കെ. ആർ. ഗൗരി അമ്മ, 1983-ൽ റോബിൻ ജെഫ്രി പകർത്തിയ ചിത്രം.

ചിതയുടെ വെളിച്ചം

നൃപൻ ചക്രവർത്തി മരിച്ചപ്പോഴും എം.വി. രാഘവൻ മരിച്ചപ്പോഴും ഗൗരിയമ്മ മരിച്ചപ്പോഴും ചെങ്കൊടി പുതപ്പിക്കാൻ പാർട്ടി എത്തി. എന്റെ പിതാവ് എൻ.കെ. മാധവൻ മരിച്ചപ്പോഴും അവർ ചെങ്കൊടി പുതപ്പിച്ചു. ഇവരെല്ലാം പാർട്ടിയിൽ നിന്ന് പോകാൻ ആഗ്രഹിച്ചവരായിരുന്നില്ല. ഗൗരിയമ്മയുടെ ചിതയിലെ വെളിച്ചം കൂടുതൽ തെളിച്ചമാർന്നവിധം പറയുന്നു, പാർട്ടിക്ക് തെറ്റുപറ്റി

ലപ്പുഴയിലെ വലിയ ചുടുകാട്ടിൽ എരിഞ്ഞുതീർത്ത ചിതയുടെ വെളിച്ചം തൊട്ടരികിലുള്ള ജീവിത സഖാവിന്റെ ശവകുടീരത്തിൽ പതിച്ചപ്പോൾ ചരിത്രത്തിലെ അസാധാരണമായ ഒരു പ്രണയസംഗമത്തിന്റെ പ്രകാശശോഭയായി അതുമാറി. ചരിത്രത്തിലെ എല്ലാ വിപ്ലവങ്ങളും വിപ്ലവഗണിതശാസ്ത്രത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരിടത്തും ക്ലാസിക്കൽ വിപ്ലവങ്ങൾ നടന്നില്ല. സിദ്ധാന്തങ്ങളുടെ പ്രവചനങ്ങൾക്കനുസരിച്ചായിരുന്നില്ല അവ സംഭവിച്ചത്. ഓരോ പ്രദേശത്തും അത് വ്യത്യസ്തമായിരുന്നു. റഷ്യ, ചൈന, ക്യൂബ, കൊറിയ, വിയറ്റ്നാം എല്ലായിടത്തും വിഭിന്നമായിരുന്നു. വിപ്ലവങ്ങൾ ഓരോരുത്തരുടെ കഴിവിനനുസരിച്ചും ഓരോരുത്തരുടെ ആവശ്യത്തിനനുസരിച്ചും പ്രവർത്തിക്കുന്ന സ്റ്റേറ്റുകളെ നിർമിച്ചില്ല. പയ്യെ, ആ വിപ്ലവങ്ങളിൽ നിന്ന് ആശ്ചര്യപ്പെടുത്തുന്ന നിരവധി നായകർ ഉയർന്നുവന്നു. അത്തരത്തിലുള്ള ഒരു പൂമരമാണ് കെ.ആർ ഗൗരിയമ്മ.

ഗൗരിയമ്മയുടെ രാഷ്ട്രീയത്തിൽ കോമൺസെൻസ് പിന്നീട് നിരന്തരം പ്രവർത്തിച്ചു. പക്ഷെ, ഗൗരിയമ്മ ഒരു ഗ്രാംഷിയോ ബെർലിംഗറോ ആയില്ല.

സ്ത്രീവിമോചനത്തിന്റെയും ദളിത് ഉയിർപ്പിന്റെയും ഒരു വയലാർ ഗാഥ ഗൗരിയമ്മ എന്ന രാഷ്ട്രീയ രൂപത്തെ നിർമിച്ചെടുത്തത് പുന്നപ്ര വയലാറിലെ വെടിയൊച്ചകളാണ്. സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ കരടുപ്രമേയം പാർട്ടിയും തൊഴിലാളികളും സായുധസമരത്തിന് തയ്യാറാകണം എന്ന് ആഹ്വാനം ചെയ്തു. ഇത് ദഹിക്കാത്ത ഒരാളായിരുന്നു ഗൗരിയമ്മ. അവർ കൃഷ്ണപിള്ളയോട് അതിനെക്കുറിച്ച് ചോദിച്ചു. ആത്മകഥയിൽ ഗൗരിയമ്മ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘പാർട്ടിയുടെ കരടുപ്രമേയം, എനക്ക് ദഹിച്ചില്ല. സ്വാതന്ത്ര്യം കിട്ടിയോ ഇല്ലയോ എന്ന എന്ന പ്രശ്നത്തേക്കാൾ പാർട്ടിയും തൊഴിലാളികളും സായുധസമരത്തിന് തയ്യാറാവുക, പുന്നപ്ര വയലാർ കഴിഞ്ഞ് ഇത് നടക്കുമോ? അതിനുവേണ്ടുന്ന ശക്തി പാർട്ടിക്കുണ്ടോ? നേരത്തെ കരടുപ്രമേയം വായിച്ചശേഷം സഖാവ് പി.യോട് (പി.കൃഷ്ണപിള്ള) ഞാൻ ചോദിച്ചതാണ്. എന്റെ ചോദ്യം കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഞാനും ധരിച്ചു, എന്നേക്കാൾ കൂടുതൽ അനുഭവവും വിവരവുമുള്ളവരാണല്ലോ നേതാക്കൾ, അതിനാൽ മിനക്കെട്ട് ആലോചിക്കാൻ പിന്നെ പോയില്ല.''

ഗൗരിയമ്മയുടെ രാഷ്ട്രീയത്തിൽ ഈ കോമൺസെൻസ് പിന്നീട് നിരന്തരം പ്രവർത്തിച്ചു. പക്ഷെ, ഗൗരിയമ്മ ഒരു ഗ്രാംഷിയോ ബെർലിംഗറോ ആയില്ല. നിരോധിക്കപ്പെട്ട ചേർത്തല കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തക എന്ന നിലയിൽ ഒരു വെളുപ്പാൻ കാലത്ത് ഒരു സി.ഐ.ഡി അവരുടെ വീടിന്റെ കതകിൽ മുട്ടിവിളിച്ചു. പിന്നീട് പൊലീസ് ഇൻസ്പെക്ടർ രാമൻകുട്ടിനായർ ഗൗരിയമ്മയെ അറസ്റ്റുചെയ്ത് ലോക്കപ്പിലാക്കി. 1948ലായിരുന്നു ആദ്യ അറസ്റ്റ്. പിന്നീട് നിരവധി തവണ അറസ്റ്റും പൊലീസ് മർദ്ദനവും ജയിൽവാസവും. തോക്കിനോ, ലാത്തിക്കോ കീഴടക്കാനാവാത്ത ധീരത ഗൗരിയമ്മയിൽ പൂത്തുലഞ്ഞുനിന്നു.

സ്ത്രീ അബലയാണ് എന്നത് ഗൗരിയിൽ ഒരിടത്തും എഴുതിവെച്ചിരുന്നില്ല.‘കരയാത്ത ഗൗരി, തളരാത്ത ഗൗരി / കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി / ഇത് കേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം / പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.' എന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കൊണ്ട് എഴുതിച്ചത് ഗൗരിയമ്മയുടെ ഉരുക്കുകവചക്കൂട്ടാണ്.

 കെ. ആർ. ഗൗരിയമ്മയുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്​പചക്രം സമർപ്പിക്കുന്നു
കെ. ആർ. ഗൗരിയമ്മയുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്​പചക്രം സമർപ്പിക്കുന്നു

1970ൽ ആലപ്പുഴയിൽ ചെറുകാലി കായലിൽ തൊഴിലാളി സമരം നടന്നു. പതിവിനും തീർപ്പിനും വേണ്ടി തൊഴിലാളികൾ നടത്തിയ സമരത്തിനുനേരെ പൊലീസ് വെടിവെച്ചു. ഒരു തൊഴിലാളി പിടഞ്ഞുവീണു. വയലിൽ മരിച്ചുവീണ തൊഴിലാളി സഖാവിന്റെ മൃതദേഹം എടുത്തുമാറ്റാൻ പൊലീസ് അനുവദിച്ചില്ല. വിവരമറിഞ്ഞ് ഗൗരിയമ്മയും വി.എസ്. അച്യുതാനന്ദനും അവിടെയെത്തി. പൊലീസിനെ നിർവീര്യമാക്കി, മരിച്ച സഖാവിന്റെ ശരീരം ഗൗരിയമ്മ എടുത്തുകൊണ്ടുപോയി. ആ അഗ്‌നിഗോളത്തെ തോക്കുചൂണ്ടി അകറ്റാൻ പൊലീസിന് കഴിയില്ലായിരുന്നു.

വിപ്ലവം പോലെ ഒഴുകുന്ന പ്രണയം.

സ്വപ്നം കാണാത്തവർ വിപ്ലവകാരികളല്ല. ഗൗരിയമ്മ ഒരു കാൽപനിക സ്വപ്നം കൂടിയായിരുന്നു. ഗൗരിയമ്മയും ടി.വി. തോമസും അസാധാരണമായൊരു ലോകം സ്വപ്നം കണ്ട അസാധാരണ മനുഷ്യരായിരുന്നു. പുന്നപ്ര- വയലാർ സമരത്തിലെ പ്രധാന പ്രതികളിലൊരാളായ വർഗീസ് വൈദ്യന്റെ ജീവിതം ഗൗരിയമ്മയുടെയും ടി.വിയുടെയും ജീവിതവുമായി ഇഴുകിച്ചേർന്നതാണ്. ഏറ്റവും സമ്പന്നമായ പൂപ്പള്ളി തറവാട്ടിലെ, ആയിരപ്പറക്കണ്ടമുള്ള സമ്പന്നന്റെ മകളെയാണ് വർഗീസ് വൈദ്യൻ പ്രണയിച്ചത്. വർഗീസ് വൈദ്യന്റെയും തങ്കമ്മയുടേയും വിവാഹം അതിസാഹസികമായിട്ടാണ് നടന്നത്. ആ വിവാഹത്തെക്കുറിച്ച് വർഗീസ് വൈദ്യന്റെ മകൻ ചെറിയാൻ കൽപകവാടി എഴുതിയിട്ടുണ്ട്. പൂപ്പള്ളി കാരണവർ കല്ല്യാണത്തെ എതിർത്തു. വിവാഹാലോചനയ്ക്കുചെന്ന ടി.വി. തോമസിനെ തിരിച്ചയച്ചു. അപ്പോൾ വർഗീസ് വൈദ്യൻ തങ്കമ്മയ്ക്കൊരു കത്തു കൊടുത്തുവിട്ടു; ‘‘എനിക്ക് ഉടുതുണിയ്ക്ക് മറുതുണിയില്ല. ദുഃഖത്തിലേക്ക്, പട്ടിണിയിലേക്കാണ് നീ ഇറങ്ങിവരുന്നത്. പക്ഷേ, തയ്യാറാണെങ്കിൽ കൂടെക്കൂടാം. ടി.വിയുടെ കാറ് ആലപ്പുഴ യാക്കോബായ പള്ളീടെ അടുത്തുണ്ടാവും. ഞാനതിൽ ഇരിക്കുന്നുണ്ടാകും. വരുന്നെങ്കിൽ അടുത്ത ഞായറാഴ്ച പള്ളി തുടങ്ങുന്ന സമയത്ത്, പള്ളിയിൽ പോകുന്നവരുടെ കൂടെ വന്ന്, കാറിലങ്ങു കയറുക''.
കത്തിൽ പറഞ്ഞതനുസരിച്ച് തങ്കമ്മ കാറിൽ കയറി. സാഹസികമായി തങ്കമ്മയെ കൂട്ടിക്കൊണ്ടുവന്ന് കല്യാണം നടത്തിക്കൊടുക്കുകയായിരുന്നു ടി.വി.

സ്വപ്നം കാണാത്തവർ വിപ്ലവകാരികളല്ല. ഗൗരിയമ്മ ഒരു കാൽപനിക സ്വപ്നം കൂടിയായിരുന്നു. ഗൗരിയമ്മയും ടി.വി. തോമസും അസാധാരണമായൊരു ലോകം സ്വപ്നം കണ്ട അസാധാരണ മനുഷ്യരായിരുന്നു.

പക്ഷെ, ടി.വിയുടെ പ്രണയത്തെ വർഗീസ് വൈദ്യൻ പ്രോത്സാഹിപ്പിച്ചില്ല.
അതിനു കാരണം രണ്ടായിരുന്നു. ഒന്ന്, തുല്യരായ രണ്ട് നേതാക്കൾ വിവാഹം കഴിച്ചാൽ അവർക്കിടയിൽ തീപ്പൊരി പാറുമെന്ന വൈദ്യന്റെ കാഴ്ചപ്പാട്.
രണ്ട്, ടി.വിയ്ക്ക് ലൂസിയമ്മ എന്ന പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്ന തിരിച്ചറിവ്.

ആദ്യകേരള മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ആർ ​ഗൗരി അമ്മ
ആദ്യകേരള മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ആർ ​ഗൗരി അമ്മ

1952നുശേഷം ടി.വി. തോമസ് വർഗീസ് വൈദ്യന്റെ അടുത്തെത്തിയപ്പോൾ യാദൃച്ഛികമായിട്ടാണ് അദ്ദേഹം ടി.വിയുടെ ഡയറിയിൽ ഗൗരിയമ്മയുടെ ഫോട്ടോ കണ്ടത്. ഇത് പ്രണയമാണെന്ന് മണത്തറിഞ്ഞ വൈദ്യൻ സംഭവത്തിന്റെ കാമ്പറിയാൻ ആഗ്രഹിച്ചു. ‘ഞങ്ങൾ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന്' ടി.വി പറഞ്ഞു. അപ്പോൾ വർഗീസ് വൈദ്യൻ എതിർത്തു. എങ്കിലും പിന്നീട് 1956 മേയിൽ ഇരുവീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ടി.വിയും ഗൗരിയും വിവാഹം നടത്താൻ തീരുമാനിച്ചു. തമിഴ്നാട്ടിലെ പാളയം കോട്ടാലെ രജിസ്ട്രാർ ഓഫീസിൽ ടി.വിയെയും ഗൗരിയമ്മയെയും കൊണ്ടുപോയത് വർഗീസ് വൈദ്യനാണ്. ചില സാങ്കേതിക കാരണങ്ങളാൽ അതു നടന്നില്ല.

എം.ടി. ചന്ദ്രസേനൻ എഴുതിയ ടി.വി. തോമസ് എന്ന ഗ്രന്ഥത്തിൽ ഗരിയമ്മ പറയുന്നുണ്ട്; ഗൗരിയമ്മയുടെയും ടി.വിയുടെയും വീട്ടുകാർ അവരുടെ വിവാഹത്തിന് എതിരായിരുന്നു എന്ന കാര്യം. ഗൗരിയമ്മയുടെ അമ്മ അവർക്കുനേരെ വാതിൽ കൊട്ടിയടച്ചു. പിന്നീട് അമ്മ ആ വിവാഹം നടന്നുകാണാൻ കൂടുതൽ ആഗ്രഹിച്ച കാര്യം ഗൗരിയമ്മ വ്യക്തമാക്കുന്നുണ്ട്. അവസാനം പാർട്ടി ഇടപെട്ടാണ് വിവാഹം നടക്കുന്നത്. 1954ൽ തന്നെ പാർട്ടി തീരുമാനം എടുത്തിരുന്നു. പിന്നീട് ടി.വിക്ക് മറ്റൊരു സ്നേഹബന്ധമുണ്ടെന്ന് അറിഞ്ഞ ഗൗരിയമ്മ വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. എന്നാൽ അത് തുടരില്ല എന്ന ഉറപ്പിൽ 1957ൽ മന്ത്രിയായിരിക്കെ പാർട്ടി അവരുടെ വിവാഹം നടത്തി.

1948ൽ തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് മുന്നണി 40 ഇടങ്ങളിൽ മത്സരിച്ചു. ആ തെരഞ്ഞെടുപ്പിൽ നാൽപ്പതിൽ നാലുപേർക്കാണ് കെട്ടിവെച്ച കാശ് കിട്ടിയത്- ചേർത്തലയിൽ കെ.ആർ. ഗൗരി, ആലപ്പുഴയിൽ ടി.വി. തോമസ്, കൊല്ലത്ത് ടി.കെ. ദിവാകരൻ, ചിറയിൻകീഴിൽ ആർ. ഗംഗാധരൻ

ഗൗരിയമ്മയുടെയും ടി.വി. തോമസിന്റെയും പ്രണയം രാഷ്ട്രീയ പോരാട്ടത്തിനിടയിലെ ഹൃദയബന്ധത്തിൽ നിന്ന് ഊഷ്മളമായി ഉരുത്തിരിഞ്ഞതായിരുന്നു. 1947നുശേഷമാണ് അവർ പരസ്പരം കണ്ടുമുട്ടി പ്രണയത്തിലാവുന്നത്. അതിനുമുമ്പ് മഹാരാജാസിൽ കൂട്ടുകാരി ത്രേസ്യയുടെ സഹോദരൻ എന്ന നിലയിൽ അകലെവെച്ച് ടി.വിയെ ഒന്ന് കണ്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ സെൻട്രൽ കമ്മിറ്റി കൂടിയപ്പോൾ വർഗീസ് വൈദ്യനൊപ്പമാണ് ആദ്യം ടി.വിയെ കാണുന്നത്. പിന്നീട് നിരന്തരം സമരമുഖങ്ങളിൽ കണ്ടുമുട്ടി. 1948ൽ തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് മുന്നണി 40 ഇടങ്ങളിൽ മത്സരിച്ചു. ആ തെരഞ്ഞെടുപ്പിൽ നാൽപ്പതിൽ നാലുപേർക്കാണ് കെട്ടിവെച്ച കാശ് കിട്ടിയത്- ചേർത്തലയിൽ കെ.ആർ. ഗൗരി, ആലപ്പുഴയിൽ ടി.വി. തോമസ്, കൊല്ലത്ത് ടി.കെ. ദിവാകരൻ, ചിറയിൻകീഴിൽ ആർ. ഗംഗാധരൻ. ആ തെരഞ്ഞെടുപ്പിൽ വ്യാപകമായി കോൺഗ്രസ് കള്ളവോട്ടു ചെയ്തു. അത് തടയാൻ ആലപ്പുഴ മാർക്കറ്റ് വാർഡിലെ ടി.വിയുടെ തെരഞ്ഞെടുപ്പ് ബൂത്തിൽ പാർട്ടി ചുമതലപ്പെടുത്തിയത് ഗൗരിയമ്മയെയായിരുന്നു. കള്ളവോട്ട് ചെയ്യാൻ വന്ന ഒരു വോട്ടറെ ഗൗരിയമ്മ ചലഞ്ച് ചെയ്തു. അതിനെ തുടർന്ന് വലിയ ബഹളമായി. ഗുണ്ടകളും തെമ്മാടികളും തല്ലാൻ വളഞ്ഞ ഗൗരിയമ്മയെ അവിടെ നിന്ന് രക്ഷിച്ചത് അമ്പതോളം വരുന്ന ചുവപ്പ് വളണ്ടിയർ സേനയാണ്.

പിന്നീട് അവർ തമ്മിലുള്ള അടുപ്പം പ്രണയമായി സമൂഹം തിരിച്ചറിഞ്ഞത് ഗൗരിയമ്മ ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്. ലേബർ കമ്മീഷണർ ഓഫീസിൽ തൊഴിലാളികളുടെ ഒരു പ്രശ്നം പരിഹരിക്കാൻ ഗൗരിയമ്മയും ടി.വി. തോമസും അദ്ദേഹത്തിന്റെ കാറിൽ ചേർത്തലയിലെ ടി.ബിയിലേക്ക് നടന്നു. ബാക്കി ആത്മകഥയിൽ വായിക്കാം: ‘‘ഞങ്ങൾ സംസാരിച്ചുകൊണ്ട് നടന്നു. ചേർത്തല മുൻസിഫ് കോടതിയുടെ മുൻവശം എത്തിയപ്പോൾ, ഞങ്ങളെ കാണാൻ മുൻസിഫ് കോടതിയുടെ തെക്കേപ്പുറത്ത്​ ഹോട്ടലിൽ കാപ്പി കുടിക്കാൻ വന്നവരും കടക്കാരും പുറത്തിറങ്ങി. അവധിദിവസമായെങ്കിലും പത്ത് മുപ്പതുപേർ കൂടി. കൂട്ടത്തിലാരോ ഒരാൾ സ്വാഗതമെന്നോണം ഉറച്ചുപറഞ്ഞു, ഇതെന്നു നടന്നു. ഞങ്ങളാരും അറിഞ്ഞില്ലല്ലോ എന്ന്. ഞാനതു കേട്ടു. ടി.വി. കേട്ടോയെന്നു ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ കേട്ടെങ്കിലും കേട്ടഭാവം കാണിച്ചില്ല. അതേവരെ ഉണ്ടായിരുന്ന എന്റെ മൂഡ് എല്ലാം അതോടെ നശിച്ചു. എന്റെ വീടിന്റെ മുൻവശത്തെത്തിയപ്പോൾ ഞാൻ ടി.വിയോട് വരുന്നില്ല, അണ്ണൻ വീട്ടിലുണ്ട്, ചെല്ലട്ടേയെന്നു പറഞ്ഞു പിരിഞ്ഞു. തൊഴിൽ തർക്കത്തിൽ ടി.വി. സംസാരിച്ചു പ്രശ്നം തീരുകയും ചെയ്തു. ചർച്ച കഴിഞ്ഞ് ടി.വി. വീട്ടിൽ വന്നു. അണ്ണനുമായി സംസാരിച്ചു പിരിഞ്ഞു. ഞാൻ ഉണ്ണാൻ ക്ഷണിച്ചില്ല. അണ്ണൻ ക്ഷണിച്ചെങ്കിലും ടി.വി. ആഹാരം കഴിക്കാതെ പോവുകയും ചെയ്തു.'’

ടി.വി.തോമസും ഗൗരിയമ്മയും
ടി.വി.തോമസും ഗൗരിയമ്മയും

ഗൗരിയമ്മയുടെ പ്രണയം ഗൗരിയമ്മ പൊതുജനങ്ങളിൽ നിന്ന് വായിച്ചെടുത്ത നിമിഷമായിരുന്നു അത്. ‘ലാൽസലാം’ എന്ന സിനിമയുടെ ഫോക്കസ് ഡയലോഗ്; ‘ഞാൻ വിളിച്ചിട്ടുള്ളതിൽ കൂടുതൽ മുദ്രാവാക്യമൊന്നും സേതുലക്ഷ്മി വിളിച്ചിട്ടില്ല' എന്നതാണ്. വർഗീസ് വൈദ്യന്റെ ഡമ്മി കഥാപാത്രമായ മോഹൻലാൽ അവതരിപ്പിച്ച നെട്ടൂരാന്റെ ഡയലോഗാണിത്​. ഇതെല്ലാം കണ്ടും കേട്ടും ഗൗരിയമ്മ പ്രതികരിച്ചത് ആത്മകഥയുടെ ഭാഗമാണ്. പത്രങ്ങളിലും സിനിമകളിലും സഖാവ് ടി.വിയും ഞാനുമായി പുന്നപ്രവയലാറിനു മുമ്പ് മുതൽക്കേ സ്നേഹമായിരുന്നെന്ന് പറഞ്ഞു പരത്തിയിരുന്നു എന്നാണ് ഗൗരിയമ്മ പറഞ്ഞത്. ജനങ്ങൾ അത് വിശ്വസിക്കുകയും ചെയ്തു. ചരിത്രസംഭവങ്ങളും ആളുകളെപ്പറ്റിയുള്ള വിവരങ്ങളും സിനിമ, പത്രം എന്നീ മാധ്യമങ്ങൾക്ക് പട്ടിയെ പശുവായി ചിത്രീകരിക്കുന്നതുപോലെ വളച്ചൊടിക്കാം. സത്യസന്ധമായ ചരിത്രത്തെ പേടിക്കുന്നവരും ജനശത്രുക്കളുമാണ് ഈ ഇടപാടുകൾ നടത്തുന്നതെന്ന് ഗൗരിയമ്മ വിശ്വസിച്ചു.

ജീവിതത്തിൽ സ്നേഹിച്ച് കൊതിതീരാതെയാണ് ഗൗരിയമ്മയും ടി.വിയും പിരിഞ്ഞത്. ഗൗരിയമ്മയ്ക്ക് വിരോധമുണ്ടായിരുന്നത് ടി.വിയുടെ മദ്യപാനത്തിലായിരുന്നു. വർഗീസ് വൈദ്യനാണ് ടി.വിയെ കുടിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നതെന്നായിരുന്നു ഗൗരിയമ്മയുടെ പരാതി. പക്ഷെ ആ ദാമ്പത്യജീവിതത്തിന് കത്തിവെച്ചത് പാർട്ടിയിലെ വിഭാഗീയതയായിരുന്നു

അതുകൊണ്ടാണ് ‘ലാൽസലാം’ രചിച്ച ചെറിയാൻ കൽപകവാടിയോട് ഗൗരിയമ്മ ശുണ്ഠി കാണിച്ചത്. ചെറിയാൻ അത് ‘വർഗീസ് വൈദ്യന്റെ ആത്മകഥ'യിൽ വ്യക്തമാക്കുന്നുണ്ട്. നടൻ മുരളി ആലപ്പുഴയിൽ മത്സരിച്ചപ്പോൾ അവർ ഗൗരിയമ്മയെ കാണാൻ ചെന്നു. ‘‘ഒരു ഇലക്ഷനിൽ മത്സരിക്കുമ്പോൾ എതിർ ചേരിയിലാണെങ്കിലും ഗൗരിയമ്മയെ ഒന്നു കാണുക എന്നു വിചാരിച്ച് ഞങ്ങൾ ചെല്ലുകയാണ്. ഞാനും മുരളിയും വേണു നാഗവള്ളിയും കൂടി തീരുമാനിച്ചതാണ് ആ സന്ദർശനം. ഞങ്ങളാദ്യം ഫോണിൽ വിളിച്ചു. നടൻ മുരളിയൊന്നു കാണാൻ വരുന്നുണ്ട്, എപ്പോൾ വരണം എന്നു ചോദിച്ചപ്പോൾ വൈകുന്നേരം ഏഴ്- ഏഴര ആകുമ്പോൾ എന്നു പറഞ്ഞു. ഞാനും ധൈര്യം സംഭരിച്ചു കൂടെച്ചെന്നു. ഞങ്ങൾ മൂന്നുപേരും കൂടി നടന്ന്​ ഗേറ്റ് കടന്നു ചെന്നതും എന്നെ ചൂണ്ടിക്കാട്ടി പറഞ്ഞു; ഇവൻ പറഞ്ഞിട്ടായിരിക്കും താൻ കേറിവന്നത്. തോൽക്കുകയേ ഉള്ളൂ. ഇവനിപ്പം വി.എസിന്റെ വാലും പിടിച്ചു നടക്കുകയാണ്. നാണമില്ലല്ലോ നിനക്ക് വി.എസിന്റെ പിന്നാലെ നടക്കാൻ. ഒടുവിൽ പോകാനിറങ്ങിയപ്പോൾ; എടാ നിനക്ക് ടി.വിയെക്കുറിച്ച് എന്തറിയാം? ഞാനറിയുന്ന അത്രയുമൊന്നും നിനക്കറിയില്ലല്ലോ? നീ എന്റെ ബെഡ്‌റൂമിലേക്കൊന്ന് കയറിനോക്ക് എന്നു പറഞ്ഞ്​ കാട്ടിത്തന്നു. ഞാൻ അതുകണ്ട് ഞെട്ടിപ്പോയി. ടി.വിയുമായുള്ള വിവാഹ മുഹൂർത്തത്തിന്റെ മുഴുവൻ ചിത്രങ്ങളും അവിടെ ചില്ലിട്ടുവെച്ചിരിക്കുന്നു. അതുകണ്ടാണ് ഗൗരിയമ്മ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്. അപ്പോൾ അവർ ടി.വിയെ എത്രമാത്രമാണ് സ്നേഹിക്കുന്നതെന്ന് മനസിലായി എനിയ്ക്ക്.’’

കെ.ആർ. ഗൗരിയുടെയും ടി.വി.തോമസിന്റെയും വിവാഹക്ഷണക്കത്ത്​
കെ.ആർ. ഗൗരിയുടെയും ടി.വി.തോമസിന്റെയും വിവാഹക്ഷണക്കത്ത്​

ജയിലിൽവച്ചാണ് ടി.വിക്കൊരു കുട്ടിയുണ്ടെന്ന കാര്യം ഗൗരിയമ്മ അറിയുന്നത്. അതവരോട് ആദ്യം പറയുന്നത് സുഭദ്രാമ്മത്തങ്കച്ചിയാണ്. അപ്പോഴേക്കും ഗൗരിയമ്മയും ടി.വിയും തമ്മിൽ അകലാൻ പറ്റാത്ത ബന്ധത്തിലായിക്കഴിഞ്ഞിരുന്നു. വാർത്തയറിഞ്ഞ് രണ്ടുമൂന്ന് രാത്രികൾ ഗൗരിയമ്മയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ അവർ തീരുമാനിച്ചു; ടി.വിയുമായുളള ബന്ധം വേണ്ടെന്ന്. കേസിനെത്തുന്ന വേളയിൽ ഗൗരിയമ്മ ഇത് ടി.വിയോട് സൂചിപ്പിച്ചു. ടി.വി. അതിന്റെ കാരണം ചോദിച്ചു. അപ്പോൾ ഗൗരിയമ്മ പറഞ്ഞു; നിങ്ങൾക്ക് വേറെ ഭാര്യയും കുട്ടിയുമുണ്ട്. അതുകൊണ്ട് വേണ്ട. അതിന് ടി.വി മറുപടി പറഞ്ഞത് ഇങ്ങനെയാണ്: ‘ഭാര്യയുണ്ടെന്നാരു പറഞ്ഞു? എനിക്കൊരു കുട്ടിയുണ്ടെന്നതു നേരാ' ആ സംഭാഷണത്തിൽ ടി.വി. പറഞ്ഞ വാക്കുകളാണ് അവരുടെ പ്രണയത്തെ വീണ്ടും ഒഴുകാൻ അനുവദിച്ചത്: ‘‘ലോകത്തുള്ളോരോടൊക്കെ കല്ല്യാണം കഴിക്കുമോ എന്ന് ചോദിക്കുന്ന മുളകുപെറുക്കി ചെക്കനാണ് ഞാനെന്നാണോ നീ വിചാരിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ ഒരാളെ മാത്രമേ കല്ല്യാണം കഴിക്കാൻ ആഗ്രഹിച്ചിട്ടുള്ളൂ. നിങ്ങളോട് മാത്രമേ ഞാൻ അത് ആവശ്യപ്പെട്ടിട്ടുള്ളൂ.’’
ഗൗരിയമ്മ ടി.വിയെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ. ടി.വിയെ മാത്രം. എ.കെ.ജി ഗൗരിയമ്മയോട് വിവാഹാലോചന നടത്തിയിരുന്നു. കെ.സി. ജോർജാണ് അതിന് ഇടനിലനിന്നത്. കെ.സി. ജോർജിനോട് ഗൗരിയമ്മ പറഞ്ഞു; സ്നേഹിക്കാത്ത ആളിനെ കല്ല്യാണം കഴിക്കാൻ പറ്റില്ലെന്ന്. പിന്നെ എ.കെ.ജി നേരിട്ട് ചോദിച്ചപ്പോഴും ഗൗരിയമ്മയുടെ വാക്കുകൾ മാറിയില്ല.

പാർട്ടി പിളർന്നപ്പോൾ ഒരുമിച്ചുനിൽക്കാനാണ് ഇരുവരും തീരുമാനിച്ചത്. പിന്നീട് എം.എൻ. ആണ് ടി.വിയെ പിടിച്ചുകൊണ്ടുപോയത്. ഗൗരിയമ്മയെക്കൂടി പിടിച്ചെടുക്കണമെന്നാണ് എം.എൻ, ടി.വിയോടു പറഞ്ഞത്. മൂന്നുദിവസം കഴിഞ്ഞാണ് പിന്നെ ടി.വി. വീട്ടിലെത്തിയത്.

ജീവിതത്തിൽ സ്നേഹിച്ച് കൊതിതീരാതെയാണ് ഗൗരിയമ്മയും ടി.വിയും പിരിഞ്ഞത്. ഗൗരിയമ്മയ്ക്ക് വിരോധമുണ്ടായിരുന്നത് ടി.വിയുടെ മദ്യപാനത്തിലായിരുന്നു. വർഗീസ് വൈദ്യനാണ് ടി.വിയെ കുടിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നതെന്നായിരുന്നു ഗൗരിയമ്മയുടെ പരാതി. പക്ഷെ ആ ദാമ്പത്യജീവിതത്തിന് കത്തിവെച്ചത് പാർട്ടിയിലെ വിഭാഗീയതയായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നത് ടി.വിയെയും ഗൗരിയമ്മയെയും രണ്ടായി പിളർത്തിക്കൊണ്ടായിരുന്നു. പി. ഗീത എഴുതിയ പെൺകാലങ്ങൾ എന്ന പുസ്തകത്തിൽ ഗൗരിയമ്മ അത് വ്യക്തമാക്കുന്നുണ്ട്: ‘‘കൂടെക്കിടക്കുന്നതും കുട്ടികളെ ഉണ്ടാക്കുന്നതും മാത്രമാണോ വിവാഹം?’’ എന്ന് ചോദിച്ച്​ ഗൗരിയമ്മ ആ വേർപെടുത്തലിന്റെ പിന്നിലെ ചതിക്കഥ വെളിപ്പെടുത്തുന്നുണ്ട്. ദൗമ്പത്യബന്ധത്തിൽ ഏറ്റവും പ്രസക്തമായത് മാനസിക പാരസ്പര്യമാണ് എന്ന് ഗൗരിയമ്മ പറയുന്നു. പാർട്ടി പിളർന്നപ്പോൾ ഒരുമിച്ചുനിൽക്കാനാണ് ഇരുവരും തീരുമാനിച്ചത്. പിന്നീട് എം.എൻ. ആണ് ടി.വിയെ പിടിച്ചുകൊണ്ടുപോയത്. ഗൗരിയമ്മയെക്കൂടി പിടിച്ചെടുക്കണമെന്നാണ് എം.എൻ, ടി.വിയോടു പറഞ്ഞത്. മൂന്നുദിവസം കഴിഞ്ഞാണ് പിന്നെ ടി.വി. വീട്ടിലെത്തിയത്. പാർട്ടി പിളർന്ന ഘട്ടത്തിൽ ആർക്കാണ് ഭൂരിപക്ഷം എന്നു നിശ്ചയിക്കാൻ വോട്ടിംഗ് ഉണ്ടായിരുന്നു. ഗൗരിയമ്മ ആർക്കും വോട്ട് ചെയ്തില്ല. പക്ഷെ പിറ്റെന്ന്​ പത്രത്തിൽ ഗൗരിയമ്മ ടി.വിയ്ക്കെതിരെ വോട്ടുചെയ്തുവെന്ന് വാർത്ത വന്നു. അന്നുച്ചയ്ക്ക് ടി.വി ഊണുകഴിക്കാൻ എത്തിയില്ല. ഗൗരിയമ്മ ഉണ്ണാതെ കാത്തിരുന്നു. അന്ന് തുടങ്ങി ഒരേ കട്ടിലിൽ അവർ പുറംതിരിഞ്ഞുകിടന്നു.

എങ്കിലും സ്നേഹത്തിന്റെ ഉറവയെ തടുക്കാൻ പാർട്ടിയ്ക്ക് കഴിയുമായിരുന്നില്ല. അവർ ഇരുവരും ഒരുമിച്ചുനിൽക്കാൻ തന്നെ തീരുമാനിച്ചു. ഗൗരിയമ്മ ലീവെടുത്ത്​ വീട്ടിൽ നിൽക്കാനും പാർട്ടിക്കാരെ കാണാതിരിക്കാനും തീരുമാനിച്ചു. ഗൗരിയമ്മയും ടി.വിയും ഒരുമിച്ച് ആലപ്പുഴയിൽ ‘കടമുറ്റത്ത് കത്തനാർ' നാടകം കാണാൻ പോയി. നാടകം നടക്കുന്നിടത്ത് എത്തിയപ്പോൾ കുറേപേർ കൂവി. കുറേപേർ കയ്യടിച്ചു. കാരണം ടി.വിയും ഗൗരിയും രണ്ട് ചേരിയിലാണെന്ന് പത്രത്തിൽ വന്നശേഷമാണ് ആ കാഴ്ച. എതിരാളികൾ കൂവുകയും അനുകൂലികൾ കയ്യടിക്കുകയും ചെയ്തു.
അങ്ങനെ അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച സമയത്താണ് ചീനാ ചാരന്മാരുടെ ലിസ്റ്റ് പൊലീസിന്റെ മുന്നിൽ വരുന്നത്. കോൺഗ്രസിനോട് ചേർന്ന സി.പി.ഐ സംരക്ഷിതരായിരുന്നു. അതേസമയം സി.പി.എം ശത്രുപക്ഷത്തായിരുന്നു. അവരെ ചീനാചാരന്മാരുടെ ലിസ്റ്റിൽപ്പെടുത്തി അറസ്റ്റു ചെയ്യാനും ജയിലിലടക്കാനും തുടങ്ങി. ടി.വിയെയും ഗൗരിയമ്മയെയും അകറ്റാൻ ആഗ്രഹിച്ചവർ ഗൗരിയമ്മയെ ചീനാചാരന്മാരുടെ ലിസ്റ്റിൽപ്പെടുത്തി അറസ്റ്റു ചെയ്യിപ്പിച്ചു.

സ്വകാര്യത സുതാര്യതയുടെ കണ്ണാടിയായി മാറിയ അസാധാരണത്വം ആ ജീവിതത്തിൽ ദൃശ്യമാണ്​. കേരള മാർക്​സിസത്തിന്​ തനതു പ്രയോഗം നിർവഹിക്കുന്നതിൽ ഗൗരിയമ്മയുടെ പങ്ക് വലുതായിരുന്നു.

ഇതാണ് ആ ബന്ധം മുറിച്ചുമാറ്റിയ സംഭവം. സി.പി.ഐക്കാർ എഴുതിക്കൊടുത്ത ലിസ്റ്റ് അനുസരിച്ചായിരുന്നു പൊലീസ് അന്ന് ഗൗരിയമ്മയെ അറസ്റ്റു ചെയ്തത്. ടി.വിയോടൊപ്പം കഴിയാൻ പാർട്ടിയിൽ നിന്ന് ലീവെടുക്കാൻ നിശ്ചയിച്ച അവസരത്തിലാണ് അത് സംഭവിച്ചത്. ടി.വി അപ്പോൾ സി.പി.ഐയോട് ഒപ്പമായിരുന്നു. ഗൗരിയമ്മയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ പൊലീസിനോട് ചോദിച്ചു, എന്നെ എന്തിനാണ് അറസ്റ്റു ചെയ്തതെന്ന്. അന്നത്തെ ഡി.എസ്.പി നാടാർ പറഞ്ഞു; ‘‘ഗൗരിയമ്മേ, ഭർത്താവുതന്നെ കൊണ്ടുവന്ന ലിസ്റ്റനുസരിച്ചാണ് അറസ്റ്റ്.’’
ഗൗരിയമ്മ ഞെട്ടി. പിന്നീട് ജയിലിൽ ഗൗരിയമ്മയെ കാണാൻ ടി.വി. എത്തിയപ്പോൾ ഗൗരിയമ്മയുടെ പേര് ലിസ്റ്റിൽപ്പെടുത്തുന്നതിനെ ടി.വി. എതിർത്തകാര്യം വ്യക്തമാക്കി. പക്ഷെ ടി.വിയുടെ വാക്കുകളെ അവഗണിച്ച്​ പാർട്ടിക്കാർ പാർട്ടി പരിപാടി നടപ്പാക്കുകയായിരുന്നു.

ദീർഘദർശിയായ നേതാവ്

ഇന്ത്യയിൽ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയപ്പോൾ ഗൗരിയമ്മ ആ അധികാരത്തിന്റെ അമരത്തെത്തി. പാർട്ടി ഗൗരിയമ്മയ്ക്ക് പ്രധാന ജോലി നൽകി. കേരളത്തിന്റെ ഭൂമിശാസ്ത്രം മാറ്റിവരക്കാനാണ് പാർട്ടി പറഞ്ഞത്. റവന്യൂവകുപ്പു മന്ത്രിയായി ഗൗരിയമ്മ നിയമിതയായത് ചരിത്രനിയോഗം പൂർത്തിയാക്കാനായിരുന്നു. കാർഷിക നിയമം, കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കൽ നിരോധന ബിൽ, പാട്ടം പിരിക്കൽ നിരോധനം, സർക്കാർ ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാൻ പാടില്ലെന്ന ഉത്തരവ്, സർക്കാർ ഭൂമിയിലെ കുടിയിടപ്പുകാർക്ക് ഭൂമി കിട്ടാൻ ഇടയാക്കിയ സർക്കാർ ഭൂമിപതിപ്പ് നിയമം- അടിസ്ഥാനപരമായി കേരളത്തിൽ ജന്മിത്വത്തിനെതിരെ നിയമനിർമാണം നടത്തുന്ന സർക്കാരായി 1957ലെ സർക്കാർ മാറി. വിദ്യാഭ്യാസ ബില്ലിലൂടെ ജാതിമതസംഘടനകൾക്ക് അത് വെല്ലുവിളി ഉയർത്തി. തൽഫലമായി വിമോചന സമരമുയർന്നുവന്നു. 1957ലെ ഇ.എം.എസ് മന്ത്രിസഭയെ നെഹ്റു ഗവൺമെൻറ് പിരിച്ചുവിട്ടു. അതിനു തൊട്ടുമുമ്പ് ഗൗരിയമ്മയുടെ നിർബന്ധം കൊണ്ട് നിയമസഭ കാർഷിക ബന്ധ നിയമം പാസാക്കി. പിന്നീട് ഭൂപരിഷ്‌കരണ ഭേദഗതി ബില്ലായി അത് നിയമസഭ പാസാക്കി. കേരളത്തിൽ ജന്മിത്വം ഇല്ലാതാക്കിയ വിപ്ലവകരമായ നിയമനിർമാണമായിരുന്നു അത്.

കെ.ആർ. ഗൗരിയമ്മയുൾപ്പെടെയുള്ള 1957ലെ ആദ്യ മന്ത്രിസഭ
കെ.ആർ. ഗൗരിയമ്മയുൾപ്പെടെയുള്ള 1957ലെ ആദ്യ മന്ത്രിസഭ

1987ലെ നായനാർ മന്ത്രിസഭയാണ് കേരളത്തെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോക്താക്കളായി മാറ്റിയത്. അന്ന് ഗൗരിയമ്മ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. അവരുടെ ഇടപെടൽ പുതിയൊരു ലോകം കേരളത്തിനു മുന്നിൽ തുറന്നു. വ്യാവസായിക വികസനം മുന്നിൽ കണ്ട് 1989ൽ നായനാരും ഗൗരിയമ്മയും അമേരിക്കയിലെത്തി. അവർക്കൊപ്പം മന്ത്രി ബേബി ജോണും വ്യവസായ ഉപദേഷ്ടാവ് കെ.പി.പി. നമ്പ്യാരുമുണ്ടായിരുന്നു. ആപ്പിൾ ഫാക്ടറി അവരെ വിസ്മയിപ്പിച്ചു. അതുപോലെ ഒരെണ്ണം എന്തുകൊണ്ട് കേരളത്തിലായിക്കൂടാ എന്നവർ ചിന്തിച്ചു. ആ ചിന്തയാണ് തിരുവനന്തപുരം ടെക്​നോപാർക്കിന്റെ നിർമിതിയിലേക്ക് നയിച്ചത്.

ഇവർ ഇതിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ് കെ.പി.പി. നമ്പ്യാർ അത്തരത്തിലൊരു പ്രോജക്ട് കേരളത്തിനു സമർപ്പിച്ചിരുന്നു. അതുപക്ഷേ എ.കെ.ജി. സെന്ററിൽ പൊടിപിടിച്ചു കിടക്കുകയായിരുന്നു. സിംഗപ്പൂർ ടെക്​നോളജി പാർക്കിന്റെ മാതൃകയിൽ തിരുവനന്തപുരത്ത് ഒരെണ്ണം ആരംഭിക്കാനുള്ള പദ്ധതിയാണ് നമ്പ്യാർ നൽകിയത്. അമേരിക്കയിൽ നിന്ന് തിരിച്ചുവന്ന് നായനാരും ഗൗരിയമ്മയും ചേർന്ന് പദ്ധതിക്ക് പാർട്ടിയുടെ ക്ലിയറൻസ് വാങ്ങി.
തുടർന്ന് നമ്പ്യാരുമായി കൂടിയാലോചിച്ച് ടെക്​നോപാർക്കിന്റെ പ്രാരംഭ നടപടി ആരംഭിച്ചു. അങ്ങനെയാണ് ടെക്​നോപാർക്കിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ജി. വിജയരാഘവൻ നിയമിതനായത്. അതിന്​ സ്ഥലം കണ്ടെത്തൽ പെട്ടെന്ന്​ നടന്നു. കേരള സർവകലാശാലയുടെ കാടുപിടിച്ച 50 ഏക്കർ അതിനുവേണ്ടി നിശ്ചയിച്ചു. എന്നാൽ സർവകലാശാല സിൻഡിക്കേറ്റ് അതിനെ എതിർത്തു. അത് സ്വാഭാവികം. സർവകലാശാലയുടെ സ്ഥലം നഷ്ടപ്പെടുത്താൻ സിൻഡിക്കേറ്റ് അനുവദിക്കേണ്ടതില്ല. ഇവിടെ ഗൗരിയമ്മ നേരിട്ടിടപെട്ടു. സിൻഡിക്കേറ്റ് അംഗങ്ങളായ ജി. സുധാകരനെയും കെ.വി. ദേവദാസിനെയും നേരിട്ട് വിളിച്ചുവരുത്തിയാണ് ഭൂമിയുടെ അവകാശം ടെക്​നോപാർക്കിന് വാങ്ങിക്കൊടുക്കുന്നത്. ഇന്ന് വളർന്ന് വികസിച്ച ടെക്​നോപാർക്ക് ഗൗരിയമ്മ എന്ന ദീർഘദർശിയായ നേതാവിന്റെ സ്മാരകശിലയാണ്. ഒട്ടനവധി പദ്ധതികളിൽ ഇടപെട്ട്​ ഗൗരിയമ്മ തന്റെ കയ്യൊപ്പ് ചാർത്തികടന്നുപോവുകയാണ് ചെയ്തത്. കെൽട്രോൺ കേരളത്തെ മുന്നോട്ടുകൊണ്ടുപോയ സാങ്കേതിക സംവിധാനമാണ്.

പാർട്ടിയും വ്യക്തിയും

പുന്നപ്ര- വയലാറിലെ വെടിച്ചീളുകൾ പരുപരുത്ത സ്വത്വ നിർമിതി ഗൗരിയമ്മയ്ക്ക് നൽകിയെങ്കിലും അവരുടെ ഹൃദയം സ്നേഹാർദ്രമായിരുന്നു. കേരള മാർക്സിസത്തിന്റെ പ്രയോഗശാലയായി മാറിയ ആ മനസ്സ് സ്വീകരിച്ചത് ജോൺ റസ്‌കിനിന്റെ സ്നേഹശാസ്ത്രത്തെയാണ്. സമൂഹത്തിലെ ഏറ്റവും ശക്തമായ പ്രേരകശക്തി സ്നേഹമാണെന്ന് ഗൗരിയമ്മ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞിരുന്നു. സ്വകാര്യത സുതാര്യതയുടെ കണ്ണാടിയായി മാറിയ അസാധാരണത്വം ആ ജീവിതത്തിൽ ദൃശ്യമാണ്​. കേരള മാർക്​സിസത്തിന്​ തനതു പ്രയോഗം നിർവഹിക്കുന്നതിൽ ഗൗരിയമ്മയുടെ പങ്ക് വലുതായിരുന്നു.

 വി.എസ്. അച്യുതാനന്ദനോടൊപ്പം കെ.ആർ. ഗൗരിയമ്മ
വി.എസ്. അച്യുതാനന്ദനോടൊപ്പം കെ.ആർ. ഗൗരിയമ്മ

കേരളത്തിൽ ജന്മിത്വവും ഫ്യൂഡലിസവും വേരറ്റുപോയത് ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ഭേദഗതി ബില്ലിലൂടെയായിരുന്നു. സായുധ വിപ്ലവത്തിലൂടെ മാത്രമല്ല ഫ്യൂഡലിസത്തിന് അന്ത്യമാകുന്നത് എന്ന സന്ദേശം അതിനുണ്ടായിരുന്നു. വിപ്ലവത്തിന്റെ മറ്റൊരു പരിഭാഷയായിരുന്നു അത്. അതെല്ലാം ഒറ്റക്കാണോ ഗൗരിയമ്മ നിർവഹിച്ചത്? അല്ല ഒറ്റയ്ക്ക് ആരും ചരിത്രം നിർമിക്കുന്നില്ല. ഗൗരിയമ്മയ്ക്ക് അതെല്ലാം നിർവഹിക്കാൻ കഴിഞ്ഞത് യന്ത്രം പോലെ പ്രവർത്തിച്ച ഒരു സംഘടനാ സംവിധാനത്തിന്റെ പശ്ചാത്തലത്തിലാണ്. പാർട്ടി ആ നിർമിതികളിൽ പ്രധാനമാണ്. അനിതര സാധാരണമായ സർഗാത്മക പ്രകടിപ്പിച്ച ഗൗരിയമ്മയ്ക്ക് പാർട്ടി വിസ്മയകരമായ ആയുധമാണ്. ഈ പാർട്ടി ഇവിടെ ഇങ്ങനെ നിൽക്കുന്ന സമയത്തുതന്നെ ഒട്ടനവധി നേതാക്കൾ അതിനൊപ്പമുണ്ടായിരുന്നു. പക്ഷെ അവർക്കൊന്നും കഴിയാത്തതാണ് ഗൗരിയമ്മ പൂർത്തീകരിച്ചത്. അതാണ് ഗൗരിയമ്മയെ വേറിട്ട വ്യക്തിത്വമാക്കുന്നത്.

പരിസ്ഥിതി അവബോധം

പണവും സ്വകാര്യസ്വത്തും ആധിപത്യം പുലർത്തുമ്പോൾ പ്രകൃതിയോടുള്ള വീക്ഷണം പുച്ഛം നിറഞ്ഞതായിരിക്കുമെന്ന് മാർക്സ് സൂചിപ്പിച്ചിരുന്നു. ജലത്തിലെ മീനുകളെയും ആകാശത്തിലെ പറവകളെയും ഭൂമിയിലെയും ചെടികളെയും സ്വകാര്യ സ്വത്താക്കി മാറ്റുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ ഇക്കോളജിക്കൽ കോൺസെപ്​റ്റ്​ പൂർണമായി തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു ഗൗരിയമ്മയുടെ അഡ്മിനിസ്ട്രേറ്റീവ് ഇടപെടലുകൾ. ഭൂമിയുടെ ആവാസവ്യവസ്ഥയും കർഷകരുടെ ജീവിതവും സമഗ്രമായി മനസിലാക്കിയാണ് ഗൗരിയമ്മ കാർഷിക ബന്ധ നിയമം തയ്യാറാക്കിയത്. പിന്നീടതിൽ നിരന്തരം വെള്ളം ചേർക്കപ്പെടുകയും അത് വികൃതമാക്കപ്പെടുകയും ചെയ്തു. അതിന്റെ മുഖ്യപങ്ക് സി.പി.ഐക്കായിരുന്നു. 1996ലെ നായനാർ മന്ത്രിസഭയിൽ കെ.ഇ. ഇസ്മയിൽ അവതരിപ്പിച്ചു പാസാക്കിയ നിയമം തോട്ടഭൂമിയുടെ ക്രയവിക്രയം സാധ്യമാക്കുന്നതായിരുന്നു. നമ്മുടെ കാടും തോട്ടങ്ങളും വെട്ടിവെളുപ്പിക്കാൻ ഇടവരുത്തിയ നിയമം അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കാർമികത്വത്തിൽ നിർവഹിക്കപ്പെട്ടു. ഗിരിവർഗ ഭൂമി തട്ടിയെടുത്ത്​ കയ്യേറ്റക്കാർക്ക് അത് സ്വന്തമാക്കാൻ വ്യവസ്ഥകളുണ്ടാക്കി ഗിരിവർഗ ഭൂനിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ഗൗരിയമ്മ അതിനെ എതിർത്തു. അതേസമയം ഭരണ- പ്രതിപക്ഷങ്ങൾ ഒരുമിച്ച് അത് പാസാക്കി അവർ ആദിവാസി വിരുദ്ധരെന്ന് തെളിയിച്ചു.

ഗൗരിയമ്മയെ അവരെല്ലാം ഒരു ഭരണാധികാരിയായിട്ടാണ് കണ്ടത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച അവസ്ഥയായിരുന്നു അത്. താൻപോരിമയുടെ ആൾരൂപമായ അവർ ആകാശമുട്ടെ ഉയർന്നു നിന്നു. എന്നാൽ നായനാർ മന്ത്രിസഭയുടെ അവസാനകാലത്ത് പാർട്ടി വിഭാഗീയതയുടെവാൾ ഗൗരിയമ്മയ്ക്ക് നേരെ നീണ്ടു

ഗൗരിയമ്മ കൃഷിമന്ത്രിയായിരുന്ന കാലത്താണ് അതൊരു വകുപ്പായി മാറിയതെന്ന് അവർ പറയാറുണ്ടായിരുന്നു. ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങളെ കൃഷിക്കാരിലെത്തിക്കാൻ അവർ ശ്രമിച്ചു. നല്ല വിത്തുകളുടെ ഉല്പാദനം, വെള്ളത്തിലും കൊയ്യുന്ന മെഷീനുകളുടെ വ്യാപനം, മറ്റ് യന്ത്രസംവിധാനങ്ങളുടെ ഉപയോഗം- ഇവയെല്ലാം കാർഷിക വൃത്തിയിലേയ്ക്ക് കൊണ്ടുവന്ന് കൃഷിയെ കൂടുതൽ ഹരിതാഭമാക്കി. നിലംനികത്തുന്നത് ആത്മഹത്യാപരമാണെന്ന് ജനങ്ങളെ പഠിപ്പിക്കാൻ അവർ ശ്രമിച്ചു. കുട്ടനാട് ഒരു പ്രത്യേക ഇക്കോളജിക്കൽ സിസ്റ്റമാണെന്ന് അവർ വിലയിരുത്തി. അതിനനുസരിച്ചാണ്​ ‘ഒരു നെല്ലും ഒരു മീനും’ പദ്ധതി വരുന്നത്. തോട് വൃത്തിയാക്കി വെള്ളത്തിൽ ഒഴുക്ക് നേരെയാക്കണമെന്ന് അവർ പറഞ്ഞു. കുട്ടനാടിന്റെ മലിനീകരണം വലിയ പ്രശ്നങ്ങളിലൊന്നാണ്. ശാസ്ത്രീയ സംവിധാനത്തിലൂടെ അവിടുത്തെ കൃഷിയും വെള്ളപ്പൊക്കവും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

തുടർച്ചയും വീഴ്ചയും

മാർക്​സിസ്​റ്റ്​ പാർട്ടി ദുർബലമായത് അതിന്റെ ആന്തരിക സമ്പത്തായ നേതാക്കളെ ശേഷക്രിയ ചെയ്തുകൊണ്ടാണ്. എം.വി. രാഘവൻ, കെ.ആർ. ഗൗരിയമ്മ, ചാത്തുണ്ണി മാസ്റ്റർ, പി.വി. കുഞ്ഞിക്കണ്ണൻ, വി.ബി. ചെറിയാൻ... ആ നിര നീളുന്നു. ആദ്യ രണ്ട് മന്ത്രിസഭയിൽ പാർട്ടി ഗൗരിയമ്മയുടെ ശക്തിയായിരുന്നു. മന്ത്രിസഭയിലെ സ്ത്രീ സാന്നിധ്യം എന്നാരും അവരെ വിശേഷിപ്പിച്ചില്ല. അവരെ ആരും സ്ത്രീയായി കണ്ടില്ല. അവരും അവരെ സ്ത്രീയായി കണ്ടില്ല. ഗൗരിയമ്മയെ അവരെല്ലാം ഒരു ഭരണാധികാരിയായിട്ടാണ് കണ്ടത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച അവസ്ഥയായിരുന്നു അത്. താൻപോരിമയുടെ ആൾരൂപമായ അവർ ആകാശമുട്ടെ ഉയർന്നു നിന്നു. എന്നാൽ നായനാർ മന്ത്രിസഭയുടെ അവസാനകാലത്ത് പാർട്ടി വിഭാഗീയതയുടെവാൾ ഗൗരിയമ്മയ്ക്ക് നേരെ നീണ്ടു.

കെ.ആർ. ഗൗരിയമ്മ
കെ.ആർ. ഗൗരിയമ്മ

ഗൗരിയമ്മ വ്യവസായ മന്ത്രിയായിരുന്ന സമയത്ത് തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയിലെ ഒരു പ്രശ്നത്തെ തുടർന്നാണ് അത് ആരംഭിക്കുന്നത്. സി.ഐ.ടി.യു നേതാവ് രവീന്ദ്രനാഥുമായി കലഹം തുടങ്ങുന്നത്, കരാർ തൊഴിലാളികൾക്ക് അനർഹമായ ആനുകൂല്യം വേണമെന്ന സി.ഐ.ടി.യുവിന്റെ ആവശ്യം നിഷേധിക്കപ്പെടുന്നിടത്തുനിന്നാണ്. 1962ൽ നിയമിക്കപ്പെട്ട കരാർ തൊഴിലാളികളെ 1974ൽ സ്ഥിര തൊഴിലാളികളായി അന്ന് വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് സ്ഥിരപ്പെടുത്തിയിരുന്നു. 1962 മുതൽ സ്ഥിരമാക്കിയതായി കണക്കാക്കി ഇവർക്ക്​മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളവും മറ്റാനുകൂല്യങ്ങളും കുടിശ്ശികയായി നൽകണമെന്നതായിരുന്നു സി.ഐ.ടി.യുവിന്റെ ആവശ്യം. ഇത് നിഷേധിക്കപ്പെട്ടു. അതോടെ സി.ഐ.ടി.യു ഗ്രൂപ്പ് ഗൗരിയമ്മയ്ക്ക് എതിരായി.

ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചാൽ ആദ്യം ആരംഭിക്കുന്നത് മർമറിംഗ് കാമ്പെയ്നാണ്. അത് ഗൗരിയമ്മയ്ക്ക് നേരെയും ആരംഭിച്ചു. സർക്കാർ ഖജനാവിന് കനത്ത നഷ്ടംവരുത്തി പൊതുമുതൽ ദുർവിനിയോഗം ചെയ്യുന്ന നടപടി ചെയ്യാൻ തയ്യാറല്ലെന്ന് ഗൗരിയമ്മ പറഞ്ഞു. അപ്പോൾ ‘നിങ്ങളുടെ തന്തയുടെ വകയാണോ സർക്കാർ പണം’ എന്നായി രവീന്ദ്രനാഥ്. ‘തന്തയുടെ വിലയെന്താണെന്നറിയുന്നവർക്കല്ലേ അങ്ങനെ ചോദിക്കാൻ പറ്റൂ’ എന്ന് രവീന്ദ്രനാഥിനോട് ഗൗരിയമ്മ. പിന്നീട് അത് പാർട്ടിയിൽ പരന്നത് ഗൗരിയമ്മ രവീന്ദ്രനാഥിനെ തന്തയില്ലാത്തവൻ എന്ന് വിളിച്ചെന്നായിരുന്നു. ഇതിനെ തുടർന്ന് തോട്ടണ്ടി ഇറുക്കുമതി പ്രശ്നത്തിൽ ഗൗരിയമ്മയ്ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ സി.ഐ.ടി.യു ലോബി ശ്രമിക്കുകയും ഇ.എം.എസിന്റെ സഹായത്തോടെ ഒരു അന്വേഷണം നടത്തിക്കുകയും ചെയ്തു. അതിന്റെ പേരിൽ ഗൗരിയമ്മയെ പുറത്താക്കാൻ ഒന്നും കണ്ടെത്താനായില്ല.

ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാമെന്നുപറഞ്ഞ് കേരളത്തിലെ ഈഴവരെ പറ്റിച്ചാണ് ഒരു തെരഞ്ഞെടുപ്പ് പാർട്ടി ജയിച്ചത്. അതിന് വി.എസ്. അച്യുതാനന്ദനും പി.കെ. വാസുദേവൻ നായരും സാക്ഷിയായിരുന്നു.

പക്ഷെ, പാർട്ടിക്ക് ഗൗരിയമ്മയെ പുറത്താക്കണമായിരുന്നു. അവർ അങ്ങനെ പുറത്താക്കപ്പെട്ടു. അതിനെക്കുറിച്ച് ഗൗരിയമ്മ പറഞ്ഞതിങ്ങനെ: ‘‘പാർട്ടിയുടെ നയവും തീരുമാനവും, പാർട്ടി ട്രേഡ് യൂണിയൻ നേതാക്കളുടെ വ്യക്തി താൽപര്യവും രണ്ടായി കാണാൻ എനിക്കു കഴിയുകയും, രണ്ടാമത്തേതിനെ എതിർക്കാൻ ഞാനെന്നും ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ അവർ അച്ചടക്ക ലംഘനമെന്നും അഹന്തയെന്നും താൻ പോരിമയെന്നും താൻ പ്രമാണിത്തതമെന്നും ഇഷ്ടംപോലെ വിളിച്ച് അധിക്ഷേപിച്ച് എന്നെ പുറത്താക്കിയതാണ്. ശരി, തെറ്റ് ഇവയെ വ്യക്തമായി തിരിച്ചറിയുകയും തെറ്റായതിനെ തള്ളുകയും ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി ഉറച്ചുനിൽക്കുകയും ചെയ്യുന്നത് താൻ പ്രമാണിത്തവും അച്ചടക്കലംഘനവും അഹന്തയുമാണെങ്കിൽ ഞാൻ അഹങ്കാരിയാണ്, താൻ പ്രമാണിത്തമുള്ളവളാണ്.’’

പൊതുയോഗത്തിനിടെ ഗൗരിയമ്മ
പൊതുയോഗത്തിനിടെ ഗൗരിയമ്മ

മാർക്​സിസ്​റ്റ്​ പാർട്ടിയിൽ നിരന്തരം നടക്കുന്ന ശുദ്ധീകരണ പ്രക്രിയകളെ അന്ധാളിപ്പോടുകൂടി മാത്രമേ സാമാന്യബുദ്ധിയുള്ളവർക്ക്​ കാണാൻ കഴിയൂ. നൃപൻ ചക്രവർത്തി മരിച്ചപ്പോഴും എം.വി. രാഘവൻ മരിച്ചപ്പോഴും ഗൗരിയമ്മ മരിച്ചപ്പോഴും ചെങ്കൊടി പുതപ്പിക്കാൻ പാർട്ടി എത്തി. എന്റെ പിതാവ് എൻ.കെ. മാധവൻ മരിച്ചപ്പോഴും അവർ ചെങ്കൊടി പുതപ്പിച്ചു. ഇവരെല്ലാം പാർട്ടിയിൽ നിന്ന് പോകാൻ ആഗ്രഹിച്ചവരായിരുന്നില്ല.

തന്നെ പുറത്താക്കിയതിനെക്കുറിച്ച് എം.വി. രാഘവൻ പിന്നീട് പറഞ്ഞതിങ്ങനെയാണ്; ‘എന്റെ ജീവിതത്തിന്റെ നല്ലകാലം ഈ പാർട്ടിക്ക് വേണ്ടിയാണ് ചെലവഴിച്ചത്. രണ്ടരവർഷം ജയിൽവാസവും കടുത്ത പീഡനങ്ങളും അനുഭവിച്ചു. എന്നിട്ടും പാർട്ടി പുറത്താക്കി. വലിയ ദുഃഖമുള്ള കാര്യമാണ്. പക്ഷെ ഫൈറ്റ് ചെയ്യാതിരിക്കാനാവില്ല. അതുകൊണ്ട് ഫൈറ്റ് ചെയ്യുന്നു.’’
അതെ, ഗൗരിയമ്മയ്ക്ക് ജീവിതം ഒരു യുദ്ധമായിരുന്നു. അതുകൊണ്ട് അവർ യുദ്ധം ചെയ്തുകൊണ്ടിരുന്നു. അവരെ മുഖ്യമന്ത്രിയാക്കാമെന്നുപറഞ്ഞ് കേരളത്തിലെ ഈഴവരെ പറ്റിച്ചാണ് ഒരു തെരഞ്ഞെടുപ്പ് പാർട്ടി ജയിച്ചത്. അതിന് വി.എസ്. അച്യുതാനന്ദനും പി.കെ. വാസുദേവൻ നായരും സാക്ഷിയായിരുന്നു. എം.വി. രാഘവൻ പറഞ്ഞതുപോലെ, ഇതൊരു സ്റ്റാലിനിസ്റ്റ് പാർട്ടിയാണ്; ‘‘നമ്പൂതിരിപ്പാടിന് ഇഷ്ടമില്ലാത്തവരെ പുറത്താക്കും. നമ്പൂതിരിപ്പാടിനുശേഷം പുതിയ നമ്പൂതിരിപ്പാടുമാർ ഉണ്ടായിക്കൊണ്ടിരിക്കും.’’

തെറ്റിനെ തെറ്റായും ശരിയെ ശരിയായും കാണാനുള്ള ബുദ്ധിയാണ് നമുക്കാവശ്യം. അധികാര കേന്ദ്രീകരണത്തെക്കുറിച്ച് ലെനിനുമായി റോസാ ലക്​സംബർഗിനും ട്രോട്സ്‌കിക്കും ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ തെറ്റുപറ്റിയത് ലെനിനായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞുപോകുന്നു. ഗൗരിയമ്മയുടെ ചിതയിലെ വെളിച്ചം കൂടുതൽ തെളിച്ചമാർന്നവിധം പറയുന്നു, പാർട്ടിക്ക് തെറ്റുപറ്റി. പാർട്ടി പതാക പുതയ്ക്കലുകൊണ്ട് മാച്ചുകളയാവുന്നതല്ല ആ തെറ്റ്.


എൻ.എം. പിയേഴ്​സൺ

ഇടതുപക്ഷ രാഷ്​​ട്രീയവും പ്രത്യയശാസ്​ത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും എഴുത്തും നടത്തുന്നു. റെഡ്​ സല്യൂട്ട്​, പരിസ്​ഥിതി പ്രത്യയശാസ്​ത്രവും മാർക്​സിയൻ പ്രതിസന്ധിയും, ശിരസ്സറ്റ രക്തസാക്ഷി എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments