“ഇത് ഒരു മാറ്റത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്… തമിഴ് ജനത പൂർണമായി ആ മാറ്റത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. മാറ്റം ഒരാളെ കൊണ്ടും തടുക്കാൻ സാധിക്കുന്നതല്ല,” തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ് നടത്തിയ ഈ പ്രസ്താവന രാഷ്ട്രീയത്തിലിറങ്ങിയ ഒരു സിനിമാതാരത്തിൻെറ മാസ്സ് ഡയലോഗായി മാത്രമായിരിക്കും പലരും കണക്കിലെടുത്തിട്ടുണ്ടാവുക. എന്നാൽ, മെയ് നാലിന് വന്ന തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് തമിഴ് ജനതയുടെ മനസ്സറിഞ്ഞ് വിജയുടെ പാർട്ടി ടി.വി.കെ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ ലക്ഷ്യം കണ്ടുവെന്നാണ്. മൂന്ന് ദശാബ്ദത്തോളം തമിഴ് സിനിമയിൽ ഇളയ ദളപതിയായി മിന്നിത്തിളങ്ങിയ വിജയ് രാഷ്ട്രീയത്തിലേക്കെന്ന സൂചനകൾ ഇടയ്ക്കിടെ നൽകിയിരുന്നു. തൻെറ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കവുമായാണ് അദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിത്തിരിച്ചത്. ജനസേവനമായിരുന്നു സംഘടനയുടെ ലക്ഷ്യം. തമിഴ്നാടിൻെറ മുക്കിലും മൂലയിലും അത് പ്രവർത്തിച്ചു. 2024-ൽ വിജയ് ഔദ്യോഗികമായി തൻെറ പാർട്ടി പ്രഖ്യാപിച്ചു. രണ്ട് വർഷം മുമ്പ് പിറന്ന ആ തമിഴക വെട്രി കഴകം ഇന്ന് തമിഴ്നാട് ഭരിക്കാൻ പോവുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രയും കുറഞ്ഞ കാലത്തിനുള്ളിൽ ഒരു രാഷ്ട്രീയ പാർട്ടി ഒരു സംസ്ഥാനം ഭരിക്കുന്ന നിലയിലേക്ക് വളരുന്നത് അപൂർവമാണ്.
തമിഴ്നാട്ടിൽ വിസിലടിച്ച് വിജയ് തരംഗം, തകർന്നടിഞ്ഞ് ഡി.എം.കെ
തമിഴ്നാടിൻെറ ദ്രവീഡിയൻ രാഷ്ട്രീയമണ്ണിനെയാകെ ഇളക്കിമറിക്കുന്ന തരത്തിലുള്ള ഒരു ജനവിധിയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ആകെയുള്ള 234 സീറ്റുകളിൽ 108 എണ്ണവും നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. സംസ്ഥാനം ഭരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലേക്ക് ഇനിയും വേണ്ടത് 10 സീറ്റുകൾ. ഏതായാലും ഒറ്റയ്ക്ക് ഭരിക്കാൻ ടിവികെയ്ക്ക് സാധിക്കില്ല. 59 സീറ്റുകളുള്ള ഡിഎംകെയുടെയോ 47 സീറ്റുകളുള്ള എഐഡിഎംകെയുടെയോ പിന്തുണ ലഭിച്ചാലും വിജയ് സ്വീകരിക്കുകയുമില്ല. ചെറുപാർട്ടികളുടെ പിന്തുണ തേടുകയെന്നുള്ളതാണ് പിന്നീടുള്ള വഴി. ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ പോയാൽ സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യം ഉണ്ടാവും. അതിനിടയിലുള്ള കാലത്ത് ഗവർണർ ഭരണവുമാണ് ഉണ്ടാവുക. നിലവിലെ സാഹചര്യത്തിൽ ഇനിയൊരു തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാവില്ലെന്നുറപ്പാണ്. ഡിഎംകെ, എഐഎഡിഎംകെ പാർട്ടികൾ നേതൃത്വം നൽകിയ മുന്നണികളിലെ ചെറുപാർട്ടികളെ ഒപ്പം ചേർക്കുകയെന്നതാണ് ടി.വി.കെയ്ക്ക് മുന്നിലെ പ്രധാന വഴി.

നാല് സീറ്റുകൾ നേടിയിട്ടുള്ള അൻപുമണി രാമദോസിൻെറ പാട്ടാളി മക്കൾ കക്ഷിയുടെ പിന്തുണ ഉറപ്പാക്കിയാൽ ടി.വി.കെയ്ക്ക് ഒരു കടമ്പ കടക്കാൻ സാധിക്കും. ഇതിന് മുമ്പ് 2006-ലാണ് തമിഴ്നാട്ടിൽ ഒരു തൂക്കുമന്ത്രിസഭയുടെ സാഹചര്യം ഒരുങ്ങിയിരുന്നത്. അന്ന് കരുണാനിധിയുടെ ഡിഎംകെയ്ക്ക് പിഎംകെ പിന്തുണ നൽകിയിരുന്നു. മന്ത്രിസഭയിൽ ചേരാതെ പുറത്ത് നിന്നുള്ള പിന്തുണയാണ് പാർട്ടി നൽകിയിരുന്നത്. നിലവിൽ എഐഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയിലാണ് പിഎംകെ. പ്രത്യയശാസ്ത്രപരമായ വിയോജിപ്പൊന്നും തന്നെ ടിവികെയുമായി പിഎംകെയ്ക്ക് ഇല്ല. അതിനാൽ പിന്തുണയ്ക്കുള്ള സാധ്യത കൂടുതലാണ്. ഡിഎംകെ മുന്നണിയുടെ ഭാഗമായി മത്സരിച്ച് അഞ്ച് സീറ്റുകൾ നേടിയിട്ടുള്ള കോൺഗ്രസാണ് പിന്തുണയ്ക്കാൻ സാധ്യതയുള്ള മറ്റൊരു പാർട്ടി. അതിനുള്ള ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. രണ്ട് സീറ്റുകൾ വീതമുള്ള സിപിഐ, സിപിഎം, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ പാർട്ടികളും ഒരു സീറ്റുള്ള ഡിഎംകെയിലെ ഡിഎംഡികെയും എഐഎഡിഎംകെ മുന്നണിയിലെ എഎംഎംകെയും ബിജെപിയുമുണ്ട്. ഏതെല്ലാം ചെറുപാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ സാധിക്കുമെന്നതായിരിക്കും വിജയ് തമിഴ്നാടിൻെറ മുഖ്യമന്ത്രി ആവുമോയെന്ന കാര്യത്തിൽ നിർണായകമാവുക.
