ബി.ജെ.പിക്കു വേണ്ടി കേരളത്തെ സജ്ജമാക്കുന്ന കോൺഗ്രസ്

കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തെയും മൂന്ന് കാലഘട്ടമായി നോക്കിയാൽ സ്വാതന്ത്ര്യത്തിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടിനെ ആദ്യ ഘട്ടമായി കണക്കാക്കാം. പിന്നീട് കെ. കരുണാകരനും എ. കെ. ആന്റണി കോൺഗ്രസിനെ നിയന്ത്രിച്ച കാലമാണ്. അതിന് ശേഷം 2000 ത്തിന്റെ ആദ്യ ദശകം മുതൽ തുടങ്ങി ഇപ്പോഴും തുടരുന്ന മൂന്നാം ഘട്ടം. ഇങ്ങനെ നോക്കുമ്പോൾ ദേശീയ തലത്തിൽ കോൺഗ്രസ് സഞ്ചരിച്ചു പോന്ന വഴിയിലൂടെയല്ല, ഇവിടുത്ത പാർട്ടി പ്രവർത്തിച്ചതെന്ന് കാണാം. അതിന് കേരളത്തിന്റെതായ രാഷ്ട്രീയ സാഹചര്യങ്ങൾ ഒരു പരിധി വരെ കാരണമായിട്ടുണ്ടാകാം

സ്വാതന്ത്ര്യത്തിന് ശേഷമുള്ള കോൺഗ്രസിന്റെ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ ചില രാഷ്ട്രീയ മീമാംസകർ മൂന്ന് കാലഘട്ടമായി അതിനെ വിഭജിക്കാറുണ്ട്. ആദ്യഘട്ടം നെഹ്റുവിന്റെ കാലം, പിന്നീട് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കോൺഗ്രസിനെ നിയന്ത്രിച്ചിരുന്ന വർഷങ്ങൾ. അതിനുശേഷം ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞു തുടങ്ങി ഇപ്പോൾ എത്തി നിൽക്കുന്ന പ്രതിസന്ധിയുടെ വർത്തമാന കാലം. ഓരോ കാലഘട്ടം നോക്കിയാലും ഓരോ സവിശേഷതകൾ കോൺഗ്രസിൽ കാണാം. എന്നാൽ ഈ കാലങ്ങളിലൂടെയുളള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജീവിതം പോലെയല്ല, കേരളത്തിൽ ആ പാർട്ടി വളർന്നതും പ്രവർത്തിച്ചതും എന്നതാണ് വസ്തുത.

കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തെയും മൂന്ന് കാലഘട്ടമായി നോക്കിയാൽ സ്വാതന്ത്ര്യത്തിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടിനെ ആദ്യ ഘട്ടമായി കണക്കാക്കാം. പിന്നീട് കെ. കരുണാകരനും എ. കെ. ആന്റണി കോൺഗ്രസിനെ നിയന്ത്രിച്ച കാലമാണ്. അതിന് ശേഷം 2000 ത്തിന്റെ ആദ്യ ദശകം മുതൽ തുടങ്ങി ഇപ്പോഴും തുടരുന്ന മൂന്നാം ഘട്ടം. ഇങ്ങനെ നോക്കുമ്പോൾ ദേശീയ തലത്തിൽ കോൺഗ്രസ് സഞ്ചരിച്ചു പോന്ന വഴിയിലൂടെയല്ല, ഇവിടുത്ത പാർട്ടി പ്രവർത്തിച്ചതെന്ന് കാണാം. അതിന് കേരളത്തിന്റെതായ രാഷ്ട്രീയ സാഹചര്യങ്ങൾ ഒരു പരിധി വരെ കാരണമായിട്ടുണ്ടാകാം.

ദേശീയ തലത്തിൽ സ്വാതന്ത്ര്യത്തിന് ശേഷമുള്ള കോൺഗ്രസ് രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ലോക സാഹചര്യങ്ങൾക്കനുസൃതമായി ഒരു സോഷ്യൽ ഡെമോക്രാറ്റ് നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് കാണാം. അതായത് കൃത്യമായ വലതുപക്ഷ നിലപാടുകളെ കൂടി നേരിട്ടാണ് ദേശീയ തലത്തിൽ കോൺഗ്രസ് പ്രവർത്തിച്ചത്. ഒരു സെൻട്രിസ്റ്റ് പാർട്ടിയുടെ എല്ലാ സവിശേഷതകളും ഉള്ളതായിരുന്നു അതിന്റെ സമീപനം. കോൺഗ്രസിലെ വലതുപക്ഷക്കാരെയും പുറത്തുള്ള വലതുപക്ഷ പാർട്ടിയേയും നേരിട്ടായിരുന്നു നെഹ്റുവിന്റെ കാലത്ത് കോൺഗ്രസ് പ്രവർത്തിച്ചത്. അതൊരു ഇടതുപക്ഷ സമീപനമാണെന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ഏറെക്കുറെ സോഷ്യൽ ഡെമോക്രാറ്റ് രീതിയായിരുന്നു.

എൻ.എസ്.എസും, കത്തോലിക്ക സഭയും, മുസ്‌ലിം ലീഗും പ്രതിനിധീകരിക്കുന്ന കേരളത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളുമായി രാഷ്ട്രീയമായി ചേർന്നുനിൽക്കാൻ എപ്പോഴും സാധിച്ചുപോന്നു എന്നതു കൂടിയായിരുന്നു കേരളത്തിലെ കോൺഗ്രസിന്റെ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലെ വിജയങ്ങൾ

അതേസമയം, കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കുന്നതിനുള്ള ഒരു ശ്രമവും നെഹ്റു സർക്കാരും കോൺഗ്രസ് പാർട്ടിയും വേണ്ടെന്ന് വെച്ചുമില്ല. ഹൈദരബാദ് മോചിപ്പിക്കാൻ പോയ ഇന്ത്യൻ സൈന്യം നൈസാം പോയിട്ടും അവിടെ തുടർന്നത് തെലങ്കാനയിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികളെ ഇല്ലാതാക്കാൻ ആയിരുന്നുവല്ലോ? അതുപോലെ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട ഇടപെടലും എല്ലാം ഇതിന് ഉദാഹരണമായി പറയാം. കമ്യൂണിസ്റ്റ് വിരുദ്ധമെന്ന് പറയാമെങ്കിലും ദേശീയ തലത്തിൽ അന്ന് കോൺഗ്രസ് സ്വീകരിച്ചുപോന്നത് മധ്യ പാതയായിരുന്നു. എന്നാൽ ഇതിൽനിന്ന് കേരളത്തിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കേരളത്തിൽ വലതുപക്ഷ നിലപാടിലായിരുന്നു കോൺഗ്രസ് തുടക്കം മുതൽ സ്വീകരിച്ചുപോന്നത്. ആ സംഘടനയ്ക്കുള്ളിൽ സോഷ്യലിസ്റ്റ് നിലപാടുകൾ ഉള്ളവർ നേരത്തെ പാർട്ടി വിട്ട് കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ആയതു കൊണ്ട് അങ്ങനെ ഒരു സമീപനം സ്വീകരിക്കുന്നതിൽ കാര്യമായ എതിർപ്പൊന്നും പാർട്ടി നേതൃത്വത്തിന് നേരിടേണ്ടി വന്നതായും അറിയില്ല.

സ്വാതന്ത്ര്യത്തിനും കേരള സംസ്ഥാന രൂപീകരണത്തിനുമിടയിലെ കാലത്ത്
തിരു- കൊച്ചി സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ മുതൽ ഇതിന് ഉദാഹരണങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് കോൺഗ്രസിനെ എതിർത്തിരുന്ന ജന്മിമാരെയും ഭൂവുടമകളെയും കൂടെ നിർത്തുകയാണ് കോൺഗ്രസ് ഇക്കാലത്ത് ചെയ്തത്. തോപ്പിൽ ഭാസിയുടെയും പുതുപ്പള്ളി രാഘവന്റെയും ആത്മകഥകളിൽ കോൺഗ്രസ് സർക്കാർ തിരു- കൊച്ചിയിൽ സ്വീകരിച്ച തൊഴിലാളി വിരുദ്ധ സമീപനങ്ങൾ വിശദീകരിക്കുന്നുണ്ട്. എങ്ങനെയാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി. കെ. നാരയണപ്പിള്ളയൊക്കെ തൊഴിലാളി വിരുദ്ധവും ജന്മിമാർക്കും ഭൂവുടമകൾക്കും അനുകൂലവുമായ തീരുമാനങ്ങൾ എടുത്തതെന്ന് ഈ ജീവചരിത്രങ്ങൾ നമ്മോട് പറയുന്നുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടശേഷവും അത് അങ്ങനെ തന്നെയായിരുന്നു. ഏറ്റവും പ്രതിലോമകരമായ സാമൂഹ്യ വിഭാഗങ്ങളെ ആശ്രയിച്ചായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനം. കുപ്രസിദ്ധമായ വിമോചന സമരം അതിന്റെ ഏറ്റവും പ്രധാന ഉദാഹരണമാണ്. എല്ലാ പ്രതിലോമ ശക്തികളെയും കൂട്ടി യോജിപ്പിച്ചായിരുന്നു കോൺഗ്രസ് കലാപം തുടങ്ങിയത്. കമ്യൂണിസ്റ്റ് പാർട്ടിയെ നേരിടാൻ മറ്റൊരു മാർഗവും കോൺഗ്രസിന് അന്നു മുതലെ അറിയില്ലായിരുന്നു.

വിമോചനസമരകാലത്തെ ഒരു ചിത്രം

ഇതുമായി ബന്ധപ്പെട്ട് ഈയിടെ ഉണ്ടായ ഒരു സംഭവം കൂടി പറയാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഒരു ചർച്ച ഉയർന്നുവന്നപ്പോൾ, ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടത്തിന് കാരണം തിരുവിതാംകൂറിലെ രാജഭരണമാണെന്ന ഏകപക്ഷീയ നിലപാടാണ് കോൺഗ്രസ് നേതാവ് എ. കെ. ആന്റണി സ്വീകരിച്ചത്. അങ്ങനെ പറയാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത് കേരള മോഡൽ എന്ന് പൊതുവിൽ വിവക്ഷിക്കപ്പെടുന്ന ക്രമം ഇടതു മാതൃകയാണെന്ന തോന്നലുണ്ടാക്കിയത് കൊണ്ടാണ്. കേരള മോഡലിനെ പ്രശ്നവൽക്കരിക്കാനല്ല, മറിച്ച് രാജഭരണത്തെ പ്രകീർത്തിക്കുകയാണ് കോൺഗ്രസ് നേതാവ് ചെയ്തതെന്നത് കോൺഗ്രസിന്റെ യാഥാസ്ഥിതിക സമീപനത്തെ കാണിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കേരള മോഡൽ എന്നത് ഒരു അസംബന്ധ കൽപനയാണെന്ന തരത്തിൽ എത്രയോ ഇടതു സാമൂഹ്യ ശാസ്ത്രകാരന്മാർ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം.കേരളത്തിൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ നേരിടേണ്ടത് കമ്യൂണിസ്റ്റുകളെ ആണെന്നതുകൊണ്ടും ഇപ്പുറത്ത് ഒരു തീവ്ര വലതുപക്ഷം രാഷ്ട്രീയപാർട്ടിയായി ആ ഘട്ടത്തിൽ ഇല്ലാതിരുന്നതുമൊക്കെ, കേരളത്തിലെ കോൺഗ്രസ് വലതുപക്ഷത്തു കൂടെ സഞ്ചരിക്കാൻ കാരണമായിട്ടുണ്ടാകാം. സാമൂഹ്യമായി വലതുപക്ഷത്തെന്ന കോൺഗ്രസ് സമീപനം കേരളത്തിൽ പിന്നീട് ശക്തിപ്പെടുകയാണ് ഉണ്ടായത്. ചില ചെറിയ ശബ്ദങ്ങൾ അതിനെതിരെയാണെന്ന് തോന്നിച്ചുവെങ്കിലും അടിസ്ഥാനപരമായി കോൺഗ്രസ് കേരളത്തിൽ ഒരു വലതുപക്ഷ ശക്തിയായി തന്നെയാണ് പ്രവർത്തിച്ചത്. കെ. കരുണാകരന്റെ കാലത്ത് അത് കൂടുതൽ ശക്തിപ്പെട്ടു. എൻ.എസ്.എസ്സും, കത്തോലിക്ക സഭയും, മുസ്‌ലിം ലീഗും പ്രതിനിധീകരിക്കുന്ന കേരളത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളുമായി രാഷ്ട്രീയമായി ചേർന്നുനിൽക്കാൻ എപ്പോഴും സാധിച്ചു എന്നതുകൊണ്ട് കൂടിയായിരുന്നു കേരളത്തിലെ കോൺഗ്രസിന്റെ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലെ വിജയങ്ങൾ. അതുമാത്രമല്ല, ഈ യാഥാസ്ഥിതിക സംഘങ്ങളെ കേരളത്തിൽ സാമൂഹ്യമായും രാഷ്ട്രീയമായും പ്രബലരായി നിലനിർത്താൻ കഴിഞ്ഞുവെന്നതും കോൺഗ്രസിന്റെ സമീപനങ്ങൾ കൊണ്ടാണ്. കക്ഷി- രാഷ്ട്രീയ- അധികാര തർക്കങ്ങളിൽ പലപ്പോഴും ഇടതുപക്ഷത്തിന് പോലും ഈ യാഥാസ്ഥിതിക വിഭാഗങ്ങളിൽ ചിലതിനെ അനുനയിപ്പിക്കാൻ ചില ഘട്ടങ്ങളിൽ ശ്രമിക്കേണ്ടി വന്നുവെന്നതും അവർ അത്രയും പ്രബലവിഭാഗമായി തുടർന്നതുകൊണ്ടു കൂടിയാണ്.

മന്നം ജയന്തിക്ക് പെരുന്ന, മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എത്തിയ കോൺഗ്രസ് നേതാക്കൾ

കോൺഗ്രസ് നേതാക്കളുടെ നാമജപ വിളി

ഏതായാലും ഈ സമീപനങ്ങൾ സ്വാഭാവികമായി എത്തിച്ച പ്രതിസന്ധിയാണ് ഇപ്പോൾ കോൺഗ്രസ് നേരിടുന്നത്. ദേശീയ രാഷ്ട്രീയം ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ നിയന്ത്രണത്തിലായതോടെ, കേരളത്തിലും ഭൂരിപക്ഷ വർഗീയാശയങ്ങൾക്ക് രാഷ്ട്രീയമായി പ്രാമുഖ്യം കിട്ടി. കേരളം ഇത്രയും നാൾ ബി.ജെ.പിയെന്ന തീവ്രഹിന്ദുത്വ പാർട്ടിക്ക് ഇടം കൊടുക്കാതിരുന്നതിന്റെ പല കാരണങ്ങളിൽ ഒന്ന് നേരത്തെ സൂചിപ്പിച്ചത് പോലെ കോൺഗ്രസ്, യാഥാസ്ഥിതികത്വത്തെ അതിന് സാധ്യമാകുന്നിടത്തോളം പരിപാലിച്ചതുകൊണ്ടു കൂടിയാവാം. എന്നാൽ ആ ഘട്ടം കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് കോൺഗ്രസുകാർക്ക് ഉണ്ടായിട്ടില്ല. കാരണം ഇപ്പോൾ കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് നമ്മുടെ സമൂഹത്തിലെ യാഥാസ്ഥിതികവും വർഗീയവുമായി നിലകൊളളുന്നവരുടെ രാഷ്ട്രീയമുഖമായി മാറാൻ കഴിഞ്ഞിരിക്കുന്നുവെന്നതാണ്. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കൂടുതൽ തീവ്രതയോടെ, സമർപ്പണത്തോടെ നടത്തുന്ന വർഗീയവും യാഥാസ്ഥിതികവുമായ പ്രലോഭനങ്ങളാണ് ഇനിയുള്ള കാലത്ത് രാഷ്ട്രീയമായി വിജയിക്കാൻ പോകുന്നതെന്ന തോന്നലുമാണ് അവരെ നയിക്കുന്നത്.

അരുവിക്കര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് (2015) കൺവെൻഷനിൽ സംസാരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പിയെ പ്രബലശക്തിയാക്കി അവതരിപ്പിച്ചുകൊണ്ടുള്ള ഒരു വർഗീയ ചേരിതിരിവിനായുള്ള ആദ്യ ശ്രമം കോൺഗ്രസ് നടത്തിയത് അരുവിക്കര ഉപതെരഞ്ഞെടുപ്പിലായിരുന്നു

അരുവിക്കര നിലപാടിന് ശേഷമാണ് ശബരിമലയിലെ സുപ്രീം കോടതി വിധി വരുന്നത്. വിമോചന സമരത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രതിലോമ കലാപമായിരുന്നു അതിന് ശേഷം അരങ്ങേറിയത്. വിമോചന സമരത്തെ പോലെ അതിന്റെയും നേതൃത്വം കോൺഗ്രസിനായിരുന്നു. ആർ.എസ്.എസ്സിന്റെയും മറ്റ് ഹിന്ദു വർഗീയ യാഥാസ്ഥിത ഗ്രൂപ്പുകളുടെയും അട്ടഹാസങ്ങൾ കോൺഗ്രസ് നേതാക്കളുടെ നാമജപ വിളിയിൽ മുങ്ങി പോകുകയാണ് ചെയ്തത്. ആർ.എസ്.എസ് അല്ല കോൺഗ്രസായിരുന്നു ആ കലാപത്തെയും നയിച്ചത്.തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പിയെ പ്രബലശക്തിയാക്കി അവതരിപ്പിച്ചുകൊണ്ടുള്ള ഒരു വർഗീയ ചേരിതിരിവിനായുള്ള ആദ്യ ശ്രമം കോൺഗ്രസ് നടത്തിയത് അരുവിക്കര ഉപതെരഞ്ഞെടുപ്പിലായിരുന്നു. കോൺഗ്രസും ബി.ജെ.പിയുമാണ് മുഖ്യ ശക്തികൾ എന്നായിരുന്നു അന്ന് ഉമ്മൻചാണ്ടി പറഞ്ഞത്. അവിടെനിന്ന് എട്ട് വർഷത്തിനിടയിൽ കോൺഗ്രസ് മുക്ത കേരളത്തിനായി സി.പി.എമ്മും ബി.ജെ.പിയും ആഗ്രഹിക്കുന്നുവെന്ന സങ്കടപ്പെടലിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു. അതാണ് കോൺഗ്രസ് എത്തിപ്പെട്ട പ്രതിസന്ധി.

പാഠം പഠിക്കാത്ത പാർട്ടി

ശബരിമല കലാപം രാഷ്ട്രീയമായി ശരിയാണെന്ന എളുപ്പത്തിലെത്താവുന്ന വിലയിരുത്തലാണ് കോൺഗ്രസ് പിന്നീട് നടത്തിയത്. കഴിഞ്ഞ ലോക്‌സഭ
തെരഞ്ഞെടുപ്പ് ഫലം അതിന് തെളിവായി അവർ മനസ്സിലാക്കുകയും ചെയ്തു. എളുപ്പം, സൗകര്യത്തിലുള്ള ഒരു ഉത്തരം കിട്ടിയതുകൊണ്ട് സമഗ്രമായ അന്വേഷണങ്ങളിലേക്ക് ആ പാർട്ടി അന്ന് പോയില്ല. ശബരിമലക്കാലത്ത് കോൺഗ്രസ് ആളിക്കത്തിച്ച യാഥാസ്ഥിതികത്വവും വർഗീയതയും ആത്യന്തികമായി സംഘ്പരിവാറിനുളള വഴി തെളിയിക്കലായി മാറുമെന്ന മുന്നറിയിപ്പുകൾ അവർ അവഗണിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ആ മുന്നറിയിപ്പുകൾ ചില ഇടങ്ങളിലെങ്കിലും യാഥാർഥ്യമാകുന്നുവെന്നതിന്റെ തെളിവാണ്. മധ്യകേരളത്തിൽ പലയിടങ്ങളിലും ബി.ജെ.പിയ്ക്ക് കൈവന്ന കൂടുതൽ വോട്ടുകൾ, യാഥാസ്ഥിത വർഗീയ രാഷ്ട്രീയം അത് സ്വാഭാവികമായി എത്തിച്ചേരേണ്ട സ്ഥലത്തേക്ക് എത്തുന്നുവെന്ന് തെളിയിക്കുന്നുണ്ട്. കേരളത്തിൽ സംഘടനാപരമായി ശക്തരാകുന്ന മുറയ്ക്ക് ബി.ജെ.പിയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ കേരളത്തെ സജ്ജമാക്കി കൊണ്ടിരിക്കുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്.

എന്നാൽ, കോൺഗ്രസ് അതിൽനിന്ന് രാഷ്ട്രീയ പാഠങ്ങൾ പഠിച്ചുവെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ്. ശബരിമല ഭക്തരുടെ ആശങ്ക അകറ്റണം എന്നാവശ്യപ്പെട്ടുള്ള കത്ത് അടുത്ത തെരഞ്ഞെടുപ്പിലും അയ്യപ്പഭക്തരിൽ ചിലരുടെ പ്രതിലോമ സാമൂഹ്യ രാഷ്ട്രീയ ബോധത്തെ വീണ്ടും പ്രകോപിപ്പിച്ചാൽ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന തോന്നലാണ് കോൺഗ്രസിനുള്ളതെന്ന്‌
ബോധ്യപ്പെടുത്തുന്നതാണ്. യാഥാസ്ഥിതികത്വത്തെയും വർഗീയതയെയും ലാളിച്ചും തലോടിയും ഹിന്ദുത്വത്തെ നേരിടാൻ കഴിയുമെന്നത് ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് അതിന്റെ, നേരത്തെ സൂചിപ്പിച്ച മൂന്നാംഘട്ടത്തിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമീപനമാണ്. ആ സമീപനത്തിന്റെ കൂടി പരിണിത ഫലമായാണ്, 1984 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ 415 സീറ്റിൽ നിന്ന് 89 ൽ 197 ലേക്ക് ചുരുങ്ങിയത്.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് നിരോധനാജ്ഞ ലംഘിച്ച് പമ്പയിലേക്ക് പോകുന്ന കോൺഗ്രസ് നേതാക്കൾ

കേരളത്തിൽ സംഘടനാപരമായി ശക്തരാകുന്ന മുറയ്ക്ക് ബി.ജെ.പിയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ കേരളത്തെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. വർഗീയ യാഥാസ്ഥിതിക ശക്തികളെ തലോടിക്കൊണ്ടുമാത്രമല്ല കേരളത്തിലെ കോൺഗ്രസ് സംഘ്പരിവാറിന്റെ നിലമൊരുക്കൽ പരിപാടി നടത്തുന്നത്. സംഘ്പരിവാറിൽനിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയവും പറയാതിരിക്കുകയും ചെയ്തുകൊണ്ടാണ്. അഞ്ച് വർഷത്തിനിടെ കേരളത്തിൽ സംഘ്പരിവാറിനെ മുഖ്യ പ്രതിപക്ഷമാക്കിയെടുത്തതിലും കോൺഗ്രസ് നേതൃത്വത്തിന്റെ ഭാവനാരഹിതമായ രാഷ്ട്രീയത്തിന്റെ പങ്ക് വിമർശിക്കപ്പെടേണ്ടതു തന്നെയാണ്. സംഘ്പരിവാരിന്റെ ചൂണ്ടയിൽ കൊത്തിക്കൊണ്ടല്ലാതെയുള്ള രാഷ്ട്രീയ വിമർശനങ്ങൾ പോലും നടത്താൻ കഴിയാത്ത വിധം പരിമിതപ്പെട്ടുപോയിരിക്കുന്നു കേരളത്തിലെ കോൺഗ്രസ്.

പതിറ്റാണ്ടുകളായി കേരളത്തിൽ കോൺഗ്രസ് തുടർന്നുവന്ന വലതുപക്ഷ ദാസ്യത്തിന്റെ ഫലം സംഘ്പരിവാർ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നത് വസ്തുതയായി മാറിയിരിക്കുന്നു. സംഘ്പരിവാരം വാ പിളർന്ന് നിൽക്കുമ്പോൾ കോൺഗ്രസ് മുക്ത കേരളം, ഈ നാടിനെ കൂടുതൽ വേഗത്തിൽ പുറകോട്ടടുപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ആ രാഷ്ട്രീയ ബോധ്യമില്ലാതെ എല്ലാവരും കൂടെ കേരളത്തെ കോൺഗ്രസ് മുക്തമാക്കുന്നേ എന്ന ഇരവാദം കോൺഗ്രസിനെയും കേരളത്തെയും സഹായിക്കില്ല. കാരണം കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി അരുവിക്കര തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചതുപോലെ കേരളത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയാൽ എന്ത് സംഭവിക്കുമെന്നതിന് നമുക്ക് രാജ്യത്തെമ്പാടുനിന്നുള്ള കാഴ്ചകളിൽ തെളിയുന്നുണ്ട്. ആ വിപൽ സന്ദേശം മനസ്സിലാക്കാൻ കഴിയാത്തവരോ അല്ലെങ്കിൽ അത് മനസ്സിലാക്കി നിലപാടുകൾ പുനരാവിഷ്‌ക്കരിക്കാനോ കഴിയാത്ത വിഭാഗമായി കോൺഗ്രസ് മാറുന്നുവെന്നതാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് പത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെഎഡിറ്റഡ് വേർഷൻ

Comments