer and the indifference of all political parties to their plight make one conclusion inevitable: the only option left for Indian Muslims is to organize themselves politically'' -ഔട്ട്‌ലുക്ക് മാഗസിനിൽ (08.04.2020) സാംസ്‌കാരിക വിമർശകനും സാമൂഹ്യനിരീക്ഷകനുമായ ഷാജഹാൻ മാടമ്പാട്ട് ഇങ്ങനെ എഴുതുമ്പോൾ ഹസ്രത്ത് മൊഹാനിയെ ഓർത്തുപോവും. ഭരണഘടന നിർമാണ സമിതിയിൽ സർദാർ പട്ടേലിന്റെ വാദങ്ങളെ ഏകനായി വെല്ലുവിളിച്ച് അദ്ദേഹം പറഞ്ഞ ഈ വാക്യങ്ങൾ ഓർമയിലെത്തും: "You should not think that Muslims are orphans today. I am here to defend their rights against all odds and will fight for them till death'.
ഭരണഘടന നിലവിലെ രൂപത്തിൽ അംഗീകരിക്കുന്നതിനെതിരെ തന്റെ ഒരേയൊരു നിഷേധവോട്ട് ചരിത്രത്തിന്റെ ഭാഗമാകും എന്ന് നിഷേധാർത്ഥത്തിൽ നെഹ്‌റു താക്കീത് ചെയ്തപ്പോൾ മൊഹാനി കൊടുത്ത മറുപടി ഇങ്ങനെ: "That is why I raised my voice to make sure that at least one voice of dissent was made against the proposed Indian constitution which has not done justice with Indian Muslim'. നിലവിൽ തയ്യാറാക്കിയ കേന്ദ്രീകരണത്തിൽ അധിഷ്ഠിതമായ ഭരണഘടന ന്യൂനപക്ഷങ്ങൾക്കെതിരായി ഉപയോഗിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കമ്യൂണിസ്റ്റ്- മുസ്‌ലിം ലെഗസി

കോൺഗ്രസ്, മുസ്‌ലിംലീഗ്, കമ്യൂണിസ്റ്റ് പാർട്ടി എന്നിവയിൽ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ പ്രവർത്തിച്ച മൊഹാനിയുടെ അനുഭവ ഒസ്യത്ത് എന്താണ് എന്നന്വേഷിക്കുന്നത് ഈ അവസരത്തിൽ പ്രസക്തമാണ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കവേ ഇന്ത്യൻ മുസ്‌ലിം സാമൂഹ്യജീവിതത്തിൽ അതീവ തൽപരനായിരുന്നു മൊഹാനി. ലോക മുസ്‌ലിം രാഷ്ട്രീയത്തിലെ ഗതിവിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു അദ്ദേഹം. കോൺഗ്രസിന്റെയോ കമ്യൂണിസ്റ്റ് പാർട്ടിയുടേയോ സാമ്പ്രദായിക രാഷ്ട്രീയ പ്രയോഗത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിനിന്നുകൊണ്ടുമാത്രം മുസ്‌ലിം പ്രശ്‌നം പരിഹരിക്കാനാകും എന്ന് അദ്ദേഹം കരുതിയില്ല. മുസ്‌ലിംലീഗിലും അദ്ദേഹം പ്രവർത്തിച്ചതിന്റെ കാരണമതാണെന്ന് വിചാരപ്പെടുന്നതിൽ തെറ്റില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളോടും നിരന്തരം യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഹൈന്ദവ സാമാന്യബോധം നിർബന്ധിക്കുന്ന നിലപാടുകൾ അദ്ദേഹം ഒരിക്കലും എടുത്തില്ല. ഇസ്‌ലാം മതമൗലികവാദ നിലപാടിനോടും വിയോജിച്ചു.

ഇവയിലോരോ പാർട്ടിയുടേയും പദ്ധതികളിൽ അദ്ദേഹത്തിന് വിയോജിക്കേണ്ട ഘടകങ്ങൾ ഉണ്ടായിരുന്നു. ലിബറൽ ആശയഗതിക്കാരായ ഹിന്ദുനേതാക്കൾക്കുപോലും ഒഴുക്കിനെതിരെ മതേതരപതാക പിടിച്ചു നീന്താനായില്ലന്ന് അദ്ദേഹം കണ്ടു. അവരെ (ഹിന്ദു) മഹാസഭൈറ്റ് കോൺഗ്രസ് എന്നദ്ദേഹം ധൈര്യപൂർവ്വം വിളിച്ചു. അതാവാണം 1904 മുതൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയ മൊഹാനി, പ്രവർത്തകസമിതിയിൽ ഒരിക്കലും ഉൾപ്പെടുത്തപ്പെട്ടില്ല. ലീഗിൽ പ്രവർത്തിക്കുമ്പോൾതന്നെ അദ്ദേഹം കോൺഗ്രസുമായുള്ള ബന്ധം നിലനിർത്തുകയും ലീഗിനെ വിമർശനത്തിന് വിധേയമാക്കുകയും ചെയ്തു.

അഖിലേന്ത്യാ മുസ്‌ലിംലീഗിനുപുറമേ റവലൂഷണറി മുസ്‌ലിം ആർമി, ഖിലാഫത്ത് ഉൾപ്പെടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിർക്കാനുള്ള എല്ലാ സാധ്യതയും അദ്ദേഹം ഉപയോഗിച്ചു. ലീഗിൽ പ്രവർത്തിച്ചിരുന്ന മുപ്പതുകളുടെ ഉത്തരാർദ്ധത്തിൽ അദ്ദേഹം കമ്യൂണിസ്റ്റ് ആശയങ്ങൾ കൈവിട്ടില്ല. കമ്യൂണിസ്റ്റ് മുസ്‌ലിം ആയി അദ്ദേഹം. അതു തന്റെ ആത്മാവിഷ്‌കാര മാധ്യമമായ ഗസലിലൂടെ തുറന്നുപ്രഖ്യാപിച്ചു. മാർക്‌സിയൻ ശാസ്ത്രീയ സോഷ്യലിസത്തിനുവേണ്ടി വാദിക്കുന്ന സത്യവിശ്വാസിയായി സ്വയം ആവിഷ്‌കൃതനായി. ദാർശനികമാനമുള്ളതാണ് ഈ സ്വരൂപപ്പെടൽ. അതു മുന്നോട്ടുവെയ്ക്കുന്ന ചില നിലപാടുതറകളുണ്ട്. ഹിന്ദുത്വാശയാധിനിവേശത്തെ ചെറുക്കാൻ കഴിയാതെ സംഘടനാശരീരം മാത്രം നിലനിർത്തുന്ന പാർട്ടികൾ അദ്ദേഹം നടത്തിയ അന്വേഷണങ്ങളെയും സ്വീകരിച്ച നിലപാടുതറയേയും ഗൗരവമായെടുക്കേണ്ടതുണ്ട്. സോഷ്യലിസ്റ്റ് ഭാവനയുടെ ആദ്യപഥികരിൽ പലരും ഇത്തരത്തിൽ ഇസ്‌ലാമിന്റെ സാഹോദര്യദർശനത്തിൽനിന്നും മാർക്‌സിന്റെ വീക്ഷണങ്ങളിൽനിന്നും റഷ്യൻ വിപ്ലവത്തിൽ നിന്നും ഒരേസമയം പ്രചോദനം നേടിയവരായിരുന്നു എന്നത് യാദൃശ്ചികമല്ല. 1920 ഒക്ടോബർ17ന്‌ സോവിയറ്റ് യൂണിയനിലെ താഷ്‌കെന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഘടകം രൂപീകരിക്കപ്പെട്ടപ്പോൾ മുഹമ്മദ് ഷെഫീഖ് സിദ്ധിക്കിയായിരുന്നു ആദ്യ പാർട്ടി സെക്രട്ടറി. ഹിറോസ് ദീൻ മസ്ദൂർ, അബ്ദുൾ മജീദ്, റഫീഖ് അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, ഫാസർ ഇലാഹി കുർബാൻ, അബ്ദുൾ വേറെസ് എന്നിവർ ഇന്ത്യയിലേക്ക് മടങ്ങി കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെടാൻ ചുമതലപ്പെട്ടവരായിരുന്നു.

ഹസ്‌റത്ത് മൊഹാനിയും ഭാര്യ നിഷാത്തുൻ നിസാ ബീഗവും

ആഴത്തിലുള്ള ഇസ്‌ലാമികവിശ്വാസം മുറുകെപിടിച്ചുതന്നെയാണ് അദ്ദേഹം വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തിയത്. ഹജ്ജ് കൃത്യമായി നിർവഹിച്ചു. തന്റെ മതവിശ്വാസവും ആത്മീയതയും കമ്യൂണിസ്റ്റ് ആദർശവും തമ്മിൽ വൈരുധ്യം അനുഭവപ്പെട്ടില്ല ആ വിപ്ലവകാരിയ്ക്ക്. ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതം എന്ന മാർക്‌സ് വചനത്തിലെ നേരാവണം അദ്ദേഹത്തിന്റെ കൃത്യങ്ങളിലൂടെ ആവിഷ്‌കൃതമായത്. കമ്യൂണിസം മതത്തിന് എതിരല്ലെന്നും മതവിശ്വാസികൾക്ക് അവരുടെ മതാചാരങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ കമ്യൂണിസ്റ്റ് ആവാമെന്നും അദ്ദേഹം തെളിയിച്ചു. അതുവരെ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രയോഗങ്ങളിൽ ഇടം നേടിയിട്ടില്ലാത്ത ഒന്നായിരുന്നു ഇത്തരം സർഗാത്മകചിന്ത. ഇസ്‌ലാമിക വിശ്വാസത്തിന്റെ സാഹോദര്യ-സമത്വസങ്കൽപ്പങ്ങളുമായി കമ്യൂണിസ്റ്റ് സമത്വസങ്കൽപങ്ങളെ പലവിധം ഇണക്കിച്ചേർക്കാൻ അദ്ദേഹം ശ്രമിച്ചു. അതേസമയം അദ്ദേഹം കൃഷ്ണഭക്തനുമായിരുന്നു. മഥുരയിലെ സന്ദർശകനായിരുന്നു. The path of Love is the worship of Beauty; We do not know what punishment and reward are എന്ന് ഈ ചിന്ത കവിതപ്പെട്ടു. കേവല ശാസ്ത്രീയയുക്തി നിലനിൽക്കുന്നത് തന്നെ വിശ്വാസി സമൂഹങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തിക്കൊണ്ടാണ് എന്ന ദെറീദയുടെ വിമർശനം ഇവിടെ ഓർക്കാവുന്നതാണ്. മതത്തിലെ വിപ്ലവബോധത്തെ പ്രകടീകരിക്കുന്ന ഇസ്‌ലാമിന്റെ വിവിധതലത്തിലുള്ള ഇടതുപക്ഷവായനകൾ ഇന്നു പക്ഷേ വിരളമല്ല.

പുതിയ ആശയങ്ങളോട് സംവാദാത്മകത പുലർത്തിയാൽ അത് ഇസ്‌ലാമിനെ പുനർവ്യാഖ്യാനത്തിലേക്ക് നയിക്കുമെന്ന് ഭയന്ന മൗലികവാദികളും ആചാരപ്രധാനമായി ഇസ്‌ലാമിനെ കാണുന്ന മതയാഥാസ്ഥിതികരും മൊഹാനിയെ എതിർത്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പ്രദായികതയ്ക്ക് മൊഹാനിചിന്തയെ ഉൾക്കൊള്ളാനുമായില്ല. വിഭാഗീയ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ തന്നെ രാജ്യത്തെ മുസ്‌ലീങ്ങളുടെ ഐക്യത്തിനുവേണ്ടി നിരന്തരം അദ്ദേഹം വാദിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുസ്‌ലീങ്ങളുടേതായ ഒരു പ്രസ്ഥാനത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടു അദ്ദേഹത്തിന്. ഇന്നും അത്തരമൊരു പ്രസ്ഥാനത്തിന്റെ ആവശ്യകതയാണല്ലോ ഉയർന്നുവരുന്നത്. സാമ്രാജ്യാധികാരം നിലനിർത്തിയുള്ള സ്വയംഭരണം മാത്രം പ്രതീക്ഷിക്കുന്ന ഒരു കാലത്താണ് പൂർണസ്വാതന്ത്ര്യം എന്ന ആശയം അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. മുസ്‌ലിംജനസാമാന്യത്തിനിടയിൽ വലിയ പിന്തുണയും കമ്യൂണിസ്റ്റ് ആഭിമുഖ്യവും തികഞ്ഞ ഒരാൾ വലിയ അപകടകാരിയായി മാറുക അന്നു സ്വാഭാവികം.

തടങ്കലിലായി അദ്ദേഹം നിരവധി തവണ.

സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ മുസ്‌ലിംലീഗ് പലപ്പോഴും കോൺഗ്രസിനേക്കാൾ സാമ്രാജ്യത്വവിരുദ്ധമായിരുന്നുവെന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞു. 1920ൽ നാഗ്പൂരിൽ നടന്ന ലീഗ് സമ്മേളനം വിദേശവസ്തു ബഹിഷ്‌കരണവും നിസ്സഹകരണവും പൂർണമനസ്സോടെ അംഗീകരിച്ചു . എന്നാൽ അതേവർഷം നാഗ്പൂരിൽത്തന്നെ നടന്ന കോൺഗ്രസ് സമ്മേളനത്തിന് ഐകകണ്ഠേന ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. 1921ൽ സമ്പൂർണ സ്വാതന്ത്ര്യം കോൺഗ്രസ് ലക്ഷ്യമായി പ്രഖ്യാപിക്കണമെന്ന മൊഹാനിയുടെ പ്രമേയം ഗാന്ധിജിയുടെ ശക്തമായ എതിർപ്പുകാരണം തള്ളിപ്പോയി. അതേവർഷം ലീഗിന്റെ സമ്മേളനത്തിൽ അതേപ്രമേയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ മുസ്‌ലീങ്ങളെക്കുറിച്ചുള്ള ഭയപ്പാടും തെറ്റിദ്ധാരണകളും മിക്ക ദേശീയനേതാക്കൾക്കുമുണ്ടായിരുന്നതായി അദ്ദേഹം മനസ്സിലാക്കി.

ഇസ്‌ലാമോഫോബിയയുടെ ആ കാലത്തെ തിരനോട്ടങ്ങൾ. അദ്ദേഹമത് തുറന്നുകാട്ടി. സ്വാതന്ത്ര്യസമരബോധത്തെ ജ്വലിപ്പിച്ചുനിർത്തിയതിൽ മുസ്‌ലിം
രാഷ്ട്രീയത്തിന്റെ പങ്ക് നിർണായകമാണ്. അതിന് തുടർച്ച ഇല്ലാതെ പോയി. ഇനി നടക്കേണ്ടുന്ന സമരങ്ങളിലും മുസ്‌ലിം രാഷ്ട്രീയം തന്നെയാവും അതിനെ ജ്വലിപ്പിക്കുന്ന ഒരു ഘടകം. ഇന്ത്യയിലെമ്പാടുമുള്ള ബഹുജൻസമാജിനോട് അർത്ഥവത്തായും വിമോചനാത്മകമായും സംവദിക്കാൻ കഴിയുന്ന രാഷ്ട്രീയം മതേതര മുസ്‌ലിം രാഷ്ട്രീയമാണ്. അത് രാഷ്ട്രീയ ഇസ്‌ലാമിൽനിന്ന് ബഹുകാതം അകലെയാണ്. മുസ്‌ലിം രാഷ്ട്രീയത്തിൽ നിലീനമായ സാമ്രാജ്യവിരുദ്ധതയും സമത്വാവബോധത്തിലേക്ക് ഉന്മുഖമായ അതിന്റെ അകക്കാമ്പും കണ്ടെടുക്കാൻ കഴിഞ്ഞ മൊഹാനിയുടെ ലെഗസി പുതുക്കലുകളോടെ പ്രയോഗിക്കാൻ ഇന്ത്യനവസ്ഥയിൽ കഴിയേണ്ടതാണ്. ഇന്നുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ സമ്പന്നപക്ഷപാതിത്വം അതിലേയ്ക്കു നടന്നടുക്കാൻ അവരെ തടയുന്നു. കമ്യൂണിസ്റ്റുകൾക്കാവട്ടെ വർണാശ്രമ ധാർമികതയുടെ പിടിയിൽനിന്ന് വിച്ഛേദം സാധിക്കുന്നുമില്ല. കോൺഗ്രസാവട്ടെ ഇതു രണ്ടിനേയും മറികടക്കാനാകാതെ കോർപ്പറേറ്റ് ദാസ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്നു. ഈ ലെഗസി മുന്നോട്ടുകൊണ്ടുപോകുന്നതിന് ആർക്കു കഴിയും എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.

പുതിയ പ്രസ്ഥാനചിന്തകൾ

മൊഹാനി ഇന്നത്തെ സമസ്യകൾക്ക് അന്നേ ഉത്തരം കണ്ടെത്തിയിരുന്നു എന്ന് നമുക്കു വാദിക്കാനാവില്ല. അത് ചരിത്രപരമായ സമീപനമല്ല. എന്നാൽ, ഉയിരുകൊടുത്തു വികസിപ്പിക്കേണ്ടിയിരുന്ന ആരുറപ്പുള്ള വീക്ഷണങ്ങൾ ചരിത്രത്തിൽ ഇല്ലാതിരുന്നിട്ടില്ല എന്ന് അറിയേണ്ടതുണ്ട്.

സാമൂഹ്യനീതിബോധവും സാഹോദര്യവും സമരോത്സുകതയും തികഞ്ഞ നിലപാടുകളോടെ സൂഫിയും കമ്യൂണിസ്റ്റും ജനാധിപത്യദേശീയവാദിയുമായ ഒരു പോരാളി ഇവിടെ ഉണ്ടായിരുന്നു. അദ്ദേത്തിന്റെ ചിന്തകളിൽ നിലവിലുള്ള പ്രസ്ഥാനങ്ങളോടുള്ള വിമർശനവും ഇന്ത്യനായ ഒരു മതേതരത്വവും ഉണ്ടായിരുന്നു. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും എല്ലാ ഇന്ത്യക്കാർക്കും ഒരുപോലെ അനുഭവവേദ്യമാക്കിക്കൊടുക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനത്തിന് ഊർജമേകാൻ മൊഹാനിയെ നാം പുനർസന്ദർശിക്കേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്തത്തിൽനിന്ന് കുതറിമാറി സ്വാഭിമാനത്തിന്റെ പുതുവഴി തുറക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനം, ഇന്ത്യയിലെ വിശാല ജനവിഭാഗങ്ങളെ ഒന്നിച്ചുനിർത്താൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനം. അത്തരമൊന്നിന്റെ ഉയിർത്തെഴുന്നേൽപ്പ് സംഘപരിവാർ അധികാരത്തിന്റെ നാളുകളിൽ ഇന്നനിവാര്യമായിരിക്കുന്നു എന്ന് നമ്മോട് ഏറെ പേർ പറയുമ്പോൾ അതിന് കെൽപുള്ള ആശയസംഹിത ഏതു പാരമ്പര്യത്തിൽനിന്ന് തിടം വയ്ക്കും എന്ന ആലോചനകൾക്ക് പ്രസക്തിയുണ്ട്.

1938 ലെ പലസ്തീൻ കോൺഫറൻസിൽ ഹസ്‌റത്ത് മൊഹാനി

ഒരു പുതിയ പ്രസ്ഥാനം അനിവാര്യമാവുന്നു എന്നും മുസ്‌ലീങ്ങൾ മാത്രമായി ജനാധിപത്യപരമായി സംഘടിച്ച് സമരം ചെയ്യേണ്ടതുണ്ടെന്നും രാഷ്ട്രം സ്വതന്ത്രമായി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നമുക്ക് പറയേണ്ടിവരുന്നു. നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾ പീഡിത ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങൾ ഈ ആലോചനകളുടെ കാതലായ ഭാഗമാണ്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള മതേതരപ്രസ്ഥാനങ്ങൾ ഇന്ത്യനവസ്ഥകളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയാത്തവിധമായിത്തീർന്നെങ്കിൽ അതെന്തുകൊണ്ട്? ആധിപത്യവും നിയന്ത്രണാധികാരവും സഹസ്രാബ്ദങ്ങളായി വരുതിയിലാക്കിയ സവർണതയ്ക്ക് അരികുപറ്റി സഞ്ചരിക്കാനല്ലാതെ ഈ പ്രസ്ഥാനങ്ങൾക്ക് മറ്റൊന്നിനും കഴിയുന്നില്ല എന്നത് ഇന്ത്യയിലെ മർദ്ദിതജനതയുടെ നേരനുഭവമാണ്. മുസ്‌ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന പ്രത്യക്ഷമായ ഒരു ഫാഷിസ്റ്റ് നിയമത്തിനുമുമ്പിൽ ചട്ടപ്പടി സമരങ്ങൾപ്പുറം പോകാനാവാതെ മതേതരപ്രസ്ഥാനങ്ങൾ പൂതലരിക്കുന്നതാണ് നമുക്ക് കാണാനാവുക. അതാണ് പുതിയ സാമൂഹ്യപ്രസ്ഥാനത്തെ അനിവാര്യമാക്കുന്ന സാഹചര്യം. സാമ്പ്രദായിക രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ആന്തരികബലക്ഷയം ഉണ്ടാക്കുന്ന എന്തോ ഒന്ന് പ്രവർത്തിക്കുന്നതായി സാമാന്യജനതയ്ക്കനുഭവപ്പെടുന്നുണ്ട്. അത് സാമാന്യയുക്തിയുടെ രൂപത്തിൽ പാർട്ടി ഭേദമെന്യേ ആഴ്ന്നിറങ്ങിയ വർണാശ്രമധർമത്തിന്റെ നീതിബോധമല്ലാതെ മറ്റൊന്നുമല്ല.

സാമൂഹ്യനീതി കൈവരലാണ് ഇന്ത്യനവസ്ഥയിൽ അടിത്തട്ടിൽ ജനാധിപത്യവൽക്കരണം നടക്കാനുള്ള മുന്നുപാധി. സാമൂഹികജനാധിപത്യത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള അംബേദ്കറിന്റെ ആശയങ്ങൾ ഇവിടെ സംഗതമാണ്: "So long as you do not achieve social liberty, whatever freedom is provided by the law is of no avail to you' എന്ന് അംബേദ്കർ പറയുന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെ കുടിലമായ മനോഘടനയിൽനിന്നുള്ള വിമുക്തി ജനാധിപത്യവൽക്കരണത്തിന് അനിവാര്യമാണ്. മാർക്‌സിസ്റ്റ് വർഗസിദ്ധാന്തം ആന്തരികവൽകരിച്ചതുകൊണ്ടോ വർഗസ്ഥാനം ശരിയായതുകൊണ്ടോ വർണാധിപത്യമനോഭാവത്തിന്റെ അധീശത്വഘടനയിൽനിന്ന് ഒരാൾക്ക് പുറത്തുകടക്കാൻ കഴിയണമെന്നില്ല എന്നതിന് ഇതഃപര്യന്തമുള്ള മാർക്‌സിസ്റ്റ് പ്രയോഗങ്ങളാണ് സാക്ഷ്യം പറയാനെത്തുക. അധഃസ്ഥിതവർഗത്തിന്റെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുകവഴി പാർട്ടി വളർച്ച പ്രാപിച്ചപ്പോൾ അതിന്റെ നേതൃത്വത്തിലേയ്ക്ക് വന്നവരിൽ മനുവാദ വീക്ഷണത്തിനടിമപ്പെട്ടവർ ഏറെയുണ്ടായിരുന്നു. പ്രസ്ഥാനത്തെ സവർണപാതയിൽ ഉറപ്പിച്ചുനിർത്തുന്നതിനുള്ള അവരുടെ ശ്രമം വലിയ അളവിൽ വിജയിച്ചു. ഇന്ത്യൻസമൂഹത്തിൽ സഹസ്രാബ്ദങ്ങളായി രൂഢമൂലമായിരിക്കുന്ന ജാതിശ്രേണീകൃതത്വം അതിന് സഹായകമായിത്തീരുകയും ചെയ്തു.

ഹസ്‌റത്ത് മൊഹാനിയുടെ ഖബർ

ബ്രാഹ്മണ്യവും മനുവാദ ആശയങ്ങളും വിവിധ വിമോചനപ്രസ്ഥാനങ്ങളിലേയ്ക്ക് അരിച്ചുകയറുകയും അതിന്റെ വിമോചക സ്വഭാവത്തെത്തന്നെ ഇല്ലായ്മ ചെയ്യുകയും ചെയ്തയിന് ചരിത്രം സാക്ഷിയാണ്. ബുദ്ധമതം മുതൽ കമ്യൂണിസ്റ്റ്- ലെനിനിസ്റ്റ് പ്രസ്ഥാനങ്ങൾ വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇത്തരം ആശയാധിനിവേശങ്ങൾക്ക് വിധേയമായതായി കാണാം. നിലവിലെ ഒരു പ്രസ്ഥാനത്തിനും ഇത്തരം ധൃതരാഷ്ട്രാലിംഗനങ്ങൾക്ക് തടയിടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഹിന്ദുത്വ ആശയസമീക്ഷകളെ മൗലികമായി പ്രതിരോധിക്കുന്നതിന് ഇടതുപക്ഷത്തിന് പോലും കഴിയാതെപോകുന്നു. ആശയ-സംഘടനാഗാത്രത്തിലേയ്ക്ക് കടന്നിട്ടുള്ള മനുവാദരോഗാണുക്കൾ ഇതിന് കാരണമായതായി കാണാം. ആർ.എസ്.എസിനെ ഹിന്ദു താലിബാൻ എന്നു വിശേഷിപ്പിച്ച് ഹിന്ദുത്വത്തെ കുറ്റവിമുക്തമാക്കുന്ന "മതേതര'വിശകലനത്തിൽ വരെ അതുണ്ട്. ഇവിടെയാണ് ഞാൻ ഒരു മുസ്‌ലിം കമ്യൂണിസ്റ്റാണ് എന്ന ഹസ്രത്ത് മൊഹാനിയുടെ ഏറ്റുപറച്ചിലിന്റെ പ്രസക്തി. ഞാൻ പ്രാഥമികമായും ഹിന്ദുവാണ്, രണ്ടാമതായി ബ്രാഹ്മണനും എന്ന് ബംഗാളിലെ സി.പി.ഐ- എം മന്ത്രിക്ക് (സുബാഷ് ചക്രവർത്തി) പിൽക്കാലത്ത് (2006) പരസ്യമായി തന്റെ സ്വത്വം വെളിപ്പെടുത്താൻ തടസ്സമുണ്ടായില്ല എന്നോർക്കുക.

ഇന്നിപ്പോൾ സമരരംഗത്തിറങ്ങിയ ജനസഞ്ചയത്തെ നയിക്കേണ്ടുന്ന പ്രസ്ഥാനം ഏതെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. പൗരത്വഭേദഗതി നിയമത്തിനും മറ്റ് സംഘപരിവാർ നിയമനിർമാണങ്ങൾക്കും എതിരെ പ്രക്ഷോഭരംഗത്തുവരുന്ന ജനതയെ സാമൂഹികനീതിയുടെ കാഴ്ചപ്പാടുള്ള ഒരു വിശാല ഇടതുജനാധിപത്യപ്രസ്ഥാനത്തിനേ നയിക്കാനാവൂ. പക്ഷേ, സവർണലോകബോധത്തിന്റെ സങ്കുചിതത്വത്തിൽനിന്ന് നിലവിലെ ഇടതിന് ഇതേവരെ പുറത്തുകടക്കാൻ പറ്റിയിട്ടില്ല. ഹൈന്ദവതയുടെ മനോഘടനയെ അതിജീവിക്കുകയും മറികടക്കുകയും ചെയ്യാതെ മതേതരത്വം സാക്ഷാത്കരിക്കാനാവില്ല. അതുകൊണ്ടാണ് ഇന്നത്തെ മൂർത്തസാഹചര്യം പരിഗണിക്കുമ്പോൾ സാമൂഹികജനാധിപത്യം ലക്ഷ്യമിട്ടുള്ള പുതിയ അടിത്തട്ടുരാഷ്ട്രീയമുന്നേറ്റം വേണം എന്നു വിലയിരുത്തേണ്ടിവരുന്നത്. ഇന്ത്യൻ ഭരണഘടനയ്ക്കകത്തുനിന്നുകൊണ്ട് ജനാധിപത്യരീതിയിൽ സാമുദായികരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിനെ വർഗീയപ്രസ്ഥാനമായി വിലയിരുത്തുന്ന ഇടതുപക്ഷവുമുണ്ടിവിടെ. ആ പാർട്ടിയെ വർഗീയപ്രസ്ഥാനമായി വിലയിരുത്തുന്നതിൽ തന്നെ ഒരു ഹിന്ദുത്വാശയ സ്വാധീനമാണുള്ളത്. സംഘപരിവാറിന്റെ ആസൂത്രിതമായ വംശീയാക്രമണത്തെ ഇടതുസവർണമുഷ്‌കിനാൽ നേരിടാനാവും എന്നു കരുതുന്നവരാണവർ. പലപ്പോഴും ഈ നേരിടൽ അടിസ്ഥാനവിയോജിപ്പുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല എന്ന വസ്തുതയ്ക്ക് കേരളമെങ്കിലും സാക്ഷ്യപ്പെട്ടിട്ടുണ്ട്. വർണാശ്രമ ധർമബോധത്തെ ചിന്താപരമായി മറികടക്കാനാകാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും വർഗപരതയെ ശാസ്ത്രീയമായി വിലയിരുത്താൻ കഴിയാതെ ദലിത് പ്രസ്ഥാനങ്ങളും വർഗവിവക്ഷകളെ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്ന മുസ്‌ലിംപ്രസ്ഥാനങ്ങളും വിയോജിപ്പുകളെ ആഘോഷിച്ച് ദ്വീപുവൽക്കരിക്കുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ കാണുന്നത്. സാമൂഹികജനാധിപത്യം പ്രയോഗവത്കരിക്കാൻ പ്രാപ്തിയുണ്ടാവേണ്ട പ്രസ്ഥാനങ്ങളാണ് ഇവ.

അവലംബം
1. Hasrath Mohani- A study of his Life and Poetry by Khalid Hasan Qadiri
2. The Wire (https://thewire.in/history/maulana-hasrat-mohani-muslim-communist)
3. The History of Indian National Congress by Pattabhi seetharamaihha
4. https://hasratmohanitrust.net/
5. https://www.telegraphindia.com/india/bjp-hails-hindu-subhas-communist-minister-reveals-true-self-after-obeisance-to-kali/cid/770400
6. Islam and the West: A Conversation with Jacques Derrida by Mustapha Cherif 2008

വി.കെ ബാബുവിന്റെ മറ്റ് ലേഖനങ്ങൾ

സ്‌നേഹപൂർവം പ്രിയയോർമകൾ

വിജനശതാബ്ദികൾ: ഒരു കോഴിക്കോട്- എറണാകുളം ട്രെയിൻ യാത്ര

Comments