കെ. അനുശ്രീ

എതിർക്കാനും പ്രതിരോധിക്കാനും
പ്രതിഷേധിക്കാനും ഇടതാവാതെ തരമില്ല

എന്തുകൊണ്ട് ഇടതാവുന്നു എന്ന ചോദ്യത്തിന് അസ്വാഭാവികതയൊന്നും കൂടാതെ പറയാനുള്ളത്, ഇടതോളം വെളിച്ചം വീശുന്ന ഒന്നും ഈ ഇരുട്ടിനെ പ്രകോപിക്കുന്നില്ല എന്ന ബോധ്യം കൊണ്ട്​ എന്നുതന്നെയാണ് മറുപടി.

രിക്കാതിരിക്കാൻ സമരം ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ മുദ്രാവാക്യങ്ങളുടെ മുഴക്കമുള്ള തെരുവോരത്ത്, വെള്ളം കുടിച്ച്​ വിശപ്പുമാറ്റാൻ വിധിക്കപ്പെട്ട ഈ മഹാരാജ്യത്തിലെ അനേകായിരം പേരിലൊരുവൻ, താൻ ജനിച്ചുവീണ കുലത്തിന്റെ പേരിൽ വരിക്കേണ്ടിവന്ന രക്തസാക്ഷിത്വത്തിന്റെ ചൂട് പേറിയാണ് നാം മറ്റൊരു സ്വാതന്ത്ര്യദിനം ആചരിച്ചത് എന്നതിനേക്കാൾ വലിയ രാഷ്ട്രീയ അടയാളപ്പെടുത്തൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെ വിലയിരുത്താൻ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ഇതേരാജ്യത്ത് സ്വാതന്ത്ര്യം തൊട്ട് എല്ലാ അവകാശപോരാട്ടങ്ങളിലും തന്റേതായ വീരേതിഹാസം രചിച്ച സ്ത്രീകൾ തങ്ങൾക്ക് വീട്ടിലിക്കാൻ മാത്രമായെങ്കിലും സുരക്ഷ ഉറപ്പ് നൽകാമോ എന്നുചോദിക്കാൻ തയ്യാറാവുന്നു എന്ന ഗതികേടിനെ അഭിസംബോധന ചെയ്യാതെ പോവരുത്. അസത്യങ്ങൾക്കും അർദ്ധസത്യങ്ങൾക്കും ചുറ്റുമതിൽ പണിത് അനീതിയെ സ്ഥപവൽക്കരിക്കുക എന്ന എക്കാലത്തെയും മികച്ച ഫാസിസത്തിന്റെ പ്രവർത്തന മാതൃകയെയും അതിന്റെ അനിതരസാധാരണമായ പ്രത്യാഘാതത്തെയും പ്രതിരോധിക്കാൻ ഇവിടെ ഒരുപക്ഷം മാത്രമേ തയ്യാറാവുന്നുള്ളു, അതുമല്ലെങ്കിൽ ഒരു പക്ഷത്തു മാത്രമാണ് ഇവയോക്കെ പ്രതിരോധിക്കപ്പെടേണ്ടത് എന്ന ബോധ്യങ്ങൾ പോലും സൃഷ്ടിക്കപ്പെടുന്നുള്ളൂ. ഇവിടെ ഇടത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക എന്നതോളം വരുന്ന പുരോഗമന സമത്വാധിഷ്ഠിത രാഷ്ട്രീയബോധം മറ്റൊന്നില്ല, അതുകൊണ്ടുതന്നെ മലീമസമായ ഇന്ത്യൻ രാഷ്ട്രീയ ചുറ്റുപാടിൽ കേരളം പ്രതീക്ഷയുടെ തുരുത്തായി മാറുന്നു.

എസ്.എഫ്.ഐ. നേതാക്കൾക്കൊപ്പം അനുശ്രീ

എന്തുകൊണ്ട് ഇടതാവുന്നു എന്ന ചോദ്യത്തിന് അസ്വാഭാവികതയൊന്നും കൂടാതെ പറയാനുള്ളത്, ഇടതോളം വെളിച്ചം വീശുന്ന ഒന്നും ഈ ഇരുട്ടിനെ പ്രകോപിക്കുന്നില്ല എന്ന ബോധ്യം കൊണ്ട്​ എന്നുതന്നെയാണ് മറുപടി.

തെരുവുകൾ സമരസാന്ദ്രമാവും തോറും ഭരണാധികാരികൾ ഫാസിസത്തെ അടിപതറാതെ പരുവപ്പെടുത്താനുള്ള വ്യഗ്രതയിലാണ്. പ്രതിരോധം പോയിട്ട് മറുചോദ്യം പോലും കോൺഗ്രസ് മറന്നുപോയ കാലത്ത്, തങ്ങളുടെ രാഷ്ട്രീയ പൈതൃകത്തിന്റെ ഇന്നലെകളെ പൂർണമായും വിസ്മരിച്ച്​ വർഗ്ഗീയ കോമരങ്ങളുടെ അതേ പാതയിലേക്ക് ജാള്യതകൂടാതെ കടന്നുചെല്ലുകയാണ് ഈകൂട്ടർ. പരമോന്നത നീതിപീഠം മുതൽ കീഴ്‌കോടതി വരെ സ്ത്രീവിരുദ്ധതയുടെ അപ്പോസ്തലന്മാരാവുന്നു. ഇവിടെ എതിർക്കാനും പ്രതിരോധിക്കാനും പ്രതിഷേധം രേഖപ്പെടുത്താനും പോലും ഇടതാവാതെ മറ്റ് തരമില്ല. ഹിറ്റ്‌ലർ തന്റെ ലക്ഷ്യമായ ജൂത കൂട്ടക്കൊലക്കുവേണ്ടി പരുവപ്പെടുത്തിയ അഡോൾഫ് ഐഖമന്റെ വിചാരണയെപ്പറ്റി ‘ബനാലിറ്റി ഓഫ് ഈവിൾ' എഴുതിയ ഹന്ന ആരെൻറിന വിശദമാക്കും പോലെ, തിന്മയുടെ അത്യപകടകരമായ ‘സർവ്വസാധാരണത്വം' മനുഷ്യബോധത്തിന്റെ ഭാഗമായിരിക്കുന്നു.

സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ടിനിപ്പുറവും അർദ്ധ പൗരാവകാശം മാത്രം നേടിയ വിഭാഗമായി സ്ത്രീസമൂഹം അവശേഷിക്കുന്നു എന്ന യാഥാർഥ്യം കൂടുതൽ ആഴത്തിൽ വിളിച്ചറിയിക്കാനും സ്വാതന്ത്ര്യദാഹികളായ സ്ത്രീകളെ സൃഷ്ടിച്ചെടുക്കാനും കേരളത്തിൽ സ്ത്രീകൾ തന്നെ മുന്നോട്ടുവരുന്നു എന്നതാണ് കാതലായ നേട്ടം.

കേരളം പാകപ്പെടുത്തിയെടുത്ത പുരോഗമന സമത്വാധിഷ്ഠിത ആശയങ്ങൾ ഉൾക്കൊള്ളുന്ന സമൂഹം പ്രത്യാശ പകരുന്ന ഒന്നാണ്. ലിംഗനീതിയിലധിഷ്ഠിതമായ രാഷ്ട്രീയബോധം കേരളത്തെ വേറിട്ടുനിർത്തുന്നു. പാഠപുസ്തകങ്ങൾ, ക്ലാസ്​ മുറികൾ തുടങ്ങി കുട്ടികളുടെ ചിന്താഗതിയെ പാകപ്പെടുത്തുന്ന ഇടങ്ങളൊക്കെയും ഏറ്റവും ക്രിയാത്മകമായി സമത്വത്തെ വേരാഴ്ത്തുന്ന ഇടങ്ങളാക്കി മാറ്റുക എന്ന ആശയം ഏറെ മികച്ചതാണ്. ലിംഗ അസമത്വങ്ങൾക്ക് എതിരായി ഒരു സമൂഹത്തെ വളർത്തിയെടുക്കാനാണ് കേരളത്തിലെ ഭരണനേതൃത്വം ശ്രമിക്കുന്നത്. 1957 മുതലിങ്ങോട്ടുള്ള എല്ലാ ഇടതുപക്ഷ സർക്കാറുകളും ഇതേ ആശയത്തിന് ബലം പകർന്നവരാണ്. ഈ രാഷ്ട്രീയബോധ്യം പിന്തുടരേണ്ടത് അനിവാര്യമായ ഒന്നായി മാറുന്നു. ഇടതുരാഷ്ട്രീയവേദികൾ തുറന്നിടുന്ന വിശാലമായ ചിന്താബോധവും കാഴ്ചപ്പാടും പ്രവർത്തനരീതിയും അഭിമാനകരമാണ്.

കോൺഗ്രസിനകത്ത് സ്ത്രീസൗഹാർദ സദസുകൾ പോലും വിദൂരവിസ്മൃതിയായി മാറുന്നു. ലിംഗസമത്വമെന്നതിനെ ഏറ്റവും വികൃതമായ ലൈംഗിക ചേഷ്ടയായി ഈ വലതുബോധം ചിത്രീകരിക്കുന്നു. ഇത്തരം പ്രതിരോധങ്ങളെ നേരിട്ടാണ് മാനവികമായ മൂല്യങ്ങൾ പാകിയെടുക്കാൻ ഇടതുപക്ഷ സർക്കാരും അതിന് നേതൃത്വം നൽകുന്ന ഇടതുരാഷ്​ട്രീയവും അഹോരാത്രം പരിശ്രമിക്കുന്നത്. സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ടിനിപ്പുറവും അർദ്ധ പൗരാവകാശം മാത്രം നേടിയ വിഭാഗമായി സ്ത്രീസമൂഹം അവശേഷിക്കുന്നു എന്ന യാഥാർഥ്യം കൂടുതൽ ആഴത്തിൽ വിളിച്ചറിയിക്കാനും സ്വാതന്ത്ര്യദാഹികളായ സ്ത്രീകളെ സൃഷ്ടിച്ചെടുക്കാനും കേരളത്തിൽ സ്ത്രീകൾ തന്നെ മുന്നോട്ടുവരുന്നു എന്നതാണ് കാതലായ നേട്ടം. ഇപ്പോഴും തങ്ങളുടെ അവസരങ്ങൾ പോയിട്ട്​, ആവശ്യങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്തവരായി ഇന്ത്യൻ സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകളും ഈ തുരുത്തിനപ്പുറം നിലനിൽക്കുന്നു എന്നതാണ് തിരിച്ചറിയേണ്ട യാഥാർഥ്യം.

നിഷേധിക്കപ്പെടുന്ന അവകാശങ്ങളെ കുറിച്ച് ബോധ്യമുള്ള പൗരന്മാരെ സൃഷ്ടിച്ചെടുക്കുന്നതിനോളം ആവേശകരമായ മറ്റെന്തുണ്ട്. മരിക്കാതിരിക്കാൻ സമരം ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ മുദ്രാവാക്യങ്ങളും, ജീവിത്തിന്റെ ഏറ്റവും മികച്ച സാധ്യതകൾക്കുവേണ്ടി സംവദിക്കുന്നവരുടെ ശബ്ദങ്ങളും രണ്ട് രാഷ്ട്രീയത്തിന്റെ ഉൽപ്പന്നങ്ങളാണ്. അവിടെയും നിശ്ശബ്ദത കടുത്ത പാതകം തന്നെയെന്ന് തിരിച്ചറിയാത്ത അവസരവാദികൾ തങ്ങളുടെ ഇനിയും അടുക്കാത്ത വൻകര തേടി നടക്കുന്നു എന്നതും ദൗർഭാഗ്യകരം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. അനുശ്രീ

എസ്‌.എഫ്‌.ഐ സംസ്ഥാന പ്രസിഡൻറ്​. സംസ്​കൃത സർവകലാശാല പയ്യന്നൂർ സെൻററിൽ എം.എ വിദ്യാർഥി.

Comments