ജെയ്ക്ക് തോമസ് രണ്ടുതവണ ഉമ്മൻ ചാണ്ടിയോട് തോറ്റിട്ടുണ്ട്. കരുണാകരനോടും മാണിയോടും തോറ്റവരുടെ കഥ, കേരളത്തിനായൊരു ഗിന്നസ് ബുക്കും അതിൽ കണക്കും ഉണ്ടായിരുന്നെങ്കിൽ ജെയ്ക്കിന്റെ രണ്ടു തോൽവികളും ഒന്നുമല്ല. പ്രത്യേകിച്ച് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടൊന്നുമല്ലാതെ മത്സരിക്കുന്ന ചാണ്ടി ഉമ്മൻ എന്ന ഇമോഷണൽ കോൺഗ്രസ് കാൻഡിഡേറ്റിനോടാണ് ജെയ്ക്കിൻ്റെ മൂന്നാമത്തെ തൊടുക്കൽ.
ഉമ്മൻ ചാണ്ടിയോട് ഏറ്റു തോറ്റ ഒരു യുവാവിനെ, ഒരു ഹാറ്റ്ട്രിക്ക് തോൽവി ആയാലും വേണ്ടില്ല, ഇറക്കിക്കളയാം, എന്ന സി.പി.ഐ- എമ്മിൻ്റെ ആത്മവീര്യത്തെ ആദ്യ മാത്രയിൽ ആരായാലും ആവേശപൂർവം അംഗീകരിക്കും. കാരണം ജെയ്ക്ക് അഴിമതി അറിഞ്ഞിട്ടില്ലാത്ത, ആദർശമുള്ള രാഷ്ട്രീയ പ്രവർത്തകൻ തന്നെയാണ്. ഏറ്റവും ഒടുവിൽ മണിപ്പുരിൽ നടക്കുന്ന വംശീയ കലാപത്തിനടയിലേക്ക് നേരിട്ടുചെന്ന് ജെയ്ക്ക് എഴുതിയത് ഈ പോർട്ടലിലാണ്, കലാപമെരിയുന്ന മണിപ്പുരിൽ നേരിട്ടുകണ്ടത്. അത് പ്രസിദ്ധീകരിക്കുന്നതിനിടയിൽ പലപ്പോഴായി സംസാരിച്ചപ്പോഴും ഈ ചെറുപ്പക്കാരൻ്റെ സെക്യുലർ ആദർശത്തെ മനസ്സറിഞ്ഞ് ആദരിച്ചിട്ടുണ്ട്.
ഒരു ഇലക്ഷൻ പ്രചാരണത്തിനിടയിൽ, ഒരു ജനാധിപത്യ രാജ്യത്ത്, വോട്ടർമാരായ ഏത് എതിരാളിയുടെയടുത്തും വോട്ട് അഭ്യർത്ഥിച്ചെത്താം. സുകുമാരൻനായരുടെ അടുത്തും, നോമിനേഷൻ കൊടുക്കുന്നതിനുമുമ്പുതന്നെ ജെയ്ക്ക് പോയി. ഇതുവരെ പെരുന്നയിൽ പോയിട്ടില്ലാത്തതുകൊണ്ട് ആ സിംഹാസനത്തിൻ്റെ ഗാലക്ടിക്ക് അസാധാരണത്വം ഇതെഴുതുന്ന ആൾക്ക് അറിയാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ, നേരിട്ട് പോയറികയുകയോ ആലിംഗനം ചെയ്യുകയോ ഒന്നും വേണ്ട, അവിടെ നിന്നുൽഭൂതമാവുന്ന ഹിംസാത്മക ഹിന്ദുത്വ വികിരണത്തിൻ്റെ ഓളങ്ങൾ അനുഭവിക്കാൻ. പോയിട്ടില്ലെങ്കിലും വ്യക്തമായി അനുഭവപ്പെട്ട ചിലതുണ്ട്. അടുത്ത കാലത്ത് കേരളത്തിൽ ഉണ്ടാക്കിയ വർഗീയ ധ്രുവീകരണങ്ങളുടെ എപ്പിസെൻ്റർ ഇവിടമാണ്. അത് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സുപ്രീംകോടതി മൂന്നംഗ ബഞ്ച് നിരോധിക്കരുത് എന്ന് വിധിച്ച മീശ നോവലിനെതിരായ നായർ ലഹള ആയാലും സുപ്രീം കോടതി വിധിക്കെതിരായ ശബരിമല സ്ത്രീപ്രവേശ നിരോധന കലാപമായാലും സയൻസ് പക്ഷപാതിയായ നിയമസഭാ സ്പീക്കർക്കെതിരായ ഗണപതി സംരക്ഷണ നാമജപ കലാപ ശ്രമമായാലും, ഈ വർഗീയ പ്രഭവകേന്ദ്രൻ ഭരണഘടനക്കെതിരാണ്, കോടതിക്കെതിരാണ്.
നല്ല രാഷ്ട്രീയമുള്ള അടുത്ത കാലത്തെ തമിഴ് ഹിറ്റ് സിനിമയിൽ, നിയമസഭയിലേക്ക് നേരിട്ട് ഒരിക്കലുമെത്തില്ലെങ്കിലും മാമന്നനെ എം എൽ എ ആക്കരുതെന്ന് തീരുമാനിക്കുന്ന രത്നവേലിൻ്റെ കേരള രാഷ്ട്രീയത്തിലെ പ്രതിരൂപമാണ് എന്നൊക്കെയാണ് വിചാരം. മലപ്പുറം കത്തിയും എ.കെ. 47 നും ഒക്കെയുണ്ടെന്ന് വീരവാദം പറയും. ശബരിമല വിവാദം കത്തിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കിണഞ്ഞ് ശ്രമിച്ചു, സേലത്ത് വടിവേലുവിനെ തോൽപ്പിക്കാനിറങ്ങിയ ഫഹദ് ഫാസിലിൻ്റെ ഗതികേട് കഴിഞ്ഞ ഇലക്ഷനിൽ നേരിട്ടനുഭിച്ചു. അതോടെ കേരള രാഷ്ട്രീയത്തിലെ വെറും പവനായിയാണ് ഇദ്ദേഹമെന്ന് ബി.ജെ.പിക്കു പോലും മനസ്സിലായി. എന്നാൽ, ഇടതുപക്ഷത്തെ കുരുക്കിലാക്കാനുള്ള ഒന്നാന്തരം ഒറ്റാലാണ് ഇയാളെന്നും ബി.ജെ.പിക്കറിയാം.
എന്തായാലും ഗോവിന്ദൻ മാസ്റ്റർ പറയാതെ ഈ സന്ദർശനം ജെയ്ക്ക് നടത്തില്ല എന്നാർക്കുമറിയാം. വർഗീയതക്കെതിരെ നിലപാടുകളുള്ള ഒരാളായി പ്രസ്തുത നായരെ ഉപമിക്കുന്നതോടെ ജെയ്ക്, അറിയാതെ സംഘപരിവാറിന് കോടാലിക്കൈ പണിയുകയാണ്. കേരളത്തിലെ ഇടതുപക്ഷ സാമൂഹിക മനസ്സിനെതിരെ പുതിയ കാലത്ത് ഇൻലക്ച്വൽ ലിഞ്ചിംഗ് നടത്തുന്ന ഒരു വർഗീയ പ്രതിഭാസത്തെയാണ് ജെയ്ക്കും ഗോവിന്ദൻ മാസ്റ്ററും, സന്ദർശന- ന്യായീകരണ വിദശീകരണങ്ങളിലൂടെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. സ്പീക്കർ ഷംസീറിനെതിരായ കടുത്ത വർഗീയ വിഷം ചീറ്റലിലൂടെ സുരേന്ദ്രാദികൾക്ക് വീണ്ടും ഫണമുയർത്താനുള്ള രാഷ്ട്രീയാന്തരീക്ഷം ഉണ്ടാക്കിയ കടുത്ത വലതുപക്ഷ മനസ്സിനെ വെറുതെവിട്ടിരിക്കുകയാണ് ഇവർ. സുപ്രീം കോടതിയെയും ഭരണഘടനയെയും തെല്ലും വകവെക്കാത്ത ഒരു ഹിന്ദുത്വ ഫ്രിഞ്ച് ഗ്രൂപ്പിനുള്ള പ്രത്യക്ഷ ആശീർവാദം.
ഇപ്പോൾ ഇതേ നായർ കേന്ദ്രം ഉണ്ടാക്കിയ മീശ വിരുദ്ധ പ്രക്ഷോഭം വീണ്ടുമോർക്കുന്നു. എപ്പോഴും കേരളത്തിൽ സി.പി.എമ്മിൻ്റെ ഭീമൻ വോട്ടു കൊണ്ടു മാത്രം നിയമസഭയിലേക്കും, എന്തിന് ലോകസഭയിൽ പോലും എത്താറുള്ള ജനതാദൾ. ആളില്ലാ പാർട്ടിയുടെ നേതാവ് എന്ന പേടി കൊണ്ടല്ല മീശകലാപത്തിനു ശേഷം നായരുടെ മുമ്പിൽ വീരേന്ദ്രകുമാർ മാപ്പിരന്നു ചെന്നത്. സംഘപരിവാർ അടിമത്തം ചങ്കുപിളർത്തി പ്രഖാപിച്ചിട്ടും തൻ്റെ പത്രത്തിൻ്റെ മുസ്ലിം - കമ്യൂണിസ്റ്റ് - ദലിത്- ആദിവാസി വിരോധം നായർക്ക് മനസ്സിലാവുന്നില്ലെന്നു മനസിലാക്കി അതിലൊരു മാപ്പിരന്ന്, സ്വന്തം പത്രത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രം കിണ്ടിയിലൊഴിച്ച്, നായരുടെ കാൽ കഴുകി പ്രത്യേക സർക്കുലേഷൻ സർക്കുലർ പുറപ്പെടുവിച്ചെടുക്കുമ്പോൾ ആ സെക്യുലറിസ്റ്റിൻ്റെ ആത്മാഭിമാനം എത്രമേൽ വ്രണപ്പെട്ടു കാണും എന്ന് അന്ന് മനസിലാക്കാത്തതിൽ ഈ ലേഖകൻ അദ്ദേഹത്തോട് ഒരു മരണാനന്തര ‘മാപ്പ്’ അപേക്ഷിക്കുന്നു
കൂടെ, ജീവിതം കൊണ്ട് പുതിയ സി.പി.എമ്മിൻ്റെ മുൻനിര സെക്യുലർ ശക്തിയെന്ന് സംശയലേശമില്ലാതെ പറയാവുന്ന ഷംസീറും റിയാസും വസീഫും റഹീമുമൊക്കെ മുഖ്യ പ്രഭാഷകരാവുന്ന ഡി വൈ എഫ് ഐ യുടെ, നാളത്തെ സ്വാതന്ത്യദിന സെക്യുലർ സ്ട്രീറ്റ് സുകുമാരൻ നായർ എന്ന സെക്യുലറിസ്റ്റ് ആകുമോ സംസ്ഥാന തലത്തിൽ ഉൽഘാടനം ചെയ്യുന്നത് എന്ന് അമ്പരപ്പില്ലാതെ ആശങ്കപ്പെടുകയും ചെയ്യുന്നു.
എന്തായാലും, പ്രിയപ്പെട്ട ജെയ്ക്ക്, പാർലമെൻ്ററി അരങ്ങുകളിൽ ഇടതുപക്ഷത്തെ എത്തിക്കുന്നത് ഇത്തരം ഹിംസാവാദികളായ കൊടും വർഗീയ വാദികളുടെ വോട്ടുകൾ കൊണ്ടാണെന്ന് ഈ ചെറുപ്രായത്തിൽ തെറ്റിദ്ധരിച്ചെങ്കിൽ താങ്കൾ പുതുപ്പള്ളിയിൽ ഉറപ്പായും തോൽക്കുന്നതോടൊപ്പം കേരളത്തിലെ ഇടതു രാഷ്ട്രീയത്തെ സംശയാതീതമായി തോൽപ്പിക്കുകയുമാണ്.