വിമോചനസമരത്തെ അനുകൂലിച്ചു കൊണ്ടുള്ള വിദ്യാർഥികളുടെ ജാഥ (1958) / photo: James Burke, keralaculture

നായർ വാലും വാലു മുറിച്ച നായരും

എസ്​. ജയചന്ദ്രൻ ജയചന്ദ്രൻ നായരും വി.എൻ. നായർ വെറും നരേന്ദ്രനും ആയത്​ ഇങ്ങ​നെയാണ്​

എൻ.ഇ. സുധീർ: ഇനി ഓർമകളിലേക്ക് കടക്കാം. എസ്. ജയചന്ദ്രൻ എന്ന യുവാവ് പത്രപ്രവർത്തകനാവാൻ തീരുമാനിച്ച കഥ വിവരിക്കാമോ?

എസ്.ജയചന്ദ്രൻ നായർ : ജീവിതത്തോട് കർക്കശമായി പെരുമാറാവുന്ന സാഹചര്യങ്ങളിലല്ല ഞാൻ ജീവിച്ചത്. എങ്ങനെയെല്ലാം വിട്ടുവീഴ്ച കാണിക്കാമോ അത് സ്വയമേറ്റെടുത്തു. പ്രതിബന്ധങ്ങൾ, സങ്കടങ്ങൾ, ഒറ്റപ്പെടലുകൾ. അവയൊക്കെ തരണം ചെയ്തത് കഠിനമായ ഇച്ഛാശക്തി കൊണ്ടായിരുന്നില്ല. ഒഴുക്കിനൊപ്പം നീങ്ങി. മുങ്ങിപ്പോയില്ലെന്ന് മാത്രം. എന്തെങ്കിലും അവകാശപ്പെടാവുന്ന പാരമ്പര്യമൊന്നും എനിക്കില്ലായിരുന്നു. തട്ടിയും തടഞ്ഞും ഒഴുകി, ഒഴുകി... കൂട്ടുകാരുണ്ടായിരുന്നു. അവർ പലർക്കും എന്നോട് സ്‌നേഹമുണ്ടായിരുന്നു. അത് ആസ്വദിക്കാനും അനുഭവിക്കാനുമായതു കൊണ്ടായിരിക്കണം ഇടയ്ക്കു വച്ച് കാലിടറി വീഴാത്തത്. മറ്റൊരു കാരണം അമ്മയുടെ വാത്സല്യമായിരുന്നു. പാവപ്പെട്ട ഒരമ്മ. ഒരിക്കലും വറ്റാത്ത സ്‌നേഹധാര. അതൊക്കെ ആലോചിക്കുമ്പോൾ, പ്രായം ഒരുപാടായെങ്കിലും ഇപ്പോഴും ഒരു നീറ്റൽ ഞാനനുഭവിക്കുന്നുണ്ട്.

എസ്. ജയചന്ദ്രൻ നായർ

മറ്റുള്ളവരുടെ മുമ്പിൽ സ്വന്തം ആവശ്യങ്ങൾക്കായി കൈ നീട്ടേണ്ടി വരരുതേയെന്നു മാത്രമാണ് ആ അമ്മ ആഗ്രഹിച്ചത് എന്നെനിക്കറിയാമായിരുന്നു. മകൻ ഒരു സർക്കാർ ഗുമസ്തനാവണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ ഞാൻ മാധ്യമപ്രവർത്തനരംഗം തിരഞ്ഞെടുത്തതിന്റെ പുറകിലെ പ്രധാന കാരണം വായനയോടുള്ള എന്റെ കമ്പമായിരുന്നു. ധനികനോ പ്രശസ്തനോ ആവില്ലെന്നറിയാമായിരുന്നു. വായിക്കാൻ, വായിച്ച് വായിച്ച് എല്ലാം മറക്കാനും അതനുഭവിക്കാനും ഈ തൊഴിലുപകരിക്കുമെന്ന് ഞാനെങ്ങനെയോ അന്ന് വിശ്വസിച്ചിരുന്നു. ലോകത്തെ അറിയാനുള്ള എന്റെ ഒരു കൊതി കൂടി അതിന്റെ പുറകിലുണ്ടായിരുന്നു. പത്രപ്രവർത്തനമാണ് ലോകമറിയാനുള്ള ഒരേയൊരു വഴിയെന്നും ഞാൻ വിശ്വസിച്ചിരുന്നു.

മാധ്യമപ്രവർത്തനത്തിലേക്ക് വരാൻ സാഹചര്യമൊരുങ്ങിയത് എപ്രകാരമായിരുന്നു?

കോളേജ് ജീവിതം തുടങ്ങുമ്പോൾ കൂട്ടുകാരിൽ പലരും ഡോക്ടറാവാനോ എഞ്ചിനിയറാവാനോ ലക്ഷ്യമിട്ട് പഠിക്കാൻ തുടങ്ങിയിരുന്നു. സാമ്പത്തിക പരാധീനതകൾക്കിടയിൽ, വൻ ചെലവു വരുന്ന അത്തരം പഠനങ്ങൾക്ക് കഴിയില്ലെന്ന വിചാരം എനിക്കാദ്യമേ ഉണ്ടായിരുന്നു. കൂട്ടത്തിൽ പുസ്തകങ്ങളോടുള്ള കമ്പവും. അങ്ങനെയാണ് പൊളിറ്റിക്‌സും ഹിസ്റ്ററിയും ചേർന്ന കോഴ്‌സ് തിരഞ്ഞെടുത്തത്. മോശമല്ലാത്ത വിധം ആ വിഷയങ്ങളിൽ മികവുകാട്ടാൻ സാധിച്ചു. എങ്കിലും കോളേജു വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ ഉന്നതപഠനമെന്ന സങ്കല്പമൊന്നും എനിക്കില്ലായിരുന്നു. ഇഷ്ടപ്പെട്ട തൊഴിൽ, പുറമെ ഒരു വരുമാനം ... ആ ചിന്തയോടെയാണ് കൗമുദി ദിനപത്രത്തിൽ ജോലിക്കു ചേർന്നത്. അങ്ങനെയാണ് മാധ്യമ രംഗത്തെ ദീർഘയാത്ര തുടങ്ങിയത്.

കൗമുദിയന്ന് ആർ.എസ്.പിക്കാരുടെ പത്രമായിരുന്നില്ലേ? കൗമുദിയിലെ ആദ്യകാലാനുഭവങ്ങൾ പങ്കുവെക്കാമോ?

ആർ.എസ്.പിയുടെ മുഖപത്രമായിരുന്നു കൗമുദി. പ്രമുഖ നേതാവായ

എൻ. ശ്രീകണ്ഠൻ നായർ

എൻ.ശ്രീകണ്ഠൻ നായർ മാനേജിംഗ് ഡയറക്ടറായ പബ്ലിക്കേഷൻസായിരുന്നു കൗമുദി പ്രസാധകർ. ശ്രീകണ്ഠൻ നായരെക്കുറിച്ച് പറയുമ്പോൾ ഒരു ബോട്ടപകടത്തെപ്പറ്റിയും പറയേണ്ടതുണ്ട് . മഹാകവി കുമാരനാശാന്റെ ജീവൻ അപഹരിച്ച പല്ലന ബോട്ടപകടത്തിൽപ്പെടേണ്ടതായിരുന്നു അദ്ദേഹം. യാത്രയ്ക്കുള്ള ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും എത്താൻ വൈകിയതുകൊണ്ട് യാത്രക്കാരനായ ശ്രീകണ്ഠൻ നായരെ കാത്തുനിൽക്കാതെ ബോട്ട് യാത്രയായി. അല്ലായിരുന്നുവെങ്കിൽ ആശാനെപ്പോലെ അമൂല്യമായ മറ്റൊരു ജീവിതം കൂടി അന്നത്തെ അപകടത്തിൽ നഷ്ടപ്പെടുമായിരുന്നു. കെ ബാലകൃഷ്ണനായിരുന്നു പത്രത്തിന്റെ എഡിറ്റർ. സി.എൻ ശ്രീകണ്ഠൻ നായർ, കെ.വിജയരാഘവൻ, ജി. വേണുഗോപാൽ, കെ.സി.എസ്. മണി എന്നിവർ പത്രാധിപ സമിതി അംഗങ്ങൾ. പ്രഗത്ഭരുടെ ആ സംഘത്തിൽ ഒരംഗമായാണ് ഞാനെത്തിയത്. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായി.

കൗമുദിയിലെ ആ വലിയ കൂട്ടായ്മയ്ക്ക് മൊത്തത്തിൽ ഒരു രാഷ്ട്രീയമുഖമുണ്ടായിരുന്നു. അക്കാലത്ത് ആ രാഷ്ടീയത്തോട് താങ്കൾക്കും താല്പര്യമുണ്ടായിരുന്നോ? ആദ്യകാല രാഷ്ട്രീയ ആഭിമുഖ്യങ്ങളെപ്പറ്റി കൂടി വിശദമാക്കാമോ?

ഇല്ല. ഞാൻ അവരുടെ രാഷ്ട്രീയ വിശ്വാസക്കാരനായിരുന്നില്ല. അവിടെ ഞാനൊഴികെയുള്ളവരെല്ലാം ആർ.എസ്.പിക്കാരായിരുന്നു. എന്നാൽ രാഷ്ട്രീയ കാര്യങ്ങളൊന്നും അവിടെ ഒരിക്കലും എനിക്കൊരു തടസ്സവും ആയിട്ടില്ല എന്ന് കൂടി പറയേണ്ടതുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളിൽ നിന്ന് അകലം സൂക്ഷിച്ചിരുന്ന തൃദീബ് ചൗധരിയുടെ നേതൃത്വത്തിലുള്ള ആർ.എസ്.പിക്കാർ കമ്യൂണിസ്റ്റുകാരെ "മാലങ്കോവിന്റെ മക്കൾ ' എന്ന് വിളിച്ച് അപഹസിച്ചിരുന്നു. സ്റ്റാലിനിസത്തിന്റെ ആരാധകരെന്ന് മുദ്രകുത്തിയാണ് അത്തരമൊരാക്രമണം അവർ നടത്തിയത്. പിന്നീട്, വർഷങ്ങൾക്കു ശേഷം, ആർ.എസ്.പി ശരിയായിരുന്നുവെന്ന് സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്കു നയിച്ച, സ്വേച്ഛാധിപത്യത്തിന്റെ പര്യായമായി മാറിയ സ്റ്റാലിനിസം തെളിയിക്കുകയും ചെയ്തു. എന്റെ തലമുറയിൽപ്പെട്ട പലരേയും പോലെ, കോളേജിൽ പഠിക്കുന്ന കാലം മുതൽക്കേ ഞാനും കമ്യൂണിസ്റ്റു പാർട്ടിയുടെ ആരാധകനും അനുയായിയുമായി മാറിയിരുന്നു. സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകനായ എന്നോട്, ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ കോളേജ് മാഗസിൻ എഡിറ്ററായി മത്സരിക്കാൻ പോലും നിർദ്ദേശമുണ്ടായിരുന്നു. ഞാനത് സ്വീകരിച്ചില്ല. പകരം കിളിമാനൂർ രമാകാന്തന് ആ സ്ഥാനം ഞാൻ വിട്ടുകൊടുത്തു. രമാകാന്തൻ പിന്നീട് കവിയെന്ന നിലയിൽ പ്രശസ്തനായി. എസ്.എഫിന്റെ കോളേജ് യൂണിയൻ സെക്രട്ടറിയായി മത്സരിച്ചത് എന്റെ കൂട്ടുകാരനായ കൃഷ്ണൻ നായർ ആയിരുന്നു. കമ്യൂണിസ്റ്റു പാർട്ടിയുമായോ എസ്.എഫുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. എന്നിട്ടും എസ്.എഫ് സ്ഥാനാർത്ഥിയായി. എതിർ സ്ഥാനാർത്ഥി പി.ജെ. അലക്‌സാണ്ടറായിരുന്നു, പിന്നീട് കേരള പൊലീസിൽ ഡി.ജി.പി.ആയി വരമിച്ച പി.ജെ. അലക്‌സാണ്ടർ. ക്രൈസ്തവ സഭയുടെ നേതൃത്വത്തിലുള്ള ഒരു സംഘടനയുടെ പ്രതിനിധിയായി മത്സരിച്ച അദ്ദേഹത്തെ വിദ്യാർത്ഥികൾ പൂർണമായും നിരാകരിച്ചു.

എം. എൻ. ഗോവിന്ദൻ നായർ, ദേവകി പണിക്കർ

അന്നത്തെ യൂണിയൻ സ്ഥാനാരോഹണ ചടങ്ങ് ഇപ്പോഴും മനസ്സിലുണ്ട്. ചടങ്ങിൽ മുഖ്യ പ്രഭാഷകയായെത്തിയത് സർദാർ കെ.എം. പണിക്കരുടെ മകൾ ദേവകി പണിക്കരായിരുന്നു. വിദേശത്തുനിന്ന് ബിരുദമൊക്കെ എടുത്തിട്ടുള്ള അവർ അന്ന് ചൈനാ സന്ദർശനത്തെക്കുറിച്ചാണ് സംസാരിച്ചത്. പിന്നീട് എം.എൻ. ഗോവിന്ദൻ നായരെ വിവാഹം ചെയ്ത്​ പൊതുരംഗത്തു നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഞാൻ കൗമുദിയിൽ ചേർന്നത്.

അപ്പോൾ കേരളത്തിലെ പൊതുമണ്ഡലം എങ്ങനെയുള്ളതായിരുന്നു?

ഞാൻ കൗമുദിയിൽ ചേരുന്നത് വിമോചനസമരകാലത്തായിരുന്നു. എൻ.എസ്.എസിന്റെയും ക്രൈസ്തവ സഭയുടെയും രക്ഷാധികാരത്തിൽ കോൺഗ്രസ്​ വിമോചന സമരം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കമ്യൂണിസ്റ്റ് ഭരണത്തിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമെന്ന നുണബോംബ് അവർ പൊട്ടിച്ചുവിട്ടു. സത്യം അതൊന്നുമല്ലെന്ന് സാധാരണക്കാർക്കു പോലും അറിയാമായിരുന്നു. ആർത്തരും ആലംബഹീനരുമായ ഭൂരിപക്ഷത്തിന്റെ ശബ്ദം വീണ്ടെടുക്കാനുള്ള അരങ്ങൊരുക്കുകയായിരുന്നു ഇ.എം.എസ് മന്ത്രിസഭ ചെയ്തത്.

1957ലെ കേരളത്തിലെ ആദ്യ ഇ. എം. എസ് മന്ത്രിസഭയിലെ അംഗങ്ങൾ

ആ മന്ത്രിസഭയിൽ കെ.സി.ജോർജ്, അച്യുതമേനോൻ, ടി.വി. തോമസ്, ഗൗരിയമ്മ തുടങ്ങിയ നേതാക്കൾക്കു പുറമെ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും ഡോ. എ.ആർ. മേനോനും അംഗങ്ങളായിരുന്നു. സ്വന്തം ഭൂമി ഇല്ലാത്തവന് കാലൂന്നാൻ ഇത്തിരി മണ്ണും തലചായ്ക്കാൻ കൂരയും എന്ന വലിയ ലക്ഷ്യം അവരുടെ മുന്നിലുണ്ടായിരുന്നു. സ്വകാര്യ കോളേജ് അധ്യാപകരുടെ കാര്യത്തിൽ മാനേജ്‌മെന്റിനെ നിയന്ത്രിക്കുന്ന നിയമനടപടികളും ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതിലും ക്രൈസ്തവസഭ പ്രകോപിതരായി. ബഹുഭൂരിപക്ഷം സ്വകാര്യ കോളേജുകളും അവരുടെ കീഴിലായിരുന്നല്ലോ. ജന്മിമാരിൽ നിന്ന് മിച്ചഭൂമി ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചതോടെ വിമോചന സമരത്തിന്​ അരങ്ങൊരുങ്ങി. ഭരണകൂട നടപടികളെ സ്വാഗതം ചെയ്ത ആർ.എസ്.പി വിമോചനസമരത്തിൽ പങ്കാളിയായത് യാദൃച്​ഛികമായിട്ടായിരുന്നു. പണിമുടക്കി സമരം ചെയ്യുന്ന ചന്ദനത്തോപ്പിലെ കശുവണ്ടിത്തൊഴിലാളികൾക്കു നേർക്കുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആർ.എസ്.പിയുടെ നേതൃത്വത്തിലുള്ള യൂണിയനായിരുന്നു ആ സമരം നടത്തിയിരുന്നത്. ആ സംഭവത്തെ തുടർന്ന് ആർ. എസ്. പി വിമോചന സമരത്തിൽ പങ്കാളികളായി. പ്രധാനമന്ത്രി നെഹ്‌റുവിനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രഭരണത്തെ കൊണ്ട് കേരള സർക്കാരിനെ അവസാനിപ്പിക്കുന്നതിൽ വിമോചനസമരക്കാർ വിജയം കണ്ടു. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയിൽ നിന്ന് വിമോചനസമര നേതാക്കളിൽ ചിലർ ഡോളറുകൾ കൈപ്പറ്റിയെന്ന സംശയവും ഇക്കൂട്ടത്തിൽ ഓർമിക്കാം. കമ്യൂണിസത്തെ ഭൂമിയിൽ നിന്ന് തുടച്ചുമാറ്റേണ്ട ചരിത്രകൃത്യം ഏറ്റെടുത്ത അമേരിക്കൻ ഗവൺമെന്റ് വിമോചന സമരത്തെ രഹസ്യമായി സഹായിച്ചിരിക്കാം.

കെ. സുകുമാരൻ

ദിനപത്രങ്ങളിൽ കേരളകൗമുദി മാത്രമാണ് വിമോചനസമരത്തെ അനുകൂലിക്കാതെ മാറി നിന്നത്. അതിന്റെ പേരിൽ ആ പത്രത്തേയും അതിന്റെ പത്രാധിപരായ കെ.സുകുമാരനേയും ആക്ഷേപിക്കാനായി വിമോചനസമരക്കാർ പ്രതിഷേധജാഥകൾ നടത്തിയിരുന്നു. "എണ്ണാമെങ്കിൽ എണ്ണിക്കോ, സുകുമാരാ ' എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ ജാഥക്കാർ അക്കാലത്ത് മുഴക്കിയത് എനിക്കോർമ്മയുണ്ട്. ഞങ്ങളുടെ കൗമുദിയിലാകട്ടെ സ്റ്റാലിനിസത്തെ നിഗ്രഹിക്കേണ്ടത് കടമയാണെന്ന വിശ്വാസത്തിലിരിക്കുന്നവരാണ് നേതൃത്വത്തിലുണ്ടായിരുന്നത്. മത്തായി മാഞ്ഞൂരാന്റെ കെ.എസ്.പി യിലൂടെ ശ്രീകണ്ഠൻ നായരുടെ ആർ.എസ്.പിയിലെത്തിയ ആളായിരുന്നു വിജയരാഘവൻ. പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ ചർച്ചയുടെ ഉത്തരവാദിത്വം സ്വമേധയാ എറ്റെടുക്കുക മാത്രമല്ല, ആർ.എസ്.പിയുടെ ജിഹ്വയായ സഖാവ് എന്ന വാരികയുടെ നടത്തിപ്പുകാരനുമായി അദ്ദേഹം. കെ.ബാലകൃഷണനും വിജയരാഘവനും നേരിട്ട് സമരരംഗത്തു തന്നെയുണ്ടായിരുന്നു. ബാലകൃഷ്ണന്റെ പ്രസംഗം കേൾക്കാൻ ജനക്കൂട്ടം എല്ലായിടത്തും കാതും കൂർപ്പിച്ചിരിക്കുമായിരുന്നു.

വിജയരാഘവനാകട്ടെ, ലേഖനങ്ങൾ വഴിയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിച്ചത്. പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന കെ.ദാമോദരനെ സ്റ്റാലിനിസത്തിന്റെ ആരാധകൻ എന്ന് കുറ്റപ്പെടുത്തി വിജയരാഘവൻ വലിയ വിമർശനങ്ങൾ പത്രത്തിലെഴുതിയതൊക്കെ അന്ന് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. അത്തരം രാഷ്ട്രീയക്കാർക്കിടയിൽ, അവരുടെ സാരഥ്യത്തിലുള്ള ദിനപത്രത്തിൽ സഹപത്രാധിപരായി പ്രവർത്തിച്ചത് എനിക്ക് വലിയ അനുഭവമായിരുന്നു. വലിയ നേതാക്കളിൽ പലരേയും അടുത്തു നിന്നു കാണാനും പരിചയപ്പെടാനും എനിക്ക് അവസരം കിട്ടി. വിമോചന സമരത്തിനിടയിൽ കെ. ബാലകൃഷ്ണനെ സന്ദർശിച്ച് അഭിപ്രായമറിയാൻ മുതിർന്ന കോൺഗ്രസ്​ നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആർ.കെ. ഖാദിൽക്കർ വന്നതും മണിക്കൂറുകൾ കാത്തിരുന്നതും ഞാനോർക്കുന്നു. ബാലകൃഷ്ണനെ ഇന്റർവ്യൂ ചെയ്യാൻ അമേരിക്കക്കാരിയായ ഒരു പത്രപ്രവർത്തക വാഷിംഗ്ടണിൽ നിന്ന്​ വന്നതും... അങ്ങനെ എന്തെല്ലാം സംഭവങ്ങൾ. ഒരു തലമുറയുടെ ആരാധനാപാത്രമായിരുന്നു കെ. ബാലകൃഷ്ണൻ. ഒടുവിൽ മദ്യപാനത്തിനടിമയായി, ഇഞ്ചിഞ്ചായി നശിക്കുന്നത് കാണാനുള്ള ദൗർഭാഗ്യവും എനിക്കുണ്ടായി.

പിന്നെ കൗമുദിയ്ക്ക് എന്തു സംഭവിച്ചു ? താങ്കളെപ്പോഴാണ് അവിടം വിട്ടത് ? തുടർന്നുള്ള മാറ്റങ്ങൾ?

മാനേജ്‌മെന്റിന്റെ വീഴ്ച മൂലം കൗമുദി ദിനപത്രം തകർച്ചയിലായത് പെട്ടന്നായിരുന്നു. സി.എൻ. ശ്രീകണ്ഠൻ നായരും കെ.വിജയരാഘവനും കെ.സി.എസ്. മണിയും പത്രം വിട്ടു. ഞങ്ങൾ ബാലയണ്ണൻ എന്ന് വിളിച്ചിരുന്ന കെ.ബാലകൃഷണർ ശാരീരികമായി അവശനായി.

അപ്പോൾ അതിനിടയിൽപ്പെട്ട് വിഷമിച്ചിരുന്ന എനിക്ക് കൗമുദി വിടാൻ ഒരു അവസരം കിട്ടി. സതീർത്ഥ്യനായിരുന്ന ഫോട്ടോഗ്രാഫർ ശിവനായിരുന്നു അതിന്റെ കാരണക്കാരൻ. കൊല്ലത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള രാജ്യം ദിനപത്രത്തിന് ഒരു പത്രാധിപർ ആവശ്യമായി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ സഹായിക്കാൻ കെ.ജി.ശങ്കർ തുടങ്ങിയതായിരുന്നു ആ

കെ. ജി പരമേശ്വരൻ പിള്ളയോടുള്ള ആദരസൂചകമായി നിർമ്മിച്ച കൊല്ലം ക്ലോക്ക് ടവർ

ദിനപത്രം. വാർദ്ധയിൽ കുറേ നാൾ ചെലവഴിച്ച ശേഷം നാട്ടിൽ മടങ്ങി വന്ന അദ്ദേഹം അയ്യൻകാളിയുടെയും എം.എൻ. ഗോവിന്ദൻ നായരുടെയും സഹപ്രവർത്തകനായിരുന്നു. അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. 37ാമത്തെ വയസ്സിലാണെന്നു തോന്നുന്നു മരണം അദ്ദേഹത്തെ അപഹരിച്ചത്. കെ.ജി.ശങ്കറിന്റെ വിയോഗശേഷം സഹോദരനായ കെ.ജി. പരമേശ്വരൻ പിള്ളയായിരുന്നു പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ പത്രത്തിന്റെ സ്വഭാവം മാറി. രാജാവിനെയും ബ്രട്ടീഷ് ഭരണത്തേയും പിന്താങ്ങിയ ആ പത്രത്തിന് നായർ സമുദായത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. കൊല്ലം ചിന്നക്കട ജംഗ്ഷനിൽ ഉയർന്നു നിൽക്കുന്ന മണിമേട കെ.ജി പരമേശ്വരൻ പിള്ളയുടെ സ്മരണയ്ക്കായി നിർമ്മിച്ചതാണ്. മലയാള രാജ്യത്തിൽ ഏതാണ്ട് നാലു കൊല്ലം ഞാൻ പ്രവർത്തിച്ചു. പേരിനു മാത്രം സഹപ്രവർത്തകർ. പത്രത്തിന്റെ മുഴുവൻ ചുമതലയും എന്റെ ചുമലിലായിരുന്നു. ആഹ്ലാദപൂർവ്വം അത് നിർവഹിക്കാൻ എനിക്ക് സാധിച്ചു.

മന്നത്തു പത്മനാഭനെ കാണുന്നതൊക്കെ അക്കാലത്താണോ? അങ്ങനെയൊരനുഭവം എവിടെയോ എഴുതിയിട്ടുണ്ടല്ലോ?

അതെ. ആ കാലത്താണ് മന്നത്തിനെ ഇന്റർവ്യൂ ചെയ്യുന്നത്. പന്തളത്തു വെച്ചായിരുന്നു ആ കൂടിക്കാഴ്ച എന്നാണ് ഓർമ്മ. എൻ.എസ്​.എസിന്റെ പിറന്നാൾ ആഘോഷവേള. പരിപാടികൾ തയ്യാറാക്കുന്നതിനിടയിലാണ് അദ്ദേഹത്തെ കണ്ടു സംസാരിച്ചത്. ആഘോഷപ്പന്തൽ കാണിക്കാൻ എന്നേയും കൂട്ടി നടക്കുന്നതിനിടയിൽ, പന്തലിനു പിന്നിലായി റോഡിലേക്കിറങ്ങാനുള്ള ചെറിയ വഴി ചൂണ്ടിക്കാണിച്ചിട്ട് അദ്ദേഹം ചെറുചിരിയോടെ പറഞ്ഞു; "നുറുക്കണക്കിനു ചാക്കുകൾ നിറയെ അരിയും പഞ്ചസാരയും സംഭരിച്ചു സൂക്ഷിച്ചിരിക്കുന്നതിന്റെ അടുത്താണ് ആ വഴി. എന്തിനാണെന്നോ അതുണ്ടാക്കിയിരിക്കുന്നത്? ആഘോഷക്കമ്മറ്റി ചെയർമാന് രാത്രികാലത്ത് അരിച്ചാക്കുകൾ കടത്തിക്കൊണ്ടു പോകാൻ. ഇതൊന്നും ഞാനറിയുന്നില്ലെന്നാണ് അയാൾ വിചാരിച്ചിരിക്കുന്നത്.' എന്നിട്ട് ആത്മഗതമെന്ന നിലയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. "അഴിമതി നടത്താനാണെന്നു തോന്നുന്നു ചിലർ ജനിക്കുന്നത് '. സംഭാഷണത്തിനിടയിൽ എൻ. എസ്​.എസിന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണങ്ങളുടെ ദുരവസ്ഥയെപ്പറ്റി അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ആരും ഉത്തരവാദിത്വത്തോടെ അവയൊന്നും കൈകാര്യം ചെയ്യുന്നില്ലെന്ന് പരിഭവിക്കവെ, അതേറ്റെടുക്കാൻ സമർത്ഥനായ ഒരാളെ താൻ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അത് കേട്ടിരിക്കുക മാത്രം ചെയ്തു. യാത്ര പറഞ്ഞ് മടങ്ങുമ്പോൾ അക്കാര്യം ഞാനാലോചിച്ചു. അതൊരു നിശ്ശബ്ദമായ ക്ഷണമായിരുന്നോ എന്ന് സ്വയം ഞാൻ ചോദിച്ചു നോക്കി.

കുറച്ചു കാലം കേരളജനതയിലും പ്രവർത്തിച്ചില്ലേ?

മലയാള രാജ്യത്തിനു ശേഷം കഷ്ടിച്ച് ആറു മാസം കേരള ജനത എന്ന ദിനപത്രത്തിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ആരംഭിച്ചതായിരുന്നു ആ ദിനപത്രം. ഞാനും മാധവൻകുട്ടിയും മാത്രം ചേർന്നതായിരുന്നു പത്രാധിപ സമിതി. നാലു പേജുകൾ. എങ്ങനെയും വാർത്തകൾ സംഭരിച്ച് അത് അച്ചടിച്ചിറക്കാൻ അനുഭവിച്ച യാതനകൾ, ക്ലേശങ്ങൾ . ശമ്പളം പോലും കൃത്യമായി കിട്ടിയിരുന്നുമില്ല. അക്കാലത്താണ് മദ്രാസിൽ നിന്നും പശ്ചിമ ജർമനിയുടെ കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരുന്ന ഒരു ന്യൂസ് ലെറ്റർ ജോലിയ്ക്കുള്ള അവസരമൊരുങ്ങിയത്. അത് സ്വീകരിച്ച് മദ്രാസിൽ പോകാനുള്ള ഗാർഹിക ചുറ്റുപാടുകൾ ഇല്ലായിരുന്നു. അതുകൊണ്ട് അതും നടന്നില്ല.

എപ്പോഴാണ് കേരളകൗമുദിക്കാലം തുടങ്ങുന്നത്? ദീർഘവും സംഭവബഹുലവുമായിരുന്നില്ലേ അത്?

കേരള ജനതയിൽ നിന്ന് ഞാൻ വേഗം മലയാള രാജ്യത്തിൽ തിരിച്ചെത്തി. അങ്ങനെയിരിക്കുമ്പോഴാണ് യാദൃച്​ഛികമായി കേരളകൗമുദിയിലേക്ക് എത്തിയത്. സി.എൻ. ശ്രീകണ്ഠൻ നായരാണ് കേരളകൗമുദിയിലെത്താൻ സഹായിച്ചത്. കേരളകൗമുദി പ്രവർത്തിച്ചിരുന്നത് തിരുവനന്തപുരത്തെ പേട്ടയിലായിരുന്നു. അവിടെ ഓഫീസിനടുത്ത് ഒരു വാടക വീട്ടിലായിരുന്നു സി.എൻ. താമസിച്ചിരുന്നത്.

സി. എൻ. ശ്രീകണ്ഠൻ നായരും കെ. ബാലകൃഷ്ണനും

മകൻ ഉണ്ണിയുടെ കൂടെ. അവധിദിവസങ്ങളിൽ ഞാൻ അവിടെ പോയി നിരവധി മണിക്കൂറുകൾ ചെലവഴിച്ചിരുന്നു. പൂത്തുവാസന പരത്തുന്ന ഒരു മന്ദാരം പോലെയായിരുന്നു മധ്യവയസ്സിൽ മരണം അപഹരിച്ച പ്രതിഭാധനനായ സി.എൻ. വലുപ്പ - ചെറുപ്പമില്ലാതെ പെരുമാറുകയും അന്യോന്യം സഹായിക്കുകയും ചെയ്ത ഒരു ടീമായിരുന്നു കേരളകൗമുദിയിലേത്. ശ്രീകണ്ഠൻ നായരോടൊപ്പമായിരുന്നു എന്റെ ജോലി. ജോലിയിൽ തുടക്കത്തിലെ എന്റെ പരിഭ്രമം മാറിയതോടെ അദ്ദേഹം ഇടയ്ക്കുവെച്ച് ജോലിയെല്ലാം എന്നെ ഏല്പിച്ച് മുങ്ങുന്നത് പതിവായി. കലാവേദി പ്രവർത്തനങ്ങളിലായിരുന്നു സി.എന്നിന്​ കൂടുതൽ താല്പര്യം. അന്നദ്ദേഹം കഥകൾ എഴുതിയിരുന്നു. പിന്നിട് പൂർണമായും നാടക രംഗത്ത് മുഴുകി. ആയിടയ്ക്കാണ് ബോറിസ് പാസ്റ്റർനാക്കിന് സാഹിത്യ നോബൽ സമ്മാനം ലഭിക്കുന്നത്. പ്രഖ്യാപനം വന്നതിന്റെ പുറകെ തന്നെ യു.എസ്. ഇൻഫർമേഷൻ സെന്ററിൽ നിന്ന്​ ഡോക്ടർ ഷിവാഗോയുടെ ഒരു കോപ്പി എത്തി. കിട്ടിയ ഉടനെ അത് ട്രാൻസലേറ്റു ചെയ്യാൻ തീരുമാനിച്ച ശ്രീകണ്ഠൻ നായർ പത്രത്തിന്റെ എഡിറ്റ് പേജിൽ അത് അച്ചടിച്ചു തുടങ്ങി. മൂന്നു നാലു ദിവസം പിന്നിട്ടപ്പോൾ മുട്ടത്തുവർക്കിയുടെ തർജ്ജമ ദീപിക ദിനപത്രത്തിൽ വന്നു തുടങ്ങി. അതോടെ സി.എൻ. പരിഭാഷ അവസാനിപ്പിച്ചു. വീണ്ടും നാടകത്തിൽ മുഴുകി. കേരളകൗമുദി വിട്ടു കോട്ടയത്തേക്ക് പോയി. അവിടെ കേരളഭൂഷണം പത്രത്തിൽ ജോലി ചെയ്തു. പിന്നെ ദേശബന്ധു വാരിക തുടങ്ങി. അതൊക്കെ വലിയ ചരിത്രം. ഞാൻ കേരളകൗമുദിയിൽ തുടർന്നു.

കെ. സി. എസ്. മണി

അതുപോലൊരു അധ്യായമായിരുന്നു കെ.സി.എസ് മണിയോടൊത്തുള്ള ഒദ്യോഗിക ജീവിതം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ജോലി ചെയ്തിരുന്ന ദിവസങ്ങൾ. ഒറ്റയ്ക്കിരിക്കുമ്പോൾ തിരുവിതാംകൂറിന്റെ ചരിത്രം തിരുത്തിയ ആ സംഭവത്തിന്റെ വിദശാംശങ്ങൾ ഞാൻ അന്വേഷിക്കുമായിരുന്നു. എന്നാൽ ആ കവാടങ്ങൾ തുറക്കാൻ അദ്ദേഹം തയ്യാറായതേയില്ല. ഒരു വെള്ളത്തൊലിക്കാരനായ ഉദ്യോഗസ്ഥന്റെ നേർക്ക് നിറയൊഴിച്ച ഭഗത് സിംഗിന്റെ പേരിനു മുമ്പിൽ പ്രണാമം അർപ്പിച്ച് ഒരു രാജ്യം വീർപ്പടക്കി നിൽക്കുമ്പോൾ അതിനേക്കാൾ എത്രയോ വലിയ കൃത്യം നടത്തിയ മണി സ്വാമി തിരുവനന്തപുരത്തെ സംഗീത അക്കാഡമി മന്ദിരത്തിനു മുൻപിലുള്ള റോഡിൽ ഒരു അർദ്ധകായ പ്രതിമയായി അവശേഷിക്കുന്നു. കാലത്തിന്റെ കൃതഘ്‌നത!

ഓർമകൾ ഒരുപാടുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പത്രമാപ്പീസിൽ ജോലി തുടങ്ങുന്നത്. രാത്രി പന്ത്രണ്ടു വരെ നീളും അത്. എല്ലാം കഴിഞ്ഞ് ഞങ്ങൾ മൂന്നു പേർ ഒരുമിച്ചാണ് മടങ്ങുന്നത്. മണി സ്വാമിയും വേണുഗോപാലുമൊത്ത് ഓവർ ബ്രിഡ്ജിലെത്തുമ്പോൾ അവർ തമ്പാനൂരിലേക്ക് തിരിയും. മണി സ്വാമി സി.പി. സത്രത്തിലായിരുന്നു താമസിച്ചിരുന്നത്. വേണുഗോപാൽ ട്രാൻസ്‌പോർട്ട് സ്റ്റാന്റിൽ നിന്നും ബസു കയറി കവടിയാറിലെ വീട്ടിലേക്കും. ഞാൻ ശ്രീവരാഹത്തെ വീട്ടിലേക്ക് നടക്കും. ഒരു ദിവസം യാദൃച്​ഛികമായി ഓവർ ബ്രിഡ്ജിലെത്തിയ ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് പാപനാശം ശിവന്റെ സംഗീതത്തിന്റെ അലകൾ മന്ദം മന്ദം ഒഴുകിയെത്തി. സംഗീതം കേട്ടയുടൻ സ്വാമി പറഞ്ഞു; "പാപനാശം പാടുകയാണ്. ഞാൻ അങ്ങോട്ടു പോവുന്നു.' ഞങ്ങൾ രണ്ടാളും ആ രാത്രിയിൽ അദ്ദേഹത്തോടൊപ്പം സംഗീതം അലച്ചൊഴുകി വരുന്നിടത്തേക്ക് നടന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവം.

അക്കാലത്തെ മറ്റൊരു ഭാഗ്യം വായനയ്ക്കും സിനിമയ്ക്കും സമയം കിട്ടിയതാണ്. കോളേജ് പഠനകാലത്തു തൊട്ട് ഞാൻ അമേരിക്കൻ എംബസി ലൈബ്രറിയിലെ അംഗമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് മന്ദിരത്തിന് അഭിമുഖമായാണ് ആ ലൈബ്രറി നിലകൊണ്ടത്. പിന്നീട്, അമേരിക്കൻ ഇംപീരിയലിസത്തോടുള്ള എതിർപ്പ് രേഖപ്പെടുത്താനായി കമ്യൂണിസ്റ്റുകാരായ വിദ്യാർത്ഥികൾ അത് ആക്രമിച്ച് നശിപ്പിച്ചു. അതുപോലെ അക്കാലത്ത് ആരംഭിച്ച ശ്രീകുമാർ തിയറ്റർ ഹോളിവുഡ്ഡ് ചിത്രങ്ങൾക്ക് വേദിയായി. ഇവ രണ്ടുമാണ് എന്റെ സാംസ്‌കാരിക ജീവിതത്തെ സമ്പന്നമാക്കിയത്. എത്രയാണ് വായിച്ചു കൂട്ടിയത്! അമേരിക്കൻ സാഹിത്യവുമായുള്ള വിപുലമായ പരിചയം അങ്ങനെ സംഭവിച്ചു. ഇതൊക്കെ സാധിച്ചത് കേരളകൗമുദിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്. മറ്റുള്ളവർക്ക് വാചാലമെന്ന് തോന്നാവുന്ന എത്രയെത്ര അനുഭവങ്ങൾ!

അക്കാലത്തു നടത്തിയ ഏതെങ്കിലും മാധ്യമപ്രവർത്തന ഇടപെടലുകൾ ഓർത്തെടുക്കാനുണ്ടോ?

1975 വരെ ഞാൻ കേരള കൗമുദിയിൽ പത്രാധിപസമിതി അംഗമായി തുടർന്നു. അക്കൊല്ലം "വനസ്വത്തപഹരണം' എന്ന ശീർഷകത്തിൽ എൻ.ആർ.എസ് ബാബുവുമൊത്ത് ഒരു ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് ഞാൻ തയ്യാറാക്കി. ആഭ്യന്തരമന്ത്രി കരുണാകരന്റെ വലംകൈ ആയി പ്രവർത്തിച്ച ഡോ. അടിയോടിയെ പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു റിപ്പോർട്ട്. അന്യായമായി വനം വെട്ടിത്തെളിച്ച് കൊള്ള നടത്താൻ ബന്ധപ്പെട്ടവർക്ക് ഗവൺമെന്റ് സഹായം നൽകി എന്നാണ് ആ റിപ്പോർട്ട് രഹസ്യരേഖകൾ ഉദ്ധരിച്ച് പുറത്തുവിട്ടത്. കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് അത്തരമൊരു കുറ്റാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകൃതമാവന്നത്. റിപ്പോർട്ട് നിഷേധിച്ച ഗവൺമെന്റ് കേരളകൗമുദി എഡിറ്റർ എം.എസ്. മണിയേയും ലേഖകന്മാരായ എന്നെയും ബാബുവിനെയും പ്രതിചേർത്ത് കേസെടുത്തു. അതിലൊന്നും അവസാനിക്കുന്നതായിരുന്നില്ല, ആ റിപ്പോർട്ട് ഉണ്ടാക്കിയ ഭൂകമ്പം.

എം. എസ്. മണി

ഒടുവിൽ ഡോ. അടിയോടിയ്ക്ക് മന്ത്രിസ്ഥാനത്തു നിന്നും പുറത്തു പോകേണ്ടി വന്നു. കരുണാകരന്റെയും ഗവൺമെന്റിന്റെയും ശത്രുതയ്ക്ക് കാരണമായതിനാൽ അതിനൊരു പരിഹാരമായി എം. എസ്. മണിയെ പത്രത്തിന്റെ എഡിറ്റർ സ്ഥാനത്തു നിന്നും അദ്ദേഹത്തിന്റെ പിതാവും ദിനപത്രത്തിന്റെ ഉടമയുമായ കെ.സുകുമാരൻ ഒഴിവാക്കി. അങ്ങനെയാണ് പിൽക്കാലത്ത് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ ദൃഢമായ മുദ്ര പതിപ്പിച്ച കലാകൗമുദി എന്ന ആഴ്ചപ്പതിപ്പ് രംഗപ്രവേശം ചെയ്യുന്നത്. എം.എസ്. മണി പത്രാധിപരും ഞാനും ബാബുവും പത്രാധിപസമിതി അംഗങ്ങളുമായി തുടങ്ങിയ ആഴ്ചപ്പതിപ്പ്. ആഴ്ചപ്പതിപ്പുകളുടെ സംവിധാനരംഗത്ത് ഞങ്ങൾ പുതുമുഖങ്ങളായിരുന്നു. ഉറൂബിന്റെ ഉമ്മാച്ചു അച്ചടിച്ചു വന്നിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എല്ലാ ബുധനാഴച്ചകളിലും പുളിമൂട്ടിലെ ഭാസ്‌ക്കരൻനായരുടെ പുസ്തകക്കടയിൽ കാത്തുനിന്നിരുന്ന പരിചയം മാത്രമാണ് എനിക്കുണ്ടായിരുന്നത്. എന്നാൽ പതുക്കെപ്പതുക്കെ ആ രംഗത്ത് പിച്ചവച്ചു നടന്നു. അത് പൂർണമായും വിജയിക്കുമ്പോൾ ഏതാണ്ട് മുപ്പത്തിയേഴ് കൊല്ലങ്ങൾ (1975- 2012 ) ഞാൻ ആഴ്ചപ്പതിപ്പുകാരനായി ജീവിച്ചു. അത് മറ്റൊരു വലിയ അധ്യായം.

കലാകൗമുദി അനുഭവത്തിലേക്ക് പ്രത്യേകം വരാമെന്നു തോന്നുന്നു. ഇതിനിടയിൽ ഒരു പ്രധാനപ്പെട്ട കാര്യം കൂടി ചോദിക്കട്ടെ. എസ്. ജയചന്ദ്രൻ എന്ന പത്രപ്രവർത്തകൻ എസ്.ജയചന്ദ്രൻ നായർ ആയി മാറിയതിന്റെ പുറകിലെ കഥ ഒന്നു വിവരിക്കാമോ?

വർഷങ്ങൾക്കു മുമ്പ് നായർ, പിള്ള എന്നീ സംജ്ഞകൾ സാമുദായിക മുഖമുദ്രയായി പേരുകളിൽ പതിപ്പിക്കണമെന്ന് മന്നത്തു പദ്മനാഭൻ അഭിപ്രായപ്പെടുകയുണ്ടായി. അതിനോടുള്ള പ്രതികരണമായാണ്​ നായർ എന്ന വാല് എന്നിൽ നിന്ന്​ അറ്റുവീണത്. എന്നാൽ കേരളകൗമുദി മാനേജ്‌മെന്റ് വർഷങ്ങൾക്കു ശേഷം ആ വാല് കണ്ടെത്തി എന്റെ പേരിൽ ചേർക്കുകയായിരുന്നു. വളരെ ദൂരക്കാഴ്ചയോടെയായിരുന്നു അത്തരം കാര്യങ്ങളിൽ കേരളകൗമുദി പ്രവർത്തിച്ചിരുന്നത്.

മന്നത്ത്​ പത്മനാഭൻ

കൊല്ലങ്ങൾക്കു മുമ്പ് - കേരളകൗമുദിയും മലയാള രാജ്യവും തമ്മിൽ ഇത്തരമൊരു കാര്യത്തിൽ കലഹിച്ചിരുന്നു. നായർ സമുദായത്തിന്റെ രക്ഷകരായിരുന്നല്ലോ മലയാളരാജ്യം. ഈഴവ സമുദായത്തിന്റെ പതാക കേരളകൗമുദിയും കൊണ്ടുനടന്നു. നായർ സമുദായത്തെ കേരളകൗമുദി അവഗണിക്കുകയാണെന്ന പരാതി മലയാള രാജ്യം ഒരിക്കൽ മുന്നോട്ടുവെച്ചു. ആ പരാതിയുടെ മുനയൊടിക്കാൻ കേരളകൗമുദി മാനേജ്‌മെന്റ് അവരുടെ പത്രാധിപ സമിതിയിലും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലും ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന നായന്മാരുടെ പേരുകൾ വാലോടെ പ്രസിദ്ധീകരിക്കാൻ തിരുമാനിച്ചു. ജയചന്ദ്രൻ എന്ന പേരിനു വാലുണ്ടായതും ഇങ്ങനെയാണ്. ഇത് തിരിച്ചും സംഭവിച്ചിട്ടുണ്ട്. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുടെ ലേഖകൻ ഈഴവനല്ലെങ്കിൽ വാലുമുറിച്ച നായരാവണമെന്നും പിന്നോക്കക്കാരുടെ പ്രതിനിധിയെന്ന നിലയിൽ കേരളകൗമുദിയുടെ സ്വത്വം ഭരണാധികാരികൾ തിരിച്ചറിയണമെന്നും അവർ ധരിച്ചു. ഫ്രീ പ്രസ്​ ജേണലിൽ നിന്നും കേരളകൗമുദിയുടെ ഡൽഹി ലേഖകനായ വി.എൻ. നായർ വെറും നരേന്ദ്രനായത് അങ്ങനെയാണ്. കാലത്തിന്റെ വികൃതികൾ എന്നല്ലാതെന്തു പറയാൻ!

നീണ്ട കാലത്തെ ദിനപത്ര ജേണലിസം ഉപേക്ഷിച്ചാണല്ലോ പെട്ടന്ന് മാഗസിൻ ജേണലിസത്തിലേക്ക് മാറിയത്. കലാകൗമുദി വാരിക തുടങ്ങിയപ്പോൾ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

കേരളകൗമുദി എഡിറ്റർ സ്ഥാനത്തു നിന്നൊഴിഞ്ഞ്, കലാകൗമുദി വാരിക തുടങ്ങാനുള്ള ആദ്യചുവടുവയ്ക്കുമ്പോൾ അക്കാര്യം എന്നോടു സംസാരിക്കവേ, "എന്നോടൊപ്പം വരുന്നോ' യെന്ന് എം.എസ്. മണി ആരാഞ്ഞു. നീന്തലറിയാത്തവർ കടലിൽ ചാടുംപോലുള്ള സാഹസമായിരുന്നു ആ പ്രവർത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളിയുടെ സാഹിത്യജീവിതം അടക്കി വാണിരുന്ന കാലം. ഞങ്ങൾക്കാണെങ്കിൽ മാഗസിൻ ജേണലിസത്തെപ്പറ്റി ഒന്നുമറിയില്ല. വെല്ലുവിളികൾ ധാരാളുണ്ടാവുമെന്ന തോന്നലോടെ തന്നെയാണ് വാരികയുടെ ജോലിയിൽ പ്രവേശിച്ചത്. അതിജീവിക്കാൻ മാത്രമല്ല, ചെറിയ കാലം കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ കാലുറപ്പിക്കാനും സാധിച്ചു. ചരിതാർത്ഥമായ ദിവസങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ പൂർണ്ണസംതൃപ്തി തോന്നാറുണ്ട്.

സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം എന്നീ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണല്ലോ കലാകൗമുദി രംഗപ്രവേശം ചെയ്തത്. ആ രീതിയിൽ അതൊരു വേറിട്ട അനുഭവമായിരിക്കുമല്ലോ. ഈ മൂന്നു മേഖലകളിലെയും വ്യക്തികളുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച പത്രാധിപർ എന്ന സ്ഥാനം താങ്കൾക്കുള്ളതാണ്. പലരേയും എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയതും ജയചന്ദ്രൻ നായർ എന്ന പത്രാധിപരാണ്. അക്കാലത്തെ ബന്ധങ്ങളിൽ ആരെക്കുറിച്ചാണ് ആദ്യം പറയാൻ തോന്നുന്നത് ?

രാഷ്ട്രീയക്കാരെപ്പറ്റി തന്നെ പറഞ്ഞു തുടങ്ങാം. സാംസ്‌കാരികമായും ഉന്നത നിലവാരം പുലർത്തിയ കുറേ നേതാക്കളുടെ കാലം കൂടിയായിരുന്നു അത്. അവരിൽ പലരും നല്ല എഴുത്തുകാർ കൂടിയായിരുന്നു. അവരെക്കൊണ്ടൊക്കെ എഴുതിക്കാൻ കഴിഞ്ഞു എന്നത് ഞാൻ ഭാഗ്യമായി കരുതുന്നു. ഇ.എം.എസ്സിനെ അടുത്തറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. ആ അറിയലിനെ വ്യക്തിപരമായ അടുപ്പം എന്നവകാശപ്പെടാൻ ഞാനാളല്ല. വ്യക്തിപരമായ നിലയിൽ ഇ.എം.എസ് ഒരകലം സൂക്ഷിച്ചിരുന്നു എന്നുതന്നെ പറയാം. ഇ.എം.എസ്സിന്റെ വസതിയിൽ പല ദിവസങ്ങളിൽ പോയി മണിക്കൂറുകളോളം ഞാൻ ചെലവഴിച്ചിരുന്നു.

ആര്യ അന്തർജനവും ഇ. എം. എസ്സും / photo: keralaculture

ആ പരിചയത്തിലൂടെയാണ് അദ്ദേഹത്തിന്റെ പത്‌നി ആര്യ അന്തർജ്ജനത്തെക്കുറിച്ച് കലാകൗമുദിയിൽ മുഖചിത്രം സഹിതം ഒരു ഫീച്ചർ ഞാൻ പ്രസിദ്ധീകരിച്ചത്. "കേരളത്തിന്റെ അമ്മ' എന്നായിരുന്നു ആ ഫീച്ചറിന്റെ തലവാചകം. അതിനിടയിൽ ഇ.എം.എസ്സിനു കാണാൻ പിറവി സിനിമയുടെ പ്രത്യേക പ്രദർശനം ഞാൻ ഏർപ്പാടുചെയ്തു. ചിത്രം കണ്ട ശേഷം അദ്ദേഹം തിയറ്ററിന്റെ ലോബിയിൽ വെച്ച് എന്റെ കൈകൾ ഗ്രഹിച്ചതും മിണ്ടാതെ നിന്നതും ഓർമ്മയിലുണ്ട്. വാചാലമായ മൗനത്തിന്റെ അർത്ഥം എത്ര ആഴത്തിലുള്ളതാണെന്ന് അനുഭവിച്ചതായിരുന്നു ആ മുഹൂർത്തം.

ആ തലമുറയിലെ മറ്റ് കമ്യൂണിസ്റ്റു നേതാക്കളെ ആരെയെങ്കിലും പറ്റി പറയണം എന്ന് തോന്നുന്നുണ്ടോ? ഏറെ അടുപ്പമുണ്ടായിരുന്നവർ ഇഷ്ടമുണ്ടായിരുന്നവർ അങ്ങനെ ആരെങ്കിലും?

ഇ.എം.എസ്സിനു പുറമെ അച്ചുതമേനോനും എൻ. ഇ. ബാലറാമും, എം. എൻ. ഗോവിന്ദൻ നായരും എനിക്കേറെ അടുപ്പവും ഇഷ്ടവുമുണ്ടായിരുന്നവരാണ്. അവരുമായി അടുക്കാൻ സാധിച്ചത് വലിയൊരനുഭവമായിരുന്നു. അവരിൽ എം.എൻ. ഗോവിന്ദൻ നായർ എന്നെ സംബന്ധിച്ച്​ "ഗാന്ധിയനായ കമ്യൂണിസ്റ്റു'കാരനായിരുന്നു. ഭരണകർത്താവായിരുന്നപ്പോൾ അദ്ദേഹം നടപ്പാക്കിയ ലക്ഷംവീടു പദ്ധതി ചരിത്രത്തിൽ സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ടതാണ്. അധികാരത്തിൽ നിന്നെല്ലാം ഒഴിഞ്ഞ്, പട്ടത്തുള്ള വസതിയിൽ വിശ്രമകാലം കഴിക്കുന്നതിനിടയിൽ പുലർച്ചക്ക് നടക്കാൻ ഇറങ്ങുന്ന കൂട്ടത്തിൽ എന്റെ വീട്ടിൽ അദ്ദേഹം വന്നിരുന്നു. ചൂടുള്ള ഒരു കപ്പ് ചായയും കുടിച്ച് വീടിന്റെ വരാന്തയിലിരുന്ന കാലം. ഒന്നും പറയാറില്ല. നിശ്ശബ്ദനായി, ഓർമ്മയിൽ മറന്ന്... ഒരിക്കലും മറക്കാനാവുന്നതല്ല ആ ചിത്രം.

എൻ. ഇ. ബാലറാം / photo: wikimedia commons

എൻ.ഇ. ബാലറാമിനെ കുറിച്ച് പറയുമ്പോൾ കുളിച്ച് ഈറൻമാറി വരുന്ന മുഖമാണ് എന്റെ മനസ്സിലെത്തുക. അരക്കൈയൻ വെള്ളഷർട്ടും ചെറിയ മൽമുണ്ടും ചെത്തിയൊരുക്കിയ തലമുടിയും മുഖത്ത് പതിഞ്ഞ ചിരിയും. ഇപ്പോഴും മനസ്സിലുണ്ട് ആ ചിത്രം. അസാധാരണമായ അറിവുനേടിയ വിസ്മയിപ്പിക്കുന്ന വായനക്കാരൻ കൂടിയായിരുന്നു ബാലറാം. തന്റെ അറിവ് പ്രദർശിപ്പിക്കുവാൻ അദ്ദേഹം ഒരിക്കലും തയ്യാറായതുമില്ല. പോർച്ചുഗീസ് എഴുത്തുകാരൻ സാരമാഗുവിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയ വിവരം പങ്കുവെക്കാൻ ഞാനദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഏറെ ആഹ്ലാദിച്ചു. കാരണം അതിനു മുമ്പുതന്നെ സാരമാഗുവിന്റെ നോവലുകളിൽ പലതും ബാലറാം വായിച്ചുകഴിഞ്ഞിരുന്നു. പിന്നീട് ഡൽഹിയിൽ നിന്ന് വരുമ്പോൾ ലണ്ടൻ ടൈംസ് പ്രസിദ്ധീകരിച്ച സാരമാഗുവിനെപ്പറ്റിയുള്ള ഒരു ലേഖനം അദ്ദേഹം എനിക്കായി കൊണ്ടുവന്ന് തന്നത് മറക്കാനാവാത്ത അനുഭവമാണ്.

അദ്ദേഹം അപ്പോൾ രാജ്യസഭ മെമ്പറായിരുന്നു. സ്റ്റീഫൻ ഹോക്കിങ്ങിന്റെ A Brief History of Time എന്ന പുസ്തകം ഇറങ്ങിയപ്പോൾ അത് വായിച്ച് കാലചരിത്രത്തെപ്പറ്റിയുള്ള ഇന്ത്യൻ സങ്കല്പമുൾപ്പടെ പ്രതിപാദിച്ച് വിശദമായ ഒരു പഠനം തയ്യാറാക്കി തന്ന ബാലറാം. അങ്ങനെ വിസ്മയിപ്പിച്ച എത്രയെത്ര അനുഭവങ്ങളാണ് ബാലറാമിനെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ നിറയുന്നത്. ബുദ്ധമതവുമായി ബന്ധപ്പെട്ട കൃതികൾ വായിച്ചു മനസ്സിലാക്കാൻ പാലി ഭാഷ വരെ പഠിച്ചയാളായിരുന്നു അദ്ദേഹം. അധികമാരും ഓർക്കാത്ത മറ്റൊരു കാര്യം ബാലറാമും അച്ചുതമേനോനും തമ്മിലുണ്ടായിരുന്ന ബന്ധമാണ്. അച്ചുതമേനോൻ എന്ന മുഖ്യമന്ത്രിയുടെ വലംകയ്യും ഉപദേഷ്ടാവും കൂടിയായിരുന്നു ബാലറാം. അന്നദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്നു. അച്ചുതമേനോന്റെ ഡയറിക്കുറിപ്പുകൾ വായിച്ചാൽ അവർ തമ്മിലുണ്ടായിരുന്ന ബന്ധം മനസ്സിലാവും. ബാലറാം എന്ന നിശ്ശബ്ദനായ പോരാളി ഒന്നിനും അവകാശവാദം പറഞ്ഞില്ല.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സി. അച്ചുത മേനോൻ / photo: I & PRD Kerala

അധികാരത്തിനും അദ്ദേഹത്തെ ദുഷിപ്പിക്കാനായില്ല. വ്യവസായവകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം അത് വിട്ടൊഴിഞ്ഞു പോകുമ്പോൾ മാലിന്യത്തിന്റെ ഒരു പൊടിപോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല.
ഇവരിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു അച്ചുതമേനോൻ. അധികാരത്തിൽ നിന്നൊഴിഞ്ഞ ശേഷം, തൃശ്ശൂരിലേക്ക് പോകാൻ ട്രാൻസ്‌പോർട്ട് ബസ്സിലിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം എന്റെ ഓർമ്മയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുമ്പോൾ രാജൻ സംഭവത്തെപ്പറ്റി എഴുതുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ അതെപ്പറ്റി ഒരക്ഷരം അതിലദ്ദേഹം എഴുതിയില്ല. മറ്റു പലതും വിശദമായി എഴുതുകയും ചെയ്തു. ലേഖനം എഴുതിയതിന് 500 രൂപ പ്രതിഫലം കാട്ടിയതും അതുപയോഗിച്ച് വീട്ടു ചെലവ് നടത്തിയതുമൊക്കെ അതിവിശദമായി രേഖപ്പെടുത്തി. രാജൻ സംഭവത്തെപ്പറ്റി എഴുതാത്തതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചില്ല.

അടിയന്തരാവസ്ഥ കാലത്ത് പൊലിസ് മർദനത്തിനിരയായി കൊല്ലപ്പെട്ട കോഴിക്കോട് ആർ. ഇ. സി വിദ്യാർഥി രാജൻ

ഒടുവിൽ, ഏറെക്കാലത്തിനു ശേഷം രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായും അകലുകയാണെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം അയച്ച കത്തിൽ രാജൻ സംഭവത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് എഴുതിയിരുന്നു. പശ്ചാത്താപം രേഖപ്പെടുത്തിയ ആ കത്ത് കുറെക്കാലം ഞാൻ സൂക്ഷിച്ചിരുന്നു. മറ്റാർക്കും അവകാശപ്പെടാനാവാത്ത എത്രയെത്ര നേട്ടങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്.

ഒ. വി.വിജയന്റെ സാഹിത്യരചനകളോടൊപ്പം രാഷ്ട്രീയ ലേഖനങ്ങളും കുറിപ്പുകളും കൊണ്ട് സമൃദ്ധമായിരുന്നല്ലോ അക്കാലത്തെ കലാകൗമുദി. വിജയനെപ്പറ്റി എന്താണ് ഓർമ്മിക്കാനുള്ളത്.

കേരളത്തിലെ മിക്കവാറും ചെറുതും വലുതുമായ എല്ലാ എഴുത്തുകാരുമായും ബന്ധപ്പെടേണ്ട അവസരമാണ് കലാകൗമുദി ഒരുക്കിയത്. ഒരിക്കൽപ്പോലും കയ്പും ചവർപ്പും തോന്നിയ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. പലരും കലവറയില്ലാതെ സ്നേഹവും ബഹുമാനവും വാരിക്കോരി തരികയും ചെയ്തു. അതിലേറെ മാധുര്യത്തോടെ ഞാൻ സൂക്ഷിച്ചു വെക്കുന്ന ഒന്നാണ് ഒ. വി. വിജയനുമായുണ്ടായ ബന്ധം.

ഒ. വി. വിജയൻ/ ചിത്രീകരണം: ദേവപ്രകാശ്

അദ്ദേഹത്തിന്റെ അവസാന കാലമാണ് ഇപ്പോൾ ഓർമ്മയിലെത്തുന്നത്. അദ്ദേഹം കോട്ടയത്ത് ഡോ. ബേബിയുടെ വീട്ടിൽ താമസിച്ചിരുന്ന ദിവസങ്ങൾ. അനുജത്തി ഒ. വി. ഉഷ അപ്പോൾ എം. ജി. യൂണിവേഴ്‌സിറ്റിയിൽ ഉദ്യോഗസ്ഥയായിരുന്നു. വിജയനന്ന് ശാരീരികമായി അവശനായിരുന്നു. നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. ഒറ്റപ്പെട്ടിരിക്കുന്നു എന്ന തോന്നലിന്റെ മൂർച്ചയിലായിരുന്നു വിജയനാ ദിവസങ്ങളിൽ. ആഴ്ചയിൽ ഒരു ദിവസം ഞാൻ വിജയനെ പോയി കാണുമായിരുന്നു അക്കാലത്ത്. സമകാലിക മലയാളത്തിൽ ഒരു പേജ് വരുന്ന കുറിപ്പെഴുതിക്കാൻ. കസേരയിൽ ഇരുന്ന്, മരത്തിൽ നിർമ്മിച്ച ഒരു തട്ടിൽ കടലാസുറപ്പിച്ച്, ഓരോ അക്ഷരമായി നുള്ളിപ്പെറുക്കി എഴുതുമ്പോൾ, ഉറുമ്പിന്റെ ചലനത്തിന് അതിനേക്കാൾ വേഗതയുണ്ടായിരുന്നു എന്ന് എനിക്കു തോന്നിയിരുന്നു. അത് നോക്കിയിരിക്കുമ്പോൾ എന്റെ കണ്ണു നിറയാറുണ്ടായിരുന്നു. അതിമനോഹരമായ കുറിപ്പുകളായിരുന്നു അതൊക്കെ. ആ കുറിപ്പുകൾ തയ്യാറാക്കാൻ അദ്ദേഹം അനുഭവിച്ച പ്രയാസം ഞാൻ കണ്ടറിഞ്ഞതാണ്. ചലിക്കാൻ മടിക്കുന്ന വിരലുകളെ ഇച്ഛാശക്തി കൊണ്ട് നിയന്ത്രിച്ചു കൊണ്ടുള്ള എഴുത്ത്. അങ്ങനെയൊരുഭവം ആർക്കും ഉണ്ടാകാതിരിക്കാൻ സർവ ഈശ്വരന്മാരോടും ഞാൻ അപേക്ഷിക്കുമായിരുന്നു. എന്നാൽ വിജയനെ അത്തരം വേവലാതികൾ അലട്ടിയിരുന്നില്ലെന്നാണ് തോന്നിയിരുന്നത്.

ഒ. വി. ഉഷ / photo: wikimedia commons

തന്റെ അവശതകളുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിനു സാധിച്ചു. ജീവിതത്തിൽ അവശേഷിക്കുന്ന ദിവസങ്ങൾ പാഴാക്കാതിരിക്കാൻ വിജയൻ ആഗ്രഹിച്ചു. എഴുതിക്കഴിഞ്ഞിട്ട് ഞാൻ പറയുന്നത് കേട്ടിരിക്കുമ്പോൾ വിജയന്റെ മുഖത്ത് മിന്നിമറിയുമായിരുന്ന കുസൃതി നിറഞ്ഞ മന്ദഹാസത്തിൽ കണ്ണീരിന്റെ ഈർപ്പുണ്ടായിരുന്നു. നീണ്ട കാലത്തെ സ്‌നേഹബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. കലാകൗമുദിയിൽ ഇത്തിരി നേരമ്പോക്ക് എന്ന പംക്തി തുടങ്ങിയതു മുതൽ. ഒരുപാടു കാലം ആ പംക്തി നീണ്ടു. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു അദ്ദേഹം.

അതിനും മുമ്പത്തെ തലമുറയിലെ എഴുത്തുകാരുമായുള്ള ബന്ധം, ഞാനുദ്ദേശിക്കുന്നത് തകഴിയെപ്പോലുള്ളവരുമായുള്ള അടുപ്പത്തെക്കുറിച്ചാണ്.

കേരളകൗമുദിയുടെ ഓണപ്പതിപ്പിനായി ഒരു കഥ വാങ്ങാനായി നടത്തിയ ശ്രമമാണ് തകഴിയുമായി അടുക്കാനവസരമൊരുക്കിയത്. നേരത്തേ പറഞ്ഞു തീരുമാനിച്ചതനുസരിച്ച് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം നെൽക്കളത്തിലാണെന്നറിഞ്ഞു. അങ്ങനെ അവിടെച്ചെന്നു. അങ്ങനെ ഒരു നെൽക്കളത്തിൽ വെച്ചാണ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച നടന്നത്. അദ്ദേഹമവിടെ അലസനായി ഇരിക്കുകയായിരുന്നു. എന്നോടൊപ്പം അവിടെ നിന്നും വരുമ്പോൾ വഴിവക്കിലുള്ള ഒരു കള്ളു ഷാപ്പിൽ രണ്ട് കപ്പ് ഇളം കള്ള് അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.

തകഴി ശിവശങ്കരപ്പിള്ള / photo: keralaculture

അതും കുടിച്ച് വീട്ടിലെത്തി, ഒരു കുളിയും കുളിച്ച് കഥ പറയാനുള്ള തയ്യാറെടുപ്പമായി പൂമുഖത്തിരിക്കുന്ന എന്റെയടുത്തെത്തി. ഒറ്റയിരിപ്പിന് മൂന്നോ, നാലോ മണിക്കൂറിൽ അദ്ദേഹം കഥ പറഞ്ഞു. അത് എഴുതിയെടുക്കുമ്പോൾ എന്റെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു, സന്തോഷവും നന്ദിയും കൊണ്ട്. സ്വർണ്ണമാല എന്ന ശീർഷകത്തിലുള്ള ആ കഥ അക്കൊല്ലത്തെ കേരളകൗമുദി ഓണപ്പതിപ്പിന്റെ തിലകമായി. രണ്ടിടങ്ങഴി എന്ന ക്ലാസിക്കിന്റെ രചയിതാവ് എന്ന നിലയ്ക്ക് അകലെ നിന്നു മാത്രം ആദരിച്ചിരുന്ന തകഴി പിന്നിട് എനിക്ക് തകഴിച്ചേട്ടനാകുന്നത് കലാകൗമുദിക്കാലത്തായിരുന്നു. മാസത്തിൽ രണ്ടുമൂന്നു പ്രാവശ്യം തിരുവനന്തപുരത്തു വരുന്നത് തകഴിയുടെ ഒരു ശീലമായി. ആലപ്പുഴയിൽ നിന്ന് തിരിക്കുന്നതിന് മുൻപായി, കാർ കൂലി കരുതി വെയ്ക്കണമെന്ന് അദ്ദേഹം അറിയിക്കുക പതിവായിരുന്നു. കലാകൗമുദി ഓഫീസിൽ വന്ന്, ചായ കുടിച്ച ശേഷം അദ്ദേഹത്തോടൊപ്പം കാറിൽ നഗരം ചുറ്റിക്കറങ്ങുകയും ഒരു പതിവായിരുന്നു. അതുകൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാമായിരുന്നില്ല. മുൻപ്, നഗരത്തിൽ താമസിച്ചിരുന്ന സ്ഥലങ്ങൾ കാണുകയായിരുന്നു ആ കാർ യാത്ര കൊണ്ടുദ്ദേശിച്ചതെന്ന് പിന്നീടാണ് ഞാനറിഞ്ഞത്.

കലാകൗമുദി വിട്ട് സമകാലിക മലയാളം തുടങ്ങിയ സാഹചര്യം ഒന്ന് വിശദീകരിക്കാമോ?

അത് പറയുന്നതിനു മുമ്പ് എനിക്ക് പി.ജിയെപ്പറ്റി പറയണം. പി. ജി യെന്ന് അടുപ്പക്കാർ അഭിസംബോധന ചെയ്തിരുന്ന പി.ഗോവിന്ദപ്പിള്ള. കലാകൗമുദിയിൽ എഴുതിത്തുടങ്ങുന്നതിനൊക്കെ മുമ്പ് തന്നെ അദ്ദേഹത്തെ അത്ഭുതത്തോടെ, ആദരവോടെ നോക്കിനിൽക്കാറുണ്ടായിരുന്നു. നഗരത്തിലെ പുസ്തകക്കടകളിൽ നിന്നും കെട്ടുകണക്കിന് പുസ്തകങ്ങളുമായി നടന്നു പോകുന്ന പി.ജി.

പി. ഗോവിന്ദപിള്ള

അദ്ദേഹത്തിന്റെ ലോകം പുസ്തകങ്ങളുടേതായിരുന്നു. കലാകൗമുദി വിട്ട് വീട്ടിലിരിക്കുകയാണെന്ന് അറിഞ്ഞ അദ്ദേഹം ഭാര്യയുമൊത്ത് എന്നെ കാണാൻ വന്നത് ഇപ്പോഴും അവിശ്വാസത്തോടെ മാത്രമെ എനിക്കോർക്കാനാവൂ. "എന്നോടാലോചിക്കാതെ മറ്റൊരിടത്തും പോകരുത്' എന്ന് ഉപദേശിക്കാനുള്ള സ്‌നേഹം അപ്പോൾ അദ്ദേഹം പ്രകടിപ്പിച്ചു. അതാകട്ടെ വെറുതെ പറഞ്ഞതായിരുന്നില്ല. ടി.കെ. രാമകൃഷ്ണനായിരുന്നു അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി. പിന്നീട് എം.എൽ.എ ആയ മത്തായി ചാക്കോയായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ഇരുവരുമായും ആലോചിച്ച് സാംസ്‌കാരിക വകുപ്പിൽ എനിക്കായി ഒരു ജോലി ഉണ്ടാക്കിയെടുക്കാൻ പി.ജി. ശ്രമിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പി.ജി. എന്നോട് അങ്ങനെ പറഞ്ഞതെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. എന്നാൽ കാര്യങ്ങൾ മറ്റൊരു വഴിക്കാണ് നിങ്ങിയത്. നാണപ്പന്റെ (എം.പി. നാരായണപിള്ള ) പ്രേരണയിൽ ടി.ജെ.എസ് ജോർജ് എന്നെക്കാണാൻ ആയിടയ്ക്ക് തിരുവനന്തപുരത്തെത്തി. ടി.ജെ. എസ്സിനെ മലയാളരാജ്യക്കാലത്ത് ഞാനൊന്ന് പരിചയപ്പെട്ടിരുന്നു. അന്നദ്ദേഹം ഇന്ത്യൻ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപദേഷ്ടാവായിരുന്നു. പരിചയപ്പെടുന്നതിനും വളരെ മുമ്പേ തന്നെ ഞാൻ ആദരപൂർവ്വം കണ്ടിരുന്ന ഒരാൾ. അതിമനോഹരമായ ഒരു ജീവചരിത്രത്തിലൂടെ വി.കെ. കൃഷ്ണമേനോനെ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് ടി. ജെ. എസ് ജോർജായിരുന്നു. ഇന്ത്യൻ എക്‌സ്​പ്രസ്​ ഉടമസ്ഥതയിൽ മലയാളത്തിൽ ഒരു വാരിക തുടങ്ങാനുള്ള ചുമതല ഏറ്റെടുക്കാമോയെന്ന് ആരായുകയായിരുന്ന ടി. ജെ. എസ്സിന്റെ സന്ദർശനോദ്ദേശ്യം. യാതൊരു മുൻ വിധികളുമില്ലാതെ അത് സ്വീകരിക്കുകയായിരുന്നു ഞാൻ. അങ്ങനെയാണ് സമകാലിക മലയാളം വാരിക ജനിക്കുന്നത്. ഈ വിവരം അറിഞ്ഞ് പി.ജി. അല്പം പരിഭവം കാണിച്ചിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പോറൽ വീഴുന്നതായിരുന്നില്ല, എന്നോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം.

നാണപ്പനെന്ന എം.പി. നാരായണപിള്ള. അസാധാരണനായ ആ എഴുത്തുകാരനെ മലയാളത്തിന് ലഭിച്ചതിൽ എസ്. ജയചന്ദ്രൻ നായർ വഹിച്ച പങ്ക് വളരെ വലുതാണെന്നറിയാം. അതെപ്പറ്റി പറയാമോ?

നാണപ്പനുമായി അടുപ്പത്തിലുപരി സ്‌നേഹവിശ്വാസം നിറഞ്ഞ ഒരു ബന്ധമായിരുന്നു. ഒരെഴുത്തുകാരൻ എന്നതിനുപരിയായ ഒരു വ്യക്തിബന്ധം. പരസ്പരം സ്വകാര്യതകൾ പോലും ഞങ്ങൾ പങ്കിട്ടിരുന്നു. കലാകൗമുദി ദിനപത്രത്തിന്റെ ബോംബെ എഡിഷനുമായി ബന്ധപ്പെട്ട് നിരന്തരം ബോംബെയിൽ പോയിരുന്ന കാലം. അക്കാലത്ത് ഞാനും നാണപ്പനും ഒരുമിച്ചാണ് രാത്രി വൈകി പത്രമാപ്പീസിൽ നിന്ന് മടങ്ങിയിരുന്നത്. രാത്രിയെ വരവേറ്റു കൊണ്ട് നഗരം ശാന്തമായിത്തുടങ്ങുമ്പോൾ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങും. അങ്ങനെയൊരു ദിവസത്തെ യാത്രയിലാണ് "ഞാനൊരു നോവലെഴുതിയാലെന്തെന്ന് ആലോചിക്കുകയാണ് ' എന്ന് നാണപ്പൻ പറയുന്നത്.

ആദ്യം പത്തൊൻപതു അധ്യായങ്ങളിൽ കഥ പറഞ്ഞു പൂർത്തിയാക്കാമെന്ന് സൂചിപ്പിച്ചു കൊണ്ട് തുടങ്ങിയ പരിണാമം നൂറ് അധ്യായങ്ങൾ വരെ നീണ്ടു. എന്നിട്ടും കഥ പറഞ്ഞു തീർക്കാനാവില്ലെന്ന് അദ്ദേഹം സ്വയം ശണ്ഠ കൂടുന്നുണ്ടായിരുന്നു. ഒടുവിൽ പിന്നീട് രണ്ടാം ഭാഗം എഴുതാമെന്ന് തീരുമാനിച്ചു. അതു നടന്നില്ല. മറ്റു കാര്യങ്ങളിലെന്നപോലെ അതു നീണ്ടു പോയി. ധനകാര്യ ലേഖകൻ എന്ന നിലയിലാണ് അദ്ദേഹം പത്രപ്രവർത്തന രംഗത്ത് നിലയുറപ്പിച്ചത്. അദ്ദേഹം ശരിക്കും ഒരു ബോംബെക്കാരനായി മാറിയിരുന്നു. ഒറ്റ പേജ് കമന്ററി എന്ന ലേഖന രീതിയെ പ്രചാരത്തിലാക്കുന്നതും നാണപ്പനായിരുന്നു. അസാധാരണമായ ഉൾക്കാഴ്ചയോടെ ഏതു വിഷയത്തെക്കുറിച്ചും അദ്ദേഹം തന്റെ പേജിലെഴുതി. നാണപ്പനു മാത്രം എഴുതാൻ കഴിയുന്നവയായിരുന്നു അവ. എന്നാൽ എല്ലാം പെട്ടെന്നവസാനിച്ചു. അപ്രതീക്ഷിതമായി മരണം ആ ജീവിതത്തെ അപഹരിച്ചു. ഒരിക്കലും തീരാത്ത സങ്കടം അവശേഷിപ്പിച്ചു കൊണ്ട്. ആ ദിവസം ഇപ്പോഴും മനസ്സിലുണ്ട്.

എറണാകുളത്തു നിന്ന് ബോംബെയിലെത്തുമ്പോൾ, മോർച്ചറിയ്ക്കടുത്തായി വിജു വി. നായർ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. മൃതദേഹം ഏറ്റുവാങ്ങി ബോറിവല്ലിയിലെത്തുമ്പോൾ രാജും ( ഇ.പി.ഡബ്ല്യു എഡിറ്റർ) ക്യാപ്റ്റൻ കൃഷ്ണൻ നായരും (ഹോട്ടൽ വ്യവസായി) കാത്തു നിൽക്കുന്നുണ്ടായിരുന്നു. നാണപ്പന്റെ പത്‌നിയും രണ്ടു മക്കളും അവിടെയുണ്ട്. പിന്നെ ആർക്കു വേണ്ടിയും കാത്തു നിൽക്കേണ്ടി വന്നില്ല. ഒടുവിൽ, അവസാനിക്കാത്ത അസാധാരണമായ ആ കഥ എന്റെ മനസ്സിലിപ്പോഴും തുടരുന്നു.

ഇനിയും ഇങ്ങനെ ഓർമകൾ പലതുമുണ്ടാവുമല്ലോ? ആധുനിക കേരളത്തിന്റെ സാംസ്‌കാരിക മനസ്സുമായി ആത്മബന്ധം പുലർത്തിയ പത്രാധിപർ ഒരാത്മകഥ എഴുതുമോ? മനസ്സിലുണ്ടോ?

ഇങ്ങനെ ഓർത്തെടുത്താൽ എത്രയോ പേരുമായുള്ള ബന്ധത്തെപ്പറ്റി പറയേണ്ടി വരും. ആകസ്മികമായി എന്റെ ജീവിതത്തോടു ചേർക്കപ്പെട്ടവർ. പല തരം നാഴികക്കല്ലുകൾ പിന്നിട്ടു കൊണ്ടായിരുന്നു ഞാൻ യാത്ര നടത്തിയിരുന്നത്. ആ നാഴികക്കല്ലുകൾ നൽകിയ ശീതളിമയിൽ വിശ്രമിച്ചും, അതിൽ നിന്ന് കിട്ടാവുന്നതെല്ലാം സ്വായത്തമാക്കിയും നടത്തിയ ആ യാത്രാനുഭവങ്ങൾ ഏറെയാണ്. ഇനിയും ഒരുപാട് പറയാനുണ്ട്. ഇപ്പോൾ അവയിൽ ചിലതുകൂടി ചുരുക്കിപ്പറയാം.

അബു അബ്രഹാം

അബു എബ്രഹാം എന്ന ലോകപ്രശസ്ത കാർട്ടൂണിസ്റ്റ് തിരുവനന്തപുരത്ത് താമസിക്കാൻ വന്ന കാലം. രാജ്യസഭാംഗമെന്ന കാലാവധി തീർന്നപ്പോഴാണ് അദ്ദേഹം കേരളത്തിലേക്ക് വന്നത്. അന്ത്യകാലം ഇവിടെയാകണമെന്ന ആഗ്രഹത്തോടെ. ഞാനദ്ദേഹത്തെ വീട്ടിൽ പോയിക്കണ്ട് പരിചയപ്പെട്ടു. അദ്ദേഹവുമായി സംസാരിച്ച് കലാകൗമുദിയിൽ ഒരു കവർ സ്റ്റോറി പബ്ലിഷ് ചെയ്തു. അതിനു ശേഷം പാളയം മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ പോയപ്പോൾ തന്നെ അവിടെയുള്ളവർ തിരിച്ചറിഞ്ഞ് ചുറ്റും കൂടിയെന്നും സാധനങ്ങൾ വില കുറച്ചു തന്നു എന്നും അദ്ദേഹം വിളിച്ചു പറയുമ്പോൾ... പാളയം ചന്തയിലും കലാകൗമുദി സ്വാധീനമുണ്ടാക്കി. കലാകൗമുദി അപ്പോഴേക്കും ഒരാവേശമായി മാറുകയായിരുന്നു. അബുവിന്റെ കാർട്ടൂണുകൾ പബ്ലിഷ് ചെയ്യാനും ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. മാധവിക്കുട്ടിയുമായുള്ള ബന്ധം ഇതുപോലൊന്നാണ്. കഥ ആവശ്യപ്പെട്ടുകൊണ്ട് ഞാനവർക്ക് നിരന്തരം കത്തെഴുതുമായിരുന്നു. അന്നവർ ബോംബെയിലായിരുന്നു താമസം. നിരന്തരമായ ശല്യപ്പെടുത്തലിൽ നിന്നും രക്ഷപ്പെടാനായി ഇംഗ്ലിഷിലെഴുതിയ ഒരു കഥ അവരുടെ ഭർത്താവ് മാധവദാസ് എനിക്കയച്ചു തന്നു. അത് മലയാളത്തിലാക്കി ഞാൻ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു. അതാണ് പ്രശസ്തമായ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന കഥ. പിന്നീട് ദാസേട്ടൻ റിട്ടയർ ചെയ്ത ശേഷം ബോബെ വാസം അവസാനിപ്പിച്ച് അവരും തിരുവനന്തപുരത്ത് താമസമാക്കി. ആത്മകഥയുടെ പരിമളമുള്ള നീർമാതളം പൂത്തകാലം അവരെനിക്ക് പ്രസിദ്ധീകരിക്കാൻ തന്നു. ഞാൻ മലയാളം വാരികയിലെത്തിയപ്പോൾ ജാനുവമ്മ പറഞ്ഞ കഥകൾ എന്ന പരമ്പരയും എഴുതി തന്നു. പവിത്രമെന്നോ വിശുദ്ധമെന്നോ വിശേഷിപ്പിക്കാവുന്ന ചില ബന്ധങ്ങൾ വെറെയുമുണ്ട്. ഞാൻ തിരുമേനിയെന്ന് അഭിസംബോധന ചെയ്യുന്ന ആർട്ടിസ്റ്റ് നമ്പൂതിരി. ജയചന്ദ്രനില്ലാത്ത വാരികകൾ എനിക്കും വേണ്ട എന്ന് പറഞ്ഞ, എന്നോടൊപ്പം നടന്ന നമ്പൂതിരി. എനിക്ക് അസുഖം വന്നപ്പോൾ എന്നെയും കൊണ്ട് വലിയ നമ്പൂതിരിയെന്ന ആയുർവേദാചാര്യന്റെ അടുത്ത് കൂട്ടിക്കൊണ്ടുപോയ അരവിന്ദൻ. വി.ടി. ഭട്ടതിരിപ്പാടിനെ പരിചയപ്പെടുത്തി തന്ന അരവിന്ദൻ.

എം. ടി. വാസുദേവൻ നായരുടെ പഴകാല ചിത്രം / ഫോട്ടോ: പുനലൂർ രാജൻ

പൊൻനൂലിൽ കോർത്ത മറ്റൊരു ബന്ധമാണ് എം.ടി വാസുദേവൻ നായരുമായുള്ളത്. "രണ്ടാമൂഴവും, 'വാരാണസിയും ' തന്ന് അദ്ദേഹം എന്നെ വിസ്മയിപ്പിച്ചു. സ്‌നേഹം വാരിക്കോരി തന്ന എം.ടിയാണ് ഞങ്ങളുടെ കലാകൗമുദിയെ മലബാറിലെത്തിച്ചത്. കലാകൗമുദിയുടെ പ്രചാരത്തെ ലക്ഷത്തോടടുപ്പിച്ചത്. മറക്കാനാവാത്ത ബന്ധങ്ങൾ.
ആത്മകഥയൊന്നും എന്റെ ആഗ്രഹങ്ങളിലില്ല. അതിനു മാത്രമുള്ള ഒരു ജീവിതമൊന്നും എനിക്കുണ്ടായിരുന്നില്ല. എന്റേത് വെറുമൊരു സാധാരണ യാത്രയായിരുന്നു. അത്ര തന്നെ. ▮

(അവസാനിച്ചു)


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

എസ്. ജയചന്ദ്രൻ നായർ

മുതിർന്ന പത്രാധിപർ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ 1957ൽ പുറത്തിറങ്ങിയ കൗമുദിയിൽ പത്രപ്രവവർത്തനം തുടങ്ങി. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു, പിന്നീട് സമകാലിക മലയാളം വാരികയുടെ എഡിറ്ററായ അദ്ദേഹം 2012ൽ രാജിവെച്ചു. എന്റെ പ്രദക്ഷിണ വഴികൾ, റോസാദലങ്ങൾ, പുഴകളും കടലും തുടങ്ങിയവ പ്രധാന കൃതികൾ. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'പിറവി', 'സ്വം' എന്നീ സിനിമകൾക്ക് കഥയും തിരക്കഥയുമെഴുതി.

Comments